കേരള ബജറ്റ്: വാഗ്ദാനങ്ങൾ സമൃദ്ധം, ഖജനാവ് ശൂന്യം

വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന ബജറ്റ്. ഇത് തെരഞ്ഞെടുപ്പ് കാലത്തെ സാമ്പത്തിക ശാസ്ത്രമാണ്; അടിത്തറയ്ക്കല്ല, അലങ്കാരങ്ങൾക്കും സാമ്പത്തിക യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്ത ഉറപ്പുകൾക്കുമാണ് പ്രാധാന്യം
Kerala Budget 2026 falls promises

അടിത്തറയ്ക്കു പകരം അലങ്കാരങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്.

MV Graphics

Updated on
Summary

കേരളത്തിന്‍റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിൽ നേരിയ വർധനവ് മാത്രം രേഖപ്പെടുത്തുമ്പോഴും, 1.92 ലക്ഷം കോടിയുടെ ബൃഹത്തായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സാമൂഹിക ക്ഷേമ പെൻഷനുകൾക്കും ശമ്പള പരിഷ്കരണത്തിനുമായി വലിയ തുക മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും, അതിനുള്ള സാമ്പത്തിക സ്രോതസ് വ്യക്തമല്ല. കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ലേഖനം വിമർശിക്കുന്നു. പത്തു വർഷത്തെ ഭരണത്തിനു ശേഷം അവസാന നിമിഷം നടത്തുന്ന ഈ പ്രഖ്യാപനങ്ങൾ വെറും രാഷ്ട്രീയ നാടകം മാത്രമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

അജയൻ

"നല്ലതൊക്കെ വൈകിയേ വരൂ" എന്ന ആശ്വാസവാചകത്തിന് ഇവിടെ പ്രസക്തമല്ല. വ്യാഴാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്‍റെ കാര്യത്തിൽ, "വൈകി വരുന്നതിനെക്കാൾ നല്ലത്, വരാതിരിക്കുന്നതാണ്" എന്നതാകും കൂടുതൽ സത്യസന്ധമായ തീർപ്പ്. ഭൂരിഭാഗം നിർദേശങ്ങളും ഒരിക്കലും നടപ്പിലാക്കാവില്ലെന്ന പൂർണ ബോധ്യത്തോടെ, അപ്രായോഗികമായ കാര്യങ്ങൾ നിരത്തി തയാറാക്കിയ ഒരു പ്രഖ്യാപനരേഖയാണിത്.

ആഴ്ചകൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാനിരിക്കുന്നു, മേയ് മാസത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുകയും ചെയ്യും. ബജറ്റ് ചർച്ചകൾ തുടങ്ങും മുൻപു തന്നെ ഈ ബജറ്റിന്‍റെ നടപ്പാക്കൽ വഴിമുട്ടിയിരിക്കുകയാണെന്നു സാരം. അഞ്ച് വർഷത്തോളം നീണ്ട നയപരമായ നിഷ്‌ക്രിയത്വത്തിനും വർധിച്ചുവരുന്ന ജനരോഷത്തിനും ശേഷം ബാക്കിയാകുന്നത് സാമ്പത്തികമായ നിശ്ചയദാർഢ്യമല്ല, മറിച്ച് വാചകക്കസർത്തുകൾ മാത്രമാണ്. ഈ രേഖ ഒരു കർമപദ്ധതി എന്നതിലുപരി, വളരെ വൈകി എത്തിയ ഒരു രാഷ്ട്രീയ പ്രകടനം മാത്രമായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി, സഹായം ഏറ്റവും ആവശ്യമുള്ളവർ അവഗണനയും പരിഹാസവുമാണ് നേരിട്ടത്. ആശാ വർക്കർമാർക്കും ആംഗൻവാടി അധ്യാപകർക്കും അന്തസ്സിനായി തെരുവിലിറങ്ങേണ്ടി വന്നു. ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ സ്കൂൾ പ്രധാനാധ്യാപകർക്ക് സ്വന്തം കൈയിൽ നിന്ന് പണമെടുക്കേണ്ടി വന്നു. ഈ അവഗണനകൾക്കു ശേഷം പെട്ടെന്നുണ്ടായ ഈ 'ഔദാര്യം' അവിശ്വസനീയവും സംശയാസ്പദവുമാണ്.

കഴിഞ്ഞ ദശകത്തിലെ ഭരണശൈലിക്ക് അനുസൃതമായി, കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് നാലിലൊന്ന് വർധനയോടെ 1.92 ലക്ഷം കോടി രൂപയുടെ ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. പ്രസംഗത്തിന്‍റെ വലിയൊരു ഭാഗം ''കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു'' എന്ന് ആവർത്തിക്കാനാണ് മാറ്റിവച്ചത്. എന്നാൽ, ശൂന്യമായ ഖജനാവ് വച്ച് ഇത്രയധികം ബജറ്റ് വിഹിതം എങ്ങനെ കണ്ടെത്തുമെന്ന വൈരുദ്ധ്യത്തിനു ധനമന്ത്രിയുടെ പക്കൽ വിശദീകരണമൊന്നുമില്ല. ആ ചോദ്യം ആരും ചോദിക്കില്ലെന്ന വൃഥാ വിശ്വാസത്തിലായിരുന്നിരിക്കാം അദ്ദേഹം.

സാമൂഹിക സുരക്ഷാ പെൻഷൻ, ആശാ-ആംഗൻവാടി വർക്കർമാരുടെ വേതനം എന്നിവയ്ക്കായി നീക്കിവെച്ച 14,500 കോടി രൂപയുടെ ക്ഷേമപദ്ധതികൾ പതിനാറാം ധനകാര്യ കമ്മീഷന്‍റെ ശുപാർശകളെ മാത്രം ആശ്രയിച്ചുള്ള ഒരു ചൂതാട്ടമാണ്. കമ്മീഷൻ റിപ്പോർട്ട് അനുകൂലമാകുമെന്നും വിഹിതം വർധിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ, അത് നടന്നില്ലെങ്കിലോ? കൈയിൽ എത്ര കിട്ടുമെന്നറിയും മുൻപേ എന്തിന് ഇത്ര വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നു? തെരഞ്ഞെടുപ്പ് നാടകത്തിനായി എന്തിന് ക്ഷേമപദ്ധതികളെ ആയുധമാക്കുന്നു? ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാനാണ് സർക്കാർ താത്പര്യപ്പെടുന്നത്. ഫണ്ട് ലഭിച്ചില്ലെങ്കിൽ, കേന്ദ്രം സംസ്ഥാനത്തെ തകർക്കുന്നു എന്ന സ്ഥിരം പല്ലവി ഇവർക്ക് ആവർത്തിക്കാം.

Kerala Budget 2026 falls promises

സാമ്പത്തിക സ്ഥിതി (Fiscal Reality): ധനകാര്യ കമ്മീഷൻ നിർദേശിക്കുന്നത് 2.5% റവന്യൂ മിച്ചം (Surplus) ഉണ്ടാകണമെന്നാണ്. എന്നാൽ, നിലവിൽ കേരളം -3.78% റവന്യൂ കമ്മിയിലാണ് (Deficit) നിൽക്കുന്നത്.

MV Graphics

എന്നാൽ, വോട്ടർമാർ ഇപ്പോൾ അത്ര ക്ഷമയുള്ളവരല്ല. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളും അഴിമതി, അനാസ്ഥ, ധാർഷ്ട്യം എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയും കണക്കിലെടുക്കുമ്പോൾ ഈ ബജറ്റ് പ്രസംഗം സർക്കാരിന്‍റെ വിടവാങ്ങൽ പ്രസംഗം പോലെ തോന്നിക്കുന്നു. ഒഴിഞ്ഞ ഖജനാവും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുമായി പടിയിറങ്ങുന്ന സർക്കാർ, തങ്ങൾക്ക് നല്ല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പരാജയത്തിനു കാരണം മറ്റുള്ളവരാണെന്നും ഇനി വാദിച്ചേക്കും.

പ്രസംഗങ്ങൾ പോലെയല്ല, അക്കങ്ങൾ കള്ളം പറയില്ല. അവ വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള വലിയ വിടവ് തുറന്നുകാട്ടും. ആകെ റവന്യൂ വരുമാനം 2023-24 ലെ 1,24,486 കോടിയിൽ നിന്ന് 2024-25 ൽ 1,24,861 കോടിയായി മാത്രമേ വർധിച്ചിട്ടുള്ളൂ. വെറും 0.3 ശതമാനം മാത്രം! അടുത്ത വർഷം 12 ശതമാനം വളർച്ച പ്രതീക്ഷിക്കുമ്പോഴും നികുതി വരുമാനത്തിലെ വർധന വെറും 3.1 ശതമാനമാണ്. നികുതിയേതര വരുമാനമാകട്ടെ 0.9 ശതമാനം വർധനയിൽ കിതയ്ക്കുന്നു.

ഏറ്റവും ഭയാനകമായ കണക്ക് റവന്യൂ കമ്മി ജിഎസ്‌ഡിപിയുടെ (GSDP) 3.78 ശതമാനമാണ് എന്നതാണ്. അതായത് സംസ്ഥാനം വരുമാനത്തെക്കാൾ എത്രയോ അധികം ചെലവഴിക്കുന്നു! സർക്കാർ സഹായത്തിനായി ഉറ്റുനോക്കുന്ന ധനകാര്യ കമ്മീഷൻ നിർദേശിക്കുന്നത് 2.5 ശതമാനം റവന്യൂ മിച്ചമാണ്. പക്ഷേ യാഥാർഥ്യം ഇതിനു നേരെ വിപരീതമാണ്. കണക്കുകൾ പ്രസംഗത്തിലെ ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്നില്ല.

Kerala Budget 2026 falls promises

വളർച്ചയിലെ വിടവ് (The Growth Gap): സംസ്ഥാനത്തിന്‍റെ യഥാർഥ വരുമാന വളർച്ച വെറും 0.3% മാത്രമായിരിക്കെ, അടുത്ത വർഷം 12% നികുതി വളർച്ചയാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്.

MV Graphics

വികസനത്തിന്‍റെ മന്ത്രമായി കിഫ്ബിയെ (KIIFB) എപ്പോഴും ഉയർത്തിക്കാട്ടാറുണ്ടെങ്കിലും അതിന്‍റെ ഫലങ്ങൾ അദൃശ്യമാണ്. ദേശീയപാതകളും അദാനിയുടെ വിഴിഞ്ഞം തുറമുഖവും പോലുള്ള കേന്ദ്ര പദ്ധതികളെയാണ് വലിയ വികസനങ്ങളായി കൊട്ടിഘോഷിക്കുന്നത്. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ കെ-റെയിൽ തുടക്കത്തിലേ പാളം തെറ്റി. ഇപ്പോൾ റാപ്പിഡ് റെയിൽ (RRTS) എന്ന മറ്റൊരു വലിയ പദ്ധതി കൂടി അവതരിപ്പിക്കുമ്പോൾ, കേരളം വീണ്ടും പിടികൊടുക്കാത്ത മറ്റൊരു സ്വപ്നത്തെ പിന്തുടരാൻ തയാറെടുക്കുകയാണ്.

കേരളം ഒന്നാമതാണെന്ന അവകാശവാദങ്ങൾ സർക്കാർ ആവർത്തിക്കുമ്പോഴും, ദേശീയ ശരാശരിയെക്കാൾ താഴെ നിൽക്കുന്ന സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചാ നിരക്ക് കയ്ക്കുന്ന യാഥാർഥ്യമായി അവശേഷിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ ഈ പുതിയ ഉറപ്പുകൾ ഒരിക്കലും പ്രാവർത്തികമാകാൻ സാധ്യതയില്ല. പത്തു വർഷം കൈയിലുണ്ടായിട്ടും അവസാന നിമിഷം നടത്തുന്ന ഈ നെട്ടോട്ടം വെറുമൊരു കബളിപ്പിക്കലായി മാത്രമേ കാണാൻ കഴിയൂ. ഇതിൽ പ്രകടമാകുന്നത് സമയക്കുറവല്ല, മറിച്ച് ഇച്ഛാശക്തിയുടെയും ലക്ഷ്യബോധത്തിന്‍റെയും അഭാവമാണ്.

Kerala Budget 2026 falls promises
ബജറ്റ് ഒറ്റനോട്ടത്തിൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com