സഹനത്തിന്‍റെ തീച്ചൂളയിൽ ശുദ്ധി ചെയ്ത ബാല്യ കൗമാരങ്ങൾ: ഇതു ജോൺ കുര്യാക്കോസിന്‍റെ അശ്വമേധം - Part 1

ഒന്നു കളിയാക്കിയാൽ ആത്മഹത്യ ചെയ്യാൻ വെമ്പി നിൽക്കുന്ന ബാല്യ കൗമാരങ്ങൾ വായിക്കേണ്ട ജീവിതമാണ് ഈ ഫീച്ചർ പരമ്പര.
സഹനത്തിന്‍റെ തീച്ചൂളയിൽ ശുദ്ധി ചെയ്ത ബാല്യ കൗമാരങ്ങൾ: 
ഇതു ജോൺ കുര്യാക്കോസിന്‍റെ അശ്വമേധം - Part 1

ഡോ. ജോൺ കുര്യാക്കോസ്

MV

Updated on

റീന വർഗീസ് കണ്ണിമല

വിശന്ന് ഒട്ടിയ വയറുമായി, കൂടെയുള്ള മിണ്ടാപ്രാണിയുടെ വിശപ്പകറ്റാൻ കുറുക്കൻ കേറാമലയിലെ കാട്ടു നെല്ലിച്ചുവട്ടിലേയ്ക്ക് കയറിച്ചെന്ന വെളുത്തു മെലിഞ്ഞ ആ ബാലൻ ആ  കാട്ടുനെല്ലിയിൽ ആടിനെ മാറ്റിക്കെട്ടുമ്പോൾ, തൊട്ടു താഴെ കീഴ്ക്കാം തൂക്കായ ആ കൊക്കയിലേയ്ക്കു നോക്കി ചിന്തിച്ചു…

"താഴെയുള്ള ആ പാറക്കെട്ടിലേയ്ക്ക് വീണ് മരിച്ചു പോയെങ്കിൽ… വിശപ്പറിയില്ലല്ലോ പിന്നെ... ആരും കളിയാക്കില്ലല്ലോ എന്നെ….ഭ്രാന്തൻ കുരിയാക്കോന്‍റെ മകനെന്ന വിളി കേൾക്കേണ്ടല്ലോ പിന്നീട് ഒരിക്കലും.…"

കത്തിക്കാളുന്ന വിശപ്പകറ്റാൻ , കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസ ശരങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ മരണം പോലും ആഗ്രഹമാക്കിയ ബാല്യ കൗമാരങ്ങൾ മാത്രം സ്വന്തമായുണ്ടായിരുന്ന നിരാലംബനായ ഒരു കുട്ടി. അതായിരുന്നു നാലര പതിറ്റാണ്ടിനു മുമ്പുണ്ടായിരുന്ന പാലക്കുഴ ഗ്രാമത്തിലെ ഓലിക്കൽ കുര്യാക്കോസിന്‍റെ മകൻ ജോൺ.

കൂട്ടുകാർ ഒരു വട്ടം കളിയാക്കിയാൽ, കൂട്ടം കൂടി ഒന്നു കമന്‍റടിച്ചാൽ തൂങ്ങിമരിക്കുന്ന ബാല്യ കൗമാര മൃതദേഹങ്ങൾ കൂണു പോലെ വർധിക്കുന്ന കാലത്താണ് ജോൺ കുര്യാക്കോസ്  എന്ന ശക്തി ദുർഗം തന്‍റെ ദുരിതപൂർണമായ നരകക്കുഴിയിൽ നിന്നും 1500 കോടിയിലേറെ വിറ്റു വരവുള്ള വൻ പ്രസ്ഥാനമായി, 4325ലധികം പേരുടെ ജീവിതങ്ങളുടെ നട്ടെല്ലായി അന്നദാന  പ്രഭുവായി ഈ കൊച്ചു കേരളത്തിൽ പറുദീസ നെയ്യുന്നത് .

“എന്‍റെ പിതാവ് കൂലിപ്പണിക്കാരനായിരുന്നു. രാവിലെ ഏഴു മണി മുതൽ വൈകിട്ടു മൂന്നു മണി വരെ കൂലിപ്പണി. ശനിയാഴ്ച കൂലിപ്പണി കഴിഞ്ഞ് ഒരു ലോഡ് റബർ ഷീറ്റ് മാർക്കറ്റിൽ കൊണ്ടു ചെന്ന് വിറ്റിട്ട് അതിന്‍റെ പൈസ കിട്ടിയിട്ട് ആ പൈസയിൽ നിന്നു വേണം എന്‍റെ പിതാവിനു കൂലി കൊടുക്കാൻ.എന്‍റെ പിതാവ് റബർ വെട്ടുകാരനായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്നു. അന്നൊരിക്കൽ എന്‍റെ പിതാവ് ഇങ്ങനെ റബർ ഷീറ്റ് വിറ്റ് ഒരു കെട്ട് കാശുമായി മുതലാളിയുടെ അടുത്തെത്തി. അദ്ദേഹം അതെല്ലാം വാങ്ങി എണ്ണി നോക്കിയിട്ട് അവസാനം എന്‍റെ പിതാവിനോട് പറഞ്ഞു’:

"എടാ കുര്യാക്കോ, നിനക്ക് അടുത്തയാഴ്ച കൂലി തരാം. ഇതു മുഴുവൻ പുതിയ നോട്ടാ, ഇതെനിക്കു സൂക്ഷിച്ചു വയ്ക്കാനുള്ളതാ'
"ആ മുതലാളിത്ത ചിന്താഗതി, അതിനോടെനിക്ക് ഉള്ളിന്‍റെയുള്ളിൽ അമർഷമല്ല, ഒരു അവമതിപ്പ് ഇല്ലായ്കയില്ല.

എന്നു വച്ചാ, എന്‍റെ അനുഭവം ഇതാണ്, എന്‍റെ അപ്പന് അന്നു റേഷൻ മേടിക്കണമെങ്കിൽ കൂലിയുമായി വന്നിട്ടു വേണം. അതു കൊണ്ട് എന്‍റെയുള്ളിൽ ഒരു സോഷ്യലിസ്റ്റ് ചിന്താഗതി. അതുകൊണ്ട് ഞാനേതെങ്കിലും പാർട്ടിയുടെ ആളല്ല.

എല്ലാ മനുഷ്യരും തുല്യരാണെന്ന ചിന്ത. ദൈവത്തിന്‍റെ അനന്ത കരുണ കൊണ്ട് ഞാനിങ്ങനെയൊക്കെ വളരാനിടയായി. നാളെ ഈ സാഹചര്യം മാറാം. ഒരു മാസം ശമ്പളം കൊടുക്കാൻ പതിനൊന്നര കോടി വേണം ഇന്ന്. മൂന്നു മാസം ഡെന്‍റ് കെയറിന് വരുമാനം ഇല്ലാതെയായാൽ ഞങ്ങൾ പിടിച്ചു നിൽക്കും. എന്നാൽ അത് ആറു മാസം തുടർന്നാൽ ഡെന്‍റ് കെയർ ഇല്ല പിന്നെ. '

ജോൺ കുര്യാക്കോസെന്ന ക്രാന്തദർശിയുടെ ഈ എളിമയാണ് അദ്ദേഹത്തിന്‍റെ ജീവിത വിജയത്തിന്‍റെ തായ് വേരും.
അമ്മയുടെ സഹനമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ മൂലാധാരശില. ആരോരുമില്ലാത്ത പെൺകുട്ടിയായിരുന്നു അമ്മ. ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വല്യമ്മയുടെ തണലിൽ അയൽപക്കങ്ങളിൽ സഹായം ചോദിച്ചു നടന്നിരുന്ന ഒരു പെൺകുട്ടി. ഭ്രാന്തന്മാരുടെ സ്വന്തം ഓലിക്കൽ കുടുംബത്തിലെ അരോഗദൃഢഗാത്രനായിരുന്ന കുര്യാക്കോസിന്‍റെ ഭാര്യയായി ആ പെൺകുട്ടി കടന്നു ചെന്നത് ആശ്വാസം തേടി. കുര്യാക്കോസ് തന്‍റെ ഭാര്യയെയും മക്കളെയും ജീവനു തുല്യം സ്നേഹിച്ചു. മക്കളെ നല്ല ശിക്ഷണത്തിൽ വളർത്തി. കള്ളം പറഞ്ഞാൽ, കള്ളത്തരം കാണിച്ചാൽ തക്ക ശിക്ഷ ഉറപ്പായിരുന്നു എന്ന് ജോൺ കുര്യാക്കോസ് ഓർക്കുന്നു:

“ഞാൻ ആ കെ ഒരു അടയ്ക്കയേ എന്‍റെ ജീവിതത്തിൽ മോഷ്ടിച്ചിട്ടുള്ളു, കുഞ്ഞു പ്രായത്തിലായിരുന്നു അത്. അതിന് എനിക്ക് പിതാവിന്‍റെ കയ്യിൽ നിന്നു പൊതിരെ തല്ലും കിട്ടി.
കടുത്ത ശിക്ഷകൾ നൽകിയാണ് പിതാവ് വളർത്തിയതെങ്കിലും കുസൃതിക്ക് എനിക്ക് ഒരു കുറവും ഇല്ലായിരുന്നു. ഒരിക്കൽ പ്രാർഥനായോഗത്തിനു പോയി വന്ന അയൽക്കാരായ രണ്ട് അമ്മമാരെ രാത്രിയിൽ  പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് അവർ വരുന്ന വഴിയിൽ കല്ലു വലിച്ചെറിഞ്ഞ് ഹല്ലേലുയ്യാ എന്നു പറഞ്ഞു ഭയപ്പെടുത്തിയതും കയ്യിലിരുന്ന ചൂട്ടും മുറുകെ പിടിച്ച് ആ പാവങ്ങൾ പേടിച്ചോടിയതുമെല്ലാം ഇന്നും ഞാനോർക്കുന്നു. “

കരച്ചിലിലും ചിരി പടർത്തിയ ഒരു കുസൃതിക്കുരുന്നിനെയാണ് അദ്ദേഹത്തിന്‍റെ കണ്ണുകളിൽ അപ്പോൾ എനിക്കു കാണാനായത്.തന്‍റെ പ്രിയപ്പെട്ട ചാച്ചന്‍റെ ആദ്യകാല കുടുംബ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ ഡെന്‍റ് കെയർ  സ്ഥാപകനായ ഈ വ്യവസായി ഇങ്ങനെ ചികഞ്ഞെടുത്തു:

“കഠിനാധ്വാനിയായിരുന്നു ചാച്ചൻ. അമ്മയെ പണിക്കൊന്നും വിട്ടിരുന്നില്ല.കൂലിപ്പണി ചെയ്തു കുടുംബം പോറ്റി, അമ്മയെയും ഞങ്ങളെയും നന്നായി സ്നേഹിച്ചു. പാറക്കെട്ടുകൾ നിറഞ്ഞ, യാതൊരു സൗകര്യവുമില്ലാത്ത ആ മലമ്പ്രദേശത്തെ ചോർന്നൊലിക്കുന്ന വീട്ടിൽ  നിന്ന് റോഡും സൗകര്യവുമുള്ള ഒരു സ്ഥലം വാങ്ങി വീടു വയ്ക്കാൻ കുര്യാക്കോസ് അതിയായി ആഗ്രഹിച്ചു. അതിനായി അദ്ദേഹം ഉറുമ്പ് അരിമണി കൂട്ടി വയ്ക്കും പോലെ രാപകൽ അധ്വാനിച്ച് പണം സ്വരുക്കൂട്ടി വച്ചു. ഒരു ചായ പോലും കുടിക്കാതെ, അരവയറും മുറുക്കിയുടുത്ത്…”
“ഒടുവിൽ താൻ ആഗ്രഹിച്ച ഇരുപത്തി മൂന്നു സെന്‍റ് സ്ഥലം വാങ്ങാൻ ആവശ്യത്തിനുള്ള പണം ആയപ്പോൾ ശുദ്ധനായ ചാച്ചൻ ആ പണം മുഴുവൻ താൻ വാങ്ങാനാഗ്രഹിച്ച സ്ഥലത്തിന്‍റെ ഉടമയ്ക്ക്  കൈമാറി, സ്ഥലത്തിന്‍റെ ആധാരം എഴുതുകയോ പോക്കു വരവു നടത്തുകയോ ചെയ്യാതെയായിരുന്നു ഇത്. പണം കയ്യിൽ കിട്ടിയ അയാൾ ആ കാശു മുഴുവൻ മദ്യപിച്ചു തീർത്തു. അയൽപക്കത്തെ ഒരു വീട്ടിൽ കൂലിപ്പണി ചെയ്തു കൊണ്ടിരിക്കെയാണ് ഈ വിവരം ചാച്ചന്‍റെ ചെവിയിൽ എത്തിയത്. “

ഒന്നു നിർത്തി സൗമ്യനായ ജോൺ കുര്യാക്കോസ് എന്നെ നോക്കി മന്ദഹസിച്ചു, ആ മന്ദഹാസത്തിന് കണ്ണീര് വളമാക്കിയ കരുത്തുണ്ടായിരുന്നു. ഭ്രാന്തു പിടിച്ച അപ്പനെയും ചങ്ങലകളിൽ പൂട്ടിയിടപ്പെട്ട , മലം വാരിയെറിയുന്ന സഹോദരൻ ഭ്രാന്തൻ ഏലിയാസിനെയും കണ്ടു വളർന്നിട്ടും തളരാതെ പിടിച്ചു നിന്ന കുര്യാക്കോസിന് ആ ചതി താങ്ങാനായില്ല. തന്‍റെ വിയർപ്പ് വെള്ളത്തിലാക്കിയവനെ കൊല്ലുമെന്നായി കുര്യാക്കോസ്. അതോടെ ഓലിക്കൽ കുടുംബത്തിൽ മൂന്നാമതൊരു ഭ്രാന്തൻ കൂടി ജനിച്ചതായി ജനം വിധിയെഴുതി. എത്രയും വേഗം തൃശൂരിലുള്ള മാനസികരോഗാശുപത്രിയിൽ കുര്യാക്കോസിനെ അഡ്മിറ്റാക്കി. ഷോക്ക് ചികിത്സ നൽകി. കാലങ്ങളോളം പിന്നീട് പന്ത്രണ്ടു ഗുളികകൾ കഴിക്കേണ്ടി വന്നു കുര്യാക്കോസിന്. ഭ്രാന്തനായിപ്പോയ ഭർത്താവിനെ ഒരു മുറുമുറുപ്പും കൂടാതെ ആ സാധുസ്ത്രീ അനുസരിച്ചു പോന്നു.

ഏറ്റവും കൂടുതൽ പ്രശ്നകാരിയായ പ്രായമാണ് ടീനേജ്. അതിൽ തന്നെ പതിനാലു വയസ് മുതൽ പതിനെട്ടു വയസു വരെ, അതിൽ പതിനഞ്ചാം വയസ്-ഇതെല്ലാം വലിയ പ്രശ്നസങ്കീർണമായ കാലങ്ങളാണ്. ഈയടുത്ത കാലത്ത് കളിയാക്കിയതിന്‍റെ പേരിലും മൊബൈൽ വാങ്ങിക്കൊടുക്കാത്തതിന്‍റെ പേരിലും അധ്യാപകർ ചോദ്യം ചെയ്തതിന്‍റെ പേരിലും ഗെയിം കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിലുമൊക്കെ ആത്മഹത്യ നടത്തിയ കുട്ടികൾ എല്ലാം ഈ പ്രായത്തിലുള്ളവരാണ്. ഈ സാഹചര്യത്തിൽ നാൽപതു വർഷം മുമ്പ് ഭ്രാന്തനായ പിതാവിന്‍റെ ക്രൂരതയിൽ എത്രമാത്രം ഞെരിഞ്ഞ് അമരേണ്ട, സാമൂഹിക ദ്രോഹികളാവേണ്ട സാഹചര്യമായിരുന്നു ജോണിനും സഹോദരങ്ങൾക്കും ഉണ്ടായിരുന്നത് എന്ന്, എത്ര കടുത്ത ജീവിത പരീക്ഷണങ്ങളെയാണ് ആ പതിനഞ്ചുകാരനും കൂടപ്പിറപ്പുകളും അതിജീവിച്ചത് എന്ന് അദ്ദേഹത്തിന്‍റെ കൗമാരകാല അനുഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസിലാകും.

കുസൃതികളായ മൂന്ന് ആൺമക്കൾ, വിശപ്പിനും ദാരിദ്ര്യത്തിനുമിടയിൽ ഈ കുഞ്ഞുങ്ങൾ ഒന്നു വഴക്കിട്ടാൽ, കലപില കൂട്ടിയാൽ ആ സാധുസ്ത്രീക്ക് ഭ്രാന്തു വിട്ടുമാറാത്ത കുര്യാക്കോസിന്‍റെ കയ്യിൽ നിന്നും അടി ഉറപ്പ്. മുറ്റത്തെ പുളി മരത്തിൽ നിന്നു വടി വെട്ടിക്കൊണ്ട് വന്നിട്ട് അമ്മയെ കൈ കെട്ടി നിർത്തി തല്ലുന്ന ഭ്രാന്തനായ പിതാവ്. ചോര ചീറ്റി ത്തെറിക്കുമ്പോഴും ശബ്ദം പുറത്തു വരുത്താതെ കടിച്ചു പിടിച്ചു നിൽക്കുന്ന സഹനം മാത്രമായ അമ്മ, കലിയടങ്ങുമ്പോൾ പുറത്തേയ്ക്ക് അപ്പനിറങ്ങിപ്പോകും, അപ്പോൾ നെഞ്ചിനിട്ടടിച്ചു കരയുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന മൂന്ന് ആൺകുഞ്ഞുങ്ങളിൽ രണ്ടാമനായിരുന്നു ജോൺ.

മൂന്നു തലമുറയായി ഭ്രാന്തുള്ള കുടുംബമായതിനാൽ തന്‍റെ മക്കൾക്കും ഭ്രാന്തു വരും എന്നു ഭയന്ന ആ സാധുസ്ത്രീ പലതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ അവർ ഒരു അദൃശ്യ ഇടപെടലാൽ രക്ഷപെട്ടു. ഒടുവിൽ മരിക്കാനും അനുവദിക്കാത്ത ദുഷ്ടനായൊരു ദൈവമാണല്ലോ ഇത് എന്ന് ആ സഹന പുത്രി പരിതപിച്ചത് കാലം കേട്ടു. അപ്പോഴേയ്ക്കും ജോണിന് പതിനഞ്ചു വയസ് ആയിരുന്നു.

പഠിക്കാനേറെ കൊതിച്ച കൊച്ചു ജോണിലൂടെ ആ കണ്ണീർ വീട്ടിലേയ്ക്ക് ആനന്ദത്തിന്‍റെ ആദ്യനാമ്പുകൾ മുളപൊട്ടിയ കഥ നാളെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com