പ്രിയ പ്രതിപക്ഷ നേതാവേ സാമാന്യ ബോധം എന്നൊന്നുണ്ട്

പലപ്പോഴും വളരെ അപക്വമായ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നമ്മുടെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത്
Jyolsyan article over rahul gandhi

പ്രിയ പ്രതിപക്ഷ നേതാവേ സാമാന്യ ബോധം എന്നൊന്നുണ്ട്

Updated on

ജ്യോത്സ്യൻ

"ഓപ്പറേഷൻ സിന്ദൂർ'' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം ചെയ്ത ഇന്ത്യയുടെ സൈനിക നടപടി പാക്കിസ്ഥാന്‍റെ പിന്തുണയോടെ ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തുന്ന തീവ്രവാദി സംഘടനകൾക്ക് വലിയൊരു താക്കീതായിരുന്നു. സുപ്രധാനമായ സൈനിക ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടപ്പോൾ തന്നെ ശക്തമായ ചില സന്ദേശങ്ങളാണ് ഇന്ത്യ നൽകിയത്. സ്നേഹിച്ചാൽ കൂടെ നിൽക്കും, ദ്രോഹിച്ചാൽ തിരിച്ചടിക്കും.

ഇന്ത്യൻ സംസ്കാരവും കാഴ്ചപ്പാടുകളുമായി സിന്ദൂർ ബന്ധപ്പെട്ടിരിക്കുന്നു. വിവാഹ വേദിയിൽ വധുവിനെ താലി അണിയിച്ച ശേഷം വധുവിന്‍റെ നെറ്റിയിൽ വരൻ അണിയിക്കുന്ന സിന്ദൂരം ശക്തമായ സ്നേഹബന്ധത്തോടെ പുതിയ ജീവിതം തുടങ്ങുന്നതിനുള്ള മുന്നോടിയാണ്.

1947ൽ സ്വാതന്ത്ര്യം നേടിയ സന്ദർഭത്തിൽ ഭാരതം, ഇന്ത്യയും പാകിസ്ഥാനുമായി രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ തുടങ്ങിയ രക്തച്ചൊരിച്ചിൽ ഇന്നും തുടരുന്നു. 1947നു ശേഷം 8 പ്രാവശ്യം ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.

ആദ്യത്തേത് 1947ലെ കാശ്മീർ യുദ്ധമാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കശ്മീർ എന്ന നാട്ടുരാജ്യം സ്വതന്ത്ര്യമായി നിലനിൽക്കുകയായിരുന്നു. എന്നാൽ പഠാൻ ഗിരിവർഗക്കാരെ മുൻനിർത്തി 1947 ഒക്റ്റോബറിൽ പാക്കിസ്ഥാൻ കശ്മീരിനെ ആക്രമിച്ചു. ആ സന്ദർഭത്തിൽ കശ്മീരിനെ സഹായിക്കാൻ ഇന്ത്യ ഇടപെടുകയായിരുന്നു. 438 ദിവസത്തെ ഏറ്റുമുട്ടലിനു ശേഷം ഐക്യരാഷ്‌ട്ര സഭയുടെ ഇടപെടലിനെത്തുടർന്ന് 1948 ഡിസംബർ 31ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. അന്ന് ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയും സർദാർ വല്ലഭഭായ് പട്ടേൽ ആഭ്യന്തര മന്ത്രിയുമായിരുന്നു.

രണ്ടാമത്തെ ഏറ്റുമുട്ടൽ 1965 കാലഘട്ടത്തിലാണ്. തിത്വാർ, ഉറി, പൂഞ്ച് മേഖലകളിലേക്ക് പാക്കിസ്ഥാൻ കടന്നുകയറി ഹാജിപുർ പ്രദേശം പിടിച്ചടക്കിയപ്പോൾ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു. ഓഗസ്റ്റ് 5ന് ഏറ്റുമുട്ടൽ ആരംഭിച്ചെങ്കിലും സെപ്റ്റംബർ ഒന്നു മുതൽ പൂർണ യുദ്ധമായി മാറി. ഇന്ത്യൻ സേന ലാഹോർ നഗരത്തിനടുത്തു വരെ എത്തി. 50 ദിവസത്തിനു ശേഷം വെടിനിർത്തൽ കരാർ നടപ്പിലാക്കി. ആ ഏറ്റുമുട്ടലിൽ 18 ഓഫിസർമാർ ഉൾപ്പെടെ 3,264 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയായിരുന്നു.

സോവിയറ്റ് യൂണിയനും അമെരിക്കയും മധ്യസ്ഥരായി നിന്ന് താഷ്കന്‍റ് പ്രഖ്യാപനം നടത്തുകയും യുദ്ധത്തിന് ഒത്തുതീർപ്പുണ്ടാവുകയും ചെയ്തു. താഷ്കന്‍റ് കരാറിൽ ഒപ്പുവച്ചതിന് പിറ്റേ ദിവസം ലാൽ ബഹാദുർ ശാസ്ത്രി ഹൃദയാഘാതം മൂലം അന്തരിക്കുകയും ചെയ്തു.

അടുത്ത ഏറ്റുമുട്ടലുണ്ടായത് 1971ൽ ബംഗ്ലാദേശിന്‍റെ വിമോചനത്തിനു വേണ്ടിയായിരുന്നു. മുജീബ് ഉർ റഹ്‌മാന്‍റെ നേതൃത്വത്തിൽ കിഴക്കൻ പാക്കിസ്ഥാന്‍റെ (ഇന്നത്തെ ബംഗ്ലാദേശ്) സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ശക്തമാവുകയും സമരക്കാർക്കെതിരായി പാക്കിസ്ഥാൻ നടപടികൾ തുടങ്ങുകയും ചെയ്തപ്പോൾ ഇന്ത്യയുടെ ഭാഗമായ പശ്ചിമ ബംഗാളിലേക്ക് വലിയ അഭയാർഥിപ്രവാഹമുണ്ടായി. ഈ സാഹചര്യത്തിൽ കിഴക്കൻ ജനതയെ പിന്തുണച്ചുകൊണ്ട് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെ സഹായിക്കാൻ അമെരിക്ക ഏഴാം കപ്പൽപ്പടയെ അയച്ചുകൊണ്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തിയെങ്കിലും ഉരുക്കു വനിതയായ ഇന്ദിര ഗാന്ധി അമെരിക്കയുടെ ഭീഷണിക്കു മുന്നിൽ തലകുനിച്ചില്ല. 13 ദിവസത്തെ യുദ്ധത്തിനു ശേഷം പാക്കിസ്ഥാൻ വിഘടിച്ച് ബംഗ്ലാദേശ് രൂപം കൊണ്ടു. 195 ഓഫിസർമാർ ഉൾപ്പെടെ 3,843 ഇന്ത്യൻ സൈനികരെ യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടപ്പെട്ടു.

1984ലാണ് പിന്നീട് ഇന്ത്യ- പാക് ഏറ്റുമുട്ടലുണ്ടായത്. വളരെ തന്ത്രപ്രധാനമായ സിയാച്ചിൻ മേഖല സൈനിക നീക്കത്തിലൂടെ പാക്കിസ്ഥാൻ സ്വന്തമാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം എല്ലാ പ്രതിസന്ധികളും നേരിട്ട് സിയാച്ചിനു മുകളിലുള്ള സാൾട്ടോറോ മലനിരകൾ നിയന്ത്രണത്തിലാക്കി. ഇന്ദിരയായിരുന്നു അന്നും പ്രധാനമന്ത്രി.

1999ലാണ് ചരിത്രത്തിലെ നിർണായകമായ കാർഗിൽ യുദ്ധം. 85 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലായിരുന്നു അത്. 1999 മേയ് മാസം "ഓപ്പറേഷൻ വിജയ്'യിലൂടെ കാർഗിൽ മേഖലയിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ സൈനികരെയും ഭീകരരെയും ഇന്ത്യ തൂത്തെറിഞ്ഞു. അന്ന് അടൽ ബിഹാരി വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി. 500ലധികം ധീര സൈനികരെയാണ് മലമുകളിൽ നടന്ന ആ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

2016ൽ ഉറിയിലെ ഇന്ത്യൻ സൈനിക താവളത്തിൽ പാക്കിസ്ഥാൻ ഭീകരാക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യൻ കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പാക് നിയന്ത്രിത ക്യാംപുകൾ തകർത്തു. 2019ലെ ബാലാകോട്ട് ആക്രമണമായിരുന്നു അടുത്തത്. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ചാവേർ ആക്രമണമത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാകോട്ട് ഭീകര പരിശീലനത്താവളം ഇന്ത്യൻ വ്യോമസേന നശിപ്പിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ കാലഘട്ടത്തിലാണ് ഈ രണ്ട് ഏറ്റുമുട്ടലും നടന്നത്.

ഏറ്റവുമൊടുവിൽ ഭീകരാക്രമണം നടന്നത് ജമ്മു കശ്മീരിലെ പഹൽഗാമിലാണ്. ഇന്ത്യയുടെയും വിദേശങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 26 വിനോദ സഞ്ചാരികളായ പുരുഷന്മാരെ അവരുടെ ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ചാണ് പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ വെടിവച്ച് കൊന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയായിരുന്നു. ഒരു നേപ്പാൾ സ്വദേശിയും ഇരയായി.

അതിനു മറുപടിയായി നമ്മുടെ കര- നാവിക- വ്യോമ സേനകൾ സംയുക്തമായി പാകിസ്ഥാനിലെ 3 സ്ഥലങ്ങളിലായി 9 ഭീകരവാദ കേന്ദ്രങ്ങളിൽ മിസൈലാക്രമണം നടത്തി. കോട്‍ലി, മുരിദികെ, ബഹാവൽപുര്‍, മുസഫറബാദ്, സവായ് നല്ല, സർജൽ, കോട്‌ലി ഗുൽപൂർ, മെഹ്‌മുന ജോയ, ഭീംബർ എന്നീ കേന്ദ്രങ്ങളാണ് ആ ആക്രമണത്തിൽ തകർന്നത്. പാക് പൗരന്മാരെ സംരക്ഷിച്ചുകൊണ്ടും ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടും നടത്തിയ അതിവിദഗ്ധമായ ആക്രമണമായിരുന്നു അത്. 26 നിരപരാധികളുടെ ജീവനൊടുക്കിയ ഭീകരരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ ഏതാക്രമണവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധസമാനമായ ഈ ഏറ്റുമുട്ടലിന് ചില പ്രത്യേകതകളുണ്ട്, പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ തയാറായപ്പോൾ ഇന്ത്യ അടുത്ത യുദ്ധത്തിനുള്ള ഒരുക്കത്തിലായിരുന്നു. ലൈൻ ഓഫ് കൺട്രോളും അന്താരാഷ്‌ട്ര അതിർത്തിയും ആകാശ മേഖലയും കടക്കാതെ ഇന്ത്യ നടത്തിയ ഒരു യുദ്ധമാണിത്. പാക്കിസ്ഥാന്‍റെ സൈനിക സ്വത്തുക്കൾ പോലും നശിപ്പിക്കാതെയാണ് ഭീകരരെ നേരിട്ടത്. പാക്ന്‍റെ പൗരന്മാർക്കും അവരുടെ സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാകരുതെന്ന സമീപനവും ഇന്ത്യയെടുത്തു.

സൈനിക നടപടി ആരംഭിക്കും മുമ്പ് അമെരിക്ക, റഷ്യ, ചൈന തുടങ്ങിയ ലോക രാജ്യങ്ങളോടും ഐക്യരാഷ്‌ട്ര സഭയോടും തീവ്രവാദ ആക്രമണത്തിന്‍റെ ഭയാനകത ഫലപ്രദമായി വിശദീകരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. പാക്കിസ്ഥാനോടൊപ്പം നിലകൊള്ളുന്ന ചൈന തികച്ചും മിത സ്വതന്ത്രമായ സമീപനം എടുത്തപ്പോൾ അമെരിക്ക പതിവു പോലെ ഒരു കച്ചവട സമീപനമാണ് കാണിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ റഷ്യ നമ്മോടൊപ്പമുണ്ടായിരുന്നു. ഡൽഹിക്കു ശക്തമായ വ്യോമ പ്രതിരോധ മിസൈൽ കവചം സൃഷ്ടിച്ചുകൊണ്ട് ഇസ്രയേൽ എന്ന എക്കാലത്തെയും വലിയ സുഹൃദ് രാജ്യവും നമ്മുക്കൊപ്പം നിലകൊണ്ടിരുന്നു.

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഭീകരപ്രവർത്തകർക്ക് യഥേഷ്ടം എപ്പോഴും അഴിഞ്ഞാടാനുള്ള ഒരു താവളമായി ഇന്ത്യയെ ഇനിയാരും കാണരുതെന്ന മുന്നറിയിപ്പ് ഈ സൈനിക നടപടിക്കു പിന്നിലുണ്ടായിരുന്നു. ഇന്നത്തെ ഇന്ത്യ മറ്റൊരു രാജ്യങ്ങളുടെയും മുന്നിൽ തലകുനിക്കുന്ന രാജ്യമല്ല. സ്വന്തം കാലിൽ നിൽക്കാനും സ്വജനങ്ങൾക്ക് സംരക്ഷണം നൽകാനും നമുക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

മെയ് 7ന് ആരംഭിച്ച് 10ന് ഏറ്റുമുട്ടലിന് വിരാമം പ്രഖ്യാപിച്ച 4 ദിവസത്തെ ഏറ്റുമുട്ടലുകൾ ഇന്ത്യയുടെ കരുത്തും കഴിവും പ്രകടമാക്കി. ഭീകരരുമായുള്ള ഏറ്റുമുട്ടൽ പരിഹരിക്കാൻ മറ്റൊരു രാജ്യത്തിന്‍റെ മധ്യസ്ഥത ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ സൈനിക നേതൃത്വമാണ് പൂർണ യുദ്ധത്തിലേക്കു കടന്ന ഏറ്റുമുട്ടൽ നിർത്തിവയ്ക്കാൻ മുൻകൈയെടുത്തത് എന്ന് വ്യക്തമായെങ്കിലും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് "സ്വയം പ്രഖ്യാപിത' മധ്യസ്ഥനായി.

ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് കാരണം കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതു കെണ്ടാണെന്നായിരുന്നു പാക്കിസ്ഥാൻ എക്കാലവും എടുത്തിരുന്ന നിലപാട്. ഈ വാദവും ഏറ്റുമുട്ടലിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പഹൽഗാമിലെ കൂട്ടക്കൊല പാക്കിസ്ഥാൻ സൈന്യ നേതൃത്വത്തിന്‍റെ അറിവോടും സഹായത്തോടും കൂടിയാണെന്ന് തെളിയിക്കപ്പെട്ടു. കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്ന ട്രംപിന്‍റെ ഓഫർ ഇന്ത്യ തിരസ്കരിക്കുകയും ചെയ്തു.

1947 ഓഗസ്റ്റ് 15 അർധരാത്രി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു "ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന് തുടങ്ങുന്ന ഒരു പ്രസംഗം നടത്തി. ആ സുപ്രധാന പ്രസംഗത്തിൽ, ""വർഷങ്ങൾക്കു മുമ്പ് നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി, ഇപ്പോൾ നമ്മുടെ പ്രതിജ്ഞ പൂർണമായും വീണ്ടെടുക്കേണ്ട സമയം വന്നിരിക്കുന്നു. അർധരാത്രി ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നെഴുന്നേൽക്കും''- അദ്ദേഹം പ്രഖ്യാപിച്ചതു പോലെ അർധരാത്രി നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി ഭീകരാക്രമണത്തിൽ ഭർത്താവ് നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാർക്കുള്ള ആദരവാണ്.

ഭീകരപ്രവർത്തകർക്ക് പാക്കിസ്ഥാൻ നൽകുന്ന സഹായം നിർത്തുകയും അവരെ പാക് മണ്ണിൽ നിന്ന് പുറത്താക്കുകയും വേണം. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കാൻ നാം ആരേയും അനുവദിക്കരുത്.

ഇന്ത്യയുടെ എതിർപ്പ് പാക്കിസ്ഥാനോടല്ല, പാക് മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യയിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്ന ഭീകര സംഘടനകളോടാണ്. ഇത് ലോകരാഷ്‌ട്രങ്ങൾ മനസിലാക്കാനാണ് രാജ്യത്തെ വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ പ്രഗദ്ഭരായ ആളുകളെ ഓരോ രാജ്യങ്ങളിലേക്കും അയച്ചത്. ദുഃഖകരമെന്ന് പറയട്ടെ, കോൺഗ്രസ് പാർട്ടിയുടെ രാഷ്‌ട്രീയ തിമിരം മൂലം ഡോ. ശശി തരൂരിനെ പോലെ ലോകം അംഗീകരിക്കുന്ന ഒരു നയതന്ത്ര വിദഗ്ധനെ വിദേശത്തേക്ക് പോകാനുള്ള പ്രതിനിധികളുടെ ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്താൻ തയാറായില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഇംഗിതം മനസിലാക്കി ഉൾപ്പെടുത്തുകയാണുണ്ടായത്.

എന്നാൽ, പലപ്പോഴും വളരെ അപക്വമായ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നമ്മുടെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത്. പാക് മണ്ണിൽ നിന്ന് ഇന്ത്യയിലേക്കു കടന്ന് അക്രമം നടത്തിയ ഭീകരർക്കെതിരേ നമ്മുടെ സൈന്യം നടപടിയെടുത്തപ്പോൾ ഇന്ത്യയ്ക്ക് എത്രമാത്രം നഷ്ടമുണ്ടായി എന്ന ചോദ്യം ഉയർത്തിയത് രാഹുലാണ്. ഒരു ഏറ്റുമുട്ടലിൽ ആരും നഷ്ടവും നേട്ടവും നോക്കാറില്ല. ജയിച്ചാലും കുറെയൊക്കെ നഷ്ടം വന്നേക്കുമെന്നുറപ്പ്. പക്ഷേ, ലക്ഷ്യം നേടുക എന്നതാണ് പ്രധാനം. പാക് യുദ്ധത്തിലും ചൈനാ യുദ്ധത്തിലും ബംഗ്ലാദേശ് യുദ്ധത്തിലും കാർഗിൽ യുദ്ധത്തിലുമെല്ലാം നമ്മുടെ സൈന്യം വലിയ രക്തസാക്ഷിത്വമാണ് വഹിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നമ്മുടെ ധീര ഭടന്മാർ യുദ്ധക്കളത്തിൽ മരിച്ചു വീഴുമ്പോൾ അവരെ രക്തസാക്ഷികളെന്നും വീരമൃത്യു വരിച്ചവരെന്നും വിശേഷിപ്പിക്കുന്നത്. അവിടെ നമുക്കു വിമാനങ്ങളും കപ്പലുകളുമടക്കം ഒട്ടേറെ സൈനിക ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്. അതിന്‍റെയൊന്നും കണക്ക് ഇന്നോളം ആരും ചോദിച്ചിട്ടില്ല. ഇതൊക്കെ മനസിലാക്കാനുള്ള സാമാന്യ ബോധം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലല്ലോ എന്നതാണ് ജോത്സ്യന്‍റെ സങ്കടം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com