ചങ്ങാതി നന്നായാല്‍...

യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവനാണ് യഥാർഥ 'സുഹൃത്ത് ' (സു-ഹൃദ് = നല്ല ഹൃദയമുള്ളവന്‍).
.If a friend is good...

ചങ്ങാതി നന്നായാല്‍...

Updated on: 

വിജയ് ചൗക്ക് |സുധീര്‍ നാഥ്

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നത് പലതവണ കേൾക്കുന്ന ഒരു പഴഞ്ചൊല്ലാണ്. നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ സ്വന്തം തെറ്റുകളും കുറവുകളും തിരിച്ചറിയാന്‍ കണ്ണാടിയുടെ ആവശ്യമില്ല എന്നാണല്ലോ ഇതിന്‍റെ അർഥം. നമ്മുടെ രൂപവും വേഷവിധാനവും കാണാന്‍ കണ്ണാടി സഹായിക്കുന്നതു പോലെ, നല്ലൊരു സുഹൃത്ത് നമ്മുടെ സ്വഭാവത്തിലെ പോരായ്മകളും തെറ്റുകളും സ്നേഹത്തോടെ ചൂണ്ടിക്കാണിക്കുന്നു. ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ സ്വയം വിശേഷിപ്പിക്കുന്നത് "സുഹൃദം സര്‍വ്വഭൂതാനാം' (എല്ലാ ജീവജാലങ്ങളുടെയും നിസ്വാർഥനായ സുഹൃത്ത്) എന്നാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവനാണ് യഥാർഥ 'സുഹൃത്ത് ' (സു-ഹൃദ് = നല്ല ഹൃദയമുള്ളവന്‍). സൗഹൃദപരവും സമീപിക്കാവുന്നതുമായിരിക്കാനുള്ള കഴിവ് അല്ലെങ്കില്‍ മനോഭാവമാണ് സൗഹൃദത്തിന്‍റെ ഗുണനിലവാരം.

ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കുന്ന മറ്റൊന്നാണ് പരസ്പരം മനസറിഞ്ഞ് സംസാരിക്കുന്നില്ല എന്നത്. മനസില്‍ എന്തെങ്കിലും ഒളിപ്പിച്ച് വയ്ക്കുകയും പറയാനുള്ളതു തുറന്നുപറയാതിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കും. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന വിഷമങ്ങള്‍ തുറന്നു പറയുവാന്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. തന്‍റെ മനസിനുള്ളിലെ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ ഒരാളില്‍ കെട്ടിക്കിടക്കുന്ന വിദ്വേഷഭാരം കുറയുന്നു എന്ന് മനഃശാസ്ത്രജ്ഞന്മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

കാര്യം അതൊക്കെയാണെങ്കിലും എപ്പോഴും എല്ലാ കാര്യത്തിലും സുഹൃത്തുക്കള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമാണ്. സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിച്ചുകൊണ്ട് സുഹൃദ്‌വലയത്തിലേക്ക് അകപ്പെട്ടു കഴിഞ്ഞാല്‍ ഉണ്ടാകുന്ന അപകടങ്ങളും കാണാതെ പോകരുത്. എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും സുഹൃത്തുക്കള്‍ തന്നെയാണ് ആശ്രയം എന്ന ചിന്താഗതി സമീപകാലത്ത് പുതുതലമുറയെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ അളവില്‍ തകര്‍ച്ച സംഭവിക്കുന്ന ഒരു സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു എന്നത് കാണാതെ പോകരുത്.

സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രാധാന്യം കൊടുത്താലേ ഒരു നല്ല മനുഷ്യനാകുവാന്‍ സാധിക്കൂ. ഒരു നല്ല മനുഷ്യനായി മാറുവാന്‍ വേണ്ട ഏറ്റവും പ്രധാന ഗുണങ്ങളില്‍ ഒന്നാണ് അത്. ഒരു വ്യക്തിയുടെ സ്വഭാവം രൂപം പ്രാപിക്കുന്നത് കുടുംബത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതുപോലെ തന്നെയാണ് സുഹൃദ് ബന്ധങ്ങളും. ഒരു വ്യക്തി നല്ല കൂട്ടുകെട്ടാണ് എങ്കില്‍ അയാളുടെ സ്വഭാവം നല്ല രീതിയില്‍ പോകുവാന്‍ കാരണമാകും. വീട്ടിലെ സാഹചര്യം മോശമാകുമ്പോഴും സുഹൃത്തുക്കളുടെ സ്വഭാവം മോശമാകുമ്പോഴും ഒരു വ്യക്തിയില്‍ അത് പ്രതിഫലിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പല കൂട്ടുകെട്ടുകളാണ് ഓരോ വ്യക്തികളുടേയും സ്വഭാവം മാറ്റിമറിക്കുന്നത്.

മറ്റൊരാളുമായുള്ള സഹവാസത്തിലും കൂട്ടുകെട്ടിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകാരില്ലാത്ത മനുഷ്യരുണ്ടാകില്ല. ഒരു മനുഷ്യന്‍ അവന്‍റെ ജീവിതയാത്രയില്‍ എവിടെ വച്ചോ സ്വീകരിച്ചതാണ് അവന്‍റെ കൂട്ടുകാരെ. ഈ കൂട്ടുകെട്ട് അവന്‍റെ ജീവിതത്തില്‍ പലവിധ സ്വാധീനങ്ങളും ഉണ്ടാക്കിയേക്കാം. അവന്‍റെ സ്വര്‍ഗ പ്രവേശനത്തിനോ നരക പ്രവേശനത്തിനോവരെ ഈ കൂട്ടുകെട്ട് കാരണമായേക്കാം. നല്ല സുഹൃദ് ബന്ധങ്ങള്‍ക്ക് ഇഹപരജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാകും. സജ്ജനങ്ങളുമായുള്ള സഹവാസം പ്രതിഫല ലബ്ധിക്കും ഈമാനിക വളര്‍ച്ചക്കും സഹായകമാകും. ഇത് എല്ലാ മേഖലകളിലും കാണാം. രാഷ്‌ട്രീയത്തിലും, സാഹിത്യത്തിലും, മാധ്യമ രംഗത്തും, ബിസിനസ് രംഗത്തും എന്നു വേണ്ട ഇത് എല്ലായിടത്തും പ്രകടമാണ്.

ഒരാളുടെ ദുഃസ്വഭാവികളുമായുള്ള സഹവാസം മറ്റുള്ളവര്‍ക്കിടയില്‍ അത്തരം ദുഃസ്വഭാവിയാണെന്ന തെറ്റായ ചിന്ത രൂപപ്പെടാന്‍ കാരണമാകും. തിന്മകള്‍ക്കും തെറ്റായ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അയാള്‍ വശംവദരായിത്തീരും. അതുകൊണ്ടു തന്നെയാണ് ഒരു വ്യക്തിയെ വിലയിരുത്തുവാനുള്ള അളവു കോലായി അവന്‍റെ കൂട്ടുകാരനെ പരിശോധിക്കാന്‍ പറയുന്നത്.

ലോകത്തിലെ എല്ലാ മതങ്ങളും സൗഹൃദത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ക്രിസ്തുമതത്തില്‍ സൗഹൃദത്തെ നിസ്വാർഥമായ സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ആത്മീയ വളര്‍ച്ചയുടെയും ഒരു പവിത്രമായ ബന്ധമായാണ് കണക്കാക്കുന്നത്. യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരെ "ദാസന്മാര്‍' എന്നതിലുപരി "സ്നേഹിതര്‍' എന്ന് വിളിച്ചുകൊണ്ട് സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കി. "സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർഥകാലത്തു സഹോദരനായിത്തീരുന്നു' (സുഭാഷിതങ്ങള്‍ 17:17) എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ കൂടെ നില്‍ക്കുന്നവനാണ് നല്ല സുഹൃത്ത്. മാനുഷിക ബന്ധങ്ങള്‍ക്കും ആദര്‍ശ ബന്ധത്തിനും വളരെ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു വിശ്വാസി ഇതര വിശ്വാസികള്‍ക്ക് ഒരു കെട്ടിടം പോലെ ശക്തി പകരേണ്ടവനാണെന്ന വചനത്തിലൂടെ ആത്മാര്‍ഥമായ ആദര്‍ശ സ്നേഹത്തിന്‍റെ അനിവാര്യതയിലേക്ക് നബി വിരല്‍ചൂണ്ടിയത് കാണാം.

ഹിന്ദു മതത്തില്‍ സൗഹൃദത്തിന് വളരെ ഉയര്‍ന്ന സ്ഥാനമാണുള്ളത്. പലപ്പോഴും രക്തബന്ധത്തേക്കാള്‍ പവിത്രമായി സൗഹൃദത്തെ കാണാറുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും സൗഹൃദത്തിന്‍റെ മഹത്വം വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ശ്രീകൃഷ്ണനും കുചേലനും (സുദാമാവ്) തമ്മിലുള്ള സൗഹൃദം തന്നെ ഏറ്റവും മികച്ച ഉദാഹരണമാണ്. സാമ്പത്തികമോ സാമൂഹികമോ ആയ ഉച്ചനീചത്വങ്ങള്‍ക്കതീതമാണ് യഥാർഥ സൗഹൃദം എന്ന് ഈ ബന്ധം പഠിപ്പിക്കുന്നു. ദരിദ്രനായ കുചേലനെ ദ്വാരകയിലെ രാജാവായ കൃഷ്ണന്‍ സ്വീകരിക്കുന്നതും, ഒരു പിടി അവിലിന് പകരമായി സര്‍വ ഐശ്വര്യങ്ങളും നല്‍കുന്നതും നിസ്വാർഥ സ്നേഹത്തിന്‍റെ ഉദാഹരണമാണ്. ശ്രീകൃഷ്ണനും അര്‍ജ്ജുനനും, ദുര്യോധനനും കര്‍ണനും, ശ്രീരാമനും സുഗ്രീവനും... അങ്ങനെ എത്രയോ ഉദാഹരണങ്ങളാണുള്ളത്.

ഡിയര്‍ ഫ്രണ്ട്സ് എന്ന പ്രധാനമന്ത്രി മോദിയുടെ സ്ഥിരമായുള്ള അഭിസംബോധന സമീപകാലത്ത് ഏറെ പ്രശസ്തമാണ്. ഒട്ടേറെ ട്രോളുകളും കാര്‍ട്ടൂണുകളും ഈ വിഷയത്തില്‍ ഉണ്ടായി. സമീപകാലത്ത് തന്നെ ഉണ്ടായ ഒരു അനുഭവം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ പ്രിയ സുഹൃത്തിന്‍റെ പേര് മറന്നുപോയി. അങ്ങിനെയും സംഭവിക്കാമല്ലോ. സുഹൃത്തിന്‍റെ പേര് അറിയുന്നതിനു വേണ്ടി സുഹൃത്തിന്‍റെ ജോലിസ്ഥലത്ത് എത്തുകയും, സ്ഥാനവും അദ്ദേഹത്തെ കുറിച്ചുള്ള ശാരീരിക വിവരങ്ങളും അവിടുത്തെ മറ്റു ഉദ്യോഗസ്ഥരോട് വിവരിച്ച് ആത്മസുഹൃത്തിന്‍റെ പേര് കണ്ടെത്തുകയും ചെയ്ത ഒരു അനുഭവത്തിന് സാക്ഷിയാണ് ലേഖകന്‍.

ചിലര്‍ പ്രമുഖരായ പലരോടും സൗഹൃദം ഉണ്ടെന്നു പറഞ്ഞു നടക്കുന്നതും നമ്മള്‍ പലപ്പോഴും സാക്ഷിയായിട്ടുണ്ടാകും. എല്ലാവര്‍ക്കും അവരുടെ സൗഹൃദത്തില്‍ സംശയം തോന്നണമെന്നില്ല. എന്നാല്‍ സൗഹൃദം ഉണ്ടെന്നു പറയുന്ന വ്യക്തിയും അവര്‍ സൗഹൃദം ഉണ്ടെന്നു പറയുന്ന സുഹൃത്തിനെയും അറിയുന്നവര്‍ക്ക് ഇത് തിരിച്ചറിയുവാന്‍ പ്രയാസവുമില്ല. ഇങ്ങനെ വ്യാജ സുഹൃത്തുക്കള്‍ ആണ് എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവര്‍ വലിയ അപകടകാരികളാണ്. എപ്പോഴും അഭിനന്ദനങ്ങള്‍ മാത്രം നല്‍കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ സംശയത്തിന്‍റെ നിഴലില്‍ കൊണ്ടുവരേണ്ടതാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ കൂടി മനസുള്ളവന്‍ ആയിരിക്കും യഥാർഥ സുഹൃത്ത്. പുകഴ്ത്തലുകള്‍ മാത്രം ചെയ്യുന്നവര്‍ അവരുടെ സ്വന്തം നേട്ടങ്ങള്‍ക്കായി സൗഹൃദം ഉപയോഗിക്കുന്നവരാണ് എന്നും നാം മനസിലാക്കേണ്ടതുണ്ട്.

സൗഹൃദങ്ങള്‍ രൂപപ്പെടുത്തുന്നതിനും അത് ശക്തമായി നിലനിര്‍ത്തുന്നതിനും പലപ്പോഴും സമയവും പരിശ്രമവും ആവശ്യമാണ്. സൗഹൃദങ്ങള്‍ പ്രധാനമായും സ്വന്തം ഇഷ്ടപ്രകാരം രൂപപ്പെടുന്നതാണ്. സൗഹൃദങ്ങള്‍ ആളുകള്‍ക്ക് മാനസികവും സാമൂഹികവും ആരോഗ്യപരവുമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മൂന്ന് തരത്തിലുള്ള സൗഹൃദങ്ങള്‍ ഉണ്ടെന്നാണ് അരിസ്റ്റോട്ടില്‍ എഴുതിയത്. ആനന്ദത്തെ അംഗീകരിക്കുന്നവ, നേട്ടത്തെ അംഗീകരിക്കുന്നവ, സദ്ഗുണത്തെ അംഗീകരിക്കുന്നവ. ഉയര്‍ന്ന സൗഹൃദ നിലവാരം ആത്മാഭിമാനം, ആത്മവിശ്വാസം, സാമൂഹിക വികസനം എന്നിവയ്ക്ക് നേരിട്ട് സംഭാവന നല്‍കുന്നു. അതുകൊണ്ട് തന്നെ ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നത് ഉറപ്പിച്ചു പറയാം.