ബെംഗളൂരുവിന്‍റെ ദാഹമടക്കാൻ വയനാടിനാവും

ബെംഗളൂരുവിന്‍റെ ജീവനാഡിയായ കാവേരിക്ക് കരുത്തു പകരുന്നത് കേരളത്തിൽ ഉദ്ഭവിക്കുന്ന കബനീ നദിയാണ്. അതുകൊണ്ടു തന്നെ കർണാടക തലസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ കേരളത്തിനു സാധിക്കും

അജയൻ

ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുമ്പോൾ, രക്ഷക വേഷം കൂടുതൽ ഇണങ്ങുക കേരളത്തിന്. കർണാടക തലസ്ഥാനത്തിന്‍റെ ജീവനാഡി തന്നെയായ കാവേരീ നദിക്ക് കരുത്തു പകരുന്നത് കേരളത്തിൽ ഉദ്ഭവിക്കുന്ന കബനീ നദിയാണ്. വയനാടൻ കുന്നുകളിൽ നിന്നൊഴുകിയിറങ്ങുന്ന വിവിധ നദികളാണ് കബനിയായി സംഗമിച്ച് കാവേരിക്ക് ജീവജലം പകരുന്നത്. കാവേരിയിൽ നിന്ന് പ്രതിദിനം ഏകദേശം 1,450 ദശലക്ഷം ലിറ്റർ (MLD) വെള്ളം ബെംഗളൂരുവിലെ ദൈനംദിന ജീവിതത്തിന് ഉപയോഗിക്കുന്നു. മറ്റൊരു 650 MLD കുഴൽക്കിണറുകളിൽ നിന്നു ലഭിക്കുന്നു. എന്നിട്ടും ഏകദേശം 500 MLD വെള്ളത്തിന്‍റെ കുറവ് പ്രതിദിനം നേരിടുന്നു.

കാവേരിക്ക് കരുത്തേകുന്ന കബനി

കർണാടകയിലെ മൈസുരു ജില്ലയിൽ കബനിയും കാവേരിയും സംഗമിക്കുന്ന തിരുമകുടലു നരസിപുരയുടെ ആകാശദൃശ്യം.
കർണാടകയിലെ മൈസുരു ജില്ലയിൽ കബനിയും കാവേരിയും സംഗമിക്കുന്ന തിരുമകുടലു നരസിപുരയുടെ ആകാശദൃശ്യം.Google Earth

വൈത്തിരിപ്പുഴയും പനമരംപുഴയും ഉദ്ഭവിക്കുന്ന കേരളത്തിലെ വൈത്തിരി-ലക്കിടി മലനിരകളിൽ നിന്നാണ് കബനിയുടെ യാത്ര ആരംഭിക്കുന്നത്. കുഞ്ചത്ത് നിന്ന് ഉദ്ഭവിക്കുന്ന മാനന്തവാടിപ്പുഴ, കുറുവ ദ്വീപുകളിലെ 950 ഏക്കർ സംരക്ഷിത നദീതടത്തിലൂടെ കടന്ന് കൂടൽക്കടവിൽ പനമരംപുഴയുമായി സംയോജിക്കുന്നു. അവിടെ നിന്ന് ബാവേലിയിലൂടെ കബനി കർണാടകയിലേക്ക് വളഞ്ഞുപുളഞ്ഞൊഴുകുകയാണ്. തിരുനെല്ലി മലനിരകളിൽ നിന്ന്, കാളിന്ദി, ബേഗൂർ, ബാവേലി എന്നീ മൂന്ന് നദികൾ കബനിയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. അങ്ങനെയാണ് കർണാടകയിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് അതിന്‍റെ ശക്തി വർധിക്കുന്നത്. മറ്റൊരു പോഷകനദിയായ നൂൽപ്പുഴ, തമിഴ്‌നാട്ടിലെ പന്തല്ലൂരിലാണ് ഉദ്ഭവിക്കുന്നത്. വയനാട്ടിലെ സമൃദ്ധമായ വനങ്ങളിലൂടെ സഞ്ചരിച്ച് അതേ പ്രദേശത്തെ രാംപൂർ ശ്രേണിയിൽ ചേരുന്നു. നൂൽപ്പുഴയും കബനിയും ഒരുമിച്ച് കിഴക്കോട്ട് ഒഴുകുന്നു, ഒടുവിൽ കർണാടകയിലെ മൈസൂരിൽ കാവേരി, കബനി നദികളുടെ സംഗമസ്ഥാനത്ത് നിർമിച്ച ബീച്ചിനഹള്ളി അണക്കെട്ടിൽ എത്തിച്ചേരുന്നു.

അങ്ങനെ, കബനിയിലേക്കും കാവേരിയുടെ പോഷകനദികളിലേക്കും സമൃദ്ധമായ നീരൊഴുക്ക് ഉറപ്പാക്കുന്നത് കർണാടകത്തിനും തമിഴ്‌നാടിനും ജലലഭ്യത ഉറപ്പാക്കുന്ന കാര്യത്തിൽ നിർണായകമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര സർക്കാർ നേരിട്ട് ഒരു ത്രികക്ഷി സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. സങ്കീർണമായ ജല വിഭവശേഷി പങ്കുവയ്ക്കൽ വിഷയം രമ്യമായി പരിഹരിക്കാനും, ഉൾപ്പെട്ട സംസ്ഥാനങ്ങൾക്കിടയിൽ അർഹമായ വിതരണം ഉറപ്പാക്കാനും ഇതു സഹായിക്കും.

പ്രതിന്ധിയുടെ മൂലകാരണം

ബെംഗളൂരു നഗരത്തിന്‍റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കെംപെ ഗൗഡയുടെ ശിൽപ്പം.
ബെംഗളൂരു നഗരത്തിന്‍റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കെംപെ ഗൗഡയുടെ ശിൽപ്പം.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങളാൽ വഷളായ അനിയന്ത്രിതമായ വികസനമാണ് ബെംഗളൂരുവിനെ പിടികൂടിയിരിക്കുന്ന ജലപ്രതിസന്ധിയുടെ മൂലകാരണം. അപര്യാപ്തമായ ആസൂത്രണവും ഫലപ്രദമല്ലാത്ത പദ്ധതി നിർവഹണവും പ്രശ്നം സങ്കീർണമാക്കി. നഗരവത്കരണവും ജനസംഖ്യാ വർധനവും മൂലം അപ്പാർട്ട്‌മെന്‍റ് സമുച്ചയങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും കുതിച്ചുചാട്ടം നിലവിലുള്ള ജലക്ഷാമത്തിനു പ്രധാന കാരണമായെന്ന് പീപ്പിൾ ഫോർ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കർണാടക (പിഎഫ്‌ഡബ്ല്യുസികെ) പ്രസിഡന്‍റ് ജോൺ പീറ്റർ മെട്രൊ വാർത്തയോടു പറഞ്ഞത്. ഈ സമുച്ചയങ്ങളുടെ നിർമാണത്തിൽ, ഭൂഗർഭ പാർക്കിങ്ങിന്‍റെ ഒന്നിലധികം തലങ്ങൾ ഉൾക്കൊള്ളുന്നതിന് വ്യാപകമായി ഭൂമി കുഴിച്ചിട്ടുണ്ട്. ഇതിനകം തന്നെ വീർപ്പുമുട്ടുന്ന നഗരത്തിന്‍റെ ജലസ്രോതസുകളെ ഇതു കൂടുതൽ സമ്മർദത്തിലാക്കുന്നു.

ബെംഗളൂരുവിന്‍റെ ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിൽ ഒരുകാലത്ത് നിർണായകമായിരുന്ന നിരവധി തടാകങ്ങൾ കെട്ടിട നിർമാണങ്ങൾക്കായി ബലികഴിക്കപ്പെട്ടു. നിയമവിധേയവും നിയമവിരുദ്ധവുമായ കുഴൽക്കിണറുകളുടെ വ്യാപനം ഭൂഗർഭജല ശേഖരം കുറച്ചുകൊണ്ടുവരുന്നു. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്‍റെ കാലത്ത് ദീർഘദർശിയായ ഭരണാധികാരി കെംപെ ഗൗഡ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് വികസിപ്പിച്ച, ഒരു കാലത്ത് നഗരത്തെ അലങ്കരിച്ച മരങ്ങളെ പോലും വെറുതെ വിട്ടില്ല. ഇന്ന്, കെംപെ ഗൗഡയുടെ സ്വപ്നം തകർന്നിരിക്കുന്നു, അതിന്‍റെ സ്ഥാനത്ത് അംബരചുംബികളുടെ ആധിപത്യമുള്ള തരിശായ ഭൂപ്രകൃതിയാണ് ഇന്നുള്ളത്- ജോൺ ചൂണ്ടിക്കാട്ടുന്നു. പല ഘട്ടങ്ങളിലായി കാവേരീ ജലം ബെംഗളൂരുവിന്‍റെ ജീവനാഡിയായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, നഗരത്തിന്‍റെ വർധിച്ചുവരുന്ന ജല ആവശ്യം നിറവേറ്റുന്നതിൽ ഇത് അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാശ്വത പരിഹാരം

A construction site in Bengaluru
A construction site in Bengaluru

പരിസ്ഥിതി പ്രവർത്തകനും മൂന്നാറിലെ ടാറ്റാ ടീയുടെ മുൻ മേധാവിയും കുടക് സ്വദേശിയുമായ കെ. ചെങ്കപ്പയുടെ പരാതി, പച്ചപ്പും കൃഷിഭൂമിയും നഷ്ടപ്പെട്ട് മൺകൂനകൾ മാത്രം ശേഷിക്കുന്നു എന്നാണ്. ജലസ്രോതസുകളുടെയും വനങ്ങളുടെയും സംരക്ഷണത്തിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. കാവേരിയെ പോറ്റുന്ന പ്രധാന സ്രോതസെന്ന നിലയിൽ വയനാടിന്‍റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഈ പ്രകൃതി സമ്പത്ത് എല്ലാവരുടെയും പ്രയോജനത്തിനായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സമർഥിക്കുന്നു. മനുഷ്യരിൽ നിന്ന് വ്യത്യസ്‌തമായി, വന്യമൃഗങ്ങൾ ചെയ്യുന്നതു പോലെ കുടിവെള്ളത്തിന് അതിരുകൾ നിശ്ചയിക്കാത്ത സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് ചെങ്കപ്പയുടെ ഓർമപ്പെടുത്തൽ.

വയനാട്ടിലെ ഉഭയജീവികളെക്കുറിച്ചും മത്സ്യ ഇനങ്ങളെക്കുറിച്ചും വിപുലമായ ഗവേഷണം നടത്തിയ വൈൽഡ്‌ലൈഫ് ബയോളജിസ്റ്റ് സാബു ജഹാസ്, കാവേരിയുമായി ഈ പ്രദേശത്തെ ജലപാതകളുടെ പരസ്പരബന്ധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്. അവയുടെ തുടർച്ച സംരക്ഷിക്കേണ്ടത് കേരളത്തിന്‍റെയും കർണാടകയുടെയും തമിഴ്‌നാടിന്‍റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന അതിർത്തികൾ മറന്ന് പ്രദേശങ്ങളിൽ ഉടനീളമുള്ള സഹകരണ സംരക്ഷണ ശ്രമങ്ങളുടെ അനിവാര്യതയാണ് സാബു എടുത്തുകാട്ടുന്നത്.

ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളും മനുഷ്യനിർമിതമാണെന്ന് അദ്ദേഹം പറയുന്നു. വയനാട്ടിലെ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും സമൃദ്ധമായ സസ്യജാലങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു കൂട്ടായ ശ്രമം മൂന്ന് സംസ്ഥാനങ്ങളിലെ മനുഷ്യർക്കു മാത്രമല്ല, വനത്തിലെ ജീവജാലങ്ങൾക്കും ജലസമൃദ്ധി ഉറപ്പു നൽകുമെന്നാണ് സാബു ജഹാസ് തറപ്പിച്ചു പറയുന്നത്. ഈ സംരംഭത്തിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള അടിയന്തര ശ്രദ്ധ ആവശ്യമാണ്. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, മൂന്ന് സർക്കാരുകളും യോജിച്ച് പ്രവർത്തിച്ച് ആളുകളെയും വന്യജീവികളെയും വനങ്ങളെയും രക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും സാബു ജഹാസ് കരുതുന്നു.

കാവേരിയെ സമൃദ്ധമാക്കുന്ന കബനിയുടെ കൈവഴികൾ

  • വൈത്തിരിപ്പുഴ

  • പനമരംപുഴ

  • മാനന്തവാടിപ്പുഴ

  • കാളിന്ദി

  • ബേഗൂർ

  • ബാവേലി

  • നൂൽപ്പുഴ

Trending

No stories found.

More Videos

No stories found.