കാച്ചിൽ കൃഷ്ണപിള്ള മനസു തുറക്കുന്നു

ചെറ്റത്തരമെന്നു പറഞ്ഞാൽ ചെറ്റപ്പുരകളിൽ കഴിയുന്ന അടിസ്ഥാനവര്‍ഗത്തിന്‍റെ ജീവിതശൈലിയെയാണ് ഉദ്ദേശിക്കുന്നതെന്ന് ചിലർ വാദിക്കുന്നുണ്ട്.
Kachil Krishna Pillai opens his mind

കാച്ചിൽ കൃഷ്ണപിള്ള മനസു തുറക്കുന്നു

metrovaartha

Updated on

ക്വാറന്‍റൈൻ

ചെറ്റകളുടെ ആനന്ദസമുദ്രത്തിൽ അടിയൻ നീന്തിത്തുടിക്കുമ്പാഴാണ് "ചെറ്റത്തരം' എന്ന പ്രയോഗം നമ്മുടെ മുഖ്യമന്ത്രി വഴി പല തവണ വൈറലാകുന്നത്. തിരുവനന്തപുരത്തു മാത്രമല്ല, കഴിഞ്ഞ ദിവസം തൃശൂരും അദ്ദേഹം ഈ പ്രയോഗം നടത്തുകയുണ്ടായി.

ഒരു ഫ്യൂഡൽ ചെറ്റ എന്ന നിലയിൽ ഒരു മാതിരി ചെറ്റത്തരങ്ങളെല്ലാം ഗോപ്യമായും ഭംഗിയായും ചെയ്ത് ഈ ചെറ്റമാടത്തിൽ സംതൃപ്തനായി അടിയൻ കഴിഞ്ഞുകൂടുകയായിരുന്നു. കപടലോകത്തിൽ ഈയുള്ളവന്‍റെ ചെറ്റത്തരം മറ്റുള്ളവർ തിരിച്ചറിയുമാ എന്നു മാത്രമായിരുന്നു അടിയന്‍റെ പേടി. പക്ഷെ, കൊടിയ ചെറ്റകളായ ഞങ്ങളുടെ ഗൂഢലോകത്തേക്കു മുഖ്യമന്ത്രി തന്നെ നേരിട്ട് ചൂട്ടുമിന്നിച്ചതിനാൽ വല്ലാത്തൊരു ഉൾഭയവും ഉളുപ്പും ഞങ്ങളെയിപ്പോൾ ബാധിച്ചിക്കുന്നു എന്നു പറയാതെ വയ്യ.

നമ്മുടെ ഈ.വി. കൃഷ്ണപിള്ള ഒരുകാലത്ത് ചെറ്റകളായ അൽപ്പന്മാരെക്കുറിച്ച് എഴുതിയ ഒരു കഥയിലെ പ്രധാന കഥാപാത്രമായ "കാച്ചിൽ കൃഷ്ണപിള്ള' അടിയന്‍റെ റോൾ മോഡലാണെന്നു കൂടി സവിനയം പറയട്ടെ. ഒരുകാലത്ത് കാച്ചിൽ കഴിച്ച് ജീവിതം നിലനിർത്തിയ ശേഷം തമിഴ്നാട്ടിലെങ്ങോ പോയി നാലുകാശ് സമ്പാദിച്ച് വീട്ടിൽ വന്നപ്പോൾ കാച്ചിൽവള്ളികൾ കാണുകയും അതെന്തുതരം വള്ളിയാണെന്ന് സ്വന്തം അമ്മയോട് ചോദിക്കുകയും ചെയ്ത മഹാനായ ചെറ്റയായിരുന്നല്ലോ അദ്ദേഹം.

അങ്ങനെ, പഴയ കാച്ചിൽ കൃഷ്ണപിളളയപ്പോലെ ചെറ്റകളുടെ ആനന്ദസമുദ്രത്തിൽ അടിയൻ നാനാവിധ ചെറ്റത്തരങ്ങൾ ചെയ്ത് നീന്തിത്തുടിക്കുമ്പാഴാണ് "ചെറ്റത്തരം' എന്ന പ്രയോഗം നമ്മുടെ മുഖ്യമന്ത്രി വഴി പല തവണ വൈറലാകുന്നത്. തിരുവനന്തപുരത്തു മാത്രമല്ല, കഴിഞ്ഞ ദിവസം തൃശൂരും അദ്ദേഹം ഈ പ്രയോഗം നടത്തുകയുണ്ടായി. പത്രങ്ങളും മറ്റും വീണ്ടും ഇതേറ്റുപിടിച്ചു.

അങ്ങനെയിരിക്കൊണ് അയലത്തെ ഒരു കുട്ടി അടിയനോട് ഇപ്രകാരമാരു സംശയം ചോദിച്ചത്: "സർ! ഈ ചെറ്റത്തരം എന്നുപറഞ്ഞാലെന്താണ്? മുഖ്യമന്ത്രി ഇന്നലെയും ഇങ്ങനെ പറഞ്ഞല്ലോ!'.

പത്രവാർത്തകളും വാർത്താചാനലുകളും കാണാറുള്ള ഒരു കുട്ടിയുടെ ചോദ്യം ഒരു മാന്യനായി വേഷം മാറിയ അടിയൻ എങ്ങനെ അവഗണിക്കും?

ചെറ്റപ്പുരകളില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ടാണല്ലോ ആ ബാലൻ ഈ ചോദ്യം ഉന്നയിക്കുന്നത്. ഇതിന് എന്തുത്തരം പറയാനാണ്?

പഴയ ചെറ്റപ്പുരകളിലെ ജീവിതരീതിയെക്കുറിച്ചാണ് മുതൽ അമച്യർ പരാമർശിച്ചതെന്നു മാത്രം മന്ത്രിച്ചുകൊണ്ട് അടിയൻ ഒഴിഞ്ഞുമാറിയെന്നു പറഞ്ഞാൽ മതിയല്ലോ.

എല്ലാവിധ ചെറ്റത്തരങ്ങളിലും അഗ്രഗണ്യനായ അടിയൻ അപ്പോഴാണ് നാട്ടിലെ ചെറ്റത്തരങ്ങളുടെ ആഴങ്ങളെക്കുറിച്ച് ഗാഢമായി ചിന്തിച്ചുതുടങ്ങിയത്.

കഥകളിയും സ്വർണക്കട മുതലാളിയും

അടുത്തിടെ ഒരു ക്ഷേത്രത്തിൽ നടന്ന കഥകളിയെക്കുറിച്ചാണ് അടിയന് ആദ്യം ഓർമ വന്നത്. അവിടെ സ്റ്റേജിൽ ദുര്യോധനവധം കഥ പൊടിപൊടിക്കുകയാണ്. കൃഷ്ണനും ദുര്യോധനനും തമ്മിലുള്ള സംവാദമാണ് അരങ്ങത്ത്. പക്ഷേ ആ വലിയ സ്റ്റേജിന്‍റെ പിന്നിലെ കർട്ടനിൽ തെളിഞ്ഞു കാണുന്നത് പരിപാടി സ്പോൻസർ ചെയ്യുന്ന സ്വർണക്കട മുതലാളിയുടെ അപ്പനമ്മമാരുടെ മുഖവും പേരുകളുമാണ്. ആ ചിത്രങ്ങളും പേരുകളും വൈദ്യുതദീപങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നതിനാൽ മറ്റൊന്നും വേദിയിൽ തെളിഞ്ഞു കാണുന്നുമില്ല! ദുര്യോധനനും സാക്ഷാൽ കൃഷ്ണനും സദസ്സും ബ്ലീച്ചടിച്ചുപോയെന്ന് പറഞ്ഞാൽ മതിയല്ലോ.

ഈ സ്വർണക്കട മുതലാളി കലയ്ക്കും കഥകളിക്കും വേണ്ടി ചെയ്തുകൊടുത്ത ഈ ഉപകാരമാണ് യഥാർഥ കൾച്ചറൽ ചെറ്റത്തരത്തിന് ഉദാഹരണം. നാടെങ്ങും അരങ്ങേറുന്ന ഇതുപോലുള്ള വിവിധ മേഖലകളിലെ ചെറ്റത്തരങ്ങൾ. കണ്ണുതുറന്നു ചുറ്റും നോക്കിയാൽ ഏതു ചെറ്റയ്ക്കും മനസിലാകം.

നല്ല വില കൊടുത്ത് ഷർട്ട് വാങ്ങിയിട്ട് അതിന്‍റെ പ്രൈസ്ടാഗ് കളയാതെ പ്രദർശിപ്പിക്കുക, പുതിയ കാർ വാങ്ങിയിട്ട് "ഫോർ രജിസ്ട്രേഷൻ" എന്ന ബോർഡ് അതിൽ നിന്ന് മാറ്റാതെ സൂക്ഷിക്കുക, പുതിയ വീടു നിർമിച്ചിട്ട് അതിലും വലിയ മതിലുകൾ കെട്ടുക, സ്വന്തം വിദ്യാഭ്യാസയോഗ്യതകൾ പേരിനൊപ്പം എഴുതി മതിലിൽ സ്ഥാപിക്കുക, വലിയ ഉത്സവങ്ങളും മറ്റും സ്പോൺസർ ചെയ്ത ശേഷം സ്റ്റേജിലും ആനയുടെ പുറത്തുമാക്കെ സ്വന്തം പേരും നാളും പ്രദർശിപ്പിക്കുക, പിതാമഹന്മാരുടെ ചരമവാർഷികത്തിന് അവരുടെ ഫോട്ടോകൾ പരസ്യമായി പത്രങ്ങളിൽ നൽകിയശേഷം തങ്ങളുടെ അപദാനങ്ങൾ അതിനടിയിൽ എഴുതിവയ്ക്കുക, പുസ്തകം രചിച്ചു കഴിഞ്ഞ് കൈയ്യിൽ നിന്ന് കാശു ചെലവാക്കി അവാർഡു വാങ്ങിക്കുക, മതേതരത്വം പ്രസംഗത്തിനിടയിൽ മതം പറഞ്ഞ് വോട്ടുപിടിക്കുക, സീറ്റും സ്ഥാനമാനങ്ങളും കിട്ടുകയില്ലെന്ന് അറിയുമ്പോൾ മറ്റൊരു പാർട്ടിയിലേക്ക് കാലുമാറുക - തുടങ്ങിയവ സംഗതികൾ ചെറ്റത്തരം ശാസ്ത്രീയമായി അനുഷ്ഠിക്കുന്നതിന്‍റെ ഉദാഹരണങ്ങളാകുന്നു.

ഹൃദയത്തിൽ ഒരിടം

നാട്ടിൽ നിലയും വിലയും കിട്ടണെങ്കിൽ ഒരു കഴഞ്ച് ചെറ്റത്തരമെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കണമെന്നാണ് ഒരു മലയാളി എന്ന നിലയിൽ അടിയന് പറയാനുള്ളത്. ചെറ്റത്തരങ്ങൾ ലോകമര്യാദകളായി മാറിയിരിക്കുന്ന സ്ഥിതിക്ക് നമുക്ക് എല്ലാവർക്കും ആവശ്യമായ ഒരു ഗുണമാണതെന്നതിൽ സംശയമില്ല.

ഈ ചെറ്റത്തരമെന്നു പറഞ്ഞാൽ ചെറ്റപ്പുരകളിൽ കഴിയുന്ന അടിസ്ഥാനവര്‍ഗത്തിന്‍റെ ജീവിതശൈലിയെയാണ് ഉദ്ദേശിക്കുന്നതെന്ന് ചിലർ വാദിക്കുന്നുണ്ട്. അതാണത്രെ സോഷ്യലിസ്റ്റ് ജീവിതരീതി. അപ്പോൾ ചെറ്റപ്പുര ഒരു സോഷ്യലിസ്റ്റ് പ്രതീകമാണെന്നും ഒരാൾ ചെറ്റത്തരം കാട്ടിയെന്നു പറഞ്ഞാൽ അയാൾ സോഷ്യലിസ്റ്റ് ചെറ്റയാണെന്നും അർഥം വരുന്നു.

പണ്ട് ചെറ്റപ്പുരകളിൽ ജീവിച്ച് ഇപ്പോൾ ഉന്നതസ്ഥാനങ്ങളിൽ എത്തിയവർക്കാണ് ചെറ്റത്തരത്തെക്കുറിച്ച് കൂടുതൽ ബോധവും ബോദ്ധ്യവുമുള്ളതെന്നും ഒരു മനഃശാസ്ത്ര വിശകലനവും കേട്ടിട്ടുണ്ട്.

ചെറ്റത്തരവും നവോത്ഥാനവും

"ചെറ്റ' എന്ന പദത്തിന് തീക്കൊള്ളി, നീചൻ, വയ്ക്കോൽ എന്നൊക്കെ അർഥ പറയാമെങ്കിലും ഒരു വാക്കിന്‍റെ പ്രയോഗത്തിന്‍റെ ചാരുത സന്ദർഭവുമായി ബന്ധപ്പെട്ടാണല്ലോ കുടികൊളുന്നത്. ചാരുതയാർന്ന പ്രയോഗമാണ് ചെറ്റ എന്നത്. "ചെറ്റ' എന്ന വാക്കിനും ചെറ്റക്കുടിലിനും ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ചങ്ങമ്പുഴയുടെ "വാഴക്കുല'യിലെ സംഭവങ്ങൾ നടന്നത് ഒരു ചെറ്റക്കുടിലിന്‍റ മുറ്റത്തുവച്ചായിരുന്നു. നമ്മുടെ പല നവോത്ഥാന നായകന്മാരും മഹാത്മാക്കളും ജനിച്ചത് ചെറ്റക്കുടിലിലാണ്.

നമ്മുടെ വിപ്ലവ നേതാക്കൾ ഒളിവിൽ കിടന്നത് ചെറ്റക്കുടിലുകളിലായിരുന്നല്ലോ. സ്റ്റഡിക്ലാസുകൾക്കും മറ്റ് പാഠ്യേതര കലാപ്രവർത്തനങ്ങൾക്കും നമ്മുടെ നാട്ടിലെ പല ചെറ്റക്കുടിലുകളും വേദിയായിരുന്നിട്ടുണ്ട് എന്ന കാര്യവും മറക്കാനാവില്ല. അങ്ങനെ നോക്കുമ്പോൾ നവോത്ഥാനം പിറന്നുവീണതുതന്നെ ചെറ്റക്കുടിലുകളിലായിരുന്നെന്നു പറയാം. ശരിക്ക് പദങ്ങൾ വിഗ്രഹിച്ച് വ്യാകരണദൃഷ്ടിയിലൂടെ നോക്കിയാൽ ചെറ്റത്തരത്തെ "നവോത്ഥാന'മെന്നും വിളിക്കാമെന്ന് തോന്നുന്നു.

ചെറ്റ, പരനാറി, നികൃഷ്ടജീവി, ശുംഭൻ തുടങ്ങിയ പ്രയോഗങ്ങളെല്ലാം ഒരു നാട്ടുവഴക്കമായിട്ടാണ് നമ്മൾ കരുതിപ്പോരുന്നതെന്നതും മറക്കരുത്. ചെറ്റപ്പുരയിൽ ജീവിക്കുന്നതു കൊണ്ടാണല്ലാ നമ്മൾ നാറ്റമുള്ള നികൃഷ്ടജീവികളും ശുംഭന്മാരുമായി മറുന്നത്. മഹാകവി വള്ളത്തോളിന്‍റെ ഉണ്മാനില്ല ഉടുപ്പാനില്ല' എന്ന കവിതയിൽ ഇത്തരമൊരു കുടിലിനെക്കുറിച്ച് വർണിച്ചിട്ടുണ്ട്.

ചെറ്റകളുടെ ഏകലോകം

.

ഈ ലോകത്ത് ചെറ്റകളല്ലാത്ത ഒരു ന്യൂനപക്ഷവും നിലനിൽക്കുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത മതേതരമായ ഒരു സമ്പൂർണ ചെറ്റലോകമാണ് നമ്മുടെ ലക്ഷ്യമെന്ന് പറയേണ്ടതില്ലല്ലോ. ഒരു ഫ്യൂഡൽ ചെറ്റ എന്ന നിലയിൽ ഈ ലക്ഷ്യത്തിനായി അടിയനും അനവരതം പ്രവർത്തിക്കുമെന്ന് ഇതിനാൽ ശപഥം ചെയ്തുകൊള്ളുന്നു.

ആമേൻ!

ആമേൻ!

ആമേൻ!

കെ. ആർ. പ്രമോദ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com