
ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
MV Graphics
ഗ്രഹനില | ജ്യോത്സ്യൻ
ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യ, ചൈന, റഷ്യ എന്നീ മൂന്നു വൻ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്‍റെ പുതിയ പാതയാണ് ഷാങ്ഹായ് ഉച്ചകോടി സമ്മാനിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവരുടെ സൗഹൃദ ബന്ധം അമെരിക്കയുടെ തീരുവ യുദ്ധത്തെ പ്രതിരോധിക്കുന്നതോടൊപ്പം പുതിയ രാഷ്‌ട്രീയ സഖ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
1961ലാണ് യുഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ 121 വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ചേരിചേരാ പ്രസ്ഥാനം (NAM) ഔദ്യോഗികമായി സ്ഥാപിതമായത്. അന്ന് രാഷ്‌ട്രീയ- സാമ്പത്തിക ശക്തികളായിരുന്ന അമെരിക്കയ്ക്കും സോവിയറ്റ് യൂണിയനും ബദലായാണ് ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, യുഗോസ്ലാവിയൻ പ്രസിഡന്‍റ് മാർഷൽ ടിറ്റോ , ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഗമാൽ അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ ചേരിചേരാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അത് ലോകത്തിലെ മറ്റൊരു വലിയ ചേരിയായി മാറുകയായിരുന്നു.
ചേരിചേരാ പ്രസ്ഥാനത്തിലെ എല്ലാ രാജ്യങ്ങൾക്കും പല കാരണങ്ങളാൽ അമെരിക്കയോടോ സോവിയറ്റ് യൂണിയനോടോ ബന്ധമുണ്ടാക്കാൻ കഴിയുമായിരുന്നില്ല. അമേരിക്കയുടെയും സോവിയറ്റ് റഷ്യയുടെയും ചേരികളിൽ ചേരാതെ മൂന്നാം ലോക രാജ്യങ്ങൾ ചേരിചേരാ പ്രസ്ഥാനത്തിലൂടെ വളർന്നുവന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏഷ്യയിലേയും ആഫ്രിക്കയിലേയും വികസ്വര രാജ്യങ്ങളിൽ സമാധാനവും സമൃദ്ധിയും സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പിക്കുന്നതിനായിരുന്നു ആ കൂട്ടായ്മ.
ഓരോ മൂന്നുവർഷം കൂടുമ്പോഴും ചേരിചേരാ പ്രസ്ഥാനത്തിലെ അംഗങ്ങൾ ഒത്തുചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണം എന്നായിരുന്നു തീരുമാനം. എല്ലാ അംഗ രാജ്യങ്ങൾക്കും തുല്യ അധികാരവും ഉത്തരവാദിത്വവുമുണ്ട്. 1955ൽ നടന്ന പ്രധാനപ്പെട്ട ബന്ദൂങ് സമ്മേളനം 'ലോകസമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം' അംഗീകരിച്ചു. ഇപ്പോൾ 120 അംഗ രാജ്യങ്ങൾ ഈ പ്രസ്ഥാനത്തിലുണ്ട്.
എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം ചേരിചേരാ പ്രസ്ഥാനത്തിന്‍റെ പ്രവർത്തനങ്ങളിൽ ഇന്ത്യ വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല. ഇന്ത്യൻ വിദേശനയത്തിൽ വന്ന വലിയൊരു നയം മാറ്റമായിരുന്നു ഇത്. അങ്ങിനെയുള്ളൊരു പശ്ചാത്തലത്തിലാണ് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ താരിഫ് പ്രഹരം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഭയപ്പാടിലേക്ക് എത്തിച്ചത്. ഈ സന്ദർഭത്തിൽ റഷ്യയെയും ചൈനയെയും ഇന്ത്യയോടൊപ്പം കൈകോർക്കാൻ ഷാങ്ഹായ് ഉച്ചകോടി സഹായിച്ചു.
1962ലെ ചൈനീസ് കൈയേറ്റത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അകൽച്ച അവസാനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കാനും ഷാങ്ഹായ് സമ്മേളനത്തിന് കഴിഞ്ഞു. പാക്കിസ്ഥാനെ വിവിധ രംഗങ്ങളിൽ സഹായിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ ചൈനയുടെ സമീപനം ഇന്ത്യ- പാക് ബന്ധങ്ങളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുദ്ധം ചെയ്ത് ആർക്കും ആരേയും തോൽപ്പിക്കാൻ കഴിയില്ലെന്ന് റഷ്യ- ഉക്രെയ്ൻ യുദ്ധവും ഇസ്രയേൽ- പലസ്തീൻ സംഘട്ടനങ്ങളും തെളിയിക്കുന്നു. യുദ്ധക്കെടുതി മൂലം പട്ടിണി കിടക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ മുഖമാണ് ഗാസയിൽ നാം ദിവസവും കാണുന്നത്.
സാമ്പത്തിക വളർച്ചയും പരസ്പര സഹകരണവുമാണ് ഇപ്പോൾ ലോകം ഉറ്റു നോക്കുന്നത്. അനാരോഗ്യം, കിടപ്പാടമില്ലായ്മ, വിശപ്പ് എന്നിവയ്ക്കെതിരായാണ് നാം പുതിയ യുദ്ധമുഖം തുറക്കേണ്ടത്.
ആയുധമല്ല, പരസ്പര ആലിംഗനമാണ് വേണ്ടതെന്നും, ഭീകരതയ്ക്കെതിരായി എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നുമുള്ള നമ്മുടെ കാഴ്ചപ്പാട് ലോകരാജ്യങ്ങളുടെ ഇടയിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെപ്പോലെ തന്നെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ജനനേതാവായി നരേന്ദ്ര മോദി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ജോത്സ്യന് മനസിലാകുന്നത്.