ഗോത്ര പാരമ്പര്യത്തിനും ഗോത്രാഭിമാനത്തിനും ആദരം; ജൻജാതിയ ഗൗരവ് ദിവസിന്റെ കാലിക പ്രസക്തി
#അർജുൻ മുണ്ട, ഗോത്രകാര്യ മന്ത്രി, ഭാരത സർക്കാർ
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമ ഭൂമിയായ ഭാരതം, സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര യോദ്ധാക്കളുടെ ശൗര്യത്തെയും ത്യാഗത്തെയും സ്മരിക്കുന്നതിൽ ഏറെ അഭിമാനം കൊള്ളുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനായി ഗോത്ര സമൂഹങ്ങൾ നൽകിയ ഗണ്യമായ സംഭാവനകളും അവരുടെ പോരാട്ടങ്ങളും ഈ ആഘോഷങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. വനവാസി സമൂഹങ്ങളുടെ വീരഗാഥകൾ അംഗീകരിക്കപ്പെടാൻ ഗോത്ര സമൂഹങ്ങളോടും സംസ്കാരത്തോടും അചഞ്ചലമായ ആദരവും മമതയും പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സവിശേഷ പരിശ്രമങ്ങൾ വേണ്ടിവന്നു.
ഈ ദിശയിൽ ശക്തമായ ഒരു സന്ദേശം നൽകുന്നതിനായി, ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനത്തെ "ജൻജാതിയ ഗൗരവ് ദിവസ്' ആയി അദ്ദേഹം നിർദേശിച്ചു. രാജ്യവ്യാപകമായി ഗോത്ര സമൂഹങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് ഈ ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം അത്യന്തം ആദരവോടെയും ഉത്സാഹത്തോടെയും പ്രമാണികതയോടെയും "ജനജാതിയ ഗൗരവ് ദിവസ്' ആയി ആഘോഷിക്കുന്നതിന്റെ മൂന്നാം പതിപ്പാണിത്.
വനവാസി സമൂഹങ്ങളുടെ സഹവർത്തിത്വത്തെ തിരിച്ചറിയാനും സാമൂഹിക സമത്വമെന്ന ദീർഘകാല സ്വപ്നത്തെ മൂർത്തമായ യാഥാർഥ്യത്തിലേക്ക് പരിവർത്തനപ്പെടുത്താനുമുള്ള പ്രേരണശക്തിയായി മാറാനും തുടക്കം മുതൽ ഈ ദിനാചരണത്തിനായിട്ടുണ്ട്. ഗോത്ര ജനവിഭാഗങ്ങളുടെ സമ്പന്നമായ പൈതൃകത്തെ അഭിനന്ദിക്കാനും സ്വീകരിക്കാനും രാഷ്ട്രം ഒത്തുചേരുന്ന വൈകാരിക നിമിഷമാണിത്.
കാടിന്റെ സംരക്ഷകൻ മാത്രമല്ല, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ സ്വന്തം അനുയായികൾക്കൊപ്പം ത്യാഗമനുഷ്ഠിച്ച് സാമൂഹ്യ- സാംസ്കാരിക മൂല്യങ്ങളുടെ കാവലാളായി നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു ഭഗവാൻ ബിർസ മുണ്ട. അദ്ദേഹത്തിന്റ പ്രവർത്തനങ്ങളെ മാതൃകയാക്കി രാജ്യത്തിന്റെ വിവിധ കോണുകളിൽ, ബ്രിട്ടീഷ് ഭരണത്തെ സധൈര്യം നേരിടാനും ചെറുത്തുതോൽപ്പിക്കാനുമുള്ള അചഞ്ചലമായ നിശ്ചയദാർഢ്യം ഗോത്ര സമൂഹങ്ങൾ പ്രകടിപ്പിച്ചു. ആശ്ചര്യകരമെന്നു പറയട്ടെ, ബ്രിട്ടീഷുകാർക്കെതിരായ ഏറ്റവും ആദ്യത്തേതും ശക്തവുമായ ചെറുത്തുനിൽപ്പ് ഉയർന്നുവന്നത് രാജ്യത്തിന്റെ കാനന ഹൃദയങ്ങളിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ജീവിക്കുകയും വെള്ളം, വനം, ഭൂമി എന്നിവയെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഗോത്ര സമൂഹങ്ങളിൽ നിന്നാണ്.
തിലക മാഞ്ചിയുടെ നേതൃത്വത്തിലുള്ള "പഹാഡിയ പ്രസ്ഥാനം' മുതൽ ബുദ്ധു ഭഗതിന്റെ നേതൃത്വത്തിലുള്ള "ലർക്ക ആന്ദോളൻ' വരെയും, സിദ്ധു മുർമുവും കൻഹു മുർമുവും നയിച്ച "സന്താൾ ഹുൽ പ്രസ്ഥാനവും', റാണി ഗൈഡിൻലിയുവിന്റെ നേതൃത്വത്തിലുള്ള "നാഗ പ്രസ്ഥാനവും', അല്ലൂരി സീതാറാം രാജു ജ്വലിപ്പിച്ച "റമ്പാ പ്രസ്ഥാനവും', കോയ ഗോത്ര വർഗക്കാരുടെ കലാപവും, ഗോവിന്ദ് ഗുരു നേതൃത്വം നൽകിയ "ഭഗത്' പ്രസ്ഥാനവുമൊക്കെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ വിപുലമായ ചരിത്രത്തിൽ ഗോത്ര സമൂഹത്തിന്റെ മായാമുദ്രകൾ പതിപ്പിച്ചു.
ഭൂമിയുടെ പിതാവ് അഥവാ "ധർത്തി ആബ' എന്നറിയപ്പെട്ടിരുന്ന ബിർസ മുണ്ട, ഛോട്ടാ നാഗ്പുർ ടെനൻസി- സിഎൻടി നിയമം നടപ്പിലാക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കും വിധമുള്ള ശക്തമായ പോരാട്ടം മാതൃരാജ്യത്തിനായി നടത്തി. ഈ സുപ്രധാന നിയമനിർമാണം "ഭൂയിഹർ ഖുന്തിന്' കീഴിൽ പൂർവിക വനാവകാശങ്ങൾ സംരക്ഷിച്ച് കുടിവെള്ളം, വനം, ഭൂമി എന്നിവയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കി.
ഭഗവാൻ ബിർസ മുണ്ടയുടെ നിരന്തര പോരാട്ടത്തോടുള്ള ആദരസൂചകമായും വനവാസി മേഖലയിലെ ചരിത്രപരമായ അനീതികൾ പരിഗണിച്ചും നമ്മുടെ പാർലമെന്റ് വനാവകാശ നിയമം നടപ്പിലാക്കി. സ്വയംഭരണ സംവിധാനമുള്ള തന്റെ സമൂഹത്തെ ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്നതായിരുന്നു ബിർസ മുണ്ടയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു. പരമ്പരാഗത സംവിധാനങ്ങളെ ബാഹ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുന്നതിൽ "പെസ' (പഞ്ചായത്ത്സ് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) പോലുള്ള നിയമങ്ങളുടെ ആവിർഭാവം നിർണായകമായി. ഭരണഘടനാ വ്യവസ്ഥകളെ തടസരഹിതമായി സമന്വയിപ്പിച്ചു പരമ്പരാഗത സംവിധാനങ്ങളുമായി "പെസ'യെ കൂട്ടിയോജിപ്പിച്ചു. സാംസ്കാരിക പാരമ്പര്യങ്ങളെയും സ്വാഭാവിക പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ട്, പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പഞ്ചായത്ത് സംവിധാനം പ്രസ്തുത പ്രദേശങ്ങളിൽ സ്ഥാപിക്കുക എന്നതാണ് കരണീയം.
ഗോത്ര സമൂഹത്തെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുന്നത് ഭഗവാൻ ബിർസ മുണ്ടയുടെ കാലാതീതമായ ആശയങ്ങളെ സാക്ഷാത്കരിക്കുന്നതിന് തുല്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, സംരക്ഷണം മാത്രമല്ല, ഗോത്ര സമൂഹത്തിന്റെ സംസ്കാരിക സമ്പന്നതയെ അഭിമാനത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു.
സാമൂഹിക സൗഹാർദവുമായി ഇഴചേർന്നു പോകുന്ന പുനഃസ്ഥാപന പ്രക്രിയയ്ക്ക് ഭാരത സർക്കാരിന്റെ വനാവകാശ നിയമം (എഫ്ആർഎ) കാര്യമായ ഊന്നൽ നൽകുന്നു. ഒരു പ്രത്യേക വിഭാഗത്തിന് സവിശേഷ അവകാശങ്ങൾ നൽകുന്നതിനുപകരം, മുഴുവൻ മാനവ സമൂഹത്തെയും തുല്യ പങ്കാളികളായി അംഗീകരിക്കുന്നു. വൈവിധ്യമാർന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, പ്രശ്നങ്ങളെ സംവേദനക്ഷമതയോടെ അഭിസംബോധന ചെയ്യുക എന്നത് പരമപ്രധാനമാണ്. പ്രകൃതിയുടെ സൂക്ഷ്മമായ പരസ്പരാശ്രിതത്വത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഇത് ഭഗവാൻ ബിർസ മുണ്ടയുടെ സവിശേഷ തത്വചിന്തയുടെ പ്രതിഫലനം തന്നെയാണ്.
രാജ്യത്തെ ഗോത്ര സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവരുടെ സുപ്രധാന സംഭാവനകളെയും പരിഗണിക്കുന്നതിലും ആദരിക്കുന്നതിലും ഒരു സുപ്രധാന ചുവടുവയ്പ്പാണ് ജൻജാതിയ ഗൗരവ് ദിവസ്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള സർക്കാരിന്റെ സമർപ്പണത്തെ ആചരണം അടിവരയിടുന്നു. നയങ്ങൾ, പരിപാടികൾ, നിയമങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ, പ്രസ്തുത സാമൂഹിക വിഭാഗങ്ങളെ ഉയർത്താനും ചരിത്രപരമായ അനീതികൾ തിരുത്താനും സർക്കാർ ശ്രമിക്കുന്നു.
ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ശാക്തീകരിക്കുന്നതിലും നമ്മുടെ ഭരണഘടന നിർണായക പങ്ക് വഹിക്കുന്നു. വനാവകാശ നിയമം, പെസ ആക്റ്റ് തുടങ്ങിയവ ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തി, തനത് ജീവിതരീതികൾ സംരക്ഷിക്കാനുള്ള അധികാരം അവർക്ക് ഉറപ്പുനൽകുന്നു. സുപ്രധാനമായ പിന്തുണയും അവസരങ്ങളും ഉറപ്പാക്കുന്നതിലൂടെ TRIFED, NSTFDC തുടങ്ങിയ സ്ഥാപനങ്ങൾ ഗോത്ര വിഭാഗങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ച് സാമ്പത്തിക പുരോഗതി സാധ്യമാക്കുന്നു.
നൂറ്റാണ്ടുകളായി, തനതു പാരമ്പര്യത്തിനും സംസ്കാരത്തിനും സമ്പന്നമായ പൈതൃകത്തിനും ഉടമകളാണ് ഗോത്ര സമൂഹങ്ങൾ. ആ സമൂഹങ്ങളുടെ സമ്പന്നമായ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, സാമൂഹിക- സാംസ്കാരിക സംവിധാനങ്ങൾ എന്നിവയിലേക്ക് ആഴ്ന്നിറങ്ങാനുള്ള അദ്വിതീയമായ അവസരം ജൻജാതിയ ഗൗരവ് ദിവസ് വാഗ്ദാനം ചെയ്യുന്നു.
സമകാലിക ഘട്ടത്തിൽ, രാഷ്ട്രനിർമാണ പ്രക്രിയയിലെ ഗോത്ര സമൂഹങ്ങളുടെ നിർണായക പങ്ക് രാഷ്ട്രം കൂടുതൽ അംഗീകരിക്കുന്നു. ഈ സുവർണകാലത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ, അവരുടെ മഹത്തായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാകാം.