

ഹർദീപ് സിങ് പുരി
കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി
FILE PHOTO
കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി
നാം 2026ലേക്കു കടക്കുമ്പോൾ, പൊതുസംവാദങ്ങൾ അൽപ്പം അച്ചടക്കത്തോടെ ആരംഭിക്കേണ്ടതുണ്ട്. പരിശോധനകളെയും കടുത്ത വിമർശനങ്ങളെയും സ്വാഗതം ചെയ്യണം. എന്നാൽ വാദമുഖങ്ങൾ ഉത്തരവാദിത്വമുള്ളതാകണമെന്ന നിർബന്ധവും വേണം. 140 കോടിയിലധികം ജനങ്ങളുള്ള റിപ്പബ്ലിക്കിനെ ദോഷൈകദൃഷ്ടി കൊണ്ടു പരിഷ്കരിക്കാനാകില്ല.
തൊഴിലവസരങ്ങൾ, ഉത്പാദനക്ഷമത, കയറ്റുമതി, ഏവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ മെച്ചപ്പെട്ട സാഹചര്യങ്ങളിൽപ്പോലും എളുപ്പമല്ല. രൂപകൽപ്പന, നടപ്പാക്കൽ, തിരുത്തൽ, വ്യാപിപ്പിക്കൽ എന്നിങ്ങനെ കഠിനാധ്വാനത്തിലൂടെയാണു പുരോഗതി കൈവരുന്നത്. സംശയത്തെ ശുഭാപ്തി വിശ്വാസമില്ലായ്മയിൽ നിന്ന് വേർതിരിക്കേണ്ട നിമിഷം കൂടിയാണ് പുതുവർഷം.
"ബിയോണ്ട് ഗുഡ് ആൻഡ് ഈവിൾ' (§211) എന്ന കൃതിയിൽ ഫ്രീഡറിക് നീറ്റ്ഷെ എഴുതിയതിങ്ങനെ:
""തത്വചിന്തകൻ മൂല്യങ്ങളുടെ സ്രഷ്ടാവാകണം; വെറുമൊരു വിമർശകനോ കാഴ്ചക്കാരനോ ആകരുത്. അദ്ദേഹം ജീവിതത്തിനെതിരായല്ല; മറിച്ച്, ജീവിതത്തിന്‍റെ പക്ഷത്തുനിന്നാണ് ചിന്തിക്കേണ്ടത്''.
പൊതുനയങ്ങൾക്കും ഇതേ മനോഭാവം ആവശ്യമാണ്. വിമർശനങ്ങൾ സ്വാഗതം ചെയ്യപ്പെടണം. എന്നാൽ അതു വസ്തുതകളിൽ അധിഷ്ഠിതമാകണം. വൈവിധ്യമാർന്നതും സങ്കീർണവുമായ ജനാധിപത്യത്തെ ഭരിക്കുമ്പോഴുള്ള യാഥാർഥ്യത്തോടെയുള്ള നിയന്ത്രണങ്ങൾ അത് അംഗീകരിക്കണം. സംശയം നിലപാടായി മാറുമ്പോൾ, പരിഷ്കരണം സാധ്യമാക്കുന്ന സ്ഥാപനങ്ങളിലുള്ള ആത്മവിശ്വാസത്തെ അത് ഇല്ലാതാക്കുന്നു.
സമീപകാലങ്ങളിൽ, വിപണികൾ സംശയത്തെ ബൗദ്ധിക മികവായി കാണുന്ന ഒരുതരം വ്യാഖ്യാനം ഉയർന്നുവന്നിട്ടുണ്ട്. ഇത് പരിഷ്കരണ പ്രവർത്തനങ്ങളെ പരിഹാസ്യ രൂപത്തിൽ ചിത്രീകരിക്കുകയും, ഓരോ അപൂർണമായ മാറ്റത്തെയും ശാശ്വത പരാജയത്തിന്‍റെ തെളിവായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ, പരിചിതമായ ആശ്വാസ വാക്കും ഇവ മുന്നോട്ടുവയ്ക്കുന്നു: ഇന്ത്യ സ്വന്തം നയ രൂപകർത്താക്കളാൽ തകരാൻ വിധിക്കപ്പെട്ട രാജ്യമാണത്രേ!
ഈ നിലപാടിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ട്. ഇത് സ്ഥിതിവിവരക്കണക്കുകളിലും വിപണികളിലുമുള്ള വിശ്വാസത്തെ തകർക്കുന്നു; സംരംഭകർക്കും നിക്ഷേപകർക്കുമിടയിൽ നിരാശാബോധം വളർത്തുന്നു; ഇന്ത്യയെ സമ്മർദത്തിലാക്കാൻ കാത്തിരിക്കുന്ന വിദേശ ശക്തികൾക്ക് കൃത്യമായ തിരക്കഥ ഒരുക്കിനൽകുകയും ചെയ്യുന്നു. വൈദഗ്ധ്യം എപ്പോഴും വസ്തുതകളോട് ഉത്തരവാദിത്വമുള്ളതായിരിക്കണം.
ശക്തമായ പ്രൊഫഷണൽ- അക്കാദമിക് പശ്ചാത്തലമുണ്ടെന്ന് അവകാശപ്പെടുന്ന ചില നിരീക്ഷകർ ഇത്തരം നിലപാടിലേക്ക് തരംതാഴ്ന്നത് ആശങ്കാജനകമാണ്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന, ഇന്ത്യയെ തങ്ങളുടെ അടയാളമായും വിശ്വാസ്യതയുടെ ആധാരമായും കണ്ടിരുന്ന ചിലർ, ഇപ്പോൾ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നത് ജീവിതോപാധിയാക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഒരുപക്ഷേ, ഗവണ്മെന്‍റിന്‍റെ ഭാഗമല്ലാത്തതിനാൽ ശ്രദ്ധ പിടിച്ചു പറ്റാനോ പ്രസക്തി നിലനിർത്താനോ ഉള്ള ശ്രമമായിരിക്കാം അത്.
ഇന്ത്യയുടെ വിവരശേഖരങ്ങൾ വിശ്വസനീയമല്ലെന്ന ഇവരുടെ ആരോപണം നിലവിലെ പുരോഗതിയുടെ ദിശയുമായി ഒത്തുപോകുന്നതല്ല. ചരക്ക് സേവന നികുതി ഒരു പതിറ്റാണ്ട് മുമ്പ് നിലവിലില്ലാതിരുന്ന ദേശീയ ഇൻവോയ്സ് സംവിധാനവും നിയമങ്ങൾ പാലിക്കുന്ന സംസ്കാരവും സൃഷ്ടിച്ചു. 2024-25 കാലയളവിൽ ആകെ ജിഎസ്ടി സമാഹരണം പ്രതിമാസം ശരാശരി 1.8 ലക്ഷം കോടി രൂപ എന്ന നിലയിൽ, 22 ലക്ഷം കോടി രൂപ കടന്നു. ഡിജിറ്റൽ പണമിടപാടുകൾ മറ്റൊരു പരിശോധനാ പാത സൃഷ്ടിച്ചു. നവംബറിൽ 26 ലക്ഷം കോടി രൂപ മൂല്യമുള്ള 20 ശതകോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.
ക്ഷേമ പദ്ധതികളിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലുമുണ്ടായ ഫലങ്ങൾ നിരാശാവാദത്തെ പാടേ തള്ളിക്കളയുന്നതാണ്. നിതി ആയോഗിന്‍റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 2013-14നും 2022-23നും ഇടയിൽ ഏകദേശം 24 കോടി ഇന്ത്യക്കാർ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. ദാരിദ്ര്യത്തിന്‍റെ തോത് 30ൽ നിന്ന് 11% ആയി കുറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കി.
2025ഓടെ ആകെ ഡിബിടി 45 ലക്ഷം കോടി കവിഞ്ഞു; ചോർച്ചകൾ തടഞ്ഞതിലൂടെ 3.5 ലക്ഷം കോടിയിലധികം രൂപ ലാഭിച്ചു. 56 കോടിയിലധികം ജൻധൻ അക്കൗണ്ടുകളോടെ, സാമ്പത്തിക ഉൾപ്പെടുത്തൽ ഇപ്പോൾ പൊതു അടിസ്ഥാനസൗകര്യമായി മാറിയിരിക്കുന്നു. സാമ്പത്തിക അച്ചടക്കത്തിനു കൊണ്ടുവന്ന പരിഷ്കാരങ്ങൾ വ്യക്തമായ ഫലങ്ങൾ നൽകി. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 2018ലെ 11.2ൽ നിന്ന് 2025ൽ 2.1% ആയി കുറഞ്ഞു.
ഇത് നീക്കിയിരിപ്പു പത്രികകൾ ശുദ്ധീകരിക്കാനായി നടത്തിയ നിരന്തര പരിശ്രമങ്ങളുടെയും, കരുത്തുറ്റ മേൽനോട്ടത്തിന്‍റെയും, വായ്പകൾ അനാവശ്യമായി പുതുക്കി നൽകുന്നതും നഷ്ടങ്ങൾ ഒളിച്ചുവയ്ക്കുന്നതും തടഞ്ഞ മികച്ച സംവിധാനത്തിന്‍റെയും പ്രതിഫലനമാണ്. രാജ്യത്തു പരിഷ്കാരങ്ങൾ നടപ്പാക്കാൻ സാധിക്കില്ല എന്നു വിമർശകർ പറയുമ്പോൾ, നിശബ്ദമായി കൈവരിച്ച ഈ മുന്നേറ്റമാണ് അതിനുള്ള ആദ്യ മറുപടി.
ഇന്ത്യക്ക് വലിയ തോതിലുള്ള നിർമാണം സാധ്യമല്ല എന്ന പരിഹാസം ഉത്പാദന മേഖലയിലുണ്ടായ മാറ്റങ്ങളെ വിസ്മരിക്കുന്നതാണ്. ഉത്പാദനബന്ധിത ആനുകൂല്യ പദ്ധതികൾക്കു കീഴിൽ 14 മേഖലകളിലായി 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമായി. ഇത് 18 ലക്ഷം കോടിയിലധികം രൂപയുടെ അധിക ഉത്പാദനത്തിനും വിൽപ്പനയ്ക്കും വഴിതെളിച്ചു, 12 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
ഇലക്‌ട്രോണിക്സ് മേഖലയാണ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം: 2024-25 കാലയളവിൽ ഇലക്‌ട്രോണിക്സ് ഉത്പാദനം 11 ലക്ഷം കോടി രൂപയും, മൊബൈൽ ഫോൺ ഉത്പാദനം 5.5 ലക്ഷം കോടി രൂപയും, മൊബൈൽ കയറ്റുമതി ഏകദേശം 2 ലക്ഷം കോടി രൂപയും കടന്നു. ഏറ്റവും കടുപ്പമേറിയ വിപണി പരീക്ഷണങ്ങളെയാണ് ഇന്ത്യ വിജയകരമായി നേരിട്ടുകൊണ്ടിരിക്കുന്നത്.
കച്ചവടത്തിലെ സ്വാധീനം കെട്ടിപ്പടുക്കുന്നത് പ്രകടനത്തിലൂടെയും സ്ഥിരതയിലൂടെയുമാണ്; നിരാശ പ്രകടിപ്പിക്കുന്നതിലൂടെയല്ല. 2024-25 കാലയളവിൽ ചരക്കു സേവന കയറ്റുമതി 825 ശതകോടി ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തീരുവകളും സംരക്ഷണ വാദങ്ങളും നിലനിൽക്കുന്ന ലോകത്ത്, പങ്കാളികളായ രാജ്യങ്ങൾ നമ്മുടെ കാര്യക്ഷമതയെയാണ് മാനിക്കുന്നത്.
വൻതോതിൽ ഉത്പാദിപ്പിക്കുകയും വ്യാപാരം നടത്തുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിപണിയായി ഇന്ത്യ മാറുന്നതും, പ്രധാന മേഖലകളിൽ വൈവിധ്യമാർന്ന വിതരണ ശൃംഖലകൾ വാഗ്ദാനം ചെയ്യാൻ കഴിയുന്നതും ആഗോള തലത്തിൽ രാജ്യത്തിന്‍റെ നിലപാട് ശക്തമാക്കുന്നു. ആഭ്യന്തര പരിഷ്കാരങ്ങളും വിദേശ ഇടപെടലുകളും ഒത്തുചേർന്നുണ്ടാകുന്ന പ്രതിരോധ ശേഷിയാണ് നമുക്ക് അന്താരാഷ്‌ട്ര തലത്തിൽ സ്വാധീനം നൽകുന്നത്.
മത്സരക്ഷമത എന്നത് ഒരു പദ്ധതിയോ ഒരു മന്ത്രാലയമോ കൊണ്ട് മാത്രം ഉറപ്പാക്കാൻ കഴിയുന്ന ഒന്നല്ല. അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഭരണ പരിഷ്കാരങ്ങൾ എന്നിവയുടെയെല്ലാം കൂട്ടായ ഫലമാണത്. വ്യാവസായിക ഇടനാഴികളുടെ വ്യാപനം, മെച്ചപ്പെട്ട ചരക്കുനീക്ക സംവിധാനങ്ങൾ, തുറമുഖ ബന്ധങ്ങൾ, സമയം ലാഭിക്കുന്ന ഏകീകൃത ആസൂത്രണ വേദികൾ എന്നിവയിൽ ഈ നേട്ടങ്ങൾ പ്രകടമാണ്.
എല്ലാ തടസങ്ങളും നീങ്ങി എന്നല്ല ഇതിനർഥം. സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും പ്രക്രിയകൾ ലഘൂകരിക്കാനും വിതരണ ശൃംഖലകൾ വിപുലീകരിക്കാനുമുള്ള കഴിവ് രാജ്യം തെളിയിച്ചു കഴിഞ്ഞു എന്നതാണ്. വർഷങ്ങളിലൂടെയുള്ള ഇത്തരം ചെറിയ മാറ്റങ്ങളിലൂടെയാണ് ഉത്പാദനക്ഷമത വർധിക്കുന്നത്. കാർഷിക മേഖലയെയും ഗ്രാമീണ അതിജീവനശേഷിയെയും കുറിച്ച് പറയുമ്പോൾ, അവിടത്തെ പോരായ്മകൾ നിരത്തി, ഒന്നും ശരിയാക്കാൻ കഴിയില്ല എന്നു വിധിയെഴുതാൻ എളുപ്പമാണ്.
എന്നാൽ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, കൃത്യമായ ലക്ഷ്യത്തോടു കൂടിയ പിന്തുണയും ആസ്തിസൃഷ്ടിയുമാണ് നയപരമായ ദിശയായി സ്വീകരിച്ചിട്ടുള്ളത്. ജൽ ജീവൻ മിഷൻ 12.5 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കി.
ആരോഗ്യം, പാർപ്പിടം, ഊർജം എന്നീ മേഖലകളിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്‍റെ കഥ ദൃശ്യമാണ്. ആയുഷ്മാൻ ഭാരത് പിഎം- ജൻ ആരോഗ്യ യോജന (PM-JAY) പ്രകാരം 42 കോടിയിലധികം കാർഡുകൾ നൽകി; ഇത് ചികിത്സാച്ചെലവുകൾ മൂലം തകരുന്ന കുടുംബങ്ങൾക്ക് വലിയ സംരക്ഷണം നൽകുന്നു. പിഎം ആവാസ് പദ്ധതിക്ക് കീഴിൽ 3 കോടി വീടുകൾ പൂർത്തിയാക്കി, ഓരോ കുടുംബത്തിനും ആസ്തിയും മുന്നേറാനുള്ള അടിത്തറയും നൽകി.
പിഎം ഉജ്വൽ യോജന വഴി 10 കോടിയിലേറെ എൽപിജി കണക്‌ഷനുകൾ നൽകി. ഈ നേട്ടങ്ങൾ കേവലം ആശയങ്ങളല്ല, ജനങ്ങളുടെ അഭിലാഷങ്ങൾക്കും ഉത്പാദനക്ഷമതയ്ക്കും താങ്ങായി നിൽക്കുന്ന പ്രായോഗിക അടിത്തറയാണ്. രൂക്ഷമായ നിരാശാവാദം പലപ്പോഴും സംസ്ഥാനങ്ങളെക്കുറിച്ചാണ് ഉയരാറുള്ളത്; 140 കോടി ജനങ്ങളെ ഒരൊറ്റ മാതൃകയിലൂടെ ഭരിക്കണമെന്ന വാശിയിലാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ഫെഡറലിസം സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിവുള്ളതാണ്.
മെച്ചപ്പെട്ട ക്രമസമാധാന നില, വേഗത്തിലുള്ള അനുമതികൾ, തടസമില്ലാത്ത അടിസ്ഥാനസൗകര്യ വികസനം എന്നിവയിലൂടെ നിക്ഷേപങ്ങളെയും ഔദ്യോഗിക തൊഴിലവസരങ്ങളെയും ആകർഷിക്കാൻ കഴിയുമെന്ന് ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളും തെളിയിച്ചു. സംസ്ഥാനങ്ങൾക്കു പ്രയോജനപ്പെടുത്താവുന്ന ദേശീയ പ്ലാറ്റ്‌ഫോമുകൾ നിർമിച്ചും, കൃത്യമായ ഫലങ്ങൾ നൽകുന്നവർക്കു സാമ്പത്തിക സഹായം നൽകിയും, ജനങ്ങൾക്ക് പ്രകടനം വിലയിരുത്താൻ അവസരമൊരുക്കിയും കേന്ദ്രം ഈ "മത്സരാധിഷ്ഠിത ഫെഡറലിസത്തെ' ശക്തിപ്പെടുത്തിയിട്ടുണ്ട്.
കഥ ഇനിയും അവസാനിച്ചിട്ടില്ല; അത് സംവാദങ്ങൾക്ക് വഴി തുറന്നുകൊണ്ടേയിരിക്കും. എന്നാൽ, പുതുവർഷത്തിൽ നാം തെരഞ്ഞെടുക്കുന്ന സംവാദങ്ങളുടെ ഗുണനിലവാരമാണ് പ്രധാന ചോദ്യം. പ്രൊഫഷണലുകൾ വെറും ആരോപണങ്ങളെ വിശകലനങ്ങളായി അവതരിപ്പിക്കുമ്പോൾ, പരിഷ്കാരങ്ങൾ സാധ്യമാക്കുന്ന പ്രസ്ഥാനങ്ങളെത്തന്നെയാണ് അവർ ദുർബലപ്പെടുത്തുന്നത്. നീറ്റ്ഷെയുടെ ഓർമപ്പെടുത്തൽ ഇവിടെ പ്രസക്തമാണ്: ഗൗരവമായി ചിന്തിക്കുന്ന ഒരാൾ സമൂഹത്തെ ജീവിക്കാനും മുന്നേറാനും സഹായിക്കുന്ന മൂല്യങ്ങളാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യ തെരഞ്ഞെടുത്തത്, പ്രായോഗികമായി നടപ്പാക്കുക എന്ന കഠിനമായ പാതയാണ്. ഈ പ്രവർത്തനങ്ങളുടെ ഫലങ്ങൾ കണക്കുകളിലൂടെ പരിശോധിക്കപ്പെടുകയും വീടുകളിൽ നേരിട്ട് അനുഭവപ്പെടുകയും ചെയ്യുന്നവയാണ്. അത് ഏതുതരം നിരാശാവാദത്തെയും അതിജീവിക്കും. 2026ൽ ഇന്ത്യക്കാവശ്യം നയങ്ങൾ മെച്ചപ്പെടുത്തുന്ന വിമർശനങ്ങളാണ്; കൈയടികൾക്കായി ആത്മവിശ്വാസം തകർക്കുന്ന വ്യാഖ്യാനങ്ങളല്ല.