
ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
നമ്മള്‍ പലപ്പോഴും 'ക്ഷണിച്ചുവരുത്തിയ ദുരന്തം' എന്നു പറയാറുണ്ട്. എന്താണത് എന്നാലോചിച്ചിട്ടുണ്ടോ..? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ..? മനുഷ്യന്‍റെ പ്രവൃത്തികള്‍ കാരണമായി സംഭവിക്കുന്ന ദുരന്തങ്ങളാണ് 'ക്ഷണിച്ചുവരുത്തിയ ദുരന്തം'. അതായത്, പ്രകൃതിക്ഷോഭം പോലുള്ള സ്വാഭാവിക കാരണങ്ങളാല്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നു വ്യത്യസ്തമായി, മനുഷ്യന്‍റെ തെറ്റായ തീരുമാനങ്ങള്‍ മൂലമോ അശ്രദ്ധ മൂലമോ സംഭവിക്കുന്ന ദുരന്തങ്ങളെയാണ് ഈ പ്രയോഗം കൊണ്ട് അർഥമാക്കുന്നത്.
സാങ്കേതിക വിദ്യയില്‍ വന്ന പിഴവോ മാനുഷികപ്പിഴവോ മൂലം സംഭവിക്കുന്ന ദുരന്തങ്ങളെയും നമുക്കു ക്ഷണച്ചു വരുത്തുന്ന ദുരന്തങ്ങളായി കണക്കാക്കാം. തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങള്‍, തീപിടിത്തം, വാഹനാപകടങ്ങള്‍, വ്യാവസായിക അപകടങ്ങള്‍, ആണവ സ്ഫോടനങ്ങള്‍, ആണവ വികിരണം, യുദ്ധങ്ങള്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവയൊക്കെ ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങളാണ്. പ്രകൃതിദുരന്തങ്ങള്‍ കാരണം പലതരം ദുരിതങ്ങള്‍ അതനു തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. അവ വരുത്തുന്ന നാശത്തോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകള്‍, വിശപ്പ്, രോഗം, പലായനം, അനാഥത്വം എന്നിവയൊക്കെ വരുന്നു എന്നതും തിരിച്ചറിയണം. എല്ലാ ദുരന്തങ്ങളും ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ ചില ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ മാത്രം മതിയാകും.
പ്രകൃതിയുടെ ചില പ്രതിഭാസങ്ങൾ തന്നെ ഒട്ടേറെ ദുരന്തങ്ങള്‍ക്കു കാരണമാകുന്നു എന്നതൊരു സത്യമാണ്. പല തരത്തിലുള്ള ദുരന്തങ്ങളുണ്ട്. അതില്‍ പലതും നമ്മള്‍ ക്ഷണിച്ചു വരുത്തുന്നതായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, അശാസ്ത്രീയ നിർമാണ പ്രവര്‍ത്തനങ്ങള്‍, അനിയന്ത്രിതമായ വന നശീകരണം, പാറ പൊട്ടിക്കൽ, മണ്ണെടുപ്പ് എന്നിവയെല്ലാം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനു കാരണമാവാം. സമീപകാലത്ത് നടന്ന പല ദുരന്തങ്ങള്‍ക്കും കാരണം മനുഷ്യരുടെ ഇടപെടലോ കൃത്യസമയത്തെ ഇടപെടൽ ഇല്ലായ്മയോ തന്നെയാണ്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തകര്‍ന്നു വീണ കെട്ടിടത്തിനിടയില്‍പ്പെട്ട് ഒരു വീട്ടമ്മ മരിക്കാനിടയായത് നമ്മള്‍ ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്. സ്കൂളിൽ കളിക്കുന്നതിനിടെ ഒരു വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവവും വിളിച്ചുവരുത്തിയ ദുരന്തം തന്നെ. വാസയോഗ്യമല്ലാത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്നത് ദുരന്തത്തെ ക്ഷണിച്ചു വരുത്തലാണ്. എല്ലായിടത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു നിരന്തര നിരീക്ഷണം നടത്താന്‍ സാധിക്കില്ല. അതിന് ജനങ്ങളുടെ സഹകരണവും സഹായവും ആവശ്യമുണ്ട്.
പരിസ്ഥിതി മലിനീകരണം കൊണ്ട് വലിയ ദുരന്തമാണ് പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്നത്. രോഗവ്യാപനം മുതല്‍ എന്തെല്ലാമാണുണ്ടാകുക എന്നു പ്രവചിക്കുക അസാധ്യം. പരിസ്ഥിതി മലിനീകരണം ജലത്തിലും വായുവിലും സംഭവിക്കുന്നു. വെള്ളത്തിന്‍റെ മലിനീകരണം മൂലം കുടിവെള്ളത്തെ തന്നെ ഇല്ലായ്മ ചെയ്യാനും, വെള്ളം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാകാനും കാരണമാകുന്നു. വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യം നദികളില്‍ ഒഴുക്കുന്നതും പ്ലാസ്റ്റിക് അനിയന്ത്രിതമായി ഉപയോഗിക്കുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇതൊക്കെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മത്സ്യസമ്പത്തിന്‍റെ നാശം പോലുള്ള ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വായു മൂലമുണ്ടാകുന്ന മലിനീകരണം മനുഷ്യന്‍റെ സ്വൈരജീവിതത്തെ തന്നെ ബാധിക്കുന്നു. വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പറത്തുവിടുന്ന വിഷപ്പുക അതിലേറെ പ്രശ്നമാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ വായു നിലവാരം ഏറെ പരിതാപകരമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ട ജനങ്ങള്‍ വലിയ ആശങ്കയിലാണ്. കുറെ നാളുകളായി മലിനീകരണം എന്നത് പൊതുമണ്ഡലത്തിലെ പൊതുവായ സംസാര വിഷയമാണ്. വ്യവസായ ശാലകളിലെ വായു മലിനീകരണവും വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണങ്ങളും കാർഷികോത്പന്നങ്ങളുടെ മാലിന്യം കത്തിക്കലും മൂലം ലോകത്തെ ഏറ്റവും വലിയ മലിനീകരണ സ്ഥാനമാക്കി നമ്മുടെ രാജ്യ തലസ്ഥാനത്തെ മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ജീവിക്കുക എന്നത് വലിയ ആശങ്ക നല്‍കുന്ന ഒന്നായി മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നു. മിക്കവരിലും ശ്വാസതടസമാണ് കൂടുതലും. ഡല്‍ഹിയിലെ പല ഡോക്റ്റര്‍മാരും കടുത്ത ശ്വാസതടസവുമായി എത്തുന്ന രോഗികള്‍ക്ക് മരുന്നിനു പകരം ഡല്‍ഹിയില്‍ നിന്നു മാറിത്താമസിക്കുക എന്ന പരിഹാരമാര്‍ഗമാണ് നിര്‍ദേശിക്കുന്നത്!
നമ്മുടെ നാട് വികസിക്കുകയാണ്. വികസനം നടക്കുമ്പോള്‍ വൻകിട - ചെറുകിട നിർമാണങ്ങളും നടക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പുതുതായി വരേണ്ടതുണ്ട്. അവിടെ അശാസ്ത്രീയമായ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരന്തങ്ങള്‍ ഉണ്ടാകാം. മലമ്പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ നിർമിക്കുന്നത് മഴക്കാലത്ത് മണ്ണിടിച്ചിലിനും ദുരന്തങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തിലെ ദേശിയപാതാ നിർമാണത്തിലെ അശാസ്ത്രീയ സമീപനം കാരണം ഉണ്ടായ ദുരന്തം നടന്നിട്ട് ഏറെ നാളായില്ല. ഗുജറാത്തില്‍ പാലം തകര്‍ന്നതും സമീപ കാലത്തു തന്നെ. കര്‍ണാടകത്തിലെ ഷിരൂരിൽ മലയിടിഞ്ഞ് ഗംഗാവലി പുഴയിലേക്ക് ആളുകളടക്കം ലോറികൾ കൂപ്പുകുത്തിയ ദുരന്തവും നാം ക്ഷണിച്ചു വരുത്തിയതു തന്നെ. അശാസ്ത്രീയ റോഡ് നിര്‍മ്മാണമായിരുന്നു ആ ദുരന്തത്തിനു കാരണം. വയനാടിലും മറ്റു പല മേഖലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായതും ക്ഷണിച്ചുവരുത്തിയതാണ്. അവിടെയെല്ലാം നടന്ന മനുഷ്യ നിർമിതിയും മണ്ണെടുപ്പും പാറ പൊട്ടിക്കലും അതിന് കാരണമായി. മനുഷ്യന്‍ പ്രകൃതിയെ പീഡിപ്പിക്കുന്നതിന്‍റെ ഫലം. 2018ൽ കേരളം കണ്ട വലിയ വെള്ളപ്പൊക്കവും ക്ഷണിച്ചുവരുത്തിയതാണ്. ഡാമുകളെല്ലാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് അധികൃതരുടെ വലിയ പിഴവായിരുന്നു. അത് ഒഴിവാക്കാവുന്നതായിരുന്നു എന്ന് പല റിപ്പോര്‍ട്ടുകളും വന്നത് നമുക്ക് മറക്കാന്‍ സാധിക്കുമോ..?
നമുക്ക് വലിയ വന സമ്പത്ത് ഉണ്ടായിരുന്നു. അത് ഭൂതകാലമായി മാറിയിരിക്കുന്നു. അനിയന്ത്രിതമായ വന നശീകരണം നമ്മുടെ വന സമ്പത്ത് ഇല്ലാതാക്കി. അതുമൂലം വലിയ പ്രതിസന്ധിയിലൂടെയാണ് മനുഷ്യന്‍ ഇപ്പോള്‍ ജീവിക്കുന്നത്. കുടിവെള്ള ക്ഷാമം മുതല്‍ കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി പോലെയുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വിലസുന്നതു വരെ എന്തെല്ലാം ദുരിതങ്ങളാണ് നമ്മള്‍ അനുഭവിക്കുന്നത്. വനങ്ങൾ അനിയന്ത്രിതമായി വെട്ടിത്തെളിക്കുന്നത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുകയും അത് കാലാവസ്ഥാ വ്യതിയാനത്തിനും വരള്‍ച്ച പോലുള്ള ദുരന്തങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.
കേരളം ഓരോ പ്രകൃതി ദുരന്തങ്ങള്‍ കാണുമ്പോഴും ഓര്‍ക്കുന്ന ഒന്നുണ്ട്. ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഡോ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും. രണ്ടും നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയാറാകുന്നില്ല എന്നത് അതിശയം തന്നെ. അവയോടുള്ള ചില രാഷ്‌ട്രീയ- മത സംഘടനകളുടെ എതിർപ്പും വിചിത്രമാണ്. ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍ ഇനിയുമുണ്ടായാലും ഒരു നടപടിയും ഉണ്ടാകില്ല. കുറച്ചു കഴിഞ്ഞ് അടുത്ത വിഷയം കിട്ടുമ്പോൾ നമ്മള്‍ പഴയതൊക്കെ മറക്കും.
ദുരന്തങ്ങള്‍ വര്‍ത്തമാനകാലത്ത് നാം അപ്പപ്പോള്‍ അറിയുന്നു. സാങ്കേതികവിദ്യ വളര്‍ന്നതോടെ വാര്‍ത്ത മാധ്യമ രംഗവും സോഷ്യൽ മീഡയയും വേഗതയിലായി. നിമിഷനേരം കൊണ്ട് വാര്‍ത്തകള്‍ ലോകമെങ്ങും പ്രചരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നടക്കുന്ന ദുരന്തങ്ങളൊക്കെ അപ്പപ്പോൾ ഫോണിലൂടെ അറിയുന്ന ആധുനിക ലോകമാണിന്ന്. എല്ലാ ദുരന്തങ്ങളും പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. അഹമ്മദാബാദില്‍ നടന്ന വിമാന ദുരന്തം ഉണ്ടായപ്പോള്‍ തൊട്ടുപിന്നാലെ വിമാന യാത്രകള്‍ റദ്ദാക്കിയവരുണ്ട്. കശ്മീരില്‍ ഭീകരര്‍ നിരവധി വിനോദസഞ്ചാരികളെ കൂട്ടത്തോടെ കൊന്നതോടെ അവിടേയ്ക്കുള്ള യാത്രകള്‍ റദ്ദാക്കിയവരുണ്ട്. ദുരന്തങ്ങള്‍ക്കു തൊട്ടുപിന്നാലെ ഇതെല്ലാം എപ്പോഴും സംഭവിക്കുന്നതാണ്. അവ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരമാര്‍ഗം നിര്‍ദേശിക്കുക മാത്രമാണു സംവിധാനങ്ങൾക്കു കഴിയുക. ആവര്‍ത്തിക്കപ്പെടുമ്പോള്‍ പഴയകാല ഓർമപ്പെടുത്തലുകള്‍ ഉണ്ടാവുകയും കുറച്ചു കാലത്തേക്ക് വീണ്ടും അതിന് ചില വിലക്കുകള്‍ ഉണ്ടാവുകയും ചെയ്യുന്നതല്ലാതെ പരിഹാരങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല.
മനുഷ്യനിർമിതമായ പല ദുരന്തങ്ങളും മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണങ്ങളിലൂടെ തടയാം. ശാസ്ത്രീയ അടിത്തറ അതിന് ആവശ്യമാണ്. പക്ഷേ, എല്ലാ ദുരന്തങ്ങളും തടയാന്‍ സാധിക്കില്ല.
പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് ദുരന്തശേഷം പലപ്പോഴും പറയാറുണ്ടല്ലോ. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് പരിഹാരം കാണുകയാണെങ്കില്‍ അത് എത്രയോ ജീവനുകള്‍ രക്ഷിക്കും. ദുരന്തം പ്രവചിക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല എന്ന് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ചില ദുരന്തങ്ങള്‍ നമുക്ക് മുന്‍കൂട്ടി കാണാൻ സാധിക്കും. അതൊരു പ്രവചനമല്ല. ആ ദുരന്തങ്ങളെങ്കിലും തടഞ്ഞ് നാം രക്ഷകരാകേണ്ടതുണ്ട്. അതിനായി പ്രയത്നിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആ ജാഗ്രത നമ്മുടെയും മറ്റു പലരുടെയും വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ കാരണമാകും.