
പൂസായ കേഡിയും അവതാരകയും
മരിയൻ ജോർജ്
"പൂസായ കേഡി മലയാളിയാണോ?
ഗാസ മുനമ്പാണോ?
ടിവി ചാനലില്‍ വിശേഷങ്ങള്‍ വിളമ്പുന്ന പെണ്‍കുട്ടി അവതാരികയാണോ?
അല്ല, പെണ്‍കുട്ടി അവതാരികയല്ല. "അവതാരിക'യെ കാണണമെങ്കില്‍ പുസ്തകം മറിച്ചുനോക്കണം. അല്ലെങ്കില്‍ അവതരിപ്പിക്കപ്പെട്ട എന്തെങ്കിലും നോക്കണം.
പൂസായ കേഡി യഥാര്‍ഥത്തില്‍ "ബൂസ്'(മദ്യം) കഴിച്ച കെ.ഡി.(നോണ്‍ ഡിപ്രഡേറ്റര്‍) അഥവാ സ്ഥിരം കുറ്റവാളി ആണെന്നും മിക്കവര്‍ക്കും അറിയാം. രണ്ട് ഇംഗ്ലിഷ് പദങ്ങള്‍ ചേര്‍ത്തു പറഞ്ഞപ്പോള്‍ ദീര്‍ഘിച്ചു കേഡി ആയെന്നു മാത്രം.
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കൊന്നുമില്ല. മാത്രമല്ല, ഈ പ്രയോഗങ്ങള്‍ ഭാഷയ്ക്കു മുതല്‍ക്കൂട്ടുമാണ്. എന്നാല്‍ മുനമ്പല്ലാത്ത, 45 കിലോമീറ്ററോളം കടല്‍ത്തീരമുള്ള ഗാസ എങ്ങനെ മുനമ്പായി? അതു ചെയ്തതു പത്രങ്ങളാണ്.
ന്യൂസ് ഏജന്‍സികള്‍ ഗാസ സ്ട്രിപ് എന്നു വിശേഷിപ്പിച്ചത് ഇസ്രയേലിന്‍റെ അതിര്‍ത്തിയില്‍ നിന്നു വിട്ടുള്ള ദീര്‍ഘഖണ്ഡാകൃതിയിലുള്ള തുണ്ടുനിലത്തെയാണ്.
ഗാസയുടെ ആകൃതി എന്താണെന്നു ഭൂപടം നോക്കി മനസിലാക്കാതെ സ്ട്രിപ്പിനെ മുനമ്പെന്ന് എളുപ്പത്തില്‍ തര്‍ജമ ചെയ്തവര്‍ ഒരു കാര്യം ഓര്‍ക്കാതെ പോയി. കന്യാകുമാരിയും ആഫ്രിക്കയിലെ ഗുഡ്ഹോപും പോലെ സമുദ്രത്തിലേക്കു തള്ളിനില്‍ക്കുന്ന കോണ്‍തുരുത്ത് ആണു മുനമ്പ് എന്നത്.
ഗാസ ചതുര കരക്കീറിനെ ഇപ്പോഴും പലരും മുനമ്പെന്നു പിശകി വിളിക്കുന്നു. ഈ വിളി ഗാസക്കാര്‍ അറിയുകയും മുനമ്പിന്‍റെ അര്‍ഥം ഗ്രഹിക്കുകയും ചെയ്താല്‍ അവരില്‍നിന്നു നിശ്ചയമായും ട്രോള്‍ പ്രതീക്ഷിക്കാം.
ഇനി അവതാരകയുടെ കാര്യം. മലയാളത്തില്‍ പല പുല്ലിംഗ പദങ്ങളുടെയും സ്ത്രീലിംഗരൂപം കിട്ടാന്‍ "ഇ'കാരത്തിന്‍റെ ഹ്രസ്വചിഹ്നം(ി) ഉപയോഗിക്കുന്നുണ്ട്. ഗായകന്‍-ഗായിക, നായകന്‍-നായിക എന്നതുപോലെ.
ഈ പദങ്ങള്‍ മുമ്പുമുതലേ പ്രയോഗത്തിലുള്ളവയാണ്. എന്നാല്‍, "അവതരിപ്പിക്കുന്ന' സ്ത്രീവ്യക്തിയെ പരാമര്‍ശിക്കാന്‍ അത്തരത്തില്‍ മുമ്പു വാക്ക് ഉണ്ടായിരുന്നില്ല.
അവതാരക എന്ന വാക്കിന് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി പറയുന്ന അര്‍ഥം "അവതരിപ്പിക്കുന്ന' എന്ന വിശേഷണരൂപമാണ്. വിശേഷണരൂപം വ്യക്തിയെ കുറിക്കുന്ന നാമരൂപമാക്കിയപ്പോഴാണ് അവതാരകനും അവതാരകയും ജനിച്ചത്.
അവതാരിക എന്ന വാക്കിന് വ്യക്തമായ മറ്റൊരര്‍ഥമാണു ശബ്ദതാരാവലി കൽപ്പിക്കുന്നത്. ആമുഖം, പുസ്തകത്തിന്‍റെ പരിചയപ്പെടുത്തല്‍ എന്നിങ്ങനെ- വളരെ "സ്പെസിഫിക്' ആയ അര്‍ഥം.
അവതരിപ്പിക്കപ്പെട്ട അഥവാ, അവതാരിതമായ കാര്യത്തെയല്ലാതെ അവതരിപ്പിക്കുന്ന എജന്‍റിനെ എന്നുവച്ചാല്‍, കര്‍ത്ത്രിയെയോ കര്‍ത്താവിനെയോ അത് ഉദ്ദേശിക്കുന്നില്ല.
കൂടാതെ, അവതരിപ്പിക്കുന്ന കര്‍ത്ത്രിയെ ഉദ്ദേശിച്ച്, നാമറിയുന്ന തുടക്കകാലം മുതല്‍ അവതാരക എന്ന പദമാണ് പ്രയോഗത്തിലുള്ളത്. അതിന് പ്രയോഗത്താലുള്ള സാധുത്വം കൈവരുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരേ അവതാരിക എന്ന പദത്തിന് അര്‍ഥം കൊണ്ടോ പ്രയോഗം കൊണ്ടോ അവകാശം സിദ്ധിച്ചിട്ടുമില്ല.
ജീവനുള്ള അവതാരക എന്ന കര്‍ത്ത്രിയെ ജീവനില്ലാത്ത അവതാരിക എന്ന വസ്തുതയുടെ പേരുകൊണ്ടു വിളിക്കണമെന്നാണ് ഇപ്പോള്‍ ചിലരുടെ സമര്‍ഥനം.
രൂപം നല്‍കുക എന്നോ രൂപവത്കരിക്കുക എന്നോ എഴുതേണ്ട സ്ഥാനത്ത് രൂപീകരിക്കുക എന്ന തെറ്റായ വാക്ക് നീണ്ടകാലത്തെ ഉപയോഗത്താല്‍ പ്രയോഗസാധുത്വം നേടി. ആ വാക്കിന്‍റെ യഥാര്‍ഥ അര്‍ഥം രൂപമാക്കുക എന്നേ വരൂ. അതുപോലെ ഉദാരീകരണം എന്ന ലളിതമായ ശരിവാക്കിനു പകരം തെറ്റും സങ്കീര്‍ണവുമായ ഉദാരവത്കരണവും ഇടംപിടിച്ചു.
എന്നിട്ടും പ്രയോഗസാധുത്വവും അര്‍ഥപിന്തുണയും ഉള്ള അവതാരകയെ മാറ്റി ജീവനില്ലാത്ത അവതാരികയെ ആധികാരികമായി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാകാം. സ്വന്തം നാവിന്‍റെയും പേനയുടെയും നയമാണു ഭാഷയില്‍ വേണ്ടത് എന്ന ആരുടെയെങ്കിലും നിര്‍ബന്ധം അതിനു പിന്നിലുണ്ടെന്നും വരാം.
വാക്കുകളുടെ രൂപവും അര്‍ഥവും മാറുന്നതോ മാറ്റുന്നതോ പുതിയ കാര്യമില്ല. എങ്കിലും ഒരു പ്രഭാതത്തില്‍ അബദ്ധത്തിലേക്കു പൊടുന്നനെ "യുടേണ്‍' എടുക്കാന്‍ പറയുന്നതിനെ അത്തരത്തില്‍ കാണാന്‍ കഴിയുമോ.
ആരെങ്കിലും പറഞ്ഞാലുടനെ അനുസരിക്കാന്‍ ശൈലിയും നിയമവും പാലിക്കുന്ന അച്ചടി മാധ്യമങ്ങള്‍ തയാറാകാറില്ല. മുമ്പേ ഗമിച്ച ഗോവിന്‍റെ പിമ്പേ ഗമിക്കുന്ന ശബ്ദമാധ്യമങ്ങളിലെ അവതാരകര്‍ക്ക് ആ അബദ്ധം സംഭവിക്കാം. പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന ശാഠ്യം പക്ഷേ, ഭാഷയ്ക്കു പരുക്കാണ്.
സ്ഥലപരിമിതിയുണ്ടെങ്കിലും ഒരു ചോദ്യം കൂടി.
പശ്ചിമേഷ്യയും മിഡില്‍ ഈസ്റ്റും ഒന്നാണോ.
കൃത്യമായി പറഞ്ഞാല്‍ അല്ല. പശ്ചിമേഷ്യയും വടക്കേ ആഫ്രിക്കയും കൂടി ചേര്‍ന്നാലേ പാശ്ചാത്യര്‍ മിഡില്‍ ഈസ്റ്റ് എന്നു വിളിച്ച മധ്യപൂര്‍വ ദേശം ആകുകയുള്ള. അതില്‍ ആഫ്രിക്കന്‍ രാജ്യമായ ഈജിപ്റ്റും ലിബിയയും ഒക്കെ പെടും. എന്നാല്‍ ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം പറയുമ്പോള്‍ പശ്ചിമേഷ്യന്‍ എന്ന വിശേഷണമാണു കൂടുതല്‍ കൃത്യം. പശ്ചിമേഷ്യ എന്നതു കൃത്യമായി നിര്‍ണയിക്കാവുന്ന ഭൂപ്രദേശമാണ്. അത് കേവലമായ നാമകരണവുമാണ്. എന്നാല്‍, മധ്യപൗരസ്ത്യം എന്നത് പാശ്ചാത്യര്‍ പ്രത്യേകിച്ച് ബ്രിട്ടിഷ് സമൂഹം ഉപയോഗിച്ച ആപേക്ഷികമായ വിശേഷണമാണ്. ഏഷ്യക്കു പടിഞ്ഞാറുനിന്നു വിളിച്ചാലേ മധ്യപൂര്‍വ ദേശം എന്ന വിളി സാധുവാകൂ. പശ്ചിമേഷ്യ എന്ന് ഭൂഗോളത്തില്‍ എവിടെനിന്നും നിരാപേക്ഷികമായി പറയാം.
ബ്രിട്ടിഷുകാരുടെ ആ ആപേക്ഷികപ്രയോഗം ഇവിടത്തെ പത്രമാധ്യമങ്ങള്‍ പൊതുവെ ഒഴിവാക്കാറുണ്ട്. പക്ഷേ, മുന്‍തലമുറ മാധ്യമങ്ങള്‍ ഒഴിവാക്കിയത് വീണ്ടും പ്രയോഗിക്കുന്ന പ്രവണത പുതുതലമുറക്കാരെ പിടികൂടിയതായി കാണാം. ഒഴിവാക്കിയതിന്‍റെ യുക്തി അറിയാത്തതുകൊണ്ടോ വിദേശത്തേക്കുള്ള കുടിയേറ്റവും നവമാധ്യമങ്ങളുടെ സ്വാധീനവും നിമിത്തം വ്യത്യാസം തോന്നാത്തതുകൊണ്ടോ ആകാം. എന്തായാലും പശ്ചിമേഷ്യയെ മധ്യപൂര്‍വദേശം എന്നതും കടന്ന് മധ്യപൂര്‍വേഷ്യ എന്നു വരെ വിളിക്കുന്ന അവസ്ഥയെത്തിയിട്ടുണ്ട്.
വാക്കുകളുടെ പിശകിനെക്കുറിച്ചു പറയുമ്പോള്‍ ഏറെ കൗതുകകരമായ ഒന്നാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറിക്കു സംഭവിച്ചത്. കെമിസ്ട്രി എഡിറ്റര്‍ "ഡെന്‍സിറ്റി' എന്നതിന്‍റെ ചുരുക്കമായി ക്യാപ്പിറ്റല്‍ "ഡി' അക്ഷരമോ ചെറിയ "ഡി' അക്ഷരമോ ആകാം എന്ന അര്‍ഥത്തില്‍ "ഡി ഓര്‍ ഡി' എന്നു കുറിപ്പുനല്‍കി.
തെറ്റിദ്ധരിച്ച മറ്റൊരു എഡിറ്റര്‍ "ഡി ഓര്‍ ഡി' എന്നതിന്‍റെ അക്ഷരങ്ങളെ അടുപ്പിച്ചുചേര്‍ത്ത് "ഡോര്‍ഡ്' എന്ന വാക്കായി ഉള്‍പ്പെടുത്തി. നിഷ്പത്തി സൂചിപ്പിക്കാത്തതിനാല്‍ ഇല്ലാത്ത പദമാണെന്ന് 1939ലാണ് കണ്ടെത്തിയത്. എന്നിട്ടും അടുത്ത എഡിഷന്‍ 1947ല്‍ ഇറങ്ങുന്നതുവരെ "ഡോര്‍ഡ്' എന്നത് എഡിറ്റര്‍മാരുടെ ഭാഷയില്‍ "ഗോസ്റ്റ് വേഡ്' ആയി നിലനിന്നു.