
#ഇ.ആർ. വാരിയർ
രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന്റെ ഉത്തരവാദിത്വം കൂടുകയാണ്. രാജ്യത്ത് ഇപ്പോൾ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ നാലായിരിക്കുന്നു. കർണാടകയെന്ന വലിയ സംസ്ഥാനത്തെ വിജയം മറ്റു പ്രതിപക്ഷ പാർട്ടികളെക്കാൾ ബഹുദൂരം മുന്നിലെത്തിച്ചിട്ടുണ്ട് കോൺഗ്രസിനെ. ഒരവസരത്തിൽ ഛത്തിസ്ഗഡും രാജസ്ഥാനും മാത്രമായിരുന്നു പാർട്ടിയുടെ മുഖ്യമന്ത്രിമാരുണ്ടായിരുന്ന സംസ്ഥാനങ്ങൾ. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും അധികാരത്തിലെത്തിയ എഎപി കോൺഗ്രസിനൊപ്പം രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയായി. തോൽവികളിൽ നിന്നു കരകയറാൻ കഴിയുന്നില്ല എന്നുവന്നപ്പോഴാണ് പ്രതിപക്ഷ മുന്നണിയെ നയിക്കാൻ എന്തിനു കോൺഗ്രസ് എന്ന വാദം ഉയർന്നത്. ഹിമാചൽ പ്രദേശിലും കർണാടകയിലും കൂടി ഭരണം കിട്ടിയതോടെ സ്ഥിതിഗതികൾ മാറുകയാണ്. ബിഹാറിലും ഝാർഖണ്ഡിലും ഭരണസഖ്യത്തിൽ കോൺഗ്രസുണ്ട്. ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ അവരുടെ സഖ്യകക്ഷി എന്ന നിലയിലും കോൺഗ്രസിനു സ്ഥാനമുണ്ട്. കേരളവും മധ്യപ്രദേശും പോലുള്ള സംസ്ഥാനങ്ങളിൽ മുഖ്യ പ്രതിപക്ഷ കക്ഷിയും കോൺഗ്രസാണ്. അതുകൊണ്ടു തന്നെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയെ വിജയത്തിലേക്കു നയിക്കേണ്ട ബാധ്യതയും കോൺഗ്രസ് ഏറ്റെടുക്കേണ്ടതുമാണ്.
തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയുടെ സർക്കാർ അധികാരമേറുന്നത് തടയണമെന്ന് ആഗ്രഹിക്കുന്ന നിരവധി പ്രതിപക്ഷ കക്ഷികൾ രാജ്യത്തുണ്ട്. അവ പക്ഷേ, ഇനിയും ഒരൊറ്റ കുടക്കീഴിൽ അണിനിരന്നിട്ടില്ല. അരവിന്ദ് കെജരിവാളും നിതീഷ് കുമാറും മമത ബാനർജിയും എല്ലാം തങ്ങളുടെ നേതൃത്വത്തിലുള്ള മുന്നണി സ്വപ്നം കാണുന്നവരാണ്. കോൺഗ്രസുമായി സഖ്യം ആവശ്യമില്ലെന്ന നിലപാട് അടുത്തിടെ സ്വീകരിച്ചിരുന്നതാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമത ബാനർജി. എന്നാൽ, കർണാടക തെരഞ്ഞെടുപ്പിനു ശേഷം അവർ നിലപാട് തിരുത്തിയിരിക്കുകയാണ്. എവിടെയൊക്കെ കോൺഗ്രസിനു കരുത്തുണ്ടോ അവിടെയൊക്കെ അവരെ പിന്തുണയ്ക്കാമെന്നാണ് മമത ഇപ്പോൾ പറയുന്നത്. അതിന് അവർ ഒരു നിബന്ധനയും മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രാദേശിക പാർട്ടികൾക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ് അവരെയും പിന്തുണയ്ക്കണം. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കാവണം പ്രാമുഖ്യം. അതേസമയം, കോൺഗ്രസിനെ യുപിയിലെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തരുതെന്നും മമത പറയുന്നു. കോൺഗ്രസും പ്രാദേശിക കക്ഷികളും ചേർന്ന് ബിജെപിയെ നേരിടുക എന്ന ഫോർമുല എത്രമാത്രം പ്രായോഗികമാവുമെന്ന് മറ്റു കക്ഷികളുടെ നിലപാടു കൂടി അറിഞ്ഞാലേ പറയാനാവൂ. അതിന് മുൻകൈയെടുക്കേണ്ട ഉത്തരവാദിത്വം വർധിച്ചിരിക്കുകയാണ് കോൺഗ്രസിന്.
ഈ ഉത്തരവാദിത്വം നിറവേറ്റാൻ ഇറങ്ങും മുൻപ് പാർട്ടി ആദ്യം ചെയ്യേണ്ടത് സ്വന്തം ക്യാംപിലെ അധികാര പോരാട്ടങ്ങൾക്കു പരിഹാരം കാണുക എന്നതാണ്. കർണാടകയിലെ കാര്യം തന്നെ നോക്കുക. എത്ര ഭംഗിയായാണ് നേതാക്കൾ ഒന്നുചേർന്ന് അവിടെ പ്രചാരണം നയിച്ചത്. സിദ്ധരാമയ്യയും ശിവകുമാറും മറ്റു നേതാക്കളും ഒറ്റക്കെട്ടായി ബിജെപി സർക്കാരിനെതിരേ അണിനിരന്നു. എന്നാൽ, നല്ല മാർജിനിൽ തന്നെ അധികാരം കിട്ടിയതോടെ കസേരകൾക്കായുള്ള "ഗുസ്തി' തുടങ്ങി. അധികാരം നേതാക്കൾക്കിടയിലെ അകൽച്ച കൂട്ടുകയാണു ചെയ്യുന്നതെങ്കിൽ അതു ഭരണത്തെ ബാധിക്കാം. പരസ്യമായി തമ്മിലടിക്കുകയല്ല, പാർട്ടിക്കു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന മികച്ച ഭരണം കാഴ്ച്ചവയ്ക്കുകയാണ് കർണാടകയിൽ ആവശ്യമായിട്ടുള്ളത്. കർണാടക മോഡൽ ഭരണം എന്നു പറയാനുള്ള നേട്ടങ്ങൾ അതിനുണ്ടാവണം. തെരഞ്ഞെടുപ്പു കാലത്തുണ്ടായ ഐക്യം അതേ നിലയിൽ തുടരാനാവുകയെന്നതാണു നിർണായകം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കം ഇനിയുള്ള പ്രവർത്തനങ്ങളിലും നിഴലിക്കാതിരിക്കണം.
ഇത് ഉറപ്പാക്കുക കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൂടി ഉത്തരവാദിത്വമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകക്കാരനാണ്. നിങ്ങൾ എനിക്കു വേണ്ടി പാർട്ടിയെ വിജയിപ്പിക്കൂ എന്നാണ് പ്രചാരണ സമയത്ത് ഖാർഗെ ജനങ്ങളോടു പറഞ്ഞത്. ജനങ്ങൾ ഖാർഗെയുടെ പ്രതിച്ഛായ ഉയർത്തിയിരിക്കുന്നു. നേതാക്കളെ ഒന്നിച്ചുനയിച്ച് ഖാർഗെ സ്വയം മികവു തെളിയിക്കേണ്ട അവസരമാണ് ഇനി. പാർട്ടി അധ്യക്ഷന്റെ ഇമേജ് ഉയർത്താൻ മറ്റു നേതാക്കളും ശ്രമിക്കേണ്ടിയിരിക്കുന്നു. പാർട്ടിയുടെ കരുത്തിന് അത് അനിവാര്യം. അങ്ങനെ വരുമ്പോഴാണ് മറ്റു പ്രതിപക്ഷ കക്ഷികളും ഖാർഗെയെ വിലമതിക്കുക.
ഏതാനും മാസങ്ങൾക്കുള്ളിലാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കേണ്ടത്. ഈ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് മാതൃകയാവേണ്ടതാണ് കർണാടകയിലെ പ്രവർത്തനങ്ങൾ. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരാട്ടം രാജ്യം മുഴുവൻ ശ്രദ്ധിക്കുകയാണ്. കർണാടകയിലെ പ്രശ്നങ്ങൾ തീർന്നിട്ടുവേണം ഹൈക്കമാൻഡിന് രാജസ്ഥാൻ പരിഗണിക്കാൻ. ഇടഞ്ഞു നിൽക്കുന്ന സച്ചിനെ എങ്ങനെ ഇണക്കുമെന്നത് മുഴുവൻ കോൺഗ്രസുകാരും ഉറ്റുനോക്കുന്നതാണ്. സച്ചിൻ പുറത്തേക്കാണു പോകുന്നതെങ്കിൽ ഭരണം നിലനിർത്താനുള്ള പോരാട്ടത്തിൽ പാർട്ടി വിയർക്കും. ഈ മാസം അവസാനത്തോടെ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗെഹ് ലോട്ട് സർക്കാരിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നാണ് സച്ചിൻ നൽകിയിരിക്കുന്ന അന്ത്യശാസനം.
രാജസ്ഥാൻ കോൺഗ്രസിന്റെ ശക്തമായ തൂണാണ് സച്ചിൻ. അത് അടർന്നുപോയാലും വിരോധമില്ലെന്ന് ഹൈക്കമാൻഡിന് കരുതാനാവില്ല. അവസാന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതായിരുന്നു. 2018ൽ 100 സീറ്റ് ലഭിച്ച കോൺഗ്രസിന് 39.3 ശതമാനം വോട്ടു കിട്ടി. 38.77 ശതമാനം വോട്ടിന് 73 സീറ്റായിരുന്നു ബിജെപിക്ക്. 2013ൽ പത്തു ശതമാനത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിന് ബിജെപി ജയിച്ച സംസ്ഥാനവുമാണത്. അതേസമയം, 2008ൽ കോൺഗ്രസ് ജയിച്ചപ്പോൾ വോട്ട് വ്യത്യാസം മൂന്നു ശതമാനത്തിൽ താഴെയായിരുന്നു. സമീപകാല കോൺഗ്രസ് വിജയങ്ങൾ വളരെ നേരിയ വോട്ട് വ്യത്യാസത്തിലായിരിക്കെയാണ് സച്ചിൻ പൈലറ്റ് പുറത്തുപോയാലും വിരോധമില്ലെന്ന് അശോക് ഗെഹ് ലോട്ട് കരുതുന്നത്! ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ രണ്ടു പാർട്ടികളെയും മാറി മാറി അധികാരത്തിലേറ്റുന്നതാണ് രാജസ്ഥാന്റെ സമീപകാല ചരിത്രവും. ഇതടക്കം പ്രതികൂല ഘടകങ്ങളൊന്നും രാജസ്ഥാനിൽ കോൺഗ്രസിന് തമ്മിലടിക്കാതിരിക്കാൻ കാരണമാവുന്നില്ലെന്നതാണ് പ്രവർത്തകരെയും അനുയായികളെയും അത്ഭുതപ്പെടുത്തുക.
മധ്യപ്രദേശിലും 2018ലെ വോട്ട് വ്യത്യാസം വളരെ നേരിയത്. കൂടുതൽ വോട്ട് ബിജെപിക്കുമായിരുന്നു. 114 സീറ്റു കിട്ടിയ കോൺഗ്രസിന് 40.89 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. 41.02 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 109 സീറ്റ്. ആദ്യം അധികാരമേറ്റ കമൽ നാഥ് സർക്കാരിനെ കോൺഗ്രസിലെ പിളർപ്പ് താഴെ വീഴ്ത്തിയപ്പോഴാണ് ഇപ്പോഴത്തെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. അതിനു മുൻപ് തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനമാണത്. കോൺഗ്രസിന് കരുത്തു കാണിക്കണമെങ്കിൽ അവിടെയും ഒറ്റക്കെട്ടായിനിന്നു പൊരുതുക തന്നെ വേണം.