കുതിര, ആന, പശു, കാള, കുരുവി... അതൊരു കാലം..!

രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ വാഹനം കണ്ടാലും നമുക്ക് തിരിച്ചറിയാം
kerala assembly election icons

കുതിര, ആന, പശു, കാള, കുരുവി... അതൊരു കാലം..!

Updated on

വിജയ് ചൗക്ക്, സുധീര്‍നാഥ്

""കുരുവിപ്പെട്ടി... നമ്മുടെ പെട്ടി

കടുവാപ്പെട്ടിക്കോട്ടില്ല,

വോട്ടില്ലാ... വോട്ടില്ല വോട്ടില്ല

കടുവാപ്പെട്ടിക്കോട്ടില്ല...''

വയലാർ രാമവർമ എഴുതി എൽ.പി.ആർ. വർമ സംഗീതം നൽകി അടൂർ ഭാസി പാടി അഭിനയിച്ച ഈ ഗാനം ഓരോ തെരഞ്ഞെടുപ്പു കാലത്തും ചിരിയും ചിന്തയും നിറച്ച് ഉയർന്നുവരും. 1966ൽ ഇറങ്ങിയ "സ്ഥാനാർഥി സാറാമ്മ' എന്ന ചിത്രത്തിലെ രസകരമായ ഗാനം.

തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ഇത്തരം രസകരമായ ഒട്ടേറെ കാഴ്ച്ചകള്‍ നമുക്കു ചുറ്റിനുമുണ്ടാകും. അതില്‍ ഏറ്റവും പ്രധാനം ചിരിയും വിനയവും ബഹുമാനവുമാണ്. എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരില്‍ ഈ പ്രവണത കാണാം. ഓരോ പാര്‍ട്ടിയോടും ചേര്‍ന്നു നില്‍ക്കുന്ന പ്രവർത്തകരുടെ വേഷവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സ്വാഭാവികം. ഓരോരുത്തരും ഏതു മുന്നണിയുടെ കൂടെയാണെന്ന് വേഷവിധാനത്തില്‍ നിന്നു തന്നെ തിരിച്ചറിയാം. കോണ്‍ഗ്രസ്, കേരള കോൺഗ്രസ് അനുഭാവികളായ ആളുകള്‍ വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് പൊതു ഇടങ്ങളില്‍ എത്തുക. കമ്യൂണിസ്റ്റുകാർ അലക്കിത്തേച്ച കളർ ഷര്‍ട്ടും മുണ്ടും. തീവ്ര കമ്യൂണിസ്റ്റ് രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ തോളത്ത് ചിലപ്പോൾ തോര്‍ത്തുമുണ്ടും കാണാം. ദേശാഭിമാനി പത്രമോ ഒരു ചുവന്ന ഡയറിയോ മിക്കവരും കൈയില്‍ കരുതാറുമുണ്ട്. ബിജെപി പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ കുറച്ചേറെ എളുപ്പമാണ്. ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും കൈയില്‍ രാഖിയും ചരടുകളുമൊക്കെ കാണും. വെള്ള ഷർട്ടാണ്. മിക്കവരും കാവി മുണ്ടും ധരിച്ചിരിക്കും. ഇപ്പോൾ ന്യൂജെൻ രാഷ്‌ട്രീയക്കാർ പലരും രാഹുൽ ഗാന്ധിയെ അനുകരിച്ച് ടീഷർട്ടും ബാഗി പാന്‍റ്സുമൊക്കെ ധരിച്ചുകാണാറുണ്ട്.

രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ വാഹനം കണ്ടാലും നമുക്ക് തിരിച്ചറിയാം. കാറുകള്‍ക്ക് മുന്നില്‍ തൂക്കിയിടുന്ന പൂമാലയുടേയോ ഷാളുകളുടേയോ നിറം കൊണ്ടു തന്നെ രാഷ്‌ട്രീയ അനുഭാവം വ്യക്തമാകും. കോണ്‍ഗ്രസ് അനുഭാവികള്‍ ആണെങ്കില്‍ ത്രിവർണ നിറത്തിലുള്ള മാലയും അല്ലെങ്കില്‍ ഷാളും വാഹനത്തിന്‍റെ മുന്നില്‍ തന്നെ വച്ചിട്ടുണ്ടാകും. മുസ്‌ലിം ലീഗുകാരാണെങ്കില്‍ പച്ച ഷാള്‍, മാല തുടങ്ങിയവ മുന്നില്‍ കാണും. കമ്യൂണിസ്റ്റ് അനുഭാവിയുടെ വാഹനമാണെങ്കില്‍ ചുവന്ന മാല ഉറപ്പായും കാണും. അതൊരു ബിജെപിക്കാരന്‍ ആണെങ്കില്‍ ബിജെപിയുടെ കാവി-പച്ച നിറത്തിലുള്ള മാലയും ഒരു കൊടിയുടെ തുണിക്കഷണവും കാണാം.

ആദ്യകാലത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാർഥികള്‍ക്ക് ഓരോ നിറത്തിലുള്ള പെട്ടികളായിരുന്നു പോളിങ് ബൂത്തില്‍ ക്രമീകരിച്ചിരുന്നത്. അന്ന് സ്ഥാനാർഥികളുടെ എണ്ണവും കുറവായിരുന്നു. വോട്ടര്‍മാര്‍ ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് ബാലറ്റിൽ വോട്ട് ചെയ്ത് അതാത് സ്ഥാനാർഥിക്ക് അനുവദിച്ച പെട്ടിയില്‍ നിക്ഷേപിക്കുന്ന സമ്പ്രദായമായിരുന്നു. പിന്നീട് പെട്ടികളില്‍ ചിഹ്നം ഒട്ടിക്കാന്‍ തുടങ്ങി. 1960 മുതല്‍ ചിഹ്നം പെട്ടിയില്‍ ഒട്ടിക്കുന്നതിന് പകരം ബാലറ്റ് പേപ്പറില്‍ തന്നെ ചിഹ്നം അച്ചടിക്കുന്ന രീതി തുടങ്ങി.

തെരഞ്ഞെടുപ്പില്‍ പക്ഷിമൃഗാദികള്‍ നിറഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നു. തുടക്കത്തിൽ സൂചിപ്പിച്ച സിനിമാ ഗാനത്തിലെ കുരുവിപ്പെട്ടി, കടുവാപ്പെട്ടി എന്നിവയിൽ നിന്നു തന്നെ അതു വ്യക്തമാണല്ലോ. അക്കാലത്ത് സ്വന്തം ചിഹ്നങ്ങളുടെ പേരില്‍ പിന്നീട് അറിയപ്പെട്ട പലരുമുണ്ട്. 1990ൽ പക്ഷികളേയും മൃഗങ്ങളേയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ നിന്ന് കമ്മിഷന്‍ തന്നെ ഒഴിവാക്കി. ഇവയെ പ്രചാരണത്തിനിടെ ദുരുപയോഗിക്കുന്നതായി പരാതി ഉയരുകയും മൃഗസ്നേഹികൾ സുപ്രീം കോടതിയെ അടക്കം സമീപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്.

കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നം കേരളത്തില്‍ നിന്നാണ് ലഭിച്ചത്. കേരളത്തിലെ പാലക്കാട് ജില്ലയിലെ അകത്തേതറ ഗ്രാമത്തിലെ കല്ലേകുളങ്ങര ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രണ്ട് കൈകളാണ് ശ്രീകോവിലിലുള്ളത്. മുഖ്യ പ്രതിഷ്ഠ കൈപ്പത്തികളാകയാല്‍ കൈപ്പത്തി ക്ഷേത്രം എന്ന പേരിലും ക്ഷേത്രം പ്രശസ്തമാണ്. അവിടെ ഇന്ദിര ഗാന്ധി ദർശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിര കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തിയെ ചിഹ്നമായി സ്വീകരിച്ചു. ആന്ധ്ര പ്രദേശിലും കർണാടകയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ഇന്ദിര കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്.

കോണ്‍ഗ്രസ് ആദ്യമായി മത്സരിച്ചത് "നുകം വച്ച കാള' ചിഹ്നത്തിലായിരുന്നു. കമ്മിഷന് മുന്നില്‍ പരിഗണനയ്ക്കായി സമര്‍പ്പിച്ച രണ്ടാമത്തെ ചിഹ്നം "ചര്‍ക്ക നടുക്കുള്ള പതാക' ആയിരുന്നു. 1969ൽ പാര്‍ട്ടി പിളര്‍ന്ന് കോണ്‍ഗ്രസ് (ആര്‍) വന്നു. പഴയ പാര്‍ട്ടി കോണ്‍ഗ്രസ് (ഒ) എന്നറിയപ്പെട്ടു. തര്‍ക്കങ്ങള്‍ക്കിടെ ഇന്ദിര ഗാന്ധിക്ക് "നുകം വച്ച കാള' ചിഹ്നത്തിലുള്ള അവകാശം നഷ്ടപ്പെട്ടു. "പശുവും കിടാവും' ചിഹ്നത്തിലേക്ക് എത്തി. 1978ല്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പശുവും കിടാവും ചിഹ്നം മരവിപ്പിച്ചു.

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ടു, കോണ്‍ഗ്രസിന്‍റെ പ്രതാപത്തിന് മങ്ങലേറ്റു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിര ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്‍റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്‍റേയും സുന്ദര കൈലാസത്തിന്‍റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി ബന്ധമുണ്ടായിരുന്നു.

ബിജെപി എന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് താമര. പാര്‍ട്ടി രൂപം കൊണ്ട 1980 മുതല്‍ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണിത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയും 1951ല്‍ സ്ഥാപിച്ച ഭാരതീയ ജനസംഘത്തിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം "ദീപം' ആയിരുന്നു. 1977ല്‍ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. അതോടെ ദീപം ചിഹ്നം ഇല്ലാതായി. 1980ല്‍ ജനതാ പാര്‍ട്ടിയുമായി ആശയപരമായ വ്യത്യാസം കാരണം പുറത്തുവന്ന അടൽ ബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അഡ്വാനിയും അടക്കമുള്ള ജനസംഘത്തിന്‍റെ നേതാക്കള്‍ 1980 ഏപ്രില്‍ 6ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചു. അന്ന് പഴയ ദീപം ചിഹ്നത്തിന് പകരം മറ്റൊരു ചിഹ്നം അന്വേഷിച്ചു. ഭാരത സംസ്കാരത്തില്‍ പവിത്രതയുടെയും അറിവിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി താമരയെ പൊതുവില്‍ കണക്കാക്കിയിരുന്നു. ചെളിയില്‍ വിരിഞ്ഞാലും അതില്‍ തൊടാതെ നില്‍ക്കുന്ന താമര, കഠിനമായ സാഹചര്യങ്ങളിലും ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. അങ്ങനെ ആർഎസ്എസിന്‍റെ കൂടി അനുമതിയോടെ താമരയെ ബിജെപി ചിഹ്നമായി തെരഞ്ഞെടുത്തു.

സിപിഎം, സിപിഐ ചിഹ്നങ്ങളെ കുറിച്ച് പരാമര്‍ശിക്കും മുന്‍പ് ഈ രണ്ട് പാര്‍ട്ടികളുടേയും തുടക്കവും പറയണം. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (സിപിഐ) വലിയ പിളര്‍പ്പുണ്ടായി. പതിറ്റാണ്ടുകളായി നിലനിന്ന സംഘര്‍ഷങ്ങളുടെയും വിഭാഗീയമായ ഉള്‍പ്പോരുകളുടെയും പരിസമാപ്തമായിരുന്നു ഈ പിളര്‍പ്പ്. 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍, പുതിയ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടണം എന്നതിനെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സര്‍ക്കാരും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരണം തേടുന്ന ഒരു വിഭാഗം സിപിഐയില്‍ ഉയര്‍ന്നുവന്നു. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവണത.

1962ല്‍ ചൈന- ഇന്ത്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയിലെ നിരവധി കമ്യൂണിസ്റ്റുകളെ ചൈനയെ അനുകൂലിച്ചതിന് ജയിലിലടച്ചു. കൂടുതല്‍ യാഥാസ്ഥിതിക വിഭാഗം കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍, കൂടുതല്‍ തീവ്രവാദികളായ വിഭാഗം ചൈനീസ് പ്രതികാര നടപടികളെ പിന്തുണച്ചു. നിരവധി യോഗങ്ങള്‍ക്ക് ശേഷമാണ് സിപിഐ പിളരുന്നതും സിപിഎം രൂപം കൊള്ളുന്നതും. 1964 നവംബര്‍ 7ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് (സിപിഎം) എന്നിങ്ങനെ പിളര്‍ന്നു.

സിപിഐയുടെ ഔദ്യോഗിക ചിഹ്നമായ നെല്‍ക്കതിരും അരിവാളും തൊഴിലാളി വര്‍ഗത്തിന്‍റെയും കര്‍ഷകരുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ്. 1952ല്‍ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ ചിഹ്നം ഉപയോഗിച്ചു. കര്‍ഷകരുടെ അധ്വാനത്തെ നെല്‍ക്കതിരും കര്‍ഷകത്തൊഴിലാളികളെ അരിവാളും പ്രതിനിധീകരിക്കുന്നു. 72 വര്‍ഷമായി ചിഹ്നം മാറാത്ത രാജ്യത്തെ ഒരേയൊരു പാര്‍ട്ടിയാണ് സിപിഐ. 52ലെ ഒന്നാം തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരേ ചിഹ്നത്തില്‍ മത്സരിച്ച രാജ്യത്തെ ഏക പാര്‍ട്ടിയും സിപിഐ തന്നെ. രാജ്യത്തെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമാണ് നെല്‍ക്കതിരും അരിവാളും. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സിപിഐയുടെ ചിഹ്നം നെല്‍ക്കതിരും അരിവാളും തന്നെ. 1964ല്‍ സിപിഐ പിളര്‍ന്ന് സിപിഎം ഉണ്ടായപ്പോള്‍ നെല്‍ക്കതിരും അരിവാളും സിപിഐ തന്നെ നിലനിര്‍ത്തി.

സിപിഎമ്മിന് ചിഹ്നമായ അരിവാള്‍- ചുറ്റിക- നക്ഷത്രം വന്നതിനു പിന്നില്‍ ദീര്‍ഘ ചരിത്രമുണ്ട്. സോവിയറ്റ് യൂണിയനിലെ ഒക്റ്റോബര്‍ വിപ്ലവ സമയത്താണ് അരിവാള്‍- ചുറ്റിക ഉപയോഗിച്ചു തുടങ്ങിയത്. 1917ലെ വിപ്ലവത്തിനു ശേഷം ഇത് തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യത്തിന്‍റെ അടയാളമായി മാറി. അരിവാള്‍ കര്‍ഷകരെയും ചുറ്റിക വ്യാവസായിക തൊഴിലാളികളെയും സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ നക്ഷത്രം കൂടി ചേര്‍ത്തു. വിപ്ലവത്തിന്‍റെ തീക്ഷ്ണതയെയും കമ്യൂണിസ്റ്റ് ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് നക്ഷത്രം എന്നാണ് വിശദീകരണം.

1952ലെ പൊതു തെരഞ്ഞെടുപ്പില്‍ "തോണി' ആയിരുന്നു മുസ്‌ലിം ലീഗിന്‍റെ ചിഹ്നം. കേരളപ്പിറവിക്ക് ശേഷം ആദ്യ തെരഞ്ഞെടുപ്പു നടന്ന 1957ലാണ് ഏണി ചിഹ്നത്തില്‍ ലീഗ് മത്സരിക്കാന്‍ തുടങ്ങിയത്. അന്ന് ലീഗ് അംഗീകൃത പാര്‍ട്ടിയായിരുന്നില്ല. സ്വതന്ത്രര്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ പെട്ട ഏണി (കോണി) ചിഹ്നം തെരഞ്ഞെടുക്കുകയായിരുന്നു. 1957ലെ വോട്ടിങ് നിലയനുസരിച്ച് സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചതിനെ തുടര്‍ന്ന് 1960 മുതല്‍ ഏണി ചിഹ്നം മുസ്‌ലിം ലീഗിന്‍റെ ഔദ്യോഗിക ചിഹ്നമായി. മറ്റു സംസ്ഥാനങ്ങളിലും ഏണി ചിഹ്നത്തില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്നു. ലീഗിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് രൂപം കൊണ്ട അഖിലേന്ത്യാ മുസ്‌ലിം ലീഗിന്‍റെ ചിഹ്നം തോണിയായിരുന്നു.

കേരള കോണ്‍ഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തെരഞ്ഞെടുപ്പു ചിഹ്നം. 1979ല്‍ ജോസഫും മാണിയും പിരിഞ്ഞപ്പോള്‍ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984ല്‍ മാണിയും ജോസഫും ചേര്‍ന്നപ്പോള്‍ കുതിരയെ വീണ്ടും തെരഞ്ഞെടുത്തു. 1987ല്‍ വീണ്ടും പിളര്‍ന്നു. ചിഹ്ന തര്‍ക്കത്തില്‍ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില തെരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിരയെ ഉപയോഗിച്ചു. 1990ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷിമൃഗാദികളെ ചിഹ്നത്തില്‍ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് സൈക്കിള്‍ തെരഞ്ഞെടുത്തു. 2010ല്‍ ജോസഫ് കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. മാണിയുടെ മരണശേഷം 2020ല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ചിഹ്ന തര്‍ക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാനാർഥികള്‍ക്കും ട്രാക്റ്റര്‍ ഓടിക്കുന്ന കര്‍ഷകനാണ് ചിഹ്നമായി അനുവദിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com