

മലയാളി എന്നാൽ സുന്ദരനായ ഒരു കോഴിപ്പൂവനാണ്. നല്ല പകിട്ടുള്ള അങ്കവാലും തലയിൽ പൂവും ലോകത്തെ കൂകിയുണർത്താൻ കെൽപ്പുമുള്ള കേരള മോഡൽ ചിക്കൻ! അല്ല, ചെക്കൻ!
പക്ഷെ, ഈ കുക്കുടത്തിന്റെ ഡിഎൻഎ നോക്കിയാൽ ഒരു സംഗതി പിടികിട്ടും - ഓരോരുത്തരുടെ ഉള്ളിലും ഈഗോയുടെ തീക്കനൽ പുകയുന്നുണ്ട് എന്ന കാര്യം!
അതായത്, ഞാനെന്ന ഭാവം! ഞാൻ മാത്രം ശരി, എന്നെക്കാൾ വലിയവനായി ആരുമില്ല എന്ന ഹുങ്ക്!
നമ്മുടെ ഈഗോയുടെ ഉറവിടം ജാതിയാണ്, ജാതി ചിന്തയാണ്. ഈ വിചാരമാണു നമ്മളെ ഇണക്കിക്കോർക്കുന്ന ചരട്. അവർണ - സവർണ ഭേദമില്ലാതെ എല്ലാവരും രഹസ്യമായി ആചരിക്കുന്ന ജാതിവിചാരത്തിൽ നമ്മുടെ ഏകത്വം കുടികൊള്ളുന്നു.
ഈഗോയുടെ ശങ്കാവിഷം
മന്ത്രിയുടെയും തന്ത്രിയുടെയും നെഞ്ചിനുള്ളിൽ ജാതിബോധം പകരുന്ന ഈഗോയുടെ ശങ്കാവിഷം തിരതല്ലുന്നു. ഈ ലഹരിയുടെ ഗർവിൽ മേലാളനും കീഴാളനും തമ്മിൽ, ചില സന്ദർഭങ്ങളിൽ, പരസ്യമായ പോരിനു വഴിയൊരുങ്ങുന്നു. അതാണു പയ്യന്നൂരിൽ നടന്നത്. ജാതി താത്പര്യങ്ങൾ മുൻ നിർത്തിയുള്ള മലയാളിയുടെ കരുനീക്കങ്ങൾ വളരെ രഹസ്യമയവും പലയിടങ്ങളിലായി ദൈനംദിനം സംഭവിച്ചുപോരുന്നതുമാണ്. പയ്യന്നൂരിൽ അതു പരസ്യമായിപ്പോയെന്നു മാത്രം.
പല്ലിയുടെ വാൽ!
ജാതിയിൽ നിന്ന് ഈഗോയും ഈഗോയിൽ നിന്ന് അയിത്തവും ഉത്ഭവിക്കുന്നു എന്നത് പ്രകൃതിയുടെ പരിണാമ നിയമമാണ്. ഒരാൾ ജാതി ഉപേക്ഷിച്ചാലും ഫലമുണ്ടാകില്ല. അത് പിന്നെയും ഉള്ളിൽ മുളയ്ക്കും. പല്ലിയുടെ വാൽ പോലെ!
""നാം ജാതിഭേദം വിട്ടിരിക്കുന്നു'' എന്ന് ശ്രീനാരായണ ഗുരുദേവൻ അവസാന കാലത്തു വിളംബരം ചെയ്തിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നു മാത്രമല്ല, "ജാതി പറയും! ജാതി മാത്രമേ പറയൂ' എന്ന പൊതു ശാഠ്യം ശക്തമാവുകയും ചെയ്തു.
കണ്ണാടിയിൽ നോക്കി കൈ കൂപ്പുമ്പോൾ ദൈവം തന്നിൽത്തന്നെയുണ്ട് എന്ന ആത്മബോധം എല്ലാവർക്കും ഉണ്ടാകുമെന്നും, ഈഗോ നശിക്കുമെന്നും കരുതിയാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്. പക്ഷെ, സ്വന്തം ജാത്യാഭിമാനത്തിന്റെ മുഖം മിനുക്കാനുള്ള വസ്തുവായി നമ്മൾ ദർപ്പണം ഉപയോഗിച്ചു തുടങ്ങിയാൽ എന്തു ചെയ്യും? "ഇജ്ജാതി' വിചാരവും ഈഗോയും ഉച്ചാടനം ചെയ്യാനായിരുന്നു പഴയ കാലത്തെ ആചാര്യന്മാർ മിശ്രഭോജനം അടക്കമുള്ള മനഃശാസ്ത്ര ചികിത്സകൾ നടത്തിയത്.
ഭോജനം എന്ന തമാശ
അവർണരും സവർണരും ഒരേ പന്തിയിലിരുന്ന് ഒരുമിച്ച് സദ്യ കഴിച്ചാൽ ഈഗോ ഇല്ലാതാകുമെന്ന് മിശ്രഭോജനത്തിന് ഇലയിട്ടു ചോറു വിളമ്പിയ ചട്ടമ്പി സ്വാമികളും മഞ്ചേരി രാമയ്യരും സുബ്രഹ്മണ്യയ്യരും സഹോദരൻ അയ്യപ്പനുമൊക്കെ കരുതിയിരുന്നിരിക്കണം.
ആദ്യ മിശ്രഭോജനം നടന്നത് 1913ലായിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞ് എൺപതുകളിൽ മിശ്രഭോജനമടക്കമുള്ള പരിപടികൾ നടത്തിയ സ്വാമി ആനന്ദതീർഥന് കൊടിയ മർദനം നേരിടേണ്ടി വന്നു! അതാണ് നവോത്ഥാന ജാതി ലക്ഷണം!
പുതുപ്പള്ളി ഇലക്ഷനിലെ രണ്ടു പ്രധാന സ്ഥാനാർഥികൾ ഒരേ മതത്തിലും ഒരേ ജാതിയിലും പെട്ടവരാകണമെന്ന് നമ്മൾക്ക് നിർബന്ധമുണ്ടായിരുന്നു.
മറക്കാൻ എന്തെളുപ്പം!
ജാതിരഹിത കേരളത്തിലെ നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം ചുമന്നു നടക്കുന്നവർ യഥാർഥ നവോത്ഥാന നേതാക്കളായ കേളപ്പജി, വി.ടി. ഭട്ടതിരിപ്പാട്, കേരളീയൻ തുടങ്ങിയവരെ പണ്ടേ മറന്നു കഴിഞ്ഞു. പുതിയ ജനസേവകരിൽ പലരും വർത്തമാന കാലത്തിൽ മാത്രം അഭിരമിക്കുന്നവരാണ്.
വിഖ്യാത ചലചിത്ര സവിധായകൻ കെ.ജി. ജോർജ് അന്തരിച്ച വാർത്ത കേട്ട് പി.സി. ജോർജിനെ ഓർത്ത് കണ്ണീർ പൊഴിക്കുന്ന ഉന്നത നേതാക്കളുള്ള നാടാണിത്.
ഞങ്ങൾ സന്തുഷ്ടരാണ്!
എല്ലാ സമുദായങ്ങളും അവരുടേതായ സുരക്ഷിത വേലിക്കെട്ടിനുള്ളിൽ പുല്ലു തിന്ന് അയവിറക്കി വിശ്രമിക്കുന്ന കാഴ്ച എത്ര നയനാനന്ദകരമാണ്! ഇവരെല്ലാം അവരുടേതായ രീതിയിൽ സംതൃപ്തരാണ്. എല്ലാ സമുദായങ്ങൾക്കും ആചാര്യന്മാരുണ്ട്, സമാധി മണ്ഡപങ്ങളുണ്ട്, ബോർഡ് ഒഫ് ഡയറക്റ്റേഴ്സുണ്ട്, ദേവാലയങ്ങളുണ്ട്, ഫൈവ് സ്റ്റാർ ആശുപത്രികളുണ്ട്, പത്രങ്ങളുണ്ട്, ആധ്യാത്മിക കേന്ദ്രങ്ങൾ വരെയുണ്ട്.
ഉത്തരേന്ത്യയിൽ നിന്ന് ഒരു സഹായവും അവർക്കു വേണ്ടേ, വേണ്ട!
പപ്പടം പൊടിഞ്ഞോ?
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ഒരിക്കൽ ശ്രീനാരായണ ഗുരുവിനോടൊപ്പം മിശ്രഭോജനത്തിന് എത്തിയ കഥ കേട്ടിട്ടുണ്ട്. വെറും കഥയാണെന്നു കരുതിയാലും അതിൽ തെല്ലു കാര്യവും ഉണ്ട്. സദ്യയ്ക്ക് എല്ലാവർക്കും ഇലയിട്ടു ചോറു വിളമ്പി. പരിപ്പു കറിക്കൊപ്പം പപ്പടം വന്നു.
ഗുരു പറഞ്ഞു: "പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം!'
പപ്പടങ്ങൾ പൊടിഞ്ഞു.
അപ്പോൾ ഉള്ളൂരിനോടുള്ള ഗുരുവിന്റെ ചോദ്യം: "പൊടിഞ്ഞോ...?'
ഉള്ളിലുള്ള ജാതിചിന്ത പൊടിഞ്ഞു പോയോ എന്നായിരുന്നു വ്യംഗ്യം!
പക്ഷെ, നമ്മൾ ഇപ്പോഴും പപ്പടം ശരിക്കു പൊടിക്കുന്നില്ല. ധാരാളം കഷണങ്ങൾ ചുറ്റും ചിതറിക്കിടക്കുന്നു.
krpramod@gmail.com 9447809631.