'നഗ്നോത്സവം' ഇനിയില്ല; 1000 വർഷം പഴക്കമുള്ള ആഘോഷം നിർത്തലാക്കി ജപ്പാൻ‌

ഉത്സവത്തിൽ പങ്കെടുക്കാനും മത്സരിക്കാനും യുവാക്കളില്ലെന്നാണ് നഗ്നോത്സവം റദ്ദാക്കിയതിന്‍റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്
സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്

ടോക്കിയോ: ജപ്പാനിലേക്ക് വിദേശികളെ ആകർഷിച്ചു കൊണ്ടിരുന്നതിൽ ഒന്നാം സ്ഥാനത്തായിരുന്നു അവിടത്തെ നഗ്നോത്സവങ്ങൾ. ഇപ്പോഴിതാ ഫെബ്രുവരിയിലെ മൂന്നാം ആഴ്ചയിൽ കാഴ്ചക്കാരെ ത്രസിപ്പിച്ച് അരങ്ങേറിയിരുന്ന ആയിരം വർഷം പഴക്കമുള്ള സോമിൻ -സായ് എന്ന നഗ്നോത്സവം ഇനി മുതൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകരായ ക്ഷേത്ര ഭരണസമിതി. ഉത്സവത്തിൽ പങ്കെടുക്കാനും മത്സരിക്കാനും യുവാക്കളില്ലെന്നാണ് നഗ്നോത്സവം റദ്ദാക്കിയതിന്‍റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജപ്പാനിലെ വടക്കു കിഴക്കൻ പ്രദേശത്തുള്ള കോകുസെകിജി ക്ഷേത്രത്തിലാണ് ചാന്ദ്ര പുതു വർഷത്തിന്‍റെ ഏഴാം ദിനത്തിൽ സോമിൻ -സായ് എന്ന നഗ്നോത്സവം ഒരുക്കിയിരുന്നത്. വർഷത്തിൽ മുവായിരത്തിൽ അധികം സന്ദർശകരാണ് പുരുഷന്മാരുടെ നഗ്നോത്സവം കാണാനായി അങ്ങോട്ടേക്ക് എത്താറുള്ളത്. വിദേശികൾക്കത് കൗതുമായിരുന്നുവെങ്കിൽ നാട്ടുകാർക്ക് അത് അഭിവൃദ്ധിക്കും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള ആചാരമായിരുന്നു.

സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്
സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്

പുരുഷന്മാരാണ് ഉത്സവത്തിൽ പങ്കെടുത്തിരുന്നത്. മത്സരിക്കാനെത്തുന്നവർ വെളുത്ത നിറമുള്ള ലങ്കോട്ടി മാത്രമാണ് ധരിക്കുക. ചിലർ പൂർണ നഗ്നരുമായിരിക്കും. അതിരാവിലെ ആറു മണിയോടെയാണ് ചടങ്ങുകൾക്കു തുടക്കമാകുക. ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാർ ലങ്കോട്ടി മാത്രം ധരിച്ച് മത്സരത്തിന് തയാറെടുക്കും. ആദ്യം ലങ്കോട്ടി സ്വന്തമാക്കാനും മത്സരമുണ്ട്. അതിനു ശേഷം ദുഷ്ട ശക്തികളേ അകന്നു നിൽക്കൂവെന്ന പ്രാർഥനയോടെ യമോചിഗാവ നദിയിലെ മഞ്ഞു പോലെ തണുത്ത വെള്ളത്തിൽ ഒരുമിച്ചുള്ള നീരാട്ട്. അതിനു ശേഷമാണ് യഥാർഥ മത്സരം തുടങ്ങുന്നത്. ക്ഷേത്ര പൂജാരി എറിഞ്ഞു തരുന്ന ഷിങ്കി എന്നു പേരുള്ള ചുള്ളിക്കമ്പുകളിൽ നിന്ന് ഭാഗ്യചുള്ളിക്കമ്പ് കണ്ടെത്താനുള്ള ശ്രമം മല്ലയുദ്ധത്തിന് കിട പിടിക്കും.. അതിൽ വിജയിക്കുന്നവർക്ക് ആ വർഷം മുഴുവൻ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. മൽപിടിത്തത്തിൽ വിജയിക്കുന്നവരെ ഭാഗ്യവാൻ എന്നർഥം വരുന്ന ഫുക്കുവോടോകോ എന്നാണ് വിളിക്കുക. ആയിരക്കണക്കിന് പുരുഷന്മാരാണ് മത്സരത്തിൽ പങ്കാളികളാകുക. വിജയിക്കുന്നയാളെ സ്പർശിച്ചാലും ദുഷ്ടശക്തികൾ അകന്നു നിൽക്കുന്നുമെന്നും വിശ്വാസമുണ്ട്. ഇത്തവണ ആദ്യമായി 40 വനിതകൾക്കും ഉത്സവത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു. പക്ഷേ പൂർണമായും വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു.

സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്
സോമിൻ സായ് നഗ്നോത്സവത്തിൽ നിന്ന്

ഈ വർഷം ഫെബ്രുവരി 17നു ഉത്സവം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇനി മുതൽ ഉത്സവം ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ഡൈഗോ ഫുജിനാമി അറിയിച്ചത്. നഗ്നോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്കെല്ലാം പ്രായമായിരിക്കുന്നു. യുവാക്കൾ ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നില്ല. പരമാവധി ഉത്സവം നടത്തിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ നടത്തി. നിരവധി പേർ കാണാനും എത്തിയിട്ടുണ്ട്. പക്ഷേ ഉത്സവത്തിനു വേണ്ടിയുള്ള ആചാരങ്ങൾ പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാണ്. അവസാന നിമിഷത്തിൽ ഉത്സവം റദ്ദാക്കുന്നതിനേക്കാൾ ഭേദം ഇനി മുതൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നതാണെന്നും പുരോഹിതൻ പറഞ്ഞു. അതിൽ യാഥാർഥ്യവുമുണ്ട്. ഇത്തവണ മത്സരത്തിൽ പങ്കെടുത്തവരിൽ 10 പേർ 80 വയസ്സിൽ കൂടുതൽ ഉള്ളവരായിരുന്നു. നാൽപ്പത്തൊമ്പതുകാരനായ കികുച്ചി തോഷിയാക്കിയാണ് ഇത്തവണത്തെ മത്സര വിജയി. നഗ്നോത്സവം ഇനി ഉണ്ടാകില്ലെന്നുള്ളത് സങ്കടകരമാണെന്ന് തോഷിയാകി പറയുന്നു. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ വേണ്ടിയാണ് മത്സരത്തിൽ പങ്കെടുത്തതെന്നും തോഷിയാകി.

ജപ്പാനിലെ പ്രായമായവരുടെ എണ്ണം വർധിക്കുന്നത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ജപ്പാനിൽ പത്തു പേരിൽ ഒരാൾ 80 വയസിൽ കൂടുതൽ പ്രായമായ ആളായിരിക്കുമെന്നാണ് കണക്കുകൾ. 1970 കൾ മുതൽ തന്നെ ഇവിടത്തെ ജനനനിരക്ക് വൻതോതിൽ കുറഞ്ഞിരുന്നു. അതു തന്നെയാണ് ഇപ്പോൾ നഗ്നോത്സവം നടത്താനും വെല്ലുവിളിയായത്.ഒക്കയാമയിലെ സൈദൈജി കന്നോനിൻ ക്ഷേത്രത്തിലും ഫുകുഷിമയിലെ കുറോണുമ തീർഥകേന്ദ്രത്തിലുമാണ് ജപ്പാനിലെ മറ്റു രണ്ടു പ്രധാന നഗ്നോത്സവങ്ങൾ അരങ്ങേറാറുള്ളത്. അവ അടുത്ത വർഷവും തുടരും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com