Karuvannur Bank
Karuvannur Bank

കുടുങ്ങിക്കിടക്കുന്ന നിക്ഷേപങ്ങളും ദയാവധം തേടുന്ന നിക്ഷേപകരും

കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണ കേസ് അന്വേഷണം സിബിഐക്കു വിടണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

അജയൻ

ദയാവധത്തിന് അനുമതി തേടിക്കൊണ്ട് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചയാൾ കോടതിയെ സമീപിച്ചപ്പോൾ, അതുവരെ ഉരുക്ക് പ്രതിരോധം തീർത്തു നിന്ന എൽഡിഎഫ് സർക്കാരിന്‍റെ ഇടനാഴികളിൽ വരെ അതിന്‍റെ അനുരണനങ്ങളുണ്ടായി. ജോഷി എന്ന നിക്ഷേപകന് സമാശ്വാസം നൽകുമെന്ന പ്രഖ്യാപനം നടത്താൻ സഹകരണ വകുപ്പ് മന്ത്രി നിർബന്ധിതനായി.

300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് കുംഭകോണ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ജോഷി ഒറ്റപ്പെട്ട ഇരയൊന്നുമില്ല. 98 വയസായ ലക്ഷ്മിക്കുട്ടിയമല്ല ഇതേ അവസ്ഥയിലുള്ള മറ്റൊരാളാണ്. വിധവയാണ്, കിടപ്പിലുമാണ്. ബാങ്ക് പാസ് ബുക്കിൽ നോക്കിയാൽ മൂന്നു ലക്ഷം രൂപ നീക്കിയിരിപ്പ് കാണിക്കും. പക്ഷേ, ഒരു മനുഷ്യായുസിന്‍റെ സമ്പാദ്യമായ ആ തുകയും ആവശ്യത്തിന് ഉപയോഗിക്കാനാവാതെ കുടുങ്ങിക്കിടക്കുക തന്നെയാണ്. ലക്ഷ്മിക്കുട്ടിയമ്മയുടെ അടുത്ത ബന്ധവുമായ പത്മിനിയുടെ അവസ്ഥയും വ്യത്യസ്തമല്ല.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷി.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷി.

72 ലക്ഷം രൂപയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ താൻ നിക്ഷേപിച്ചിട്ടുള്ളതെന്നാണ് അമ്പത്തിമൂന്നുകാരനായ ജോഷി പരാതിയിൽ പറയുന്നത്. ഒരു അപകടത്തിനു ശേഷം ജോലി നഷ്ടപ്പെട്ടു. ഏഴു വർഷം കിടപ്പിലായിരുന്നു. അടുത്തിടെ കഴുത്തിൽ ട്യൂമറും സ്ഥിരീകരിച്ചിരിക്കുകയാണ്. നിക്ഷേപിച്ച തുക മുഴുവൻ തിരിച്ചു വേണമെന്ന ആവശ്യം ബാങ്ക് അധികൃതർ നിഷേധിച്ചതോടെ ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയായി. അതാണ് മരിക്കുന്നതാണു ഭേദം എന്ന ചിന്തയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

ഇതിനിടെ, പത്ത് വർഷം കൊണ്ട് സിപിഎം നേതാക്കൾ സംശയാസ്പദമായ ഇടപാടുകളിലൂടെ നൂറു കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ടെന്ന ഇഡി റിപ്പോർട്ട് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തു.

എടുക്കാത്ത 50 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ നോട്ടീസ് കിട്ടിയതിനെത്തുടർന്ന് മുൻ പഞ്ചായത്ത് അംഗം ടി.എം. മുകുന്ദൻ ആത്മഹത്യ ചെയ്തതോടെയാണ് 2021ൽ കരുവന്നൂർ തട്ടിപ്പ് എന്ന മഞ്ഞുമലയുടെ അറ്റം പൊതു സമൂഹം കണ്ടു തുടങ്ങിയത്. അതിനും പത്ത് വർഷം മുൻപേ ബാങ്കിലെ ചില ജീവനക്കാർ തന്നെ ഇതെക്കുറിച്ച് സിപിഎം നേതൃത്വത്തിനു സൂചന നൽകിയിരുന്നതാണ്. എന്നാൽ, ഏറ്റവുമൊടുവിൽ പി.കെ. ബിജു വരെ നേതൃത്വം നൽകിയ പാർട്ടി കമ്മീഷനുകളൊന്നും ഇതു തടയാൻ വേണ്ടതു ചെയ്തില്ല. ഒടുവിൽ ലോക്കൽ പൊലീസ് കേസെടുക്കുകയും പിന്നാലെ ക്രൈം ബ്രാഞ്ചും അതിനു ശേഷം ഇഡിയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ കളി മാറി. മുൻ മന്ത്രി എ.സി. മൊയ്തീനും കേരള ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റ് എം.കെ. കണ്ണനും അടക്കമുള്ളവർ ആരോപണവിധേയരായി.

ഇപ്പോൾ, ബാങ്കിന്‍റെ മുൻ സെക്രട്ടറി സുനിൽ കുമാറിനെയും മാനെജർ ബിജു കരിമിനെയും മാപ്പ് സാക്ഷികളാക്കാനാണ് ഇഡി തീരുമാനം. ഇതു നീതിയുക്തമല്ലെന്ന വാദവുമായി സിപിഎം രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനിടെ, അനധികൃതമായി വായ്പകൾ പാസാക്കാൻ സുനിൽ കുമാറിനു മേൽ മന്ത്രി പി. രാജീവ് സമ്മർദം ചെലുത്തിയിരുന്നു എന്ന ഇഡി ആരോപണം കൂടി വന്നതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായി.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഈ കേസിൽ ഇഡി രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പല നിരീക്ഷകരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നവംബറിൽ സമർപ്പിച്ച ആദ്യത്തെ കുറ്റപത്രത്തിൽ 54 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ സിപിഎമ്മിന്‍റെ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ് കുമാർ, ബാങ്ക് അക്കൗണ്ടന്‍റ് സി.കെ. ജിൽസെ, ഒരു പി.പി. കിരൺ തുടങ്ങിയവരൊക്കെയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പണം തിരിച്ചു കൊടുക്കാൻ ഒരു കൺസോർഷ്യം രൂപീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും പ്രായോഗികമായിട്ടില്ല. നിക്ഷേപങ്ങൾ പുതുക്കി വയ്ക്കാനാണ് നിക്ഷേപകർക്കു നൽകിവരുന്ന ഉപദേശം. ഫണ്ട് സമാഹരിക്കുന്നതിനും, ചെറിയ നിക്ഷേപങ്ങളുള്ളവർക്ക് പലിശ നൽകുന്നതിനും ചില ശ്രമങ്ങളുണ്ടായി. ബാങ്ക് പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, അതിന്‍റെ എക്സ്റ്റൻഷൻ കൗണ്ടറും അനുബന്ധമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പും അടഞ്ഞുതന്നെ കിടക്കുന്നു.

വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും സിപിഎം ലോക്കൽ കമ്മിറ്റിയിലെ മുൻ അംഗവുമായ എം.വി. സുരേഷ് ഹർജി നൽകിയിട്ടുണ്ട്. ഇതിൽ വിചാരണ പൂർത്തിയായതായി അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു. ബാങ്കിൽ നടക്കുന്ന അനധികൃത ഇടപാടുകളെപ്പറ്റി ആദ്യം പാർട്ടിയെ അറിയിച്ചത് സുരേഷാണ്. എന്നാൽ, പാർട്ടിയിൽ നിന്നു പുറത്താക്കലായിരുന്നു ഫലം. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുമെന്നും, തട്ടിപ്പ് നടത്തിയ സിപിഎം ഉന്നതരടക്കം പിടിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് സുരേഷ്.