ഷൂട്ടിങ് ലോകത്ത് "മലയാളി വിസ്മയ'മായി സിന്ധു ഉസനാർ

ലക്ഷ്യങ്ങളിലേക്ക് പായുന്ന പെൺകരുത്ത്
 Sindhu Usanaar becomes a "Malayali wonder" in the shooting world

ഷൂട്ടിങ് ലോകത്ത് "മലയാളി വിസ്മയ'മായി സിന്ധു ഉസനാർ

file photo

Updated on

കൊച്ചി: കീബോർഡിലെ കോഡിങ്ങിനും തോക്കിൻ കുഴലിലെ വെടിയുണ്ടകൾക്കും ഒരേപോലെ വഴങ്ങുന്ന വിരലുകൾ. കേരളത്തിന്‍റെ മണ്ണിൽ നിന്ന് അമെരിക്കയിലെത്തി ഷൂട്ടിങ് റേഞ്ചുകളിൽ വിസ്മയമായി മാറുകയാണ് കൊച്ചി വെണ്ണല സ്വദേശിനിയായ സിന്ധു ഉസനാർ.

ഇന്‍റർനാഷണൽ പ്രാക്റ്റിക്കൽ ഷൂട്ടേഴ്സ് കോൺഫെഡറേഷൻ (ഐപിഎസ്‌സി) സംഘടിപ്പിച്ച "യുഎസ്എ എക്സ്ട്രീം ഓപ്പൺ ഗ്ലോബൽ എക്സ്ട്രീം' ടൂർണമെന്‍റിൽ അമെരിക്കയെ പ്രതിനിധീകരിച്ച് മത്സരിച്ചതോടെയാണ് സിന്ധു ശ്രദ്ധേയയാത്. കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ നടന്ന ടൂർണമെന്‍റിൽ പങ്കെടുത്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിയും സിന്ധുവിന് സ്വന്തമാണ്.

 Sindhu Usanaar

സിന്ധു ഉസനാർ

file photo

9 എംഎം ബുള്ളറ്റുകളുടെ തീപ്പൊരി പോരാട്ടം

സാധാരണ എയർ റൈഫിൾ ഷൂട്ടിങ്ങിൽ നിന്ന് വ്യത്യസ്തമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് "പ്രാക്റ്റിക്കൽ ഷൂട്ടിങ്' മത്സരങ്ങൾ. നിശ്ചലമായ ലക്ഷ്യത്തിലേക്ക് വെടിയുതിർക്കുന്നതിന് പകരം പ്രത്യേകിച്ച് തയാറെടുപ്പുകൾ ഇല്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെയും തടസങ്ങളെയും മറികടന്ന് വേഗതയിലും കൃത്യതയിലും ഉന്നം വച്ച് നിറയൊഴിക്കുന്ന രീതിയാണിത്.

ഇന്ത്യയിൽ സാധാരണക്കാർക്ക് കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ നിരോധനമുള്ളതാണ് ഒൻപത് എംഎം (മില്ലി മീറ്റർ) വെടിയുണ്ടകൾ. ഈ വെടിയുണ്ടകളാണ് യുഎസ്എ എക്സ്ട്രീം ഓപ്പൺ ടൂർണമെന്‍റിൽ ഉപയോഗിക്കുന്നത്. വിവിധ സേനകൾ ഉപയോഗിക്കുന്ന വെടിയുണ്ടകൾ ആയതിനാൽ ഇന്ത്യയിൽ ഈ മത്സരം പ്രചാരമല്ല. പരിചയ സമ്പന്നരായ വിദേശ താരങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ടൂർണമെന്‍റിൽ 27ാം സ്ഥാനം നേടിയ സിന്ധു കാഴ്ച്ചവച്ചത്.

ആദ്യ തോക്ക് വേട്ടയ്ക്കായി

മൂന്നു വർഷം മുൻപ് അമെരിക്കയിലെത്തിയ സിന്ധുവിന് അവിടത്തെ പൗര അല്ലാത്തതിനാൽ തോക്ക് വാങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത് മറികടക്കാൻ വേട്ടയ്ക്കുള്ള ലൈസൻസ് എടുത്തായിരുന്നു ആദ്യ തോക്ക് വാങ്ങിയത്. ഈ തോക്ക് ഉപയോഗിച്ചായിരുന്നു പരിശീലനവും ആദ്യ മത്സരങ്ങളിൽ പങ്കെടുത്തതുമെല്ലാം. സമ്മാനമായി ലഭിച്ചതാകട്ടെ മികച്ച രണ്ട് പ്രൊഫഷണൽ തോക്കുകളും.

സിരകളിൽ വെടിയുണ്ടകൾ പടർന്ന ബാല്യം

സിന്ധുവിന് പാരമ്പര്യമായി ലഭിച്ചതാണ് ഷൂട്ടിങ്ങിലുള്ള താത്പര്യം. ബിസിനസുകാരനായിരുന്ന പിതാവ് ഉസനാർ ഒരു മികച്ച ഷൂട്ടർ കൂടിയായിരുന്നു. അവളിൽ ഷൂട്ടിങ് കമ്പം വളർത്തിയതും അദ്ദേഹമായിരുന്നു. മികച്ച പരിശീലനം കൂടി ലഭിച്ചതോടെ ആവേശം പാഷനായി മാറുകയും മത്സരങ്ങളിലെ മിന്നും താരമായി മാറുകയും ചെയ്തു. സാഫ് ഗെയിംസിലെ സ്വർണ മെഡൽ നേട്ടം, ആറ് ദേശീയ റെക്കോർഡുകൾ, നാഷണൽ ഗെയിംസിൽ എട്ട് സ്വർണം ഉൾപ്പെടെയുള്ള 18 മെഡലുകൾ തുടങ്ങിയവയെല്ലാം ഈ അർപ്പണ ബോധത്തിന് ലഭിച്ച നേട്ടങ്ങളാണ്.

ഒരു താരം എന്നതിനപ്പുറം വിവിധ ഷൂട്ടിങ് മത്സരങ്ങളിലെ മുഖ്യ വിധികർത്താവ് കൂടിയായിരുന്നു അവർ. ഒളിംപിക്സ് ഉൾപ്പെടെയുള്ള ആഗോള കായിക മാമാങ്കങ്ങളിൽ വിധികർത്താവ് ആകാനുള്ള യോഗ്യതയും സിന്ധു നേടിയിട്ടുണ്ട്. അന്തരിച്ച ഡോ. ജമീല ഉസനാറാണ് മാതാവ്. ചലച്ചിത്ര സംവിധായകൻ കൂടിയായ നിഷാന്ത് സാറ്റുവാണ് ഭർത്താവ്. കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് നേട്ടങ്ങളിലേക്ക് ഓടിക്കയറാനുള്ള പ്രചോദനമെന്ന് സിന്ധു പറയുന്നു.

കുന്നും മലയും വേഗതയും കീഴടക്കുന്ന "വണ്ടർ വുമൺ'

പ്രൊഫഷനും പാഷനും ഒരു പോലെ കൊണ്ടുപോകുന്ന സിന്ധുവിന് കാർ റേസിങ്ങിനോടും വലിയ കമ്പമാണ്. ഡെൻവറിൽ എൽടിഐ മൈന്‍റ് ട്രീ എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ ജാവ ആർകിടെക്റ്റായാണ് ജോലി ചെയ്യുന്നത്. കോർപ്പറേറ്റ് ലോകത്തിലെ തിരക്കുകൾക്കിടയിൽ റേസിങ് കാറുകളോടുള്ള കമ്പം പൊടി തട്ടിയെടുക്കുകയായിരുന്നു. കുടുംബത്തോടും ജോലിയോടുമൊപ്പം സാഹസികതയെയും ഒരുപോലെ പ്രണയിക്കുന്ന സിന്ധു വെല്ലുവിളികൾക്ക് മുന്നിൽ പതറാത്ത മലയാളി കരുത്തിന്‍റെ പ്രതീകമാണ്.

കലയും കായികവും സമന്വയിക്കുന്ന ദാമ്പത്യം

സിന്ധുവിന്‍റെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതും കൈത്താങ്ങാകുന്നതും ഭർത്താവും ചലച്ചിത്ര സംവിധായകനുമായ നിഷാന്ത് സാറ്റുവാണ്. "എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്ന അദ്ദേഹം ഷാഫി, സന്തോഷ് ശിവൻ, അമൽ നീരദ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

സാങ്കേതിക മികവും അചഞ്ചലമായ സാഹസിക വീര്യവും ഒത്തുചേരുന്ന സിന്ധുവിന്‍റെ ജീവിതയാത്ര ഓരോ പെൺകുട്ടിക്കും നൽകുന്നത് വലിയൊരു ആത്മവിശ്വാസമാണ്. ആകാശത്തോളം സ്വപ്നം കാണാനും, ഏത് പ്രതികൂല സാഹചര്യത്തിലും തളരാതെ ലക്ഷ്യങ്ങളിലേക്ക് ഉന്നം വയ്ക്കാനും സിന്ധു ഉസനാർ കരുത്തുറ്റ പാഠമായി മാറുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com