കെജ്‌രിവാളും ജഗൻമോഹനും വീണു; ഇടറാതെ സ്റ്റാലിനും മമതയും
എം.കെ. സ്റ്റാലിൻ, മമത ബാനർജി.

കെജ്‌രിവാളും ജഗൻമോഹനും വീണു; ഇടറാതെ സ്റ്റാലിനും മമതയും

രാജ്യത്തെ ഏറ്റവും ശക്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചടിയേറ്റ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി വീണത് കരുത്തരെന്നു കരുതിയ നിരവധി നേതാക്കൾ

പ്രത്യേക ലേഖകൻ

രാജ്യത്തെ ഏറ്റവും ശക്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചടിയേറ്റ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി വീണത് കരുത്തരെന്നു കരുതിയ നിരവധി നേതാക്കൾ. ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക് തുടങ്ങിയവർക്കെല്ലാം കനത്ത തിരിച്ചടിയേറ്റു.

അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ തുടർച്ചയായി രണ്ടാം തവണയും മോദിക്കെതിരേ കരുത്തുകാട്ടിയപ്പോൾ തിരിച്ചുവരാനാകുമെന്ന് തെളിയിച്ചു എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്.

അരവിന്ദ് കെജ്‌രിവാൾ

Arvind Kejriwal
Arvind Kejriwal

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ ആക്രമണത്തിലായിരുന്ന ബിജെപി നേതൃത്വത്തെ അൽപ്പമെങ്കിലും പ്രതിരോധത്തിലാക്കിയത് കെജ്‌രിവാളായിരുന്നു. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണു മോദി ശ്രമിക്കുന്നതെന്ന കെജ്‌രിവാളിന്‍റെ പ്രസ്താവനയിലാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് ആദ്യമായി ബിജെപി നേതൃത്വത്തിനു വിശദീകരണം നൽകേണ്ടിവന്നത്. എന്നാൽ, കെജ്‌രിവാൾ സർക്കാരിനെതിരായ അഴിമതിയാരോപണങ്ങൾ ഡൽഹി ജനതയെ സ്വാധീനിച്ചെന്നാണു തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. രാഷ്‌ട്രീയ വൈരത്തിന്‍റെ പേരിലാണു തന്നെ ജയിലിലടച്ചതെന്നായിരുന്നു കെജ്‌രിവാളിന്‍റെ ആരോപണം. എന്നാൽ, എഎപിയെ കുടുക്കിയ മദ്യനയ അഴിമതി ആദ്യമുന്നയിച്ചതു കോൺഗ്രസാണെന്നു ബിജെപി ചൂണ്ടിക്കാട്ടിയത് വോട്ടർമാർ കണക്കിലെടുത്തു. പരസ്പരം പോരടിച്ച എഎപിയും കോൺഗ്രസും സഖ്യമുണ്ടാക്കിയത് ഇരുപാർട്ടികളുടെയും അണികൾക്കും ദഹിച്ചില്ല. ഇതിനു പുറമേയാണ് സ്വാതി മലിവാളിനെതിരായ ആക്രമണം എഎപിക്കുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം. ഡൽഹിയിൽ കോൺഗ്രസിന്‍റെ പ്രചാരണ യോഗങ്ങളിൽ കെജ്‌രിവാളിനെ മാറ്റിനിർത്തുന്നതിനു വരെ വഴിവച്ചു ഈ വിവാദം. ഡൽഹിയിലെ സമ്പൂർണ തോൽവി എഎപിയിൽ കെജ്‌രിവാളിന്‍റെ നേതൃത്വത്തിനും തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ച പഞ്ചാബിലും എഎപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പാർട്ടി മൂന്നു സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളുമായി തിരിച്ചുവരവിന്‍റെ സൂചന നൽകി.

വൈ.എസ്. ജഗൻമോഹൻ റെഡ്ഡി

YS Jaganmohan Reddy
YS Jaganmohan Reddy

ആന്ധ്രയെ അടക്കിഭരിച്ചതിൽ നിന്നാണു വൈഎസ്ആർ കോൺഗ്രസിന്‍റെയും മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെയും വീഴ്ച. അഞ്ചു വർഷം മുൻപ് നിയമസഭയിൽ ഭരണം പിടിക്കുകയും 25 ലോക്സഭാ സീറ്റുകളിൽ 22ഉം നേടുകയും ചെയ്ത പാർട്ടി ഇത്തവണ തീർത്തും ദുർബലമായി. നാലു സീറ്റുകൾ മാത്രമാണു ജഗൻമോഹന് ലോക്സഭയിൽ ലഭിച്ചത്. നിയമസഭയിൽ 175 സീറ്റുകളിൽ 17ലേക്കു ചുരുങ്ങി. പവൻകല്യാണിന്‍റെ ജനസേന പാർട്ടിക്കു പോലും വൈഎസ്ആർ കോൺഗ്രസിനെക്കാൾ മൂന്നു സീറ്റുകൾ അധികം ലഭിച്ചു.

അധികാരത്തിലിരിക്കെ അമരാവതി ഭൂമി ഇടപാടിന്‍റെ പേരിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജയിലിലടച്ച ജഗൻമോഹന് ഇതി അതേനാണയത്തിലുള്ള തിരിച്ചടികൾ പ്രതീക്ഷിക്കാം. കോൺഗ്രസ് ഭരണകാലത്ത് കേസുകൾ നേരിട്ട് ജയിലിലായപ്പോൾ ജഗൻമോഹനു വേണ്ടി പുറത്ത് സമരം നയിക്കാൻ അമ്മ വിജയമ്മയും സഹോദരി ശർമിളയുമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിൽ ചേർന്ന ഇരുവരുമിപ്പോൾ ശത്രുപാളയത്തിലാണ്. 39 ശതമാനം വോട്ട് വിഹിതം ലഭിച്ചെന്നതു മാത്രമാണു തോൽവിയിലും ജഗൻമോഹന് ആശ്വാസം.

നവീൻ പട്നായിക്ക്

Naveen Patnaik
Naveen Patnaik

മുഖ്യമന്ത്രി പദത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കാൻ 10 മാസം ബാക്കിയിരിക്കെയാണു നവീൻ പട്നായിക്കിന് ഒഡീഷ ഭരണം നഷ്ടമാകുന്നത്. ഭരണവിരുദ്ധ വികാരം താഴേത്തട്ടിലുണ്ടെന്ന് മുൻപേ തിരിച്ചറിഞ്ഞിരുന്നു പട്നായിക്ക്. 2009ൽ ഉപേക്ഷിച്ച എൻഡിഎ ബന്ധം വീണ്ടും വിളക്കിച്ചേർക്കാൻ ശ്രമം നടത്തിയതും അതിനാലായിരുന്നു. എന്നാൽ, സഖ്യം വേണ്ടെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കടുത്ത നിലപാടിന് നരേന്ദ്ര മോദിയും അമിത് ഷായും പച്ചക്കൊടി കാണിച്ചപ്പോൾ ബിജെഡിക്ക് അതു തിരിച്ചടിയായി. ബിജെഡിയുടെ രൂപീകരണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലാണു പാർട്ടി. ഒരംഗം മാത്രമാണു ലോക്സഭയിൽ. എ.ബി. വാജ്പേയി മന്ത്രിസഭയിൽ അംഗമായരിക്കെയാണ് നവീൻ പട്നായിക്ക് ഒഡീഷയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു മാറുന്നത്. പ്രതിപക്ഷത്ത് പ്രവർത്തിച്ച പരിചയമില്ല പട്നായിക്കിനും ബിജെഡി എംഎൽഎമാർക്കും. വോട്ട് വിഹിതം 40 ശതമാനം നിലനിർത്തിയെങ്കിലും വരുന്ന അഞ്ചു വർഷം ബിജെഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതിപക്ഷമായി പ്രവർത്തിക്കുക എന്നതു തന്നെയായിരിക്കും.

ഏക്നാഥ് ഷിൻഡെ

Eknath Shinde
Eknath Shinde

ശിവസേനയെ പിളർത്തി ബിജെപി പാളയത്തിലെത്തിയ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമല്ല പാർട്ടിയുടെ അണികളെന്നാണ് തെരഞ്ഞെടുപ്പു ഫലം നൽകുന്ന സന്ദേശം. എംഎൽഎമാരും എംപിമാരും ഷിൻഡെയ്ക്കൊപ്പമെത്തിയെങ്കിലും ഉദ്ധവ് താക്കറെയെ ചതിച്ചുവെന്ന വികാരമാണ് മറാഠ മണ്ണിൽ അലയടിച്ചത്. പാർട്ടി ചിഹ്നവും പേരും നഷ്ടമായിട്ടും ഉദ്ധവ് താക്കറെയുടെ ശിവസേന 11 സീറ്റുകൾ നേടി. ബിജെപി സഖ്യത്തിൽ മത്സരിച്ച ഷിൻഡെയുടെ ശിവസേനയ്ക്ക് അഞ്ചു സീറ്റുകൾ മാത്രം. ഈ വർഷം ഒടുവിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഷിൻഡെയ്ക്ക് നിർണായകമാകും.

അജിത് പവാർ

Ajit Pawar
Ajit Pawar

ഏക്നാഥ് ഷിൻഡെയുടെ വഴിയിലാണ് എൻസിപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി ആറു സീറ്റുകൾ നേടിയപ്പോൾ അജിത്തിന്‍റെ എൻസിപി റായ്ഗഡ് സീറ്റിലേക്കു ചുരുങ്ങി. പവാർ കുടുംബത്തിന്‍റെ തട്ടകമായ ബരാമതിയിൽ പോലും ശരദ് പവാറിന്‍റെ എൻസിപിയോടു പരാജയപ്പെട്ടു അജിത്തിന്‍റെ ഭാര്യ സുനേത്ര പവാർ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഷിൻഡെയെക്കും അജിത്തിനുമൊപ്പം നിൽക്കുന്ന നേതാക്കൾ ഉദ്ധവ് താക്കറെയെക്കും ശരദ് പവാറിനുമൊപ്പം പോകുന്ന കാഴ്ചകളാകും ഇനിയുള്ള മാസങ്ങളിൽ മഹാരാഷ്‌ട്രയിൽ ദൃശ്യമാകുക.

മമത ബാനർജി

Mamata Banerjee
Mamata Banerjee

സംസ്ഥാനത്ത് ബിജെപിയുടെ കൊടുങ്കാറ്റിനു തുല്യമായ പ്രചാരണവും തന്നെ സ്പർശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇത്തവണ പശ്ചിമ ബംഗാളിൽ 25- 30 സീറ്റുകൾ ലക്ഷ്യമിട്ട ബിജെപിയെയാണ് അവർ 11 സീറ്റുകളിലേക്കു ചുരുക്കിയത്. 2019ൽ 18 സീറ്റുകൾ ലഭിച്ചിരുന്നു ബിജെപിക്ക്. തൃണമൂലിന്‍റെ സ്കോർ 22ൽ നിന്ന് 30ലേക്ക് ഉയർത്താനും മമതയ്ക്കായി. കോൺഗ്രസ്- ഇടത് സഖ്യത്തെയും ബിജെപിയെയും ഒരുപോലെ നേരിട്ടാണു മമതയുടെ വിജയം. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിൽക്കുന്ന മമത " ഇന്ത്യ' മുന്നണിക്കൊപ്പം നിതീഷ് കുമാറിനെ ചേർക്കണമെന്ന പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുമുണ്ട്.

എം.കെ. സ്റ്റാലിൻ

MK Stalin
MK Stalin

അഞ്ചു വർഷത്തിനിടെ തമിഴകത്ത് താമര വിരിയിക്കാൻ ബിജെപി നടത്തിയതുപോലൊരു ശ്രമം ഒരു സംസ്ഥാനത്തും ഇതിനുമുൻപ് മറ്റൊരു പാർട്ടിയും നടത്തിയിട്ടുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്ത് ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. പുതിയ പാർലമെന്‍റിൽ ചെങ്കോൽ സമർപ്പിച്ചതിലും കാശി- തമിഴ് സംഗമത്തിലുമടങ്ങിയ തന്ത്രങ്ങളുടെ സമാപനമായിരുന്നു കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനം. എന്നാൽ, ഇതൊന്നും തെരഞ്ഞെടുപ്പിൽ വോട്ടായില്ല. ശക്തമായ മുന്നണിയിലൂടെയായിരുന്നു സ്റ്റാലിൻ ബിജെപി തന്ത്രങ്ങളെ നേരിട്ടത്. കോയമ്പത്തൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മത്സരിക്കാനെത്തിയപ്പോൾ സിപിഎമ്മിൽ നിന്ന് സീറ്റ് ഏറ്റെടുത്ത ഡിഎംകെ മുന്നിൽ നിന്നു പോരാട്ടം നയിച്ചു. കോൺഗ്രസ്, ഇടതുപാർട്ടികൾ, എംഡിഎംകെ, മുസ്‌ലിം ലീഗ് തുടങ്ങിയവയുൾപ്പെടുന്ന അതിശക്തമായ മുന്നണിയാണ് ഡിഎംകെയുടെ ബലം. എല്ലാ സഖ്യകക്ഷികൾക്കും ഉചിതമായ പ്രാതിനിധ്യം നൽകുന്നതിൽ വിട്ടുവീഴ്ചയ്ക്ക് മടിക്കുന്നില്ലെന്നതാണ് സ്റ്റാലിന്‍റെ മികവ്.

അഖിലേഷ് യാദവ്

Akhilesh Yadav
Akhilesh Yadav

2017, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലുമേറ്റ കനത്ത തിരിച്ചടിയിൽ നിന്നാണ് ഉത്തർപ്രദേശിൽ എസ്പിയുടെയും അഖിലേഷ് യാദവിന്‍റെയും തിരിച്ചുവരവ്. മൂന്നാം തവണയും തനിച്ചു കേവല ഭൂരിപക്ഷമെന്ന ബിജെപിയുടെ സ്വപ്നം തകർത്തതും അഖിലേഷാണ്. കോൺഗ്രസ് കൂടി ചേർന്നതോടെ യുപിയിലെ ഭൂരിപക്ഷം സീറ്റുകളും "ഇന്ത്യ' മുന്നണിയുടെ പെട്ടിയിലുമായി. ഏഴു വർഷമായി പ്രതിപക്ഷത്തെങ്കിലും തളരാതെ പോരാടിയാണ് അഖിലേഷ്, പാർട്ടിയെ പുതിയ തീരത്തടുപ്പിച്ചത്. ജാതി സെൻസസ് വാദമുയർത്തി ബിജെപിയുടെ വോട്ട് ബാങ്ക് തകർക്കാനും യാദവ- മുസ്‌ലിം വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താനും അഖിലേഷിനു കഴിഞ്ഞു. കൂടുതൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയ ബിഎസ്പിക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് ഗുണമാകുമെന്ന് ന്യൂനപക്ഷങ്ങളിൽ ഫലപ്രദമായി പ്രചാരണം നടത്താനും എസ്പിക്കു കഴിഞ്ഞു.

logo
Metro Vaartha
www.metrovaartha.com