

സ്ഥാനാർഥി നിർണയം മുതൽ പ്രചാരണ തന്ത്രങ്ങളിൽ വരെ കെ.സി. വേണുഗോപാലിന്‍റെ നിർണായക ഇടപെടൽ.
MV Graphics
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പുകയൊടുങ്ങുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നത് യുഡിഎഫ് ക്യാമ്പിൽ ഇത്തവണ പ്രകടമായ അസാധാരണമായ സംഘടനാ മികവിനെക്കുറിച്ചാണ്. പരമ്പരാഗതമായ ഗ്രൂപ്പ് സമവാക്യങ്ങൾക്കും പ്രാദേശിക തർക്കങ്ങൾക്കും അപ്പുറം, ഡേറ്റ അധിഷ്ഠിത തന്ത്രങ്ങളും ചിട്ടയായ ഏകോപനവും ഇത്തവണത്തെ യുഡിഎഫ് പ്രചാരണത്തെ വ്യത്യസ്തമാക്കി. ഈ പടയൊരുക്കത്തിന് മുന്നിൽ നിന്ന് ചരടുവലിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്ന പാൻ-ഇന്ത്യൻ നേതാവായിരുന്നു.
സ്ഥാനാർഥി നിർണയ വേളയിൽ പാർട്ടി നേരിട്ട കടുത്ത വെല്ലുവിളികൾ പരിഹരിക്കുന്നതിൽ കെ.സി. വേണുഗോപാൽ സ്വീകരിച്ച നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിമത ഭീഷണി ഉയർത്തിയവരെ വിശ്വാസത്തിലെടുത്ത് ഒപ്പം നിർത്തുന്നതിലും, ജയസാധ്യതയുള്ള യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാധാന്യം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. സമുദായ സംഘടനകളുമായുള്ള അകൽച്ച സോഷ്യൽ എൻജിനീയറിങ്ങിലൂടെ പരിഹരിച്ച് എല്ലാ വിഭാഗങ്ങളെയും ഒരേ ചരടിൽ കോർക്കാൻ കഴിഞ്ഞത് തെരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിനു മുൻതൂക്കം നൽകി.
പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കിയ കെസിയുടെ പത്ത് ചോദ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ മൃദുസമീപനം മുതൽ പിഎം ശ്രീ, ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ വരെ ഈ ചോദ്യങ്ങളിൽ ഉൾപ്പെട്ടു. ശബരിമല സ്വർണക്കവർച്ചാ വിവാദം വീണ്ടും സജീവമാക്കിയതിലൂടെ സിപിഎമ്മിനെ മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തെയും മറുപടി പറയാൻ നിർബന്ധിതമാക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പ്രചാരണത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചു. ന്യൂനപക്ഷ വോട്ടുകളിൽ ഭരണവിരുദ്ധ ധ്രുവീകരണം ശക്തമാക്കാൻ ഈ നീക്കം സഹായിച്ചതായാണ് വിലയിരുത്തൽ.
വാർ റൂമും ദേശീയ നിരീക്ഷകരും
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ദേശീയ തലത്തിൽനിന്നുള്ള വലിയൊരു സംഘത്തെയാണ് എഐസിസി വിന്യസിച്ചത്. സുനിൽ കനഗോലുവിന്‍റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം മാസങ്ങൾക്ക് മുൻപേ നടത്തിയ സർവേകൾ വഴിയാണ് മണ്ഡലങ്ങളിലെ ജനവികാരവും സ്ഥാനാർഥികളുടെ ജയസാധ്യതയും വിലയിരുത്തിയത്.
സച്ചിൻ പൈലറ്റ്, കനയ്യ കുമാർ തുടങ്ങിയ യുവനേതാക്കളുടെ സാന്നിധ്യം യുവാക്കൾക്കിടയിൽ തരംഗമുണ്ടാക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും അടങ്ങുന്ന 59 നിരീക്ഷകർ മണ്ഡലങ്ങൾ തോറും തമ്പടിച്ച് ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഇന്ദിരാ ഗ്യാരന്‍റി
കേവലം പ്രസംഗ വേദികളിൽ ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണ രീതിയാണ് വേണുഗോപാൽ സ്വീകരിച്ചത്. ആശാ വർക്കർമാർ, നഴ്‌സുമാർ, പിഎസ്‌സി ഉദ്യോഗാർഥികൾ എന്നിവരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകൾ വലിയ മാധ്യമശ്രദ്ധ നേടി.
കോൺഗ്രസ് പ്രകടന പത്രികയിലെ 'അഞ്ചിന ഇന്ദിരാ ഗ്യാരന്‍റി' പ്രഖ്യാപനത്തിനു താഴെത്തട്ടിൽ വരെ പ്രചാരം നൽകുന്നതിൽ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. പാലക്കാട്ട് കെഎസ്ആർടിസി ബസിൽ നടത്തിയ യാത്രയും കുറ്റ്യാടിയിലെ പ്രഭാത സവാരിയും വോട്ടർമാരുമായി നേരിട്ട് സംവദിക്കാനുള്ള ശ്രമങ്ങളായിരുന്നു.
മുന്നണിയിലെ ട്രബിൾ ഷൂട്ടർ
മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജേക്കബ്), ആർഎസ്പി തുടങ്ങിയ ഘടകകക്ഷികളുമായി സീറ്റ് വിഭജനത്തിലും പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിലും കാണിച്ച നയതന്ത്രജ്ഞത യുഡിഎഫിന്‍റെ കൂട്ടായ മുന്നേറ്റത്തിനു കരുത്തേകി. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ 'ന്യായ്' പദ്ധതിയെ കേരളത്തിന്‍റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തി അവതരിപ്പിച്ചതും ശ്രദ്ധേയമായി.
ചുരുക്കത്തിൽ, സംഘടനാ മികവും ആധുനിക തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുഡിഎഫിനെ ഒരു പടയൊരുക്കത്തിന് സജ്ജമാക്കുന്നതിൽ കെ.സി. വേണുഗോപാൽ എന്ന സംഘാടകൻ വിജയിച്ചോ എന്ന ചോദ്യത്തിന് മേയ് നാലിന് പുറത്തുവരുന്ന ജനവിധി ഉത്തരം നൽകും. എങ്കിലും, സമീപകാലത്ത് കേരളം കണ്ട ഏറ്റവും ചിട്ടയായ തെരഞ്ഞെടുപ്പ് മാനെജ്‌മെന്‍റുകളിൽ ഒന്നായി ഈ നീക്കങ്ങൾ ഇതിനകം അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.