ജാനകിയും സുംബയും ചില ചിന്തകളും

ആരോഗ്യരംഗത്ത് ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം എന്ന് ഉറക്കെ അവകാശപ്പെടുമ്പോഴും ഡോ. ഹാരിസിനെ പോലെ ചികിത്സ രംഗത്തെ അപര്യാപ്തതകൾ ഉന്നയിക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ സർക്കാരിനാവില്ല
janaki zumba dr harris and some other thoughts special story

ജാനകിയും സുംബയും ചില ചിന്തകളും

Updated on

അടുത്തകാലത്ത് കേരളത്തിലെ മാധ്യമ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ചില കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുംബ നൃത്തം, കൂത്തുപറമ്പ് വെടിവയ്പ്പ്-പുതിയ ഡിജിപിയായി റവാഡയുടെ നിയമനം, ജനിച്ച കുഞ്ഞുങ്ങളെ കൊന്നു മറവ് ചെയ്യുന്ന അമ്മമാർ, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളെജുകൾ ഉൾപ്പെടെ ആരോഗ്യ കേന്ദ്രങ്ങളിലെ പോരായ്മകൾ എന്നിവ.

ഓരോന്നിലും കേരള ജനതയുടെ കാഴ്ചപ്പാടുകളും സർക്കാരിന്‍റെ വീഴ്ചകളും പ്രതിപക്ഷത്തിന്‍റെ ഉൾച്ചിരികളും കാണാൻ കഴിയും.

ജാനകി എന്ന പേരിട്ടതുകൊണ്ട് ഇത് മതവിദ്വേഷമായ ചിത്രമാണെന്ന് എങ്ങിനെ സെൻസർ ബോർഡ് തീരുമാനിച്ചു എന്നാണ് കേരള ഹൈക്കോടതിയുടെ ചോദ്യം. ജാനകി എന്ന കഥാപാത്രം അതിജീവിതയാണ്. നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീ.

ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷം പേരുകളും ഏതെങ്കിലും ദേവതയുടെയോ ദൈവങ്ങളുടെയോ പുണ്യവാളന്മാരുടെയോ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൈന്ദവ ദൈവങ്ങൾക്ക് നൂറുകണക്കിന് പേരുകളുണ്ട്. അതിൽ സീതാ ദേവിയുടെ പല പേരുകളായ വൈദേഹി/മൈഥിലി/ജനകനന്ദിനി എന്നിവയോടൊപ്പം ജാനകിയുമുണ്ട്. ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്ന ചിത്രം ഇറങ്ങിയപ്പോൾ യേശുദേവന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചു എന്നായിരുന്നു ചില ക്രൈസ്തവ സംഘടനകളുടെ ആരോപണം.

പണ്ട് പ്രസിദ്ധ നോവലിസ്റ്റ് പി. കേശവദേവിന്‍റെ ‘ഓടയിൽ നിന്ന് ’ എന്ന സിനിമയിലെ ചില വാചകങ്ങളിൽ കയറിപ്പിടിച്ച് അതിൽ അശ്ലീലം കണ്ടെത്തിയവരുണ്ട്. വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാ വിഞ്ചിയുടെ നഗ്നചിത്രങ്ങളിൽ അശ്ലീലം കണ്ടെത്തി അത് മറച്ചുവയ്ക്കാൻ നിർദ്ദേശം നൽകിയ ക്രൈസ്തവ സഭാ മേലധികാരികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ആധുനികയുഗത്തിലും നമ്മൾ പലരുടെയും കാഴ്ചപ്പാടുകൾ മാറിയിട്ടില്ല എന്നാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്കുള്ള സെൻസർ ബോർഡിന്‍റെ കത്രിക പ്രയോഗം കാണിക്കുന്നത്.

അടുത്തകാലത്ത് കേരള വിദ്യാഭ്യാസരംഗത്ത് കോളിളക്കം സൃഷ്ടിച്ചതാണ് സുംബ വ്യായാമ നൃത്തം. പ്രത്യേക രീതിയിലുള്ള നൃത്തവും സംഗീതവും ചേർന്ന് വ്യായാമത്തെ ഒരു ആഘോഷമായി മാറ്റുന്നതാണ് സ്കൂളുകളിൽ നടത്തുന്ന സുംബ നൃത്ത പരിപാടിയുടെ പ്രത്യേകത. മദ്യം, മയക്കുമരുന്ന്, വിഷാദം എന്നിവയെല്ലാം വിദ്യാർഥികളുടെ ചെറു മനസുകളിലേക്ക് അനിയന്ത്രിതമായി കടന്നുവരുന്ന ഇക്കാലത്ത് സുംബയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സ്കൂൾ യൂണിഫോമിലാണ് വിദ്യാർഥികൾ ഈ നൃത്തം ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കുകയും കൂട്ടുകൂടുകയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് സുംബ ചെയ്തുകൂടാ. ഇതിനെ എതിർക്കുന്നവർ മതവിശ്വാസം കൂട്ടിന് കൊണ്ടുവരികയാണ്. 75 വർഷങ്ങൾക്കു മുമ്പ് ജോത്സ്യൻ പഠിച്ചിരുന്ന സ്കൂളിലും കുട്ടികളുടെ മാനസിക ആരോഗ്യത്തിനായി സ്പോർട്സ്, ഡ്രിൽ, പാട്ട്, തയ്യൽ എന്നിവയെല്ലാം ഉണ്ടായിരുന്നു.

കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണഭൂതനായ പൊലീസ് ഉദ്യോഗസ്ഥൻ റവാഡ ചന്ദ്രശേഖർ സിപിഎം ഭരണനേതൃത്വം കൊടുക്കുന്ന കേരളത്തിന്‍റെ ഡിജിപി ആയപ്പോൾ കണ്ണൂരിലെ സിപിഎം പ്രവർത്തകർക്ക് അന്നുണ്ടായ വൈകാരിക നിലപാട് വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരേ അന്ന് സിപിഎം എടുത്ത നിലപാടല്ല ഇപ്പോൾ കേരളത്തിൽ ഭരണ നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന് ഉള്ളത്. വിദേശ സർവകലാശാലകളെയും സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളെയും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന ഈ സർക്കാരിന് ഇപ്പോൾ കൂത്തുപറമ്പിന്‍റെ ഓർമകൾ ദുഃസ്വപ്നങ്ങളാണ്. കാലം മാറി കോലവും മാറി.

തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് കേരളം അടുക്കുന്ന സന്ദർഭത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസിന്‍റെ വെളിപ്പെടുത്തലുകൾ സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്. ഡോ. ഹാരിസിന്‍റെ സത്യസന്ധതയും, കഴിവും, അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളും ചോദ്യം ചെയ്യാൻ കഴിയുന്നതല്ല. മാത്രമല്ല, ഡോ. ഹാരിസ് ഒരു ഇടതുപക്ഷ സഹായാത്രികനുമാണ്. ആരോഗ്യരംഗത്ത് ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം എന്ന് ഉറക്കെ അവകാശപ്പെടുമ്പോഴും ഡോ. ഹാരിസും മറ്റു ഡോക്റ്റർമാരും ചികിത്സ രംഗത്തെ അപര്യാപ്തതകൾ ഉന്നയിക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ സർക്കാരിനാവില്ല. എന്നാൽ സർക്കാരിനോടും ജനങ്ങളോടും ആത്മാർഥതയുള്ള ഡോ. ഹാരിസിനെപ്പോലുള്ള ഡോക്റ്റർമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ തുറന്ന അഭിപ്രായ പ്രകടനത്തിന് പോകരുത്. ജീവനക്കാരുടെ തുറന്ന അഭിപ്രായ പ്രകടനങ്ങൾക്ക് സർക്കാർ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. എത്ര ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിലും സർക്കാരിന്‍റെ നിബന്ധനകൾ പാലിക്കണം. അല്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ആത്മാർഥത ഭരിക്കുന്ന സർക്കാരിന് തലവേദനയാകും.

മാതൃത്വം വിലപ്പെട്ടതാണ്. ഒരു അമ്മയാവുക ഏതൊരു സ്ത്രീയുടെയും അത്യന്തം സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. എന്നാൽ എറണാകുളം നഗര മധ്യത്തിലും തൃശ്ശൂരും, മറ്റു ചില സംസ്ഥാനങ്ങളിലും പ്രസവിച്ച അമ്മ തന്നെ കുഞ്ഞുങ്ങളുടെ അന്തകരാകുന്നു എന്നത് വളരെ ഭീതിജനകമാണ്. വിദ്യാഭ്യാസമുള്ള അമ്മമാർ യൂട്യൂബ് നോക്കി സ്വയം പ്രസവം നടത്തിയതിനുശേഷമാണ് മറ്റാരും അറിയാതിരിക്കാൻ കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചും, വലിച്ചെറിഞ്ഞും കൊന്ന് കുഴിച്ചുമൂടുന്നത്. കുഞ്ഞുങ്ങൾക്ക് വേണ്ടി ദാഹിക്കുന്ന അമ്മമാരും, മാതൃത്വം ഒരു അവകാശവും അന്തസ്സുമായി കാണുന്ന കേരളത്തിലാണ് ഇത് നടക്കുന്നത് എന്നത് ജോത്സ്യനെ തീർത്തും വേദനിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com