
എം.വി. ഗോവിന്ദൻ
''വിശ്വാസികൾക്ക് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളാണ് മുഖ്യം. അതുവഴിയുള്ള സായുജ്യ പ്രാപ്തി ക്കാണ് നോമ്പുനോറ്റ്, കെട്ടുമുറുക്കി, അയ്യപ്പഭക്തര്‍ മലകയറുന്നത്. അതാണ് താങ്കളുടെ പാര്‍ട്ടിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും ചോദ്യം ചെയ്തതും അട്ടിമറിക്കാന്‍ ശ്രമിച്ചതും''
ജോസഫ് എം. പുതുശേരി
ശബരിമല യുവതീപ്രവേശന വിഷയം കഴിഞ്ഞ അധ്യായമാണെന്ന് താങ്കള്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് ഈ കത്തെഴുതാനുള്ള പ്രേരണ. ആഗോള അയ്യപ്പ സംഗമം നടത്തുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ചു വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് താങ്കളോട് ഈ വിശദീകരണം ആവശ്യപ്പെടുന്നത്.
"സത്യവാങ്മൂലം പിന്‍വലിക്കുന്നതിനെക്കുറിച്ച് അല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല" എന്നു താങ്കള്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു. താങ്കളുടെ ഈ വാക്കുകളില്‍ തന്നെ അവയ്ക്കു വ്യക്തത ആവശ്യമാണെന്ന ധ്വനി നിഴലിക്കുന്നുണ്ട്.
സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് അങ്ങ് ആവര്‍ത്തിക്കുമ്പോള്‍ ഭക്തരുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം താങ്കള്‍ക്കും പാര്‍ട്ടിക്കും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും ഉണ്ടെന്ന ചുമതലബോധം അതിൽ അന്തർലീനമാണ്. അതിൽനിന്നെങ്ങനെ ഒഴിഞ്ഞുമാറാനും ഓടിയൊളിക്കാനും കഴിയും? വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആവർത്തിക്കുന്നതുകൊണ്ടാണ് ആ ഉത്തരവാദിത്വ ഭാരം അങ്ങയുടെ ചുമലില്‍ നിപതിക്കുന്നത്. അല്ലെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാനുള്ള അങ്ങ് പ്രകടിപ്പിക്കുന്ന ജാഗ്രതയ്ക്ക് ചെറിയ ഒരു അളവ് വരെയെങ്കിലും ന്യായീകരണം ലഭിക്കുമായിരുന്നു.
വിശ്വാസികൾക്ക് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളാണ് മുഖ്യം. അതുവഴിയുള്ള സായുജ്യ പ്രാപ്തി ക്കാണ് നോമ്പുനോറ്റ്, കെട്ടുമുറുക്കി, അയ്യപ്പഭക്തര്‍ മലകയറുന്നത്. അതാണ് താങ്കളുടെ പാര്‍ട്ടിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും ചോദ്യം ചെയ്തതും അട്ടിമറിക്കാന്‍ ശ്രമിച്ചതും. അതിനുവേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയത്? സര്‍ക്കാര്‍ ചമച്ച തിരക്കഥയനുസരിച്ച് വിശ്വാസികള്‍ പോലുമല്ലാത്ത രണ്ട് യുവതികളെ വേഷ പ്രച്ഛന്നരായി സര്‍വ സംരക്ഷണവും നല്‍കി സന്നിധാനത്ത് എത്തിച്ചതടക്കമുള്ള നടപടികള്‍ ഭക്ത മനസ്സുകളില്‍ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ തന്‍റെ വീട്ടില്‍ നിന്നാരും ഇതിന്‍റെ പേരില്‍ അങ്ങോട്ടു പോകാനില്ലെന്നും ധൃതിപിടിച്ച് ആരും ഇതിന് ഒരുങ്ങി പുറപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിനെ തിരുത്തി അത്തരം വേവലാതികളൊന്നും ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മറക്കാനാകുമോ?
താങ്കളുടെ മുന്‍ഗാമിയായിരുന്ന അന്നത്തെ പാര്‍ട്ടി സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ " നാല് സീറ്റ് നഷ്ടപ്പെട്ടാലും ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് നിലപാട് മാറ്റമുണ്ടാവില്ല" എന്നാണ് അർഥശങ്കയ്ക്കിടയില്ലാത്ത വിധം ആവര്‍ത്തിച്ചത്. ഇതില്‍ നിന്നെല്ലാം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും നിലപാടും ഇംഗിതവും പകല്‍പോലെ വ്യക്തമായിരുന്നു. അതാകട്ടെ വിശ്വാസികളുടെ താത്പര്യത്തിനു കടകവിരുദ്ധവും.
ഇതിനാധാരമായ സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ആ നിലയില്‍ തന്നെ നിലനില്‍ക്കുകയാണ്. നേരത്തെ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് യുവതീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടാണ് കേസില്‍ സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റ് ആ സത്യവാങ്മൂലം പിന്‍വലിച്ച് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരണമെന്ന അഭിപ്രായം രേഖപ്പെടുത്തി സത്യ വാങ്മൂലം സമര്‍പ്പിച്ചു. പിന്നീട് അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ഇതു തിരുത്തി പഴയതുപോലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു വീണ്ടും സത്യവാങ്മൂലം നല്‍കുകയാണു ണ്ടായത്. ഇതു സുപ്രീം കോടതി വിധിയെ സ്വാധീനിച്ച ഘടകങ്ങളില്‍ ഒന്നാണുതാനും.
എന്നു പരിഗണനയ്ക്ക് വരുമെന്ന് ഉറപ്പില്ലെങ്കിലും ഇതു സംബന്ധിച്ച റിവ്യൂ പെറ്റീഷന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നില്‍ക്കുകയാണ്. അവിടെ നിലനില്‍ക്കുന്നത് യുവതി പ്രവേശനത്തെ അനുകൂലിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന അങ്ങയുടെ പരാമര്‍ശം അസ്ഥാനത്താകുന്നതും സത്യവാങ്മൂലം തിരുത്തുമോ എന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാകുന്നതും ഇവിടെയാണ്.
അങ്ങ് പറയുന്നതുപോലെ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം എങ്കില്‍ സത്യവാങ്മൂലം ഉറപ്പായും തിരുത്തണമ ല്ലോ. ആഗോള അയ്യപ്പ സംഗമം ഭക്തരുടെ താത്പര്യത്തിനുള്ള സദുദ്ദേശ്യ ഉദ്യമമെങ്കില്‍ ആ നിലപാട് വ്യക്തമാക്കുകയും അതനുസരിച്ചുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണമല്ലോ.
ഈ സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യത്തില്‍ അങ്ങ് നടത്തിയ ഒഴിഞ്ഞുമാറ്റം ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. ആകയാല്‍ ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് തന്നെ താഴെപ്പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
ശബരിമല വിഷയത്തില്‍ സിപിഎം നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടോ? അതോ പാര്‍ട്ടി നിലപാട് അതേപടി തുടരുകയാണോ?
വിശ്വാസികളുടെ തലയ്ക്കു മീതെ ഡെമോക്ലീസിന്‍റെ വാള്‍ പോലെ നിലനില്‍ക്കുന്ന യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന പിണറായി സര്‍ക്കാര്‍ സുപ്രീംകോടതി സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പിന്‍വലിച്ച് വിശ്വാസ സമൂഹത്തിന്‍റെ ഇംഗിതം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുമോ? ആശങ്കകള്‍ അകറ്റി, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പല്ലേ സര്‍ക്കാരില്‍ നിന്ന് സ്വാഭാവികമായും വിശ്വാസികള്‍ പ്രതീക്ഷിക്കുക.
ആചാര അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ അതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരില്‍ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമോ?
ദേവസ്വം ബോര്‍ഡിന്‍റെ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്ന് പറയുമ്പോഴും സര്‍ക്കാര്‍ തീരുമാനവും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണെന്ന് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ താങ്കളുടെ പ്രതികരണം സൃഷ്ടിച്ചിരിക്കുന്ന ദുരൂഹതയും അവ്യക്തതയും നീക്കേണ്ടത് അനിവാര്യമാണ്. ആകയാല്‍ ഇക്കാര്യത്തിലുള്ള അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു.