

എഡിറ്റോറിയൽ എഴുതാൻ പ്രഭു ചൗളയുടെ ഫോൺ കോൾ വന്നാലുടൻ തന്നെ കെജികെ കീബോർഡിൽ വിരലുകളോടിക്കും.
MV Graphics
പ്രശസ്ത പത്രപ്രവർത്തകൻ കെ. ഗോവിന്ദൻകുട്ടിയുടെ (KGK) വിയോഗത്തിൽ അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ച ഒരു സഹപ്രവർത്തകന്‍റെ ഹൃദയസ്പർശിയായ ഓർമക്കുറിപ്പ്. മാധ്യമ പ്രവർത്തനത്തിൽ അദ്ദേഹം പുലർത്തിയ നിസ്തുലമായ പ്രവർത്തനശൈലി, ഭാഷാ പ്രാവീണ്യം, ലാളിത്യം എന്നിവ കുറിപ്പിൽ പ്രതിപാദിക്കുന്നു. ബാബറി മസ്ജിദ് തകർച്ചയെത്തുടർന്ന് അദ്ദേഹം എഴുതിയ വിഖ്യാതമായ എഡിറ്റോറിയലിനെക്കുറിച്ചും, ടി.എൻ. ശേഷൻ, കെ. കരുണാകരൻ തുടങ്ങിയ പ്രമുഖരുമായുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും ലേഖകൻ അനുസ്മരിക്കുന്നു. മാധ്യമപ്രവർത്തനത്തെ വെറുമൊരു തൊഴിലായല്ല, മറിച്ച് ഒരു ജീവിത ദൗത്യമായാണ് അദ്ദേഹം കണ്ടിരുന്നതെന്നും, കെജികെ വരുംതലമുറയ്ക്ക് എന്നും ഒരു മാതൃകയാണെന്നും കുറിപ്പ് അടിവരയിടുന്നു.
അജയൻ
വർഷം 1990. കൊച്ചി ഇന്ത്യൻ എക്സ്പ്രസിലെ നിശബ്ദമായ ചില അഴിച്ചുപണികൾക്കു പിന്നാലെ, കെ. ഗോവിന്ദൻകുട്ടി എന്ന കെജികെ അസിസ്റ്റന്‍റ് എഡിറ്ററായി ബംഗളൂരു ഓഫിസിലെത്തി. അന്നെനിക്ക് ഡെസ്കിലാണ് ജോലി. എല്ലാവരും ആദരവോടെ നോക്കിക്കണ്ടിരുന്ന ആ മുതിർന്ന മാധ്യമപ്രവർത്തകൻ തികഞ്ഞ ലാളിത്യത്തോടും സൗമ്യതയോടും കൂടി ഞങ്ങളിലൊരാളായി നടക്കുന്നത് അദ്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
എന്‍റെ മനസ് കൂടുതൽ പിന്നോട്ടു സഞ്ചരിക്കുകയാണ്, 1985ലേക്ക്. അന്ന് കൊച്ചിയിലെ ന്യൂസ്‌റൂം എസ്.കെ. അനന്തരാമൻ എന്ന അതികായന്‍റെ കർക്കശമായ മേൽനോട്ടത്തിനു കീഴിലായിരുന്നു. മാധ്യമപ്രവർത്തകർ ഒരേസമയം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന വ്യക്തിത്വം. ഗൗരവം തളംകെട്ടിനിൽക്കുന്ന ആ മുറിയിലേക്ക് കെജികെ കടന്നുവന്നു. കീർത്തി കേട്ട ആ ജേണലിസ്റ്റ് ഡെസ്കിലുള്ളവർക്കു നേരെ ഒരു ചെറുപുഞ്ചിരി തൂകി, അനന്തരാമന്‍റെ ക്യാബിനിലേക്കു നടന്നു. അവിടെ കസേര വലിച്ചിട്ടിരുന്ന് അദ്ദേഹം സംസാരിച്ചു തുടങ്ങി.
വൈകാതെ ക്യാബിനുള്ളിൽ നിന്ന് പൊട്ടിച്ചിരികൾ ഉയരുന്നതു കേട്ട് ഞങ്ങൾ അവിശ്വസനീയതയോടെ പരസ്പരം നോക്കി. അന്ന് എല്ലാവരും ഭയപ്പെട്ടിരുന്ന ആ വ്യക്തിക്കു മുന്നിൽ തികഞ്ഞ സമഭാവനയോടെ, നിർഭയനായി, ആർജവത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരാൾ! അവിടെ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ, ആത്മവിശ്വാസവും ലാളിത്യവും ഒത്തുചേർന്ന ആ വ്യക്തിത്വത്തെ ഞങ്ങൾ ആരാധനയോടെ നോക്കിനിന്നു.
വർഷങ്ങൾക്കു ശേഷം കൊച്ചിയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ആരംഭിച്ചപ്പോൾ, അതിന്‍റെ തലപ്പത്തേക്ക് പ്രഭു ചൗള തെരഞ്ഞെടുത്തത് കെജികെയെ ആയിരുന്നു. അന്ന് അടുത്ത മുറിയിൽ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ സബ് എഡിറ്ററായിരുന്ന എന്നെ അദ്ദേഹം തന്‍റെ ടീമിലേക്കു ക്ഷണിച്ചു. ചില സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നിട്ടും, തന്‍റെ സ്വാധീനവും നിശ്ചയദാർഢ്യവും ഉപയോഗിച്ച് അദ്ദേഹം എനിക്ക് മാറ്റം വാങ്ങിത്തന്നു. അദ്ദേഹത്തിനു കീഴിൽ ജോലി ചെയ്യാൻ സാധിച്ചത് ഒരു അപൂർവ ഭാഗ്യമായി ഞാൻ കരുതുന്നു.
വിഷയങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവും, ഭാഷയിലെ തെളിമയാർന്ന ശൈലിയുമാണ് കെജികെയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. എഡിറ്റോറിയൽ എഴുതാൻ പ്രഭു ചൗളയുടെ ഫോൺ കോൾ വന്നാലുടൻ തന്നെ കെജികെ കീബോർഡിൽ വിരലുകളോടിക്കും. മിനിറ്റുകൾക്കുള്ളിൽ ഡൽഹിയിലേക്കയക്കാൻ പാകത്തിൽ മനോഹരമായൊരു മുഖപ്രസംഗം തയാറായിട്ടുണ്ടാകും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ടോ മൂന്നോ എഡിറ്റോറിയലുകൾ അദ്ദേഹം ഇത്തരത്തിൽ എഴുതിത്തീർക്കുമായിരുന്നു. ആ ചിന്താ വ്യക്തതയും ഭാഷാ പ്രയോഗങ്ങളും ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിൽ വച്ച് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഉൾപ്പെട്ട വിമാനാപകടത്തിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നത് കേട്ടിരിക്കാൻ നല്ല രസമായിരുന്നു. ടി.എൻ. ശേഷനെക്കുറിച്ചുള്ള പുസ്തക രചനയ്ക്കിടയിലെ അനുഭവങ്ങൾ, രാജൻ പിള്ളയുടെ കലുഷിതമായ ജീവിതം, കെ. കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യന്‍റെ ജീവതചിത്രങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ വിവരണങ്ങൾ അത്രമേൽ ആകർഷകമായിരുന്നു.
ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസം ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം എഴുതിയ എഡിറ്റോറിയൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ സംഭവത്തിന്‍റെ ആഘാതത്തിൽ തത്സമയം എഴുതിയതുകൊണ്ടാണ് അതിന് അത്രമേൽ മൂർച്ചയുണ്ടായതെന്ന് പിന്നീട് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ പ്രഭു ചൗള വിളിച്ച്, അത് ഏറ്റവും മികച്ച എഡിറ്റോറിയലാണെന്ന് പ്രശംസിച്ചു. എങ്കിലും പിൽക്കാലത്ത് മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ, അത്തരമൊരു എഡിറ്റോറിയൽ ഇന്ന് അസാധ്യമാണെന്ന് അദ്ദേഹം തമാശയോടെ പറയുമായിരുന്നു.
ഫിനാൻഷ്യൽ എക്സ്പ്രസ് വിട്ട് അദ്ദേഹം ഇന്ത്യ ടുഡേയിലേക്കു പോയപ്പോൾ, എന്നെ പിൻഗാമിയായി നിർദേശിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്. സ്ഥാപനം വിട്ടുപോയ ഒരാളുടെ ശുപാർശ മാനേജ്മെന്‍റ് സ്വീകരിച്ചു എന്നത്, അവർക്ക് അദ്ദേഹത്തോടുള്ള ആദരവിന്‍റെ തെളിവായിരുന്നു.
മാധ്യമപ്രവർത്തനം ഒരു തൊഴിലായല്ല, മറിച്ച് ഒരു നിയോഗമായാണ് കെജികെയും അദ്ദേഹത്തിന്‍റെ തലമുറയും കണ്ടിരുന്നത്. ഇംഗ്ലിഷിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള, വാർത്തകളിലെ സത്യം തൊട്ടറിയാൻ ജന്മസിദ്ധമായ കഴിവുണ്ടായിരുന്ന ആ വലിയ മനുഷ്യൻ വരുംതലമുറയിലെ പത്രപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്തകമായിരിക്കും.