ജയവിജയന്മാർ എന്ന് വിളിച്ചത് ജോസ് പ്രകാശ്

യേശുദാസിനെയും ജയചന്ദ്രനേയും ആദ്യം അയ്യപ്പഭക്തിഗാനം പാടിച്ചവർ
ജയവിജയന്മാർ എന്ന് വിളിച്ചത് ജോസ് പ്രകാശ്

ഡിസംബർ മാസത്തിലാണ് കുടുംബം മുഴുവൻ ഒത്തുകൂടി കെ.ജി. ജയന്‍റെ നവതിയാഘോഷങ്ങൾ കെങ്കേമമാക്കിയത്. മക്കളും കൊച്ചുമക്കളും ഉൾപ്പെടെ സകലരും കോട്ടയത്തെ വസതിയിൽ ഒത്തുകൂടി. ജയന്‍റെ വിയോഗത്തോടെ ജയവിജയന്മാർ എന്ന ഇരട്ട സഹോദരന്മാർ ഇനി ദീപ്തസ്മരണ.

1988ൽ ഒരു ട്രെയ്ൻ യാത്രയ്ക്കിടെ ആകസ്മികമായി വിടവാങ്ങിയ സഹോദരന്‍റെ വേർപാടിനിപ്പുറം, കൂടപ്പിറപ്പ് ബാക്കിയാക്കിയ സംഗീതത്തെ ചേർത്തുപിടിച്ച് കെ.ജി. ജയനൊപ്പം വർഷങ്ങൾ കടന്നുപോയി.

ജയനെയും വിജയനെയും ജയവിജയന്മാരാക്കിയത് പ്രശസ്ത നടൻ ജോസ് പ്രകാശായിരുന്നു. ഇവരുടെ അമ്മമാർ സുഹൃത്തുക്കളായിരുന്നു. ജയവിജയന്മാരുടെ മൂത്ത സഹോദരൻ പാർഥിപനും ജോസ് പ്രകാശും ഒന്നിച്ചു പഠിച്ചവർ. പാർഥിപനും ഇളയ സഹോദരനായ രാജഗോപാലിനും പാട്ടിനോട് കമ്പമുണ്ടായിരുന്നു. ജോസ് പ്രകാശിന്‍റെ സഹോദരനായ പ്രേം പ്രകാശും രാജഗോപാലും ഒരേ ക്ലാസിലായിരുന്നു.

"പ്രിയപുത്രൻ' എന്ന നാടകത്തിനായി പ്രവർത്തിക്കുമ്പോഴാണ് ജോസ് പ്രകാശ് ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ജയവിജയന്മാർ എന്നാക്കി മാറ്റിയത്. പിൽക്കാലത്ത് ഈ പേര് ആർജിച്ച പെരുമയും പ്രശസ്തിയും ചരിത്രം.

മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയ ജയവിജയന്മാർ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്തു തന്നെ പാട്ടുകൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. വയലിൻ വായനയിലും പ്രാവീണ്യമുള്ളവരായിരുന്നു ഇരുവരും.

ബലമുരളീകൃഷ്ണയുടെ ശിഷ്യരായി, അന്നത്തെ മദ്രാസിൽ താമസിക്കുന്ന കാലത്താണ് ജയവിജയന്മാർ രണ്ട് അയ്യപ്പ ഭക്തിഗാനങ്ങൾക്ക് സംഗീതമേകിയക്. എം.പി. ശിവം രചിച്ച ആ ഗാനങ്ങൾ പാടിയത് പി. ലീല. ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ… എന്ന ഗാനം ആദ്യമായി ഒരു സ്ത്രീയുടെ ശബ്ദത്തിൽ പുറത്തുവന്ന അയ്യപ്പഭക്തിഗാനം കൂടിയാണ്.

യേശുദാസും ജയചന്ദ്രനും ആദ്യമായി പാടിയ അയ്യപ്പ ഭക്തിഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയതും ജയവിജയന്മാരാണ് എന്ന പ്രത്യേകതയുണ്ട്. "ശ്രീശബരീശാ ദീനദയാലോ…' എന്ന ഗാനം ജയചന്ദ്രനും "ദർശനം പുണ്യദർശനം…' എന്ന പാട്ട് യേശുദാസും പാടി. രണ്ടും ഇന്നും വലിയ ഹിറ്റുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com