

തെരഞ്ഞെടുപ്പ് കാലത്തെ കേരളാ ഹൗസ്
വിജയ് ചൗക്ക് - സുധീര്‍നാഥ്
വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുന്നു. പണ്ടൊക്കെ തെരഞ്ഞെടുപ്പ് കാലം ഡല്‍ഹിയിലെ കേരള ഹൗസില്‍ ഉത്സവകാലമായിരുന്നു. ഇന്നും ഒരു ചെറു ഉത്സവത്തിന്‍റെ പ്രതീതിയുണ്ടെങ്കിലും പഴയ പ്രൗഢി ഇപ്പോഴില്ല. അന്ന് ഒരു പ്രമുഖ ദേശീയ രാഷ്‌ട്രീയ പാര്‍ട്ടി മാത്രം കേരളത്തിലുണ്ടായിരുന്നപ്പോഴാണ് ഉത്സവമേളം. ഇന്ന് മൂന്നു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിമോഹികളും ഒട്ടേറെ ടിവി ചാനൽ റിപ്പോർട്ടർമാരും ക്യാമറക്കാരും പത്രക്കാരുമൊക്കെ ഒത്തുകൂടിയിട്ടു പോലും ചെറിയ ഉത്സവത്തിന്‍റെ പ്രതീതി മാത്രം.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും ഇന്ന് കേരളത്തിലെ തെരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്‌ട്രീയ കക്ഷികളാണ്. മൂന്നു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി മോഹികളും അതിനുള്ള പിണിയാളുകളും ഇടനിലക്കാരുമൊക്കെ ഇപ്പോള്‍ ഡല്‍ഹിയില്‍ പല ഹോട്ടലുകളിലായി തമ്പടിച്ചിട്ടുണ്ട്. സ്ഥാനാർഥിയായി പേര് പരിഗണിക്കണമെന്നും അതു ചാനലുകളിൽ വരണമെന്നും മാത്രമാണ് പലരും ആഗ്രഹിക്കുന്നത്. ഇന്ന മണ്ഡലത്തില്‍ ഇന്ന ഇന്ന ആളുകള്‍ സ്ഥാനാർഥിയാവാന്‍ സാധ്യതയുണ്ട് എന്നുള്ള വാര്‍ത്ത വരിക. അതാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പലര്‍ക്കും ജയിക്കണമെന്ന താല്പര്യമന്നുമില്ല. തോറ്റാലും ഒരു സ്ഥാനാർഥിയാവുക എന്നതു മാത്രമാണ് പലരുടെയും ലക്ഷ്യം.
സ്ഥാനാർഥിയാകാം എന്ന പ്രതീക്ഷകളിലാണ് പലരും കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് വണ്ടി കയറിയിരുന്നത്. ഒറ്റയ്ക്കായിരുന്നില്ല ഇവരുടെ യാത്ര. പിന്തുണയുണ്ടെന്ന് അറിയിക്കാൻ പല പ്രാദേശിക സാമുദായിക, സാംസ്കാരിക നേതാക്കളെയും കൂടെ കൂട്ടും. ഓരോ ഡല്‍ഹി യാത്രയ്ക്കും സ്ഥാനാർഥി മോഹികള്‍ക്ക് നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണ്. കൂടെ കൊണ്ടുവരുന്നവരുടെ യാത്ര, താമസ, ഭക്ഷണ ചെലവുകള്‍ വഹിക്കേണ്ടി വരുമല്ലോ. ഒരു സ്ഥാനാര്‍ഥിമോഹി വിദേശത്തു നിന്നുള്ള തന്‍റെ രണ്ട് ബിസിനസ് സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് അയച്ചു കൊടുത്ത് വരുത്തിച്ചു. രാഷ്‌ട്രീയ നേതൃത്വത്തിലുള്ള പ്രമുഖന്‍റെ മുന്നില്‍ ഇവരെ അവതരിപ്പിച്ച് തന്‍റെ സാമ്പത്തിക പിന്‍മ്പലം സാക്ഷ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സ്ഥാനാർഥിത്വം എങ്ങിനെയെങ്കിലും സാധിച്ചെടുക്കുവാന്‍ സാധിക്കുമോ എന്ന ശ്രമമാണ് ഒരോരുത്തരും നടത്തിയത്.
കേന്ദ്രത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന നേതാവിന്‍റെ അധികസമയം എടുക്കാത്ത ഒരു സ്ഥാനാർഥി മോഹി കഴിഞ്ഞ ദിവസം ആശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്. ""അദ്ദേഹത്തെ കണ്ടു, എന്നെ കെട്ടിപ്പിടിച്ചു, എന്‍റെ കൈയില്‍ അമര്‍ത്തി ഒന്ന് ഞെക്കി..''!ഇതു മതിയായിരുന്നു അദ്ദേഹത്തിന് ഡല്‍ഹി യാത്രയില്‍ നിന്ന് ലഭിക്കാന്‍ എന്ന് തോന്നിപ്പോയി.
സമീപകാലത്ത് മറ്റൊരു പ്രവണത കാണുന്നുണ്ട്. അത് പുസ്തക രചനയാണ്. തെരഞ്ഞെടുപ്പ് അടുത്താല്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ധാരാളമാണ്. അതിനോടൊപ്പം ഒപ്പിക്കുന്ന അവാര്‍ഡുകളും ഈ കാലത്ത് സ്ഥാനാർഥി മോഹികളെ തേടിയെത്തും. പുസ്തക പ്രകാശനവും അവാര്‍ഡ്ദാന ചടങ്ങുകളും പുസ്തക ചർച്ചകളുമൊക്കെക്കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ എന്ന് തോന്നിയിട്ടില്ലേ...?
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ മാത്രമാണ് സീറ്റുകള്‍ക്കായി ഡല്‍ഹി യാത്ര നടത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഡൽഹിയിലാണല്ലോ അന്ത്യ തീരുമാനം. അതിനാൽ എല്ലാ പാര്‍ട്ടിക്കാരും സീറ്റുകള്‍ നേടിയെടുക്കാന്‍ ഒരു ഡല്‍ഹി യാത്ര എപ്പോഴും കരുതിയിരിക്കും.
തണുപ്പായാലും ചൂടായാലും ഡല്‍ഹി യാത്ര തെരഞ്ഞെടുപ്പിനു മുമ്പ് ഒരു തീർഥയാത്രയായി കാണുന്നവരുമുണ്ട്. ഇവരുടെയെല്ലാം രാഷ്‌ട്രീയ തീർഥാടന കേന്ദ്രമാണ് ഡല്‍ഹിയിലെ കേരളാ ഹൗസ്. സ്ഥിരമായി തെരഞ്ഞെടുപ്പുകാലത്ത് എത്തുകയും വെറും കൈയോടെ മടങ്ങുകയും ചെയ്യുന്ന എത്രയോ പേര്‍ ഇപ്പോഴും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ചിലര്‍ പല പാര്‍ട്ടികളിലും മാറിമാറി പരീക്ഷിക്കുക കൂടി ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാവ് ""ലീഡർ'' കെ. കരുണാകരന്‍ പാർട്ടിയിലെ കിങ് മേക്കര്‍ ആയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ഏതു സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടന്നാലും കരുണാകരന്‍റെ ശുപാര്‍ശയുണ്ടെങ്കില്‍ സ്ഥാനാർഥിത്വം ഉറപ്പുള്ള ഒരു കാലം. അദ്ദേഹത്തിന്‍റെ അനുഗ്രഹത്താല്‍ നിരവധിപ്പേർ ദേശിയ നേതാക്കളായി മാറിയിട്ടുണ്ട്. 1970, 80, 90 കാലഘട്ടങ്ങളിൽ ജന്തർ മന്തറിലെ കേരള ഹൗസില്‍ കരുണാകരന്‍ വന്നാല്‍ നൂറുകണക്കിന് ആളുകളാണ് അവിടെ ഒത്തുകൂടുക. കരുണാകരന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഏതു സംസ്ഥാനത്തായാലും അയാള്‍ നേതാവായി മാറും എന്ന വിശ്വാസം അന്ന് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്നു. ലീഡറുടെ പ്രീതി നേടാന്‍ കേരള ഹൗസിനു മുന്നില്‍ നിന്ന പലരും പില്‍ക്കാലത്ത് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും എംപിയും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നേതാക്കളും ആയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യവുമാണ്.
കെ. കരുണാകരന്‍ എന്ന കിങ് മേക്കറുടെ സംഭവ കഥകള്‍ ഇപ്പോള്‍ കേരള ഹൗസിലെ ലോബികളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. കേരള ഹൗസിന്‍റെ അകത്തളത്തില്‍ നടന്നതും മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍ പങ്കുവച്ചതാണ് ഇവിടെ പരാമര്‍ശിക്കുന്ന കരുണാകര കഥ. അക്കാലത്ത് കരുണാകരനെ കാണാന്‍ നൂറുകണക്കിനു പേരായിരുന്നു കേരള ഹൗസിനു മുന്നിലെ ആന പ്രതിമയ്ക്കു മുന്നിലും പുറത്തുമായി തടിച്ചു കൂടിയിരുന്നത്. ഒന്നു മുഖം കാണിക്കുക എന്നതായിരുന്നു പലരുടെയും ലക്ഷ്യം.
അംബാസഡറും വൈസ് ചാന്‍സിലറും ഒക്കെയായി പേരെടുത്ത കെ.ആര്‍. നാരായണന്‍ ലീഡറെ കാണാന്‍ കേരള ഹൗസിലെത്തി. അപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണാനായി അദ്ദേഹം പുറത്തേക്കിറങ്ങുകയാണ്. നാരായണനെ കണ്ടതോടെ ലീഡര്‍ തന്‍റെ പ്രിയപ്പെട്ട മുറിയായ 104ല്‍ ചെന്നിരിക്കാന്‍ പറഞ്ഞു. ഉടനെ തിരിച്ചുവരും എന്നും പറഞ്ഞു. പക്ഷേ കെ.ആര്‍. നാരായണന്‍ കേരള ഹൗസിന്‍റെ ലോബിയിലെ സോഫയില്‍ ഇരിക്കുകയാണുണ്ടായത്. ഒരു മണിക്കൂറിലേറെ കാത്തിരുന്ന നാരായണന്‍ അക്ഷമനായി. പിന്നീടു വന്നു കാണാം എന്ന് അദ്ദേഹം അവിടെ ഉണ്ടായിരുന്ന എന്‍. അശോകനോട് പറഞ്ഞ് പുറത്തേക്ക് പോകാന്‍ എഴുന്നേറ്റ സമയത്തു തന്നെ ലീഡര്‍ മടങ്ങിയെത്തി. സ്നേഹത്തോടെ നാരായണനെ 104 ാം റൂമിലേക്ക് കൊണ്ടുപോയി. പിന്നീട് ലോകം കേള്‍ക്കുന്നത് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കെ.ആര്‍. നാരായണനെ പ്രഖ്യാപിച്ചതായാണ്.
പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു അതിനു മുമ്പ് കരുണാകരനെ കാണാന്‍ മണിക്കൂറുകളോളം കേരള ഹൗസിന്‍റെ മുറ്റത്ത് കാത്തുനിന്ന മറ്റൊരു കഥയുണ്ട്. റാവുവിന്‍റെ ന്യൂനപക്ഷ സർക്കാരിനെ പിടിച്ചുനിർത്താൻ ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഷിബു സോറനുമായി കേരള ഹൗസിലിരുന്നു ധാരണയുണ്ടാക്കിയതും അതു പിന്നീടു ഝാർഖണ്ഡ് കോഴക്കേസ് എന്ന പേരിൽ കുപ്രസിദ്ധി നേടിയതും മറ്റൊരു കഥ. കരുണാകരന്‍റെ മുറിക്ക് കാവല്‍ നിന്നിരുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ് പില്‍ക്കാലത്ത് ദേശീയ വ്യക്തമായി മാറിയത്.
ഇന്ന് ലീഡറുടെയോ നായനാരുടെയോ ഒക്കെ കാലത്ത് ഉണ്ടായിരുന്ന തിരക്ക് കേരള ഹൗസില്‍ കാണാന്‍ സാധിക്കുന്നില്ല. അക്കാലത്ത് അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ഏതാനും മലയാളി മാധ്യമ പ്രവര്‍ത്തകര്‍ മാത്രമായിരുന്നു കേരള ഹൗസിന്‍റെ പരിസരങ്ങളില്‍ എത്തിയിരുന്നത്. അതും, കുത്തരിച്ചോറും ബീഫും, കഞ്ഞിയും പയറുകറിയുമൊക്കെ കിട്ടുന്ന ക്യാന്‍റീൻ ഉണ്ടായിരുന്നതിനാൽ!
ഇന്ന് കാലം മാറി. മലയാള ദൃശ്യമാധ്യമങ്ങളുടെ എണ്ണം മാത്രം ഒരു ഡസനിലേറെ ആയിരിക്കുന്നു. അതായത് ഒരു ഡസന്‍ ക്യാമറകളും ക്യാമറമാന്മാരും അതിന്‍റെ റിപ്പോർട്ടർമാരുമാണ് കേരള ഹൗസിലെ ലോബിയില്‍ ഒരോ നേതാവിന്‍റെയും പ്രതികരണത്തിനായി കാത്തിരിക്കുന്നത്. ഒപ്പം ഒരു ഡസനോളം അച്ചടി മാധ്യമങ്ങളുടെ പ്രതിനിധികളും. പിന്നെ നേതാക്കളെ കാണാനെത്തിയ അനുചരന്മാർ വേറെ.
തെരഞ്ഞെടുപ്പ് കാലത്തെ കേരള ഹൗസ് കഥകളിൽ ഫിനിക്സ് പക്ഷിയെ പോലെ രാഷ്ട്രീയത്തിൽ വലിയ വളർച്ച നേടിയവരുണ്ട്. അധികാര രാഷ്ട്രീയത്തിൽ എത്തിപ്പെട്ടവരുണ്ട്. ഡൽഹി യാത്രയിൽ കേരള ഹൗസിൽ വച്ച് രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചവരുണ്ട്. മറ്റൊരു പാർട്ടി തേടി പോയവരുണ്ട്. വിമതരായി മത്സരിക്കാൻ തീരുമാനിച്ചവരുണ്ട്. അങ്ങനെ ഒട്ടേറെ കഥകൾ കേരള ഹൗസിന് പറയാനുണ്ട്.
ഈ തെരഞ്ഞെടുപ്പ് കാലത്തും എല്ലാ പാര്‍ട്ടികളിലെയും സ്ഥാനാര്‍ഥി മോഹികളെയും കേരള ഹൗസിന്‍റെ പരിസരങ്ങളില്‍ കാണാം. അവര്‍ റാകിപ്പറന്ന് ചലനങ്ങള്‍ നിരീക്ഷിക്കും. ദൂതര്‍ വഴി ആഗ്രഹം അറിയിക്കും. വേണ്ടി വന്നാല്‍ കേരള ഹൗസില്‍ പറന്നിറങ്ങും. മാധ്യമപ്രവര്‍ത്തകരെ സമീപിച്ച് അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും ശ്രമിക്കും. പത്രക്കാരോടു സംസാരിക്കുന്ന നേതാക്കളുടെ പിന്നിൽ ചെന്നുനിന്ന് ചാനലിൽ മുഖം കാണിക്കും. തെരഞ്ഞെടുപ്പ് വന്നാല്‍ ഡല്‍ഹി കേരളാ ഹൗസ് സജീവമാകുക എന്ന പതിവ് തെറ്റുന്നില്ല, പഴയ പ്രൗഢി ഇല്ലെങ്കിലും...