കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

സംസ്ഥാനത്തിന്‍റെ വ്യാവസായിക നയത്തിന് കീഴില്‍ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Invitation to Kerala farmers to visit Uttar Pradesh

"ഇന്‍വെസ്റ്റ് യുപി' സിഇഒയും സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിയുമായ വിജയ് കിരണ്‍ ആനന്ദ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഡയറക്റ്റര്‍ വി. പാര്‍വതി സമീപം.

Updated on

വി. റെജികുമാര്‍

ലഖ്നൗ: വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ കേരളത്തിനും ഉത്തര്‍പ്രദേശിനും സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് "ഇന്‍വെസ്റ്റ് യുപി' സിഇഒയും സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിയുമായ വിജയ് കിരണ്‍ ആനന്ദ്. യുപി പഠന പര്യടനത്തിനെത്തിയ കേരളത്തില്‍ നിന്നുള്ള മാധ്യമസംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി യുപി പാഠമാക്കും. ലുലു ഗ്രൂപ്പ്, അമൃത ആശുപത്രി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ യുപിയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ നിന്നെത്തണം. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും അതിവേഗം ലഭ്യമാക്കും. ആലപ്പുഴ, മൂന്നാര്‍ തുടങ്ങിയ ടൂറിസം മോഡലുകള്‍ പഠിക്കാന്‍ യുപിയില്‍ നിന്ന് സംഘത്തെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സുപ്രധാന മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നിലവില്‍ സംസ്ഥാനത്ത് എട്ട് എക്സ്പ്രസ് വേകളുണ്ട്, എട്ടെണ്ണം നിര്‍മാണ ഘട്ടത്തിലാണ്. ഒപ്പം പ്രധാന ഗതാഗത ഇടനാഴികള്‍ കേന്ദ്രീകരിച്ച് വ്യവസായ സമുച്ചയങ്ങളും ഭൂശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. 14 വിമാനത്താവളങ്ങള്‍ നിലവില്‍ പ്രവര്‍ത്തനസജ്ജമാണ്, ഇതില്‍ ജേവാര്‍ വിമാനത്താവളമുള്‍പ്പെടെ വിവിധയിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എക്സ്പ്രസ് വേകള്‍, റെയ്‌ല്‍വേ, വ്യാവസായിക മേഖലകള്‍, ചരക്കുനീക്ക സൗകര്യങ്ങള്‍ എന്നിവയടക്കം അടിസ്ഥാന സൗകര്യ വികസനത്തിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം ഒൻപത് വര്‍ഷത്തിനിടെ ഏകദേശം 12 ലക്ഷം കോടി രൂപയില്‍ നിന്ന് 33 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, ഇത് 36 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷത്തിനിടെ ഉത്പാദന മേഖലയില്‍ 15-20% വരെ വളര്‍ച്ച രേഖപ്പെടുത്തി. കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ പിന്നിട്ടു. "ഒരു ജില്ല, ഒരു ഉത്പന്നം' പദ്ധതി സംസ്ഥാനത്തിന്‍റെ എംഎസ്എംഇ ആവാസവ്യവസ്ഥയുടെ നിര്‍ണായക ഘടകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാവസായിക വികസനത്തിന് ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനമാണ് സംസ്ഥാനം പിന്തുടരുന്നത്. എക്സ്പ്രസ് വേകള്‍ക്ക് സമീപത്തെ വ്യാവസായിക സമുച്ചയങ്ങള്‍ക്ക് 12,500 ഏക്കര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്, പ്രതിരോധ വ്യവസായ ഇടനാഴിക്ക് കീഴില്‍ 5,000 ഏക്കറും വികസിപ്പിക്കുന്നു. ഇതിനുപുറമെ ബുന്ദേല്‍ഖണ്ഡില്‍ 50,000 ഏക്കര്‍ വ്യാവസായിക മേഖലയും ഒരുക്കുന്നുണ്ട്. ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേ അഥോറിറ്റി പ്രദേശം പ്രധാന വ്യാവസായിക കേന്ദ്രമായി മാറുകയാണ്, ഇവിടെ ഇതിനകം 3,000ത്തോളം വ്യാവസായിക യൂണിറ്റുകള്‍ അനുവദിക്കുകയും വികസിപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

സേവന മേഖലയും ആഗോള ശേഷി വികസന കേന്ദ്രങ്ങളും (ജിസിസി) പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നുണ്ട്. നോയിഡയില്‍ ഏകദേശം 200 ജിസിസികളും 200 ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐബിഎം, എച്ച്സിഎല്‍, ജെന്‍പാക്റ്റ്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യത്തോടെ ലഖ്നൗവും മറ്റൊരു സുപ്രധാന സേവന കേന്ദ്രമായി വളരുകയാണ്. വാരാണസി, അയോധ്യ, പ്രയാഗ്‌രാജ്, ചിത്രകൂട്, ആഗ്ര, ലഖ്നൗ തുടങ്ങിയ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ആത്മീയ, ബുദ്ധമത സര്‍ക്യൂട്ടുകളും മറ്റ് ടൂറിസം സര്‍ക്യൂട്ടുകളും സംസ്ഥാനം വികസിപ്പിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ 8,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം ശാസ്ത്ര- സാങ്കേതിക- എന്‍ജിനീയറിങ്- ഗണിത (സ്റ്റെം) ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇന്‍വെസ്റ്റ് യുപിയുടെ "സ്കില്‍ കണക്റ്റ് ', "കരിയര്‍ കൗണ്‍സിലിങ്' വിഭാഗങ്ങള്‍ വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ സംയോജനവും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും സുഗമമാക്കുന്നുണ്ട്. വിദഗ്ധ തൊഴിലാളികളെ നിയോഗിക്കുന്നതിന് ജപ്പാന്‍, ജര്‍മനി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നും സംസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ 36 മേഖലാധിഷ്ഠിത നയങ്ങളിലൂടെ 300% വരെ നികുതി തിരിച്ചടവും ഏകദേശം 42% മൂലധന തിരിച്ചടവും ഉള്‍പ്പെടെ നിക്ഷേപ ആനുകൂല്യങ്ങളും സംസ്ഥാനം നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ വ്യാവസായിക നയത്തിന് കീഴില്‍ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്തിന്‍റെ ആഗോള നിക്ഷേപ ഉച്ചകോടികളിലൂടെയും മറ്റു സമ്പര്‍ക്ക പരിപാടികളിലൂടെയും ഏകദേശം 50 ലക്ഷം കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ സംഘടിപ്പിച്ച നാല് നിര്‍മാണോദ്ഘാടന ചടങ്ങുകളിലൂടെ 10 മുതല്‍ 12 ലക്ഷം കോടി രൂപ വരെയുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു, അഞ്ചാമത്തെ ചടങ്ങിലൂടെ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com