jk and hariyana niyamasabha election special story
സഖ്യത്തിനു മുന്‍കൈയെടുത്ത് കോൺഗ്രസ് | ഫിഷ് ഐ

സഖ്യത്തിനു മുന്‍കൈയെടുത്ത് കോൺഗ്രസ് | ഫിഷ് ഐ

തെരഞ്ഞെടുപ്പിനു ശേഷം പിഡിപിയില്ലാതെ ഒരു ഭരണം ആർക്കും സാധ്യമാവില്ലെന്ന് മെഹബൂബ മുഫ്തിയും അവകാശപ്പെടുന്നു.

ജമ്മു കശ്മീരിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ ചൂടേറുകയാണ്. ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം എന്നതിൽ കോൺഗ്രസ് താത്പര്യം കാണിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധി സഖ്യനീക്കങ്ങൾക്ക് സംസ്ഥാന നേതാക്കളെ പ്രേരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യം തുടരാനുള്ള രാഹുൽ ഗാന്ധിയുടെ പരിശ്രമങ്ങൾ ജമ്മു കശ്മീരിൽ വിജയം കണ്ടു. കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിലുള്ള സഖ്യമാണ് അവിടെ ബിജെപിയെ നേരിടുന്നത്. പിഡിപി സഖ്യത്തിനു പുറത്താണ്. 2015ൽ ബിജെപിയുമായി ചേർന്നാണ് പിഡിപി ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കിയത്. ഇക്കുറിയും അവർ ബിജെപിയോടു ചേരുമെന്ന പ്രചാരണം മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തള്ളിക്കളയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി- പിഡിപി സഖ്യം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കുന്നു.

പിഡിപിക്കു പഴയ കരുത്തില്ലാത്തതിനാൽ അവരെ നിഷ്പ്രഭമാക്കാമെന്ന പ്രതീക്ഷയാണ് ഫറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിനുള്ളത്. അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം പിഡിപിയില്ലാതെ ഒരു ഭരണം ആർക്കും സാധ്യമാവില്ലെന്ന് മെഹബൂബ മുഫ്തിയും അവകാശപ്പെടുന്നു. പിഡിപിയുടെ കരുത്ത് എന്തുമാത്രമുണ്ടെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉധംപുരും ജമ്മുവും ബിജെപി നിലനിർത്തിയപ്പോൾ ശ്രീനഗറും അനന്തനാഗ്-രജൗരിയും ഇന്ത്യ സഖ്യത്തിൽ നിന്നുകൊണ്ട് നാഷണൽ കോൺഫറൻസ് നേടുകയായിരുന്നു. ബരാമുള്ളയിൽ ഒമർ അബ്ദുള്ള സ്വതന്ത്ര സ്ഥാനാർഥിയോടു തോറ്റു. അനന്തനാഗ്-രജൗരിയിൽ മെഹബൂബ മുഫ്തിയെ നാഷണൽ കോൺഫറൻസ് പരാജയപ്പെടുത്തി. ബിജെപിക്ക് 24.36 ശതമാനം വോട്ടും നാഷണൽ കോൺഫറൻസിന് 22.3 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസിന് 19.38 ശതമാനവും പിഡിപിക്ക് 8.48 ശതമാനവും വോട്ടു കിട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില അനുസരിച്ച് 34 അസംബ്ലി മണ്ഡലങ്ങളിൽ നാഷണൽ കോൺഫറൻസിനാണ് ഒന്നാംസ്ഥാനം. ബിജെപിക്ക് 29 മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ട്. കോൺഗ്രസിന് ഏഴിടത്തും പിഡിപിക്ക് അഞ്ചിടത്തുമാണ് ലീഡുള്ളത്. സജാദ് ലോണിന്‍റെ പീപ്പിൾസ് കോൺഫറൻസിന് ഒരിടത്ത് ലീഡുണ്ട്. ഈ കണക്കുകളിലാണ് നാഷണൽ കോൺഫറൻസ് പ്രതീക്ഷ വയ്ക്കുന്നത്. നാഷണൽ കോൺഫറൻസും കോൺഗ്രസും ഇന്ത്യ മുന്നണിയായി ഒന്നിച്ചുനിന്നാൽ എളുപ്പം ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് അവർ തമ്മിലുള്ള സഖ്യം സാധ്യമായത്. അപ്പോഴും ചില സീറ്റുകളിൽ തർക്കങ്ങൾ പരിഹരിക്കാൻ അവർക്കായില്ല. ആകെയുള്ള 90ൽ 51 സീറ്റുകളിലാണ് നാഷണൽ കോൺഫറൻസ് മത്സരിക്കുന്നത്. 32 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയാവും മത്സരിക്കുക. സിപിഎമ്മിനും പാന്തേഴ്സ് പാർട്ടിക്കും ഓരോ സീറ്റ് നൽകുകയാണ്. ബാക്കി വരുന്ന അഞ്ചു സീറ്റിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജമ്മു കശ്മീരിന്‍റെ ആത്മാവ് സംരക്ഷിക്കാനാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടമെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

ബിജെപിക്കെതിരേ വിശദമായ കുറ്റപത്രമാണ് കോൺഗ്രസ് ജനങ്ങൾക്കു മുന്നിൽ നിരത്തുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തി എന്നതാണ് ആദ്യത്തേത്. ഡൽഹിയിൽ നിന്നു നിയമിച്ച ലെഫ്. ഗവർണർ എല്ലാ അധികാരവും കൈയാളുകയാണ്. വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുന്നില്ല. ജമ്മു കശ്മീരിലെ ജനങ്ങളെ രണ്ടാംകിട പൗരൻമാരായി കാണുന്നു. ഇതൊക്കെയാണ് കോൺഗ്രസ് നിരത്തുന്ന ആരോപണങ്ങൾ. സംസ്ഥാന പദവി എടുത്തുകളഞ്ഞ ബിജെപിയെ ജനങ്ങൾ തോൽപ്പിക്കുമെന്ന വാദം തന്നെയാണ് നാഷണൽ കോൺഫറൻസും ഉയർത്തുന്നത്. ലഫ്. ഗവർണറുടെ ഓഫിസിൽ നിന്നു തുടങ്ങി സർവ മേഖലയിലും അഴിമതി കൊടികുത്തിവാഴുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. വിലക്കയറ്റവും നികുതി ഭാരവും കുടിവെള്ളക്ഷാമവും ദാരിദ്ര്യവും എല്ലാം അവർക്കു വിഷയങ്ങളാണ്. പഴയ രാജഭരണത്തെ ഓർമിപ്പിക്കുന്നതാണ് ജമ്മു കശ്മീരിലെ ഇപ്പോഴത്തെ ഭരണമെന്ന് ആവർത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട് രാഹുൽ ഗാന്ധി. ലെഫ്. ഗവർണറെ ചൂണ്ടിയാണിത്.

സ്വാർഥ താത്പര്യങ്ങൾക്കായി തെറ്റായ വാദങ്ങൾ ഉയർത്തുകയാണു പ്രതിപക്ഷമെന്നാണു ബിജെപിയുടെ മറുപടി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കോൺഗ്രസ് നിലപാടുകളെന്നും അവർ ആരോപിക്കുന്നു. ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചതിന് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയോടു നന്ദി പറയണമെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുകയാണ്. ജമ്മു കശ്മീരിന്‍റെ പുരോഗതിക്കു ബിജെപി തന്നെ വരണമെന്നാണ് ജനങ്ങളോടുള്ള അവരുടെ അഭ്യർഥന. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള വടംവലികൾ ബിജെപിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രമായ ജമ്മു മേഖലയിലാണ് ഈ പ്രശ്നം കൂടുതലുള്ളത്. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മുതിർന്ന ബിജെപി നേതാവ് ചന്ദർ മോഹൻ ശർമ ജമ്മു ഈസ്റ്റ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിലെ പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ശർമ. ജനസംഘത്തിന്‍റെ കാലം മുതലേ സജീവ പ്രവർത്തകൻ. 1987 മുതൽ പല തവണ ബിജെപി വിജയിച്ച മണ്ഡലമാണ് ജമ്മു ഈസ്റ്റ്. ഇതിനിടയിൽ 2002ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് കോൺഗ്രസ് ഇവിടെ ജയിച്ചിട്ടുള്ളത്.

പ്രചാരണ പ്രവർത്തനങ്ങൾക്കും പാർട്ടി പ്രകടന പത്രിക പുറത്തിറക്കാനുമായി ഇന്നു ജമ്മുവിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കവും പരിഹരിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ നേതാക്കളുമായി പ്രത്യേകം ചർച്ച നടത്തി പരിഹാര നടപടികൾ സ്വീകരിക്കാൻ അമിത് ഷാ ശ്രമിക്കുമെന്നാണു സൂചനകളുള്ളത്. കശ്മീർ മേഖലയിൽ ആദ്യ ഘട്ടം പോളിങ് നടക്കുന്ന 16 മണ്ഡലങ്ങളിൽ എട്ടിടത്തു മാത്രമേ ബിജെപി സ്ഥാനാർഥികളെ നിർത്തുന്നുള്ളൂ. ഇതേച്ചൊല്ലിയും തർക്കങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കശ്മീർ മേഖലയിലെ മൂന്നു സീറ്റിലും ബിജെപിക്കു സ്ഥാനാർഥികളുണ്ടായിരുന്നില്ല. ജമ്മു മേഖലയിലെ എട്ടു സീറ്റുകൾ അടക്കം മൊത്തം 24 മണ്ഡലങ്ങളിലാണ് ഈ മാസം പതിനെട്ടിന് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുക. 25ന് രണ്ടാം ഘട്ടവും ഒക്റ്റോബർ ഒന്നിന് മൂന്നാം ഘട്ടവും പോളിങ് നടക്കും. കശ്മീർ മേഖലയിൽ നാൽപ്പത്തേഴും ജമ്മു മേഖലയിൽ നാൽപ്പത്തിമൂന്നും മണ്ഡലങ്ങളാണ് ഈ കേന്ദ്രഭരണ പ്രദേശത്ത് ആകെയുള്ളത്. 2014ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റ് നേടിയ ബിജെപി ഇക്കുറി ഇന്ത്യ മുന്നണിക്കെതിരേ കടുത്ത പോരാട്ടത്തിൽ തന്നെയാണ്.

ഒക്റ്റോബർ അഞ്ചിനു വോട്ടെടുപ്പു നടക്കുന്ന ഹരിയാനയിൽ നാമനിർദേശ പത്രിക സമർപ്പണം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 12 വരെ പത്രിക സമർപ്പിക്കാം. ഈ സമയത്തിനകം സീറ്റ് വിഭജനം പൂർത്തിയാക്കുകയാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടികളുടെ ലക്ഷ്യം. 90 അംഗങ്ങളാണ് ഹരിയാന നിയമസഭയിലുമുള്ളത്. ഇതിൽ 67 മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ വോട്ടുകൾ വിഭജിക്കുന്നത് അധികാരം നിലനിർത്താൻ ബിജെപിയെ സഹായിച്ചേക്കുമെന്നു കരുതിയാണ് കോൺഗ്രസ് എഎപിയുമായി സഖ്യത്തിനു ശ്രമം തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന നിലപാടിലായിരുന്നു നേരത്തേ രണ്ടു പാർട്ടികളും. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഹരിയാനയിലെ കോൺഗ്രസ്. ഇന്ത്യ മുന്നണിയായി മത്സരിക്കുന്നതിന് സമാജ് വാദി പാർട്ടിയും സിപിഎമ്മും സീറ്റ് ചോദിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നുണ്ട്. സംസ്ഥാനത്തു സാന്നിധ്യം അറിയിക്കാൻ നാമമാത്രമായ സീറ്റാണ് ഇവർ ചോദിക്കുന്നത്. ഇക്കാര്യത്തിലും തീരുമാനം വരുംദിവസങ്ങളിലുണ്ടാകും.

സഖ്യചർച്ചകൾ വിജയിച്ചില്ലെങ്കിൽ 90 സീറ്റിലും മത്സരിക്കാൻ എഎപി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് അവരുടെ സംസ്ഥാന നേതാക്കൾ അവകാശപ്പെടുന്നത്. കോൺഗ്രസ് എത്രമാത്രം വിട്ടുവീഴ്ച കാണിക്കുമെന്നതാണു സഖ്യത്തിൽ നിർണായകമാവുക. പത്തു സീറ്റാണ് എഎപി ആവശ്യപ്പെടുന്നതെന്നു ചില റിപ്പോർട്ടുകളിൽ കാണുന്നുണ്ട്. പരമാവധി ഏഴു സീറ്റു വരെ നൽകാൻ കോൺഗ്രസ് തയാറാവുമെന്നും അഭ്യൂഹങ്ങളുണ്ട്. സമാജ് വാദി പാർട്ടിക്കും സിപിഎമ്മിനും ഓരോ സീറ്റാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ മുന്നണി പരീക്ഷണം നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടരാനുള്ള രാഹുൽ ഗാന്ധിയുടെ താത്പര്യമാണ് സീറ്റ് ചർച്ചകൾക്കു വഴി തുറന്നത്. മൂന്നോ നാലോ സീറ്റിൽ കൂടുതൽ എഎപിക്കു നൽകാനാവില്ലെന്ന് നേരത്തേ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ നിലപാടെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.