മലിനമാണോ കലാലോകം..?

കലയിലൂടെ സമൂഹത്തെ ശുദ്ധീകരിച്ചെടുക്കാമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Is the art world dirty?

മലിനമാണോ കലാലോകം..?

Updated on

കലയും സാഹിത്യവും സിനിമാ ലോകവും മലിനമല്ല എന്ന് ആമുഖമായിത്തന്നെ പറയട്ടെ. മലിനമായ പ്രവണതകള്‍ വ്യാപകമായി അവിടെയെല്ലാമുണ്ട് എന്നു പറയുന്നതില്‍ തെറ്റുമില്ല. കലാലോകത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടരുണ്ട് എന്ന് പറയാതിരിക്കാനും സാധിക്കില്ല. കലാരംഗത്ത്, വിശേഷിച്ച് മലയാള സിനിമാ രംഗത്ത് വ്യത്യസ്തങ്ങളായ അനീതികരമായ പ്രവൃത്തികള്‍ നടക്കുന്നു. ചില നിർമാതാക്കള്‍ സിനിമാ പ്രേമം കാണിക്കുന്നത് അഭിനയ ലഹരി കൊണ്ടാണെങ്കില്‍, മറ്റു ചിലര്‍ക്ക് മറ്റു പല തരത്തിലുള്ള ലഹരികളാണുള്ളത്. ചിലർ സിനിമാ നിർമാണം അവരുടെ വൈകല്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്.

ലഹരി എന്ന് പറയുമ്പോള്‍ മാരണമായ രാസലഹരിയെക്കുറിച്ചും പറയണമല്ലോ. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളില്‍ രാസലഹരിയുടെ പ്രയോഗം വളരെ കാര്യമായി ഉണ്ടെന്ന പരാതി സമീപകാലത്താണ് ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നു കരുതി സിനിമയിലെ പ്രവര്‍ത്തകരെല്ലാവരും ലഹരിയുടെ അടിമകളാണെന്ന തെറ്റിദ്ധാരണയും ശരിയല്ല. പക്ഷേ, സിനിമാ രംഗത്ത് വളരെ മോശമായ പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടായതായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സിനിമ ഒരു ജനകീയ കലാരൂപമാണ്. അതില്‍ അഭിനയിക്കുന്ന പ്രമുഖ നടന്മാരെ അനുകരിക്കുന്ന ഒട്ടേറെപ്പേര്‍ ഇന്നും കേരളത്തിലുണ്ട്. സിനിമ അതുകൊണ്ടുതന്നെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുന്ന ഒരു കലാരൂപമായി വിലയിരുത്തപ്പെടുന്നു. നമ്മുടെ സിനിമകളെല്ലാം നല്ല വഴി കാണിച്ചുകൊടുക്കുന്നതാണ് എന്നു പറയാന്‍ സാധിക്കില്ല. പല കൊലപാതകങ്ങളുടെയും അന്വേഷണത്തില്‍ പിടിക്കപ്പെടുമ്പോള്‍ സിനിമയുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് പ്രതികള്‍ സമ്മതിക്കുന്നത് നാം റിപ്പോര്‍ട്ടുകളില്‍ വായിക്കാറുണ്ട്.

അതുകൊണ്ടുതന്നെ സിനിമയിലെ മദ്യപാനവും സിനിമയിലെ ലഹരി പ്രയോഗവും വയലന്‍സും സമൂഹത്തെ സ്വാധീനിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. നല്ല സിനിമകളും നമ്മുടെ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട് എന്നുള്ളത് മറക്കുവാന്‍ പറ്റുന്നതല്ല. സിനിമ നല്ലതും ചീത്തയും തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം. കേവലം അതിലെ രാഷ്‌ട്രീയ ചായ്‌വ് മാത്രം ചര്‍ച്ച ചെയ്യുകയല്ല സമൂഹ നന്മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനും തെറ്റായ വഴിയില്‍ നയിക്കാനും സിനിമാരംഗം സ്വാധീനിക്കുന്നുണ്ട്. സിനിമാ ലോകത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് വ്യക്തം. സമൂഹത്തെ ബോധവത്കരിക്കേണ്ട കലാരംഗത്തെല്ലാം മോശം പ്രവണത കാണുന്നു. കലയുടെ വ്യത്യസ്ത മേഖലകളില്‍ സിനിമയിലുള്ളതിന്‍റെ അത്രയില്ലെങ്കില്‍ പോലും മോശം പ്രവണത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കലാരംഗത്ത് പിടിച്ചുനില്‍ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള വിട്ടുവീഴ്ചകള്‍ കലാകാരന്മാര്‍ ചെയ്യുന്നു.

നൃത്ത സന്ധ്യകളും സംഗീത നിശകളും ഇപ്പോള്‍ ഭയപ്പെടുത്തുന്ന ലഹരി മാഫിയയുടെ നിഴലിലാണെന്നുള്ളത് വ്യാപക ചര്‍ച്ചയാണ്. എന്നു കരുതി എല്ലാ നൃത്ത സംഗീത നിശകളും മോശമാണെന്ന് തെറ്റിദ്ധരിക്കരുത്. കലാരംഗത്ത് പല ദുഷ്പ്രവണതകളും കാണുന്നുണ്ട് എന്ന് കരുതി കലാരംഗത്തെ പൂര്‍ണമായും അധിക്ഷേപിക്കേണ്ട കാര്യമില്ല എന്നാണ് പറയുന്നത്. എന്നാല്‍ ലഹരി മാഫിയയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് സമൂഹത്തില്‍ എല്ലാം മേഖലകളിലും വന്നുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ തന്നെയാണ് കലാരംഗത്തും വന്നിരിക്കുന്നത് എന്ന് ചുരുക്കം. ഇത് രാഷ്‌ട്രീയ രംഗത്തും സാമൂഹ്യ സേവന രംഗത്തും കടന്നുകൂടിയിട്ടുണ്ട്. എന്ന് കരുതി രാഷ്‌ട്രീയവും സാമൂഹ്യരംഗവും മോശമാണെന്ന് ഒരിക്കലും പറയുവാന്‍ സാധിക്കുകയുമില്ല.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടത് ഒരു മലയാള സിനിമയെ കുറിച്ചാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ "ലൂസിഫർ 2 - എമ്പുരാൻ'. രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഓടിനടന്ന് പത്രസമ്മേളനം നടത്തി വലിയ പ്രചരണ തന്ത്രമാണ് എമ്പുരാന് വേണ്ടി നടത്തിയത്. അത് വിജയിച്ചു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. എന്തായാലും ഈ സിനിമയില്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെയെല്ലാം വിമര്‍ശിക്കുന്നുണ്ട്. ഗുജറാത്തിലെ കലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ വേദനിച്ചിരിക്കുകയാണ് ആര്‍എസ്എസ് നേതൃത്വം. എന്നാല്‍ അതത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് കേരളത്തിലെ ബിജെപി പറയുന്നത്. എന്തായാലും ഈ സിനിമയുടെ പ്രചരണം പാര്‍ട്ടികള്‍ തന്നെ ഏറ്റടുത്തിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന പ്രവ‌ൃത്തികളാണ് എല്ലാവരിലും നിന്ന് കാണുന്നത്.

ഒരനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു സിനിമയാണ് വെള്ളിനക്ഷത്രം. ഇന്നും ഈ ചിത്രം നമ്മുടെ വീടുകളിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നതു കാണാം. അതു നിർമിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ബാബു പണിക്കരും രമേശ് നമ്പ്യാരും ചേര്‍ന്നാണ്. പ്രശസ്തമായ പണിക്കേഴ്സ് ട്രാവല്‍സിന്‍റെ സിഇഒ ആണ് ബാബു പണിക്കര്‍. എയര്‍ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമ്പലപ്പുഴക്കാരനായ ബാബു പണിക്കരെ സ്വാധീനിച്ച് സിനിമാ നിർമാണത്തിലേക്ക് കൊണ്ടുവന്നത്. സുഹ‌ൃത്ത് രമേശ് നമ്പ്യാരെ നിർമാണ രംഗത്ത് കൊണ്ടുവന്നതും ബാബു പണിക്കരായിരുന്നു. രണ്ടുപേരും ചതിക്കുഴിയില്‍ വീണു. വെള്ളിനക്ഷത്രത്തിന്‍റെ സംവിധായകന്‍ വിനയൻ ലക്ഷങ്ങളാണ് സിനിമയ്ക്കായി ഇവരില്‍ നിന്ന് വാങ്ങിയത്. വിനയന്‍ ഒരു രൂപ പോലും തിരിച്ചു നല്‍കിയില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഇന്നും വെള്ളിനക്ഷത്രത്തിന്‍റെ ലാഭവിഹിതം കൈപ്പറ്റുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറി എന്നത് നിർമാതാക്കളെ ഞെട്ടിച്ചു എന്നുള്ള കാര്യം അവര്‍ പല ആവര്‍ത്തി പറയുന്നു.

ചതിക്കുഴികള്‍ ഏറെയുള്ള മേഖലയാണ് സിനിമാരംഗം. എന്നു കരുതി സിനിമാരംഗം ഒട്ടും മോശമുള്ള കാര്യമല്ല. ഏറ്റവും ജനപ്രിയമായ കലയാണ് സിനിമ. സിനിമാ രംഗത്ത് ചതിയില്‍പ്പെടാതെ നോക്കണം എന്ന മുന്നറിയിപ്പാണ് ഈ രംഗത്തേക്കു വരുന്നവര്‍ ആദ്യം പരിഗണിക്കേണ്ടത്. ചതിക്കുഴിയില്‍ വീണ ഒട്ടേറെ നിർമാതാക്കള്‍ മലയാളത്തിലുണ്ട്. പ്രേം നസീര്‍ എന്ന മഹാനടന്‍ നമുക്കുണ്ടായിരുന്നു. നിർമാതാക്കളുടെ സാമ്പത്തിക തകര്‍ച്ച മനസിലാക്കിയ അവസരങ്ങളിലൊക്കെ അദ്ദേഹം വിട്ട്‌വീഴ്ച്ചയ്ക്ക് തയാറായിട്ടുണ്ട്. ഇന്നും അത് മധുരസ്മരണകളായി മലയാള സിനിമ ലോകം ചര്‍ച്ച ചെയ്യുന്നു.

ഇന്ന് അത്തരം വിട്ടുവീഴ്ച്ച ചെയ്യാന്‍ ഏത് കലാകാരന്‍ തയാറാകും എന്നതാണ് ചോദ്യം. പണം ഒരു വലിയ തടസമായി ഇന്ന് സമൂഹത്തിനു മുന്നില്‍ നില്‍ക്കുകയാണ്. കോടതി വിധികള്‍ പോലും നിഷ്പക്ഷമല്ല എന്ന് വ്യാപകമായി സംസാര വിഷയമായ അവസരത്തിലാണ് ഒരു ജഡ്ജിയുടെ വീട്ടില്‍ കോടികള്‍ കത്തിയമരുന്ന കാഴ്ച നമ്മളൊക്കെ കണ്ടത്. ഒരു ന്യായാധിപന്‍ ഇത്തരത്തില്‍ അധമ പ്രവര്‍ത്തനം ചെയ്തു എന്ന് കരുതി മറ്റുള്ളവരെ കുറ്റപ്പെടുത്തുക ശരിയായ നടപടിയല്ല. എന്നാല്‍ പലര്‍ക്കും നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് ആകുലപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സമൂഹത്തില്‍ രണ്ടുതരം ആളുകളുണ്ട് എന്നതാണ് ഇവിടെ പറയാനുള്ളത്. കറുപ്പു നിറത്തെക്കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചു എന്ന കാര്യവും നമ്മള്‍ സമീപകാലത്ത് ചര്‍ച്ച ചെയ്യ്തതാണ്.

കലയും കലാകാരനും സമൂഹ നന്മയെ ഉയര്‍ത്തിക്കാണിക്കാന്‍ കാലങ്ങളായി നിലകൊള്ളുന്ന ഇടനിലക്കാരായി വിശേഷിക്കപ്പെടുന്നു. അത് ഇന്നും സമൂഹത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. കലയിലും സാഹിത്യത്തിലും മാലിന്യം നിറഞ്ഞു തുടങ്ങി എന്ന് ആകുലപ്പെടുന്ന സമൂഹം തന്നെയാണ് അത് മാറ്റിയെടുക്കാന്‍ കലയുടേയും സാഹിത്യത്തിന്‍റെയും പിന്തുണ തേടുന്നത്.

അതിനർഥം ഈ തെറ്റുകള്‍ മാറ്റാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുമെന്നാണ്. കലാരംഗം മലിനമായി എന്ന് ആകുലപ്പെടേണ്ട കാര്യമില്ല. കലയിലൂടെ സമൂഹത്തെ ശുദ്ധീകരിച്ചെടുക്കാമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന് മാലിന്യമില്ലാത്ത കലയും സാഹിത്യവും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com