ഭരണപക്ഷവും പ്രതിപക്ഷവും മികച്ചതാകട്ടെ..!

ചന്ദ്രബാബു നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും രാഷ്‌ട്രീയ പശ്ചാത്തലം പരിശോധിക്കുമ്പോൾ നാളെ അവർ എന്തു സമീപനമെടുക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല.
ഭരണപക്ഷവും പ്രതിപക്ഷവും മികച്ചതാകട്ടെ..!
ഭരണപക്ഷവും പ്രതിപക്ഷവും മികച്ചതാകട്ടെ..!

ജ്യോത്സ്യൻ

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തും പക്വതയും തെളിയിച്ച ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. 18ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. അവ വിശകലനം ചെയ്യുമ്പോൾ ഇത്തവണ അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചതായി കാണുന്നു. ഫലപ്രഖ്യാപനത്തിനു മുമ്പ് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ യാഥാർഥ്യത്തിൽ നിന്നും അകലെയാണെന്ന് തെളിയിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നാനൂറിലധികം സീറ്റുകളാണ് എൻഡിഎയ്ക്ക് കിട്ടുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനപ്പെട്ട എല്ലാ എക്സിറ്റ് പോൾ സർവെകളും ബിജെപി നയിക്കുന്ന എൻഡിഎ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തിൽ കടന്നുവരുമെന്നായിരുന്നു. എന്നാൽ അതെല്ലാം തെറ്റായി. ഒരു മുന്നണി സംവിധാനത്തിൽ എൻഡിഎ രാജ്യം ഭരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ശക്തമായ ഒരു പ്രതിപക്ഷമായി മാറുകയും ചെയ്തിരിക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ മനസ് പ്രവചനാതീതമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. അധികാരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഭാഷ ജനതയ്ക്ക് ദഹിക്കുന്നതല്ല. നരേന്ദ്ര മോദി അഭിമാനത്തോടെ പടുത്തുയർത്തിയ രാമക്ഷേത്രം ഉൾക്കൊള്ളുന്ന അയോധ്യ ഉൾപ്പെടെയുള്ള പാർലമെന്‍റ് നിയോജക മണ്ഡലത്തിൽ ജനങ്ങൾ ബിജെപിക്ക് ഭൂരിപക്ഷം നൽകിയില്ല.

മുഖ്യമന്ത്രി എന്ന നിലയിലും രണ്ട് പ്രാവശ്യം പ്രധാനമന്ത്രി എന്ന നിലയിലും ഒരു ഏകാധിപതിയായി മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി ചന്ദ്രബാബു നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും താങ്ങുവടികൾ അദ്ദേഹത്തിന് പ്രയോജനപ്പെടുത്തേണ്ടി വരും. പരിസ്ഥിതി ദിനത്തിൽ ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ ചെടിക്കു വെള്ളമൊഴിക്കുന്ന പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങൾക്ക് വാചാലത നൽകിയിരിക്കുന്നു. പ്രധാനമന്ത്രി നട്ട് വെള്ളമെഴിക്കുന്ന ചെടിക്ക് പ്രധാനമന്ത്രിയെക്കാൾ ഉയരമുണ്ട്. കൂടെയുള്ളയാൾ ചെടിയുടെ ഒരറ്റം പിടിച്ച് നിർത്തിയിരിക്കുകയാണ്. നല്ല താങ്ങ് കൊടുത്തില്ലെങ്കിൽ ചെടി ഒടിഞ്ഞ് താഴെ വീഴും. അതുപോലെയാണ് എൻഡിഎ മുന്നണിയും ബിജെപിക്ക് മറ്റു പലരുടെയും താങ്ങു വേണ്ടി വരുമെന്നാണ് ചിത്രത്തിന് വന്ന കമന്‍റുകൾ.

ചന്ദ്രബാബു നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും രാഷ്‌ട്രീയ പശ്ചാത്തലം പരിശോധിക്കുമ്പോൾ നാളെ അവർ എന്തു സമീപനമെടുക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല.

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് സ്ഥിരതയുള്ള സർക്കാർ ആവശ്യമാണ്. അസ്ഥിരത രാജ്യത്തിന്‍റെ വളർച്ചയെ തകർക്കും. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനും വലിയ ഉത്തരവാദിത്വമുണ്ട്. 30 സീറ്റിന്‍റെ കുറവിലാണ് ഇന്ത്യ മുന്നണിക്ക് അധികാര കസേര നഷ്ടപ്പെട്ടത്. അതിന്‍റെ അഹംഭാവം കാണിക്കരുത്. പാർലമെന്‍റിൽ ജനാധിപത്യപരമായ ചർച്ചകൾ നടത്തണം. ജനോപകാര തീരുമാനങ്ങൾ എടുക്കണം. ജനാധിപത്യം നിലനിർത്തുന്ന സ്ഥാപനങ്ങളായ നീതിപീഠങ്ങൾക്കും ജനങ്ങളുടെ ശബ്ദമായ മാധ്യമങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. ദേശീയ വരുമാനത്തിന്‍റെ 40 ശതമാനവും ജനസംഖ്യയിലെ ഒരു ശതമാനം ആളുകൾ കൈക്കലാക്കിക്കൊണ്ടിരിക്കുന്നു. 30 വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ, രാജ്യം 6 മുതൽ 9 ശതമാനം വരെ വളർച്ച നേടിയെന്നത് അഭിമാനകരമാണെങ്കിലും, ഈ വളർച്ചയുടെ ഗുണഫലം എല്ലാവർക്കും നീതിപൂർവകമായും തുല്യമായും കിട്ടുന്നില്ല. സ്വതന്ത്രാനന്തര ഭരതത്തിന്‍റെ ചരിത്രം നോക്കിയാൽ സമ്പത്ത് ഏതാനും ആളുകളുടെ കൈകളിൽ മാത്രം ഒതുങ്ങുന്നതായാണ് കാണുന്നത്. ജനസംഖ്യയുടെ 20 ശതമാനം ആളുകൾക്ക് സ്ഥിരമായ ജോലിയോ വാസസ്ഥലമോ ഇല്ല.

ആരോഗ്യകരമായ പാർലമെന്‍ററി ഭരണത്തിന് ഭരിക്കുന്നവരും പ്രതിപക്ഷവും തമ്മിൽ ജനാധിപത്യപരമായ ധാരണകളും പ്രവർത്തനങ്ങളും ഉണ്ടാകണം. പ്രതിപക്ഷത്തെ അവഗണിക്കുന്ന ഭരണപക്ഷവും ഭരണപക്ഷത്തെ അന്ധമായി എതിർക്കുന്ന പ്രതിപക്ഷവും സുഗമമായ ഭരണത്തിന് സഹായകരമാകില്ല. ബോഫോഴ്സ് തോക്കിടപാട്, 2ജി സ്പെക്‌ട്രം ഇടപാടുകൾ, റഫാൽ യുദ്ധ വിമാന കരാറുകൾ തുടങ്ങിയ ആക്ഷേപങ്ങൾ മൂലം പാർലമെന്‍റ് നടപടികൾ മാസങ്ങളോളം തടസപ്പെട്ടു എന്നത് പ്രത്യേകം ഓർക്കണം. ഇപ്പോൾ സർക്കാർ രൂപീകരിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ എക്സിറ്റ് പോളും, സ്റ്റോക്ക് എക്സചേഞ്ച് ഇടപാടുകളും എടുത്തു കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി സർക്കാരിനെതിരേ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. ഈ പശ്ചാതലത്തിൽ പാർലമെന്‍റ് പ്രവർത്തനങ്ങൾ സുഗമമാകുമോ എന്നതിൽ സംശയമുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക സാഹചര്യമാണ് വന്നു ചേർന്നിട്ടുള്ളത്. കേരളത്തിലെ 20ൽ 18 സീറ്റുകളും യുഡിഎഫിനാണ്. ഒരു സീറ്റ് എൽഡിഎഫിനും മറ്റൊന്ന് ബിജെപിക്കും കിട്ടി. യുഡിഎഫിന്‍റെ വിജയത്തിന് സഹായിച്ചത് ദേശീയ രാഷ്‌ട്രീയം തന്നെയാണ്. ഇവിടെ പരസ്പരം ഏറ്റുമുട്ടിയ എൽഡിഎഫും യുഡിഎഫും ദേശീയ തലത്തിൽ ബിജെപിയ്ക്കെതിരായി ഒന്നിച്ച് നിൽക്കുകയാണ്. ഇത് വിചിത്രമായ രാഷ്‌ട്രീയ ഐക്യമായി കേരളത്തിലെ ജനങ്ങൾ കാണുകയുണ്ടായി. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസാണ് പ്രധാന പങ്കാളിത്തം വഹിക്കേണ്ടതെങ്കിൽ കേരളത്തിൽ എന്തിന് എൽഡിഎഫിനെ പിന്തുണയ്ക്കണം എന്ന് ജനങ്ങൾ ചിന്തിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല.

തെരഞ്ഞെടുപ്പു കാലത്തുണ്ടായിരുന്ന വീറും വാശിയും സംസ്ഥാനത്തിന് ഗുണകരമായി മാറ്റാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളം ഭരിക്കുന്ന എൽഡിഎഫിനും ലോക്സഭയിലെ ശക്തമായ പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്കും കഴിയണം. കേരളത്തിന്‍റെ വളർച്ചയ്ക്ക് സഹായകരമായ അതിവേഗ റെയ്‌ൽവേ, എയിംസ്, കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം എന്നിവ നേടിയെടുക്കാൻ കേരള ജനപ്രതിനിധികൾ രാഷ്‌ട്രീയത്തിന് അതീതമായി ഡൽഹിയിൽ ഒന്നിച്ചു നിൽക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com