പൊതുരംഗത്തുള്ളവർ സുതാര‍്യമായിരിക്കാൻ ശ്രദ്ധിക്കണം

ബുദ്ധിയിൽ അഗ്രഗണ്യരായവരെ നാം "ബുദ്ധി രാക്ഷസർ' എന്ന് വിശേഷിപ്പിക്കാറുണ്ട്. അത്തരമൊരു പ്രതിഭയായിരുന്നു മുൻ തിരു- കൊച്ചി മുഖ്യമന്ത്രിയും കേന്ദ്ര റെയ്ൽവേ മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ
jyolsyan special article

പനമ്പിള്ളി ഗോവിന്ദ മേനോൻ

Updated on

ജ്യോത്സ്യൻ

നമ്മുടെ നാട്ടിൽ രാഷ്‌ട്രീയത്തിലും സാമൂഹ്യ- വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന ധാരാളം ബുദ്ധിമാന്മാരുണ്ട്. എന്നാൽ ബുദ്ധി പലതരമാണ്. ബുദ്ധിയിൽ അഗ്രഗണ്യരായവരെ നാം "ബുദ്ധി രാക്ഷസർ' എന്ന് വിശേഷിപ്പിക്കാറുണ്ട്. അത്തരമൊരു പ്രതിഭയായിരുന്നു മുൻ തിരു- കൊച്ചി മുഖ്യമന്ത്രിയും കേന്ദ്ര റെയ്ൽവേ മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ. പ്രഗത്ഭനായ നിയമജ്ഞനും വാഗ്മിയുമായിരുന്ന അദ്ദേഹം നർമം കലർന്ന മറുപടികളിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കുന്നതിൽ മുൻപനായിരുന്നു.

അക്കാലത്തെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ കെ.എം. ചാണ്ടി, കെ. കരുണാകരൻ, ആനി തയ്യിൽ തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെയുണ്ടായിരുന്നു. പലപ്പോഴും പനമ്പിള്ളിയും ആനി തയ്യിലും തമ്മിൽ മൂർച്ചയേറിയ വാക്പോരുകൾ നടന്നിട്ടുണ്ട്. ഒരു കെപിസിസി യോഗത്തിൽ പനമ്പിള്ളിക്കെതിരേ ആഞ്ഞടിച്ച ആനി തയ്യിൽ ആവേശത്തോടെ പറഞ്ഞു: "എതിർക്കാനാണെങ്കിൽ എനിക്ക് ഒത്തിരി കാര്യങ്ങൾ അറിയാം. പനമ്പിള്ളിക്കെതിരായ നിരവധി തെളിവുകൾ എന്‍റെ മടിക്കുത്തിൽ വച്ചിട്ടുണ്ട്. അതൊക്കെ ഞാൻ അഴിച്ചു പുറത്തിട്ടാൽ പനമ്പിള്ളി പരുങ്ങലിലാവും, നാണം കെടും!'.

ഭാവഭേദമില്ലാതെ ഇത് കേട്ടിരുന്ന പനമ്പിള്ളി ഉടൻ തന്നെ തന്‍റെ തനതായ ശൈലിയിൽ തിരിച്ചടിച്ചു: "പെങ്ങളേ, ആ മടിക്കുത്ത് ദയവുചെയ്ത് അഴിക്കരുത്. അത് അഴിച്ചാൽ ഇവിടെയിരിക്കുന്ന എല്ലാവരും നാറ്റമേൽക്കേണ്ടി വരും... ആനി തയ്യിൽ ഉൾപ്പെടെ!'

രാഷ്‌ട്രീയ തെളിവുകളെ ഉദ്ദേശിച്ചാണ് ആനി തയ്യിൽ സംസാരിച്ചതെങ്കിലും, പനമ്പിള്ളിയുടെ ദ്വയാർഥമുള്ള ആ നർമ പ്രയോഗം കേട്ട് അവർക്ക് പോലും ചിരി അടക്കാനായില്ല. കലുഷിതമായ ആ രാഷ്‌ട്രീയ അന്തരീക്ഷം ഒരൊറ്റ നിമിഷം കൊണ്ട് ചിരിയിൽ അലിഞ്ഞുപോയി.

രാഷ്‌ട്രീയത്തിലെ പരാജയങ്ങളെപ്പോലും തമാശയോടെയാണ് അദ്ദേഹം നേരിട്ടത്. ചാലക്കുടി മണ്ഡലത്തിൽ അന്നത്തെ പ്രജാ സോഷ്യലിസ്റ്റ് നേതാവ് സി.ജി. ജനാർദനനോട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോൾ തന്‍റെ തോൽവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് "വഴിയിൽ കിടക്കുന്ന പഴത്തൊലിയിൽ ചവിട്ടിയാൽ ആരും വീഴും' എന്നായിരുന്നു!

ചില ബുദ്ധിമാന്മാർ മൗനം ആയുധമാക്കുന്നവരാണ്. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു അത്തരമൊരാളായിരുന്നു. ബഹുഭാഷാ പണ്ഡിതനും കരുത്തനുമായിരുന്നിട്ടും ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അതിലൊരു ഭാഷയിൽ പോലും "അത് ചെയ്യരുത് ' എന്ന് പറയാൻ അദ്ദേഹം തയാറായില്ല എന്ന് അന്തരിച്ച മുൻ എംഎൽഎ ലോനപ്പൻ നമ്പാടൻ നിയമസഭയിൽ ഉയർത്തിയ ആക്ഷേപം ഇന്നും ചരിത്രത്തിലുണ്ട്.

കെ. കരുണാകരനും ഒട്ടും മോശക്കാരനായിരുന്നില്ല. ഒരിക്കൽ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ലീഡറോട് വളരെ ഗൗരവത്തിൽ ചോദിച്ചു: "ലീഡർ, ഇത്രയും നീണ്ട രാഷ്‌ട്രീയ ജീവിതത്തിന് ശേഷം ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്താണ് തോന്നുന്നത്?'

വലിയൊരു ആത്മപരിശോധന പ്രതീക്ഷിച്ച പത്രപ്രവർത്തകന് മുന്നിൽ ലീഡർ ശാരീരികമായി ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു: "ദാ, ഇങ്ങനെയൊക്കെ ഇരിക്കുന്നു!'

ഗൗരവമുള്ളൊരു ചോദ്യത്തെ ഒരൊറ്റ നിമിഷം കൊണ്ട് അദ്ദേഹം കോമഡിയാക്കി മാറ്റി.

എന്നാൽ സമകാലിക രാഷ്‌ട്രീയത്തിലേക്ക് വരുമ്പോൾ ഈ നർമബോധത്തിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങളാണ് പലപ്പോഴും കാണാറുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ശരീരഭാഷയെയും പ്രവർത്തന ശൈലിയെയും മുൻ മന്ത്രി പി. രാജീവ് വിമർശിച്ചതും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും ഇതിനൊരു ഉദാഹരണമാണ്. രാജീവ് വലിയൊരു ബുദ്ധിജീവിയും ചിന്തകനുമായിരിക്കാം. എന്നാൽ താൻ തമാശ കേൾക്കുമ്പോൾ ചിരിക്കുകയും, സങ്കടം വരുമ്പോൾ കരയുകയും, ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, സതീശനെതിരേയും വിമർശനങ്ങൾ കുറവല്ല. സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം മംഗലാപുരത്ത് പോയി അദാനി ഗ്രൂപ്പിന്‍റെ സീനിയർ ഉദ്യോഗസ്ഥരെ കണ്ടെന്നും, വിഴിഞ്ഞം എയർപോർട്ടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും അതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന്‍റെ 75 ശതമാനം ഓഹരികളിൽ 49 ശതമാനം എംഎസ്‌സി കമ്പനിക്കു വിൽക്കാനുള്ള തീരുമാനം ഉണ്ടായതെന്നും ആയിരുന്നു ആരോപണം. എന്നാൽ താൻ സത്യപ്രതിജ്ഞ എടുക്കുന്നതിന് മുമ്പ് കൊല്ലൂരിൽ മൂകാംബികാ ദേവിയെ കാണാൻ പോയതായിരുന്നു എന്നും എല്ലാ നിയമസഭ സമ്മേളനങ്ങൾക്കും മുന്നോടിയായി താൻ മൂകാംബികയിൽ പോകാറുണ്ടെന്നും മൂകാംബികാ ദേവിയുടെ ഭക്തനാണ് താനെന്നും ആയിരുന്നു സതീശന്‍റെ വിശദീകരണം.

ബുദ്ധിമാന്മാരും അതിബുദ്ധിമാന്മാരും വക്രബുദ്ധിമാന്മാരുമൊക്കെ ഈ രാഷ്‌ട്രീയ ഗോദയിലുണ്ട്. എന്നാൽ ജനങ്ങൾക്ക് എല്ലാവരെയും കൃത്യമായി തിരിച്ചറിയാം എന്ന കാര്യം നേതാക്കൾ വിസ്മരിക്കരുത്. "സീസറുടെ ഭാര്യ ആരോപണങ്ങൾക്ക് അതീതമായിരിക്കണം' എന്ന പഴഞ്ചൊല്ല് അർഥമാക്കുന്നതു പോലെ, പൊതുരംഗത്തു നിൽക്കുന്നവർ എപ്പോഴും സുതാര്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com