ആ പ്രിൻസിപ്പലിനോട്, ഖേദപൂർവം

ജാസി ഗിഫ്റ്റിനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. അത് തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്. പുതിയ കാലത്തെയും തലമുറയെയും പ്രത്യാശയോടെ നോക്കിക്കാണാൻ ഇത് അവസരമൊരുക്കും
ആ പ്രിൻസിപ്പലിനോട്, ഖേദപൂർവം

വർഷങ്ങൾക്ക് മുമ്പാണ്. എറണാകുളത്തെ റോഡരികിലൂടെ വലിയൊരു ബക്കറ്റും പിടിച്ച് ഒരു സംഘം പിരിവ് നടത്തുന്നു. കോളെജ് വിദ്യാർഥികൾക്കൊപ്പം മുണ്ടും ഷർട്ടുമിട്ട് ചെരുപ്പിടാതെ ഒരാൾ! അദ്ദേഹത്തെ കണ്ട് കടക്കാരൊക്കെ വലിയ തുക ബക്കറ്റിലേക്കിടുകയാണ്. പലരും കൈകൂപ്പി അദ്ദേഹത്തെയും സംഘത്തെയും വരവേൽക്കുന്നു എന്നുമാത്രമല്ല, ആ കൂട്ടത്തിൽ ചേരുകയും ചെയ്യുന്നു. അതിനു മുമ്പും പിമ്പും അങ്ങനൊരു കാഴ്ച കേരളത്തിന്‍റെ മെട്രൊ നഗരം കണ്ടിട്ടില്ല.

മഹാരാജാസ് കോളെജ് പ്രിൻസിപ്പലായിരുന്ന കെ.എന്‍ ഭരതനും കുട്ടികളുമായിരുന്നു അവർ. സർവകലാശാലാ യുവജനോത്സവത്തിൽ വിദ്യാർഥികൾക്ക് പരിശീലനത്തിനും പങ്കെടുപ്പിക്കുന്നതിനും പണമില്ല. അധ്യാപകർ സഹായിച്ചു. പക്ഷെ, അതൊന്നും ഒന്നുമാവുന്നില്ല. അങ്ങനെ‍യാണ് ഭരതൻ മാഷ് ബക്കറ്റുമെടുത്ത് മുന്നിട്ടിറങ്ങിയത്. ഏത് വിദ്യാർഥിയുടെയും തോളിൽ കൈയിട്ട് എപ്പോഴും കാമ്പസിൽ കാണാൻ കഴിയുന്ന ആ അധ്യാപകൻ അത്തവണ കപ്പടിച്ചു തന്നെയാണ് വിദ്യാർഥികളെയും കൊണ്ട് യുവജനോത്സവത്തിൽ‌ നിന്ന് അഭിമാനപൂർവം മടങ്ങിയത്. ബക്കറ്റ് പിരിവെടുത്ത് കോളെജിന് കലാകിരീടം സ്വന്തമാക്കിയ ആ അധ്യാപകൻ അന്ന് വാർത്തയായെങ്കിലും അതൊന്നും തന്നെയല്ലെന്ന മട്ടിൽ വിദ്യാർഥികൾക്കൊപ്പം തട്ടുകടയിൽ ചായ കുടിച്ചിരിക്കുകയായിരുന്നു.

എങ്ങനെ കലാപരിപാടി നടത്താതിരിക്കാം എന്നാവും ഇന്നത്തെ പ്രിൻസിപ്പൽമാർ ശ്രമിക്കുന്നത്. എറണാകുളം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളെജ് വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് എത്തി മൈക്ക് പിടിച്ചു വാങ്ങിയത് ഇതിൽ ഒടുവിലത്തേതാണ്. വിദ്യാർഥികൾ ക്ഷണിച്ചതു പ്രകാരമാണ് കോളെജ് ഡേയിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാർഥികളുടെ അഭ്യർഥന പ്രകാരം പാടുന്നത് സ്വാഭാവികം.

“രണ്ടാമത്തെ ഗാനം പാടുന്നതിനിടയ്ക്കാണ് പ്രിൻസിപ്പൽ സ്റ്റേജിൽ കയറിവന്നത്. ഫോർ ദ പീപ്പിൾ മുതൽ എന്നോടൊപ്പമുള്ള സജിനും ആ ഗാനം ആലപിക്കാനുണ്ടായിരുന്നു. സജിൻ പാടി തുടങ്ങിയപ്പോൾതന്നെ പ്രിൻസിപ്പൽ സ്റ്റേജിൽ കയറിവരികയും മൈക്ക് പിടിച്ചുവാങ്ങി ഒരാൾ മാത്രം പാടിയാൽ മതിയെന്ന് പറയുകയുമായിരുന്നു. പരിപാടിയിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ പാട്ട് തുടങ്ങുന്നതിനുമുമ്പോ അല്ലെങ്കിൽ പാടിക്കകഴിഞ്ഞോ അവർക്ക് പറയാമായിരുന്നു. അല്ലാതെ ഒരാൾ പാടിക്കൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല’- ജാസി ഗിഫ്റ്റ് പറഞ്ഞു.

“ക്യാംപസുകളില്‍ എക്‌സ്റ്റേണല്‍ പെര്‍ഫോമന്‍സുകള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. പുറത്തുനിന്നുള്ള ആളുകളുടെ സംഗീത നിശ കോളെജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തത്’- ഇതാണ് ഡോ. ബിനുജ ജോസഫിന്‍റെ വിശദീകരണം.

സർക്കാർ ഉത്തരവും നിയമവും ഒക്കെ അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്ന കോളെജ് പ്രിൻസിപ്പലുമാർ ഉണ്ടാവുന്നത് നല്ല കാര്യം. എന്നാൽ, കോളെജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിയമം എന്തേ ഈ പ്രിൻസിപ്പൽ പാലിച്ചില്ല? കോളെജ് ഡേയിലെ മുഖ്യാതിഥിയായി എത്തിയ ആളോട് ഈ നിയമം മുൻകൂട്ടി അറിയിക്കേണ്ടേ? അതിനു പകരം പാടിക്കൊണ്ടിരിക്കുന്ന ഗായകന്‍റെ മൈക്ക് പിടിച്ചുവാങ്ങിയ ഈ പ്രിൻസിപ്പലിനെ ഓർത്ത് സാംസ്കാരിക കേരളം ലജ്ജിക്കണം.

ജാസി ഗിഫ്റ്റ് യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡിയും നേടി. 2004ൽ റിലീസായ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ “ലജ്ജാവതിയേ...’ എന്ന ഗാനം സംഗീതമിട്ട് പാടി യുവാക്കളുടെ ഹൃദയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. അന്നക്കിളി നീയെന്നിലെ, നിന്‍റെ മിഴിമുന കൊണ്ടെന്‍റെ, നിറമാനം പൂത്ത പോൽ, അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി, ഉന്നം മറന്ന് തെന്നിപ്പറന്ന... തുടങ്ങി മലയാളത്തിൽ എണ്ണം പറഞ്ഞ ഗാനങ്ങൾ പാടിയ ജാസി തമിഴ്, കന്നട ഭാഷകളിൽ ഇപ്പോഴും തിരക്കേറിയ ഗായകനാണ്. വിദ്യാഭ്യാസമില്ലാത്ത ഗായകനല്ല ഇദ്ദേഹം. ഒരുപക്ഷേ, ഈ പ്രിൻസിപ്പലിനേക്കാൾ യോഗ്യനാണ്. ഈ പ്രിൻസിപ്പലിന്‍റെ പേര് പത്തുപേരറിഞ്ഞത് ജാസി ഗിഫ്റ്റിനെ തടഞ്ഞതുകൊണ്ടു മാത്രമാണെന്ന് മറക്കരുത്.

ഇത്തരം പ്രിൻസിപ്പൽമാർക്കിടയിലാണ് ഭരതൻ മാഷിനെപ്പോലെയുള്ളവർ വിദ്യാർഥികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നത്. “ആന്‍റണി’ എന്ന സിനിമ സംവിധാനം ചെയ്തത് ജോഷിയാണ്. രചന രാജേഷ് വർമ. ടൈറ്റിൽ കഥാപാത്രമായ ആന്‍റണി ആന്ത്രപ്പേറായി ജോജു ജോർജ് വേഷമിട്ടു. ആന്‍റണിയുടെ ദത്തുപുത്രിയായ ആൻ മരിയയായി കല്യാണി പ്രിയദർശൻ. ആൻ മരിയ പഠിക്കുന്ന കോളെജിന്‍റെ പ്രിൻസിപ്പൽ ജോൺ ഫെർണാണ്ടസായി സിജോയ് വർഗീസ് ജീവിക്കുകയാണ്. ജാസി ഗിഫ്റ്റിന്‍റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങിയത് കേട്ടപ്പോൾ ഓർത്തത് പ്രിൻസിപ്പൽ ജോൺ ഫെർണാണ്ടസിനെയാണ്. അതിൽ അവസാനം ആന്‍റണി ആ പ്രിൻസിപ്പലിനെ എടുത്ത് “ഉടുക്കുന്നു’ണ്ട്! ആ രംഗം കണ്ട് യുവാക്കളായ കാണികൾ മുഴുവൻ എഴുന്നേറ്റു നിന്ന് കൈയടിക്കുകയായിരുന്നു. ആന്‍റണിയിലെ പ്രിൻസിപ്പലും ജാസി ഗിഫ്റ്റിനെ അപമാനിച്ച പ്രിൻസിപ്പലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

ജാസി ഗിഫ്റ്റിനെപ്പോലെയുള്ള ഒരു കലാകാരനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. അത് തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്. പുതിയ കാലത്തെയും തലമുറയെയും പ്രത്യാശയോടെ നോക്കിക്കാണാൻ ഇത് അവസരമൊരുക്കും.

ഭരതൻ മാഷ് പ്രിൻസിപ്പലായിരുന്ന അതേ കലാലയത്തിൽ പിന്നീടുവന്ന ഒരു പ്രിൻസിപ്പൽ ചുവരെഴുത്തിന്‍റെ പേരിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചതിനെതിരേ വലിയ പ്രതിഷേധമുയർന്നിരുന്നു. സ്വന്തം വിദ്യാർഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാൾക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല പ്രിൻസിപ്പലുദ്യോഗമെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ അന്ന് ഫെയ്സ്ബുക്കിലെഴുതി. ഒരിക്കൽ ഒരു വാദം ക്ലാസിൽ അവതരിപ്പിച്ച നരേന്ദ്രപ്രസാദ്‌ സാറിനോട്‌, വിദ്യാർഥിയായ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു, “ Sir, I beg to disagree with you’ തീഷ്ണമായി തന്നെ നോക്കിയിട്ട്‌, സാറ്‌ ചോദിച്ചു, “Why do you have to beg when it is your right to disagree with the teacher?’ അതാണ് അധ്യാപകൻ; അതാവണം അധ്യാപകൻ- ഉണ്ണിക്കൃഷ്ണൻ അന്ന് എഴുതിയത് ഇന്നും പ്രസക്തമാണ്.

കൊല്ലം എസ്എൻ കോളെജിലെ പ്രിൻസിപ്പലായിരുന്ന ഡോ. എം. ശ്രീനിവാസനെപ്പറ്റി അവിടെ അക്കാലത്ത് പഠിച്ചവരൊക്കെ ഹൃദയവായ്പോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കുട്ടികളെ പൊലീസ് മർദിക്കുന്നത് കണ്ട് പൊലീസിനെ ആട്ടിയോടിച്ചുകൊണ്ട് കലാലയ മുറ്റത്തേക്കിറങ്ങിയ അദ്ദേഹത്തിന് ലാത്തിയടി ഏറ്റിട്ടും പിന്മാറിയില്ല. പ്രിൻസിപ്പൽമാരാവുന്നവർക്ക് കുറഞ്ഞ പക്ഷം അവരുടെ ചുമതല എന്തെന്ന് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ജാസിയെ അപമാനിച്ചതിനെതിരേ ഗായകൻ മിഥുൻ ജയരാജ് “വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് ‘എന്നാണ് പറഞ്ഞത്. അത് കുറഞ്ഞപക്ഷം കോലഞ്ചേരി കോളെജ് പ്രിൻസിപ്പലെങ്കിലും തിരിച്ചറിയണം.

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടൻ ടൊവിനൊ തോമസ് ജാസി ഗിഫ്റ്റിന് അയച്ച സന്ദേശം: “ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്‍റെ കൗമാരകാലത്തെ ത്രില്ലടിപ്പിച്ച പാട്ടുകളാണ് നിങ്ങളുടേത്. കോളെജ് പരിപാടിയില്‍ നിങ്ങളോട് പെരുമാറിയ രീതിയില്‍ നിരാശയുണ്ട്. ഒരു കലാകാരനോടും ആ രീതിയില്‍ പെരുമാറരുത്. നിങ്ങള്‍ക്ക് എന്‍റെ ഐക്യദാര്‍ഢ്യം, പിന്തുണ’.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ: “മലയാളത്തിന്‍റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളെജ് പ്രിൻസിപ്പലിന്‍റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളെജിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതം. സാംസ്‌കാരിക കേരളത്തിന്‍റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട് ‘.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു: “കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാള ഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു. “കോളെജ് പ്രിൻസിപ്പലിന്‍റെ പെരുമാറ്റത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഖേദം പ്രകടിപ്പിക്കേണ്ടിവരുന്നു. “ആശാനക്ഷരമൊന്നു പിഴച്ചാൽ’ എന്ന പഴഞ്ചൊല്ല് ആ കോളെജ് പ്രിൻസിപ്പലിനെ ഓർമിപ്പിക്കാതിരിക്കാനാവില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com