
കടൽ വഴി മാറുന്ന ടൈഡൽ ഡ്രോ എന്ന പ്രതിഭാസം
getty images
ദക്ഷിണ കൊറിയയിലെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ജിൻഡോ ദ്വീപിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ഹോയ്-ഡോ ഗ്രാമത്തിനു സമീപമുള്ള മോ-ഡോ എന്ന ചെറിയ ദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രദേശത്ത് കടൽ വഴി മാറുന്ന ഒരു പ്രതിഭാസമുണ്ട് ! ഇങ്ങനെ കടൽ വഴി മാറുന്നതിന് ബൈബിളിലെ ചെങ്കടൽ പിളർത്തിയ മോശയുടെ അത്ഭുതത്തോട് സാമ്യമുള്ളതിനാൽ ജനങ്ങൾ സ്നേഹാദരങ്ങളോടെ "മോശയുടെ അത്ഭുതം'(Moses' Miracle) എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഇതിനു പിന്നിലൊരു ശാസ്ത്രീയ കാരണമുണ്ടു കേട്ടോ. ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ രേഖയിൽ വരുന്ന പൗർണമിയോട് അനുബന്ധിച്ചുള്ള വേലിയേറ്റ സമയത്താണ് (Spring Tide) ഏറ്റവും ശക്തമായ വേലിയേറ്റം ഇവിടെ സംഭവിക്കുന്നത്.
ഈ സമയത്ത് ജിൻഡോ ദ്വീപിനും മോ-ഡോ ദ്വീപിനും ഇടയിലുള്ള കടലിന്‍റെ ആഴം കുറഞ്ഞ ഭാഗത്തെ ജലം വളരെ താഴ്ന്ന നിലയിലേയ്ക്ക് പിൻവാങ്ങുന്നു. ഏകദേശം 2.9 കിലോമീറ്റർ നീളത്തിലും 10 മുതൽ 40 മീറ്റർ വരെ വീതിയിലുമുള്ള ഒരു മൺ പാത(tidal pathway) അതോടെ ഇവിടെ തെളിയുന്നു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. ഒരു മണിക്കൂർ നേരത്തേയ്ക്കാണ് കടൽ ഇങ്ങനെ പിളരുന്നത്." ടൈഡൽ ഡ്രോ' എന്നറിയപ്പെടുന്ന ഈ വേലിയേറ്റത്തിൽ മണൽ നിറഞ്ഞ കടൽത്തീരവും സമുദ്രത്തിന്‍റെ അടിത്തട്ടും വ്യക്തമാകുന്നു. ഈ അത്ഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കാൻ നിരവധി സന്ദർശകരാണ് അവിടെ ഒത്തു കൂടാറുള്ളത്. മാർച്ച്-മേയ് മാസങ്ങളിലും സെപ്റ്റംബർ-നവംബർ മാസങ്ങളിലുമാണ് ഇത് പ്രധാനമായും നടക്കുന്നത്.