Iran looks for French Jewish scribe Catherine Perez Shakdam

കാതറീൻ പെരസ് ഷാക്ദാം

കാതറിൻ പെരസ്: ഇറാന്‍റെ ഉറക്കം കെടുത്തിയ ഫ്രഞ്ച് വനിത

ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഓരോ ഇടവേളകളില്‍ ഇറാനിലെ പ്രധാനികള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടിടത്തൊക്കെ കാതറീന്‍റെ സാന്നിധ്യമുണ്ടായിരുന്നു

ഇറാന്‍റെ ഇന്‍റലിജൻസ് ഏജൻസികൾ വല വിരിച്ചിരിക്കുകയാണ് കാതറീന്‍ പെരസ് ഷാക്ദാം എന്ന ഫ്രഞ്ച് യുവതിയെ കണ്ടുപിടിക്കാന്‍. ഒരുപക്ഷേ അവര്‍ ഇറാന്‍ വിട്ടു പോയിരിക്കാം. എങ്കിലും അവര്‍ക്കു വേണ്ടിയുള്ള തെരച്ചിലിലാണ് ഇറാന്‍.

ജൂണ്‍ 13 മുതല്‍ ഇറാനും ഇസ്രയേലും തമ്മില്‍ 12 ദിവസം യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഇറാന് നഷ്ടമായത് കരുത്തരായ സൈനിക തലവന്മാരെയും ആണവ ശാസ്ത്രജ്ഞരെയുമാണ്. ഉയര്‍ന്ന സുരക്ഷയുണ്ടായിരുന്നിട്ടു പോലും കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ ഇസ്രയേല്‍ അവരെ തീര്‍ത്തുകളഞ്ഞു. ഒരു ലൊക്കേഷന്‍ മാപ്പിട്ട് മിഷന്‍ നടത്തുന്നതിലും ഷാര്‍പ്പായിരുന്നു ഇക്കാര്യത്തില്‍ ഇസ്രയേലിന്‍റെ ആക്രമണം.

ബുദ്ധികേന്ദ്രങ്ങളെയും കരുത്തരെയുമൊക്കെ ഇല്ലാതാക്കിയത് ഇറാനെ ശരിക്കും അദ്ഭുതപ്പെടുത്തി. അതീവ സുരക്ഷയുടെ ആവരണമുണ്ടായിട്ടും സൈനിക ജനറല്‍മാരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടത് ഇസ്രയേലിന്‍റെ ആക്രമണ മികവ് കൊണ്ടു മാത്രമല്ല, മറ്റെന്തോ കാരണം കൂടിയുണ്ടെന്ന് ഇറാന് ബോധ്യപ്പെട്ടു.

ചോർത്തലിനു പിന്നിൽ...

ഇസ്രയേലിനു വേണ്ടി ഇറാനില്‍ നിന്നു തന്നെ രഹസ്യ വിവരങ്ങള്‍ ചോരുന്നുണ്ടായിരുന്നു. അക്കാര്യം ഇറാനു വളരെ കാലമായി അറിയാം. പക്ഷേ, ചാരപ്പണി നടത്തുന്നത് ആരായിരിക്കുമെന്നതിലായിരുന്നു ഇറാനു സംശയം. ഒടുവില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവില്‍ ഇറാന്‍റെ ഇന്‍റലിജന്‍സിനു ചെറിയ സൂചന ലഭിച്ചു. അത് വിരല്‍ ചൂണ്ടിയത് കാതറീന്‍ പെരസ് ഷാക്ദാം എന്ന ഫ്രഞ്ച് യുവതിയിലേക്കായിരുന്നു.

രണ്ട് വര്‍ഷത്തോളമാണ് കാതറീന്‍ ഇറാനില്‍ കഴിഞ്ഞത്. ഇതിനിടെ ഇറാന്‍റെ ഉന്നതര്‍ക്കിടയിലേക്കു നുഴഞ്ഞുകയറാൻ കാതറീനു സാധിച്ചു. ഇതിലൂടെ രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനം നേടാനും കഴിഞ്ഞു. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഓരോ ഇടവേളകളില്‍ ഇറാനിലെ പ്രധാനികള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടിടത്തൊക്കെ കാതറീന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാര്യം ഇറാന്‍റെ ഇന്‍റലിജന്‍സിനു ബോധ്യപ്പെട്ടപ്പോഴേക്കും മിഷന്‍ പൂര്‍ത്തിയാക്കി കാതറീന്‍ രാജ്യം വിട്ടിരുന്നു.

ഇറാനിലെത്തിയത് രണ്ട് വര്‍ഷം മുന്‍പ്

<div class="paragraphs"><p>ഇറേനിയൻ നേതാവ് ഇബ്രാഹിം റെയ്സിയുമായി 2017ൽ കാതറിൻ നടത്തി‍യ അഭിമുഖത്തിനിടെ</p></div>

ഇറേനിയൻ നേതാവ് ഇബ്രാഹിം റെയ്സിയുമായി 2017ൽ കാതറിൻ നടത്തി‍യ അഭിമുഖത്തിനിടെ

കാതറീന്‍ ഇറാനിലെത്തിയത് രണ്ട് വര്‍ഷം മുന്‍പാണ്. ഷിയാ ഇസ്ലാം മതം സ്വീകരിക്കാനും കൂടുതല്‍ പഠിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയായി അവര്‍ സ്വയം പരിചയപ്പെടുത്തി. വളരെ ബുദ്ധിമതിയും ധൈര്യശാലിയും ഉന്നത പരിശീലനം നേടിയവളുമായ കാതറീന്‍ മൊസാദിനു വേണ്ടി ചാരപ്പണിക്കു വേണ്ടി വന്നതാണെന്ന കാര്യം അപ്പോള്‍ ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല.

ഇറാനില്‍ പ്രവേശിച്ചതിനു ശേഷം കാതറീന്‍ ആദ്യം ചെയ്തത് ഇസ്ലാമിലേക്കു മതം മാറുക എന്നതായിരുന്നു. ആഴമായ ഭക്തിയും ബൗദ്ധിക ജിജ്ഞാസയും ഉള്ള ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇസ്ലാമിലുള്ള അവരുടെ താത്പര്യം യാഥാര്‍ഥ്യമാണെന്നു തോന്നിപ്പിച്ചു. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഖമനേയി.ഐആര്‍ ന് വേണ്ടി കാതറീന്‍ ബ്ലോഗുകള്‍ എഴുതാനും തുടങ്ങി. എന്നാല്‍ മതപരമായ ആവേശത്തിന്‍റെയും പണ്ഡിതോചിതമായ എഴുത്തിന്‍റെയും ആവരണത്തിനു പിന്നില്‍ നിഗൂഢമായ ദൗത്യനിര്‍വഹണത്തിലേര്‍പ്പെട്ട ഒരു സ്ത്രീയുണ്ടായിരുന്നു.

ഇറാന്‍റെ ഭരണകൂടത്തിലുള്ളവരുടെ വിശ്വാസം നേടിയെടുക്കാന്‍ കാതറീന്‍ ഉന്നതരുമായി അടുപ്പം സ്ഥാപിച്ചു. ഇറാനിലെ ഉന്നത സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി കാതറീന്‍ സൗഹൃദം സ്ഥാപിച്ചു. പതുക്കെ അവരുടെ വീടുകളിലേക്കും അടുക്കളയിലേക്കു വരെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ഉന്നതരുമായുള്ള സൗഹൃദത്തിലൂടെ അവരുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും കാതറീനു സാധിച്ചു. അതീവ രഹസ്യമായി നടക്കുന്ന ചര്‍ച്ചകളിലേക്കു വരെ കടന്നുചെല്ലാന്‍ കാതറീനു കഴിഞ്ഞു.

ഓപ്പറേഷനില്‍ ശാന്തത

ഇറാനില്‍ കര്‍ശനമായ നിരീക്ഷണമാണുള്ളത്. സന്ദര്‍ശകരുടെ പരിശോധനയിലും കാര്‍ക്കശ്യമുണ്ട്. ഇതൊക്കെ ഉണ്ടായിരുന്നിട്ടു പോലും കാതറീന്‍ വളരെ ശാന്തമായി ടാസ്‌ക് തുടര്‍ന്നു. ഇറാനിലെ ടാര്‍ജറ്റ് ചെയ്ത സ്ഥലങ്ങളുടെ ഫോട്ടൊഗ്രാഫുകള്‍ എടുക്കുകയും, സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമുണ്ടായി. ആണവ കേന്ദ്രങ്ങള്‍, ശാസ്ത്രജ്ഞര്‍ മുതല്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരുടെ രഹസ്യ നീക്കങ്ങള്‍ വരെയായി ഇറാന്‍റെ ഏറ്റവും സെന്‍സിറ്റീവായ വിവരങ്ങള്‍ കാതറീന്‍ ചോര്‍ത്തി.

മാധ്യമപ്രവര്‍ത്തകയുടെ വേഷം

ഫ്രാന്‍സിലെ ഒരു ജൂത കുടുംബത്തിലാണ് കാതറീന്‍ ജനിച്ചത്. യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടനില്‍ നിന്നു സൈക്കോളജിയിൽ ബിരുദം നേടിയതിനു ശേഷം ഫിനാന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജിയും നേടി. യെമനില്‍ നിന്നുള്ള ഒരു സുന്നി ഇസ്ലാമിനെ വിവാഹം കഴിച്ചെങ്കിലും 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഇറാനിലെത്തി. പശ്ചിമേഷ്യയെ കുറിച്ചുള്ള കാതറീന്‍റെ എഴുത്തുകളും പൊളിറ്റിക്കല്‍ കമന്‍ററിയും ടെഹ്‌റാന്‍ ആസ്ഥാനമായ ദി ടൈംസ്, യെമന്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പ്രീതി നേടി. ആയത്തുള്ള അലി ഖമനേയിയുടെ വെബ്‌സൈറ്റിലും കാതറീന്‍ ലേഖനങ്ങളെഴുതി. ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള അറിവും വാചാലമായ ഗദ്യവും റഷ്യന്‍, ചൈനീസ് പത്രപ്രവര്‍ത്തകര്‍ക്ക് പോലും കടക്കാന്‍ കഴിയാത്ത വാതിലുകൾ അവർക്കു തുറന്നുകൊടുത്തു.

ഇറാന്‍റെ പരമോന്നത നേതാവ് ഖമനേയി, മുന്‍ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി തുടങ്ങിയ ശക്തരായ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താന്‍ കാതറീന്‍റെ ആകര്‍ഷണീയത അവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ മാന്യയും വാചാലയുമാണെന്നു നടിച്ച ഈ പത്രപ്രവര്‍ത്തകയുടെ പിന്നില്‍ ഒരു മൊസാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ചിലര്‍ സംശയിച്ചു. പക്ഷേ അത്തരം സംശയങ്ങളെ ബുദ്ധിപൂര്‍വം അവര്‍ മറികടന്നു.

രഹസ്യങ്ങളുടെ ഉള്ളറയിലേക്ക്

ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉദ്യോഗസ്ഥരടക്കമുള്ള പ്രോമിനന്‍റ് പേഴ്‌സണാലിറ്റികളുമായുള്ള കാതറീന്‍റെ ബന്ധം കാതറീന് നല്‍കിയത് രഹസ്യങ്ങളുടെ ഉള്ളറയിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗമാണ്. യെമനിലെ മുന്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ കണ്‍സല്‍ട്ടന്‍റായിരുന്ന കാതറീന്‍ ശ്രദ്ധേയമായ ഒരു പ്രൊഫൈല്‍ നേരത്തെ തന്നെ രൂപപ്പെടുത്തിയത് അവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. റാഡിക്കലൈസേഷന്‍, സെമിറ്റിക് വിരുദ്ധത, ഇസ്ലാമിക തീവ്രവാദം എന്നിവയെക്കുറിച്ചുള്ള അവരുടെ രചനകള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ രൂപപ്പെടുത്തിയ ബൗദ്ധിക പ്രതിച്ഛായയ്ക്ക് പിന്നില്‍ ഇറാനിലെ മൊസാദിന്‍റെ ഏറ്റവും മാരകമായ പ്രവര്‍ത്തനത്തിന് അവര്‍ അടിത്തറയിടുകയായിരുന്നു.

എല്ലാം വെറും മായ

ഇപ്പോള്‍ കാതറീനു വേണ്ടി ഇറാനില്‍ രാജ്യവ്യാപകമായി വേട്ട തുടങ്ങി കഴിഞ്ഞു. അവരുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ നഗരങ്ങളില്‍ ഉടനീളമുണ്ട്. സുരക്ഷാ ഏജന്‍സികള്‍ ഡസന്‍ കണക്കിന് ആളുകളെ ചോദ്യം ചെയ്യുന്നു. അവരുമായി സഹകരിച്ചെന്നു കരുതുന്നവരെ കടുത്ത ശിക്ഷയ്ക്കു വിധേയരാക്കുന്നു. സംശയകരമായ എന്തെങ്കിലും അറിവ് ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരോട് നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ് ഇറാന്‍ ഭരണകൂടം.

പക്ഷേ, കാതറീന്‍ ഒരു മായയായി മാറി. ചില ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത് കാതറീന്‍ ഇതിനകം തന്നെ രൂപവും ഭാവവും മാറ്റി ലോകത്തിന്‍റെ മറ്റൊരു ഭാഗത്ത് പുതിയ വ്യക്തിയായി പുതിയൊരു ദൗത്യവുമായി രംഗത്തിറങ്ങിയട്ടുണ്ടാകാം എന്നാണ്.

ആരും അദ്ഭുതത്തോടെ മാത്രം കേള്‍ക്കുന്ന ഒരു പ്രശസ്തിയാണ് കാതറീന്‍ നേടിയിരിക്കുന്നത്. ഇസ്രയേലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികവും അപകടകരവുമായൊരു ചാരവൃത്തിയാണ് കാതറീന്‍ നടത്തിയത്. അത് ഒരു വ്യക്തിയെയല്ല, ഒരു ഭരണകൂടത്തെ തന്നെയാണ് തകര്‍ച്ചയുടെ വക്കിലെത്തിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com