രാഷ്ട്രീയത്തിൽ തന്ത്രങ്ങൾക്കും കുതന്ത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അതിനാൽ നേരായ വഴിയിലൂടെ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാണെന്നതിൽ ആർക്കും സംശയമില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുകയും പിന്നീട് 60 വർഷം രാജ്യം ഭരിക്കുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നും നേരെ ചൊവ്വേ ചെയ്യില്ലെന്നാണ് അടുത്തകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ ഔദ്യോഗിക പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയാണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത്, ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത രാഹുൽ ഗാന്ധിയാണ് (കെ.സി.വേണുഗോപാലിലൂടെ). കെ.സി. വേണുഗോപാലിനെ "കേസി' എന്ന് പോലും തികച്ച് രാഹുൽ ഗാന്ധി വിളിക്കാറില്ല. അത്രയ്ക്ക് സ്നേഹവും ബഹുമാനവും ആണ്. പണ്ടു പല നേതാക്കന്മാരുടെ മുന്നിലും ഓച്ഛാനിച്ചു നിന്നിരുന്നു കെ.സി. എന്നാലിന്ന് അദ്ദേഹം അവരെയെല്ലാം "ക്ഷ', 'ണ്ണ' വരപ്പിക്കുകയാണ്. അങ്ങനെയാണു പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന ഗുലാം നബി ആസാദും പാർട്ടിയോട് പിണങ്ങി പുറത്തുപോയത്. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല.
കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു വിധിയായിരുന്നു കർണാടക തെരഞ്ഞെടുപ്പ്. തന്ത്രജ്ഞനായ സിദ്ധരാമയ്യയും കർക്കശക്കാരനായ ഡി.കെ. ശിവകുമാറും ശാന്തനായ മല്ലികാർജുൻ ഖാർഗെയും ഒന്നിച്ചാണ് ഈ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. സ്ഥാനാർഥിനിർണയത്തിൽ പൊട്ടിത്തെറിയില്ലാതെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ ഇവർക്ക് കഴിഞ്ഞു എന്നുള്ളത് വലിയൊരു നേട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകളെ കടത്തിവെട്ടിക്കൊണ്ടാണു സിദ്ധരാമയ്യയും ശിവകുമാറും കോൺഗ്രസിന്റെ ത്രിവർണ പതാകയുമായി മുന്നോട്ട് നീങ്ങിയത്. അവസാനം കൈപ്പത്തിക്ക് ശക്തി വർധിക്കുകയും താമര വാടിപ്പോകുകയും ചെയ്തു. അപ്രതീക്ഷിതമായ ഭൂരിപക്ഷമാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. അധികാരത്തിൽ കയറാൻ ആവശ്യമായ 113 സീറ്റ് കിട്ടിയാൽ പോലും സർക്കാർ ഉണ്ടാക്കുന്നത് ബിജെപിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടി. കാരണം വിജയിച്ചവരെ കൂട്ടിക്കൊണ്ടുപോകാനുള്ള ബിജെപിയുടെ തന്ത്രം ഗോവയിലും കിഴക്ക് വടക്ക് സംസ്ഥാനങ്ങളിലും എല്ലാവരും കണ്ടതാണ്. പക്ഷേ, എല്ലാവരുടെയും ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ആകെയുള്ള 224 സീറ്റുകളിൽ 135 സീറ്റ് കോൺഗ്രസ് നേടിയെടുത്തു. ഭരണ യന്ത്രം തിരിക്കുന്ന മുഖ്യമന്ത്രിയുടെ കാര്യത്തിൽ വലിയ തർക്കം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. തന്റെ രാഷ്ട്രീയജീവിതം ഇതോടെ അവസാനിച്ചു എന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് നിർബന്ധം പിടിച്ചു. എല്ലാ കരുക്കളും കളത്തിൽ ഇറക്കിയ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടിവാശി കൂടി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബംഗാൾ ഉൾക്കടലിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ന്യൂനമർദം പോലെ കർണാടകയിലും രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടായി. പാർട്ടിയോട് എന്നും വിധേയത്വം കാണിക്കുന്ന ശിവകുമാർ, തനിക്ക് ആദ്യം മുഖ്യമന്ത്രി ആകണമെന്നും അതല്ല ആദ്യം സിദ്ധരാമയ്ക്ക് ആണ് അവസരമെങ്കിൽ തനിക്ക് ഉപമുഖ്യമന്ത്രി പദവും കെപിസിസി അധ്യക്ഷപദവും തന്റെ അനുയായികൾക്ക് ന്യായമായ മന്ത്രിസ്ഥാനങ്ങളും ലഭ്യമാക്കണമെന്നും അത് പരസ്യമായി അറിയിക്കണമെന്നും വാശി പിടിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസം ഇവർ ഇന്ത്യൻ രാഷ്ട്രീയത്തിലും കർണാടക രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിച്ചു. ഇത്രയധികം ഭൂരിപക്ഷം കിട്ടിയിട്ടും ഏകകണ്ഠമായി ഒരു മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലേ എന്ന ആക്ഷേപം ഉയർന്നു. അവസാനം സോണിയ ഗാന്ധി ഇടപെട്ട് ചർച്ചകൾ നടത്തി ശിവകുമാർ തലകുനിച്ചു. മേയ് 20 ശനിയാഴ്ച 12.30 ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി ഈ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റാൻ തീരുമാനിക്കുകയും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ ചടങ്ങിന് വിളിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഒഴികെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ക്ഷണിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കേണ്ട എന്നായിരുന്നു കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ തീരുമാനം. സിപിഎം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിളിച്ചിട്ടും കേരളത്തിന്റെ കരുത്തനായ സാരഥി പിണറായി വിജയനെ വിളിക്കാത്തത് സഖാക്കൾക്ക് അത്ര രസിച്ചില്ല. പ്രകാശ് കാരോട്ടും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ളവർ കോൺഗ്രസിനെ ചീറ്റി പേടിപ്പിച്ചു. കേരളത്തിലെ കോൺഗ്രസ്- മാർക്സിസ്റ്റ് പാർട്ടിക്കാർ തമ്മിൽ എതിർപ്പുണ്ടെങ്കിലും ദേശീയതലത്തിൽ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകേണ്ട കോൺഗ്രസ്, പിണറായി വിജയനെ ഒഴിവാക്കിയത് എന്തിനാണെന്ന് ജോത്സ്യന് മനസ്സിലാകുന്നില്ല.
ദേശീയതലത്തിൽ സിപിഎമ്മിനെ മാറ്റിക്കൊണ്ട് ഒരു ഐക്യമുണ്ടാകുമോ? സ്വന്തം കാലിൽ നിൽക്കാൻ ഇന്നും കോൺഗ്രസിന് ശക്തിയില്ല എന്നിരിക്കെ ബിജെപിയെ നേരിടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സിപിഎം ഉൾപ്പെടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കൈകോർത്ത് പിടിക്കണം. ഇല്ലെങ്കിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ കടന്നു വരും എന്നാണു ജ്യോത്സന് പറയാനുള്ളത്.