
## വി.ഡി. സതീശന്‍
ചിത്രം വര പഠിക്കാന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തി കേരളത്തിന്‍റെ രാഷ്‌ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യന്‍. നാലുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായ ഒരാള്‍. അനുയായികള്‍ മാത്രമല്ല, എതിരാളികള്‍ പോലും ലീഡര്‍ എന്ന് വിളിച്ചിരുന്ന ഒരേയൊരാള്‍. കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തില്‍ ചേര്‍ത്തത് വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ അയച്ചത് രാഷ്‌ട്രീയ ഗുരുനാഥന്‍ പനമ്പള്ളി ഗോവിന്ദ മേനോനും. കെ. കരുണാകരന് പകരം വയ്ക്കാന്‍ കേരള രാഷ്‌ട്രീയത്തില്‍ മറ്റൊരാളില്ല. കേരളത്തെയും കോണ്‍ഗ്രസിനെയും കൈപിടിച്ചുയര്‍ത്തിയ ലീഡര്‍ കെ. കരുണാകരന്‍ എന്നത് കേരളത്തിന്‍റെ വികസന കാഴ്ചപ്പാടിനെ മാറ്റി മറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.
കെ. കരുണാകരന്‍ അധികാരത്തിലേക്ക് എടുത്തുയര്‍ത്തപ്പെട്ടതല്ല, പോരാടി നേടിയതാണ്. തന്‍റെ രാഷ്‌ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡര്‍ പ്രവര്‍ത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളര്‍ത്തയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാന്‍ ലീഡര്‍ക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്‌ട്രീയ ഭൂമികയില്‍ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ. കരുണാകരന്‍ എന്ന ട്രേഡ് യൂണിയന്‍ നേതാവ് കോട്ടകള്‍ പടുത്തുയര്‍ത്തിയത്.
1952ലും 54ലും 65ലും നിയമനിര്‍മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണായക രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967ലാണ്, അന്ന് ഒന്‍പതംഗ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി കെ. കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ. കരുണാകരന്‍ പ്രതിപക്ഷ നേതാവായി. വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ പ്രസക്തമായ രാഷ്‌ട്രീയ കക്ഷികളുടെ കൂട്ടായ്മകളും മുന്നണി രാഷ്‌ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കരുണാകരന്‍. സംസ്ഥാന രൂപീകരണം മുതല്‍ 80കള്‍ വരെ ഏറെയും അസ്ഥിരമായ സര്‍ക്കാരുകളായിരുന്നു. കരുണാകരന്‍ എന്ന കേരള രാഷ്‌ട്രീയത്തിലെ ഭീക്ഷ്മാചാര്യന്‍റെ ആശയമായിരുന്നു യുഡിഎഫ്. 82ല്‍ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.
അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്‌ട്രീയ എതിരാളികളെ ഒരു ദയയും ഇല്ലാതെ വിമര്‍ശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. ഏവര്‍ക്കും സ്വീകാര്യന്‍. കണ്ണിറുക്കിയുള്ള ആ ചിരിയില്‍ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്‍റെ ഉറച്ച ഭക്തന്‍. പക്ഷേ എല്ലാ ജാതി മത വിശ്വാസികള്‍ക്കും ഒരു പോലെ സ്വീകാര്യന്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നയാള്‍. മതേതരത്വത്തിന്‍റെ അടിയുറച്ച വക്താവ്.
നിങ്ങള്‍ നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമ്പോഴും അത് ഇതര മതസ്ഥരെ നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുകയാണ് ഉത്തമനായൊരു ഭരണാധികാരിയുടെ ഗുണമെന്നും ഞാന്‍ പഠിച്ചത് ലീഡറിൽ നിന്നാണ്.
ഇന്ദിര ഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരന്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കിങ് മേക്കായിരുന്നു. എപ്പോഴും ഊർജസ്വലന്‍. തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത, അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളില്‍ മിക്കതിലും അദ്ദേഹത്തിന്‍റെ കൈയൊപ്പുണ്ട്. കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളെജ് , ഗോശ്രീ പാലങ്ങള്‍ ഉള്‍പ്പെടെ എത്രയെത്ര പദ്ധതികള്‍. എതിര്‍പ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡര്‍ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിര്‍ത്തവര്‍ പിന്നീട് ഈ വികസന പദ്ധതികളുടെ നേതൃത്വത്തില്‍ വരികയോ അതിന്‍റെ ഭരണം തട്ടിയെടുക്കകയോ ചെയ്തു.
കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കരുണാകരന്‍. ഭരണപരമോ രാഷ്‌ട്രീയപരമോ ആയ ഏതു സങ്കീര്‍ണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളില്‍ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡര്‍ക്കുണ്ടായിരുന്നു. വിശ്വാസത്തിന്‍റേയും വിശ്വസിച്ചതിന്‍റേയും പേരില്‍ ലീഡര്‍ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തീരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്‍റെ കൂടി ഗുണഫലം നമ്മള്‍ ഇന്ന് അനുഭവിക്കുന്നുണ്ട്.
കെ. കരുണാകരന്‍ എക്കാലത്തും ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെയും കരുത്തും വികാരവുമാണ്. കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാള്‍ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവര്‍ അദ്ദേഹത്തിന്‍റെ അനുയായികളും ആ പാത പിന്തുടരുന്നവരും മാത്രം. 2010 ഡിസംബർ 23നാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ലീഡറുടെ ഓര്‍മകള്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം.