മൃദംഗത്തിലെ മണിനാദം

മൃദംഗത്തിലെ മണിനാദം

സമപ്രായക്കാരായ നിരവധി കുട്ടികളെത്തുന്ന ഗുരുവിന്‍റെ വീട്ടുവളപ്പിൽ "ഗില്ലി ദണ്ഡ" എന്ന കുട്ടിക്കളി തകർക്കുന്നു. അതിലായിരുന്നു അവന്‍റെ ശ്രദ്ധ

# വിജു നമ്പൂതിരി

മൂന്നാം വയസിൽ തുടങ്ങിയ സംഗീത പഠനം അഞ്ചാം വയസിൽ പഞ്ചരത്ന കീർത്തനങ്ങളിലേക്കു വളർന്നപ്പോഴാണ് മണിയെ അച്ഛൻ ടി. രാമനാഥ അ‍യ്യർ മൃദംഗപഠനത്തിനു കൂടി ചേർത്തത്. സംഗീതവും ശാസ്ത്രവുമടക്കം ഏതു വിഷയവും വഴങ്ങുന്ന തന്നെപ്പോലെ മകൻ തന്‍റെ പാരമ്പര്യം തുടരണമെന്നതായിരുന്നു ഏതൊരു പിതാവിനെയും പോലെ രാമനാഥ അയ്യരുടെ ആഗ്രഹം. എന്നാൽ, കാരൈക്കുടി മുത്തു അയ്യരുടെ മൃദംഗ ക്ലാസായിരുന്നില്ല, കുട്ടിയായ മണിയെ ആകർഷിച്ചത്. സമപ്രായക്കാരായ നിരവധി കുട്ടികളെത്തുന്ന ഗുരുവിന്‍റെ വീട്ടുവളപ്പിൽ "ഗില്ലി ദണ്ഡ" എന്ന കുട്ടിക്കളി തകർക്കുന്നു. അതിലായിരുന്നു അവന്‍റെ ശ്രദ്ധ.

മുത്തു അയ്യർ കുട്ടികൾക്കു മൃദംഗ പാഠങ്ങൾ പകരുമ്പോൾ മുറ്റത്തു കളിക്കുകയാവും മണി. ചെറിയ കുട്ടിയല്ലേ, എന്ന വാത്സല്യത്തിൽ ഗുരു കണ്ണടയ്ക്കും. എന്നാൽ, തലേന്നു പഠിപ്പിച്ചതിനെക്കുറിച്ച് അച്ഛൻ ചോദിക്കുമ്പോൾ ഒരു പിഴവുമില്ലാതെ മൃദംഗത്തിൽ വിരുതുകാട്ടും മണി. അങ്ങനെയൊരു ദിവസമാണു മണിയുടെ പഠനം, ഇവിടെ അവസാനിക്കേണ്ടതല്ലെന്നു ഗുരു മുത്തു അയ്യരും അച്ഛൻ രാമനാഥ അയ്യരും തീരുമാനിച്ചത്. കാരൈക്കുടി രംഗു അയ്യങ്കാറുടെയും ടി.ആർ. ഹരിഹര ശർമയുടെയും കെ.എം. വൈദ്യനാഥന്‍റെയുമൊക്കെ ശിക്ഷണങ്ങളിലേക്ക് മണി പറിച്ചുനടപ്പെട്ടത് അങ്ങനെയായിരുന്നു. താളവും കൈക്കനവും ഉറച്ച  "കുട്ടിമണി' കാലപ്രമാണത്തിന്‍റെ തമ്പുരാനായി മാറുന്നതാണ് പിന്നീട് കർണാടക സംഗീത ലോകം കണ്ടത്.... സംഗീതത്തിന്‍റെയും മൃദംഗത്തിന്‍റെയും രാജ്യത്തിന്‍റെ തന്നെയും സാംസ്കാരിക അംബാസഡർ കൂടിയായി കാരൈക്കുടിയുടെ സ്വന്തം ബാലൻ.

ഏഴു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയിൽ എം.എസ്. സുബ്ബലക്ഷ്മിയും ഡി.കെ. പട്ടമ്മാളും ഉൾപ്പെടുന്ന മഹാഗുരുക്കൾക്കൊപ്പം പക്കം വായിച്ച മണി സഞ്ജയ് സുബ്രഹ്മണ്യനും നെയ്‌വേലി സന്താനഗോപാലവുമുൾപ്പെടെ പുതുതലമുറയ്ക്കൊപ്പവും വേദികൾ പങ്കിട്ടു.

ഇടി മുഴങ്ങുന്ന പെരുമഴ പോലെയായിരുന്നു മണിയുടെ മൃദംഗവാദനം. മൂന്നു മണിക്കൂറിലേറെ നീളുന്ന സംഗീത സദസുകളിൽ തനിയാവർത്തനത്തിന്‍റെ തുടക്കം ചായ കുടിക്കാനുള്ളതാണെന്ന ആസ്വാദക ശീലം മാറ്റിയെഴുതി മണി. ഓരോ വേദിയിലും പുതുതായി എന്തെങ്കിലും നൽകുമെന്ന മിനിമം ഗ്യാരണ്ടി മണിയിൽ നിന്നുണ്ടായപ്പോൾ തനിയാവർത്തനത്തിനു സദസ് കാത്തിരുന്നു തുടങ്ങി. സംഗീത പരിപാടികളുടെ നോട്ടീസുകളിൽ വോക്കൽ എന്നതിനൊപ്പം പ്രാധാന്യത്തിൽ തന്നെ കുറിക്കപ്പെട്ടു ഗുരു കാരൈക്കുടി ആർ. മണി എന്ന പേര്. മൃദംഗത്തിൽ കാരൈക്കുടി ശൈലിയും രൂപപ്പെട്ടിരുന്നു ഇതിനകം.

മനോധർമങ്ങളും പരീക്ഷണങ്ങളുമെല്ലാം മുൻകൂട്ടി തീരുമാനിച്ചതാണോ എന്ന ചോദ്യത്തിന് മണി ഒരിക്കൽ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു-""അങ്ങനെ പറയാനാവില്ല. സംഗീതം എന്നും എന്നോടൊപ്പമുണ്ടായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ അച്ഛനാണ് എന്നിൽ സംഗീതബോധമുറപ്പിച്ചത്. അന്ന് നാട്ടിലെ ക്ഷേത്രങ്ങളിൽ നിറയെ കച്ചേരികളുണ്ട്. അരിയക്കുടി രാമാനുജം അയ്യങ്കാർ, ആലത്തൂർ സഹോദരന്മാർ തുടങ്ങി മഹാരഥന്മാരാണു വരുന്നത്. ഇതിനു പുറമേ ക്ഷേത്രങ്ങളിൽ സമ്പ്രദായ ഭജനും ഹരികഥയുമുണ്ടാകും. ഇതിനെല്ലാം പുറമേ സംഗീതജ്ഞനായ അച്ഛൻ വീട്ടിലുള്ളപ്പോഴെല്ലാം കീർത്തനങ്ങൾ മുഴങ്ങും. എന്നെയും പഠിപ്പിക്കും. അഞ്ചു വയസുള്ളപ്പോൾ പഞ്ചരത്ന കീർത്തനങ്ങൾ പൂർണമായും പാടാനാകുമായിരുന്നു എനിക്ക്''.

പതിനെട്ടാം വയസിലാണ് മണിക്ക് ആദ്യ അംഗീകാരം ലഭിക്കുന്നത്. ദേശീയ തലത്തിൽ ആകാശവാണി നടത്തിയ മത്സരത്തിൽ ലഭിച്ച പുരസ്കാരം സമ്മാനിച്ചത് അന്നത്തെ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ. 1998ൽ സംഗീതനാടക അക്കാഡമി അവാർഡ് ലഭിക്കുമ്പോഴേക്കും മണിയുടെ വസതിയിലെ സന്ദർശക മുറിയിൽ പുരസ്കാരങ്ങൾ വയ്ക്കാൻ ഇടമില്ലാതായിരുന്നു.

കർണാടക സംഗീതത്തിന്‍റെ അകമ്പടിയെന്നതിൽ നിന്ന് സ്വന്തം വ്യക്തിത്വമുള്ള വാദ്യമെന്ന നിലയിലേക്ക് ഉയർത്തിയിരുന്നു ഇതിനകം മൃദംഗമെന്ന വാദ്യത്തെ ഗുരു കാരൈക്കുടി മണി. ശ്രുതിലയ എന്ന പേരിൽ മൃദംഗം മുന്നിൽ നിന്നു നയിക്കുന്ന മണിയുടെ വാദ്യസംഗീത സദസുകൾക്ക് ലോകമെമ്പാടും വേദികൾ ലഭിച്ചു. പാശ്ചാത്യ സംഗീത ഉപകരണമായ ജാസ് ഉൾപ്പെടെ മൃദംഗത്തിന്‍റെ "പാഠക്കൈകളെ' പിന്തുടരുന്ന അപൂർവ കാഴ്ചയും ലോകം കണ്ടു.

""സ്റ്റേജിൽ കയറിയാൽ ഞാൻ സദസിനെ മറക്കും. ആരെങ്കിലും ഇറങ്ങിപ്പോകുന്നതോ പിന്നിലിരിക്കുന്നതോ എന്നെ അലട്ടാറില്ല. എന്‍റെ ശ്രദ്ധ സംഗീതത്തിൽ മാത്രമാണ്. പൂജ ചെയ്യാനിരിക്കുന്ന ഏകാഗ്രതയോടെയാണ് ഞാൻ മൃദംഗത്തെ സമീപിക്കുക''- വേദികളിൽ നിന്നു വേദികളിലേക്കു നീങ്ങുമ്പോൾ മണി സ്വന്തം അനുഭവം പറഞ്ഞു.

സ്വയം വായിക്കുക മാത്രമല്ല, തന്‍റെ ശൈലികൾ പുതുതലമുറയ്ക്കു പകർന്നുകൊടുക്കാനും ശ്രദ്ധിച്ചിരുന്നു അദ്ദേഹം. 1200ലേറെ ശിഷ്യരാണ് ഗുരുവിന് വിവിധ ലോകരാജ്യങ്ങളിലായി ഉള്ളത്. സംഗീതത്തിനും സംഗീതജ്ഞർക്കുമായി മണി സ്ഥാപിച്ച ശ്രുതിലയ സേവാ ട്രസ്റ്റിനും ശ്രുതിലയ സേവാ കേന്ദ്രത്തിനും ഇന്ന് ഇന്ത്യയിൽ ചെന്നൈ, മൈസൂർ, ചാലക്കുടി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഓസ്ട്രേലിയ, യുകെ, ജർമനി രാജ്യങ്ങളിലും സബ് സെന്‍ററുകളുണ്ട്. സംഗീത, നൃത്ത വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി മണി പുറത്തിറക്കിയ ദ്വൈമാസിക ലയമണി ലയം അന്താരാഷ്‌ട്രതലത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്.  എഴുപത്തേഴാം വയസിൽ അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങുമ്പോൾ പാലക്കാട് മണി അയ്യർക്കുശേഷം മൃദംഗവാദനത്തിലെ ഇതിഹാസമായി മാറിയ കലാകാരനെയാണ് രാജ്യത്തിനു നഷ്ടമാകുന്നത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com