കേരള കോൺഗ്രസുകൾക്ക് നിലനിൽപ്പിനായുള്ള പോരാട്ടം

പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള പോരാട്ടത്തിനു കേരളം സാക്ഷ്യം വഹിക്കുന്നത്
കെ.ബി. ഗണേഷ് കുമാർ, പി.ജെ. ജോസഫ്, ജോസ് കെ. മാണി.
കെ.ബി. ഗണേഷ് കുമാർ, പി.ജെ. ജോസഫ്, ജോസ് കെ. മാണി.

ജിബി സദാശിവൻ

കൊച്ചി: പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള പോരാട്ടത്തിനു കേരളം സാക്ഷ്യം വഹിക്കുന്നത്. കേരളത്തില്‍ കോട്ടയം സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംപി ഫ്രാന്‍സിസ് ജോർജ്, എൽഡിഎഫിനു വേണ്ടി നിലവിലുള്ള എംപി തോമസ് ചാഴികാടൻ എന്നിവരാണ് കോട്ടയത്ത് ഏറ്റുമുട്ടുന്നത്.

രണ്ടുകൂട്ടരും രണ്ട് മുന്നണിയും മാറിമാറി ഭാഗ്യം പരീക്ഷിച്ചവർ. നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുന്നത് കോട്ടയം ജില്ലയിൽ മാത്രമാണെങ്കിലും ഇടുക്കി മണ്ഡലത്തിലും കേരള കോൺഗ്രസുകളുടെ ബലാബലം പരീക്ഷിക്കപ്പെടുമെന്നുറപ്പ്. പത്തനംതിട്ട മണ്ഡലത്തിലും കേരള കോൺഗ്രസുകൾക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള മേഖലകളുണ്ട്. കെ.എം. മാണിയുടെ മരണവും മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റവും കേരള കോൺഗ്രസുകളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നും ഈ തെരഞ്ഞെടുപ്പിലറിയാം. മാണിക്കു ശേഷം മകൻ ജോസ് കെ. മാണി പാലാ നിയോജകമണ്ഡലത്തിൽ പരാജയപ്പെടുന്നതും കണ്ടതാണ്. പി.ജെ. ജോസഫിനാണോ മാണി സാറിന്‍റെ മകനാണോ ജനപിന്തുണ കൂടുതലെന്ന് ഈ തെരഞ്ഞെടുപ്പിലറിയാം. മാണി ഗ്രൂപ്പിന്‍റെ വരവ് മധ്യകേരളത്തിൽ കോൺഗ്രസിന് ക്ഷീണവും സിപിഎമ്മിന് ഉണർവും ഉണ്ടാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

1980 ജനുവരിയിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ട് കേരള കോൺഗ്രസുകൾ തമ്മിൽ വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം, കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായിരുന്നു മൂവാറ്റുപുഴ മണ്ഡലം. എ.കെ. ആന്‍റണിയുടെ കോൺഗ്രസ് (യു), കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (പിള്ള), ഓൾ ഇന്ത്യ മുസ്ലിം ലീഗ് എന്നീ പാർട്ടികളും ഏറെക്കാലം സിപിഎമ്മിന് ഒപ്പം ഇല്ലാതിരുന്ന സിപിഐയും ചേർന്നതായിരുന്നു അന്നത്തെ എൽഡിഎഫ്.

കുന്നത്തുനാട്, പിറവം, പാലാ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനഭരണവും കേരളത്തിലെ 12 ലോക്‌സഭാ സീറ്റും നേടിയ ഇടതു മുന്നണിക്ക് കേരള കോൺഗ്രസ് ജോസഫ് മാണി വിഭാഗങ്ങൾ ഏറ്റുമുട്ടിയ മൂവാറ്റുപുഴ ലോക്‌സഭാ സീറ്റ് കിട്ടിയില്ല. ലോക്‌‌സഭയിലെ സിറ്റിങ് അംഗം ജോർജ് ജെ. മാത്യു കേരള കോൺഗ്രസി എമ്മിനു വേണ്ടി മൂവാറ്റുപുഴയിൽ വന്നപ്പോൾ മുഖ്യ എതിരാളിയായി യുഡിഎഫിൽ നിന്നുവന്നത് കേരള കോൺഗ്രസ് - ജെയിലെ ജോർജ് ജോസഫ്. പൊട്ടംകുളം അപ്പച്ചൻ എന്ന് അറിയപ്പെടുന്ന ജോർജ് ജെ. മാത്യുവിന് ഒരുതരത്തിലും എതിരാളിയായിരുന്നില്ല മുണ്ടക്കൽ ബേബി എന്നറിയപ്പെട്ടിരുന്ന ജോർജ് ജോസഫ്. പ്രസംഗത്തിന് ക്ഷണിക്കുമ്പോൾ സംസാരിക്കാതെ കൈ കൂപ്പി നിന്ന് വോട്ടു ചോദിക്കുന്ന പ്രകൃതം. പക്ഷേ, ഫലം വന്നപ്പോൾ ജോർജ് ജോസഫിന്‍റെ ആന ജോർജ് ജെ. മാത്യുവിന്‍റെ കുതിരയെ തോൽപ്പിച്ചു.

ആകെയുള്ള 6,34,711 വോട്ടിൽ പെട്ടിയിൽ വീണ 3,63,029 ൽ അസാധു 3,339. ഇതിൽ ജോർജ് ജോസഫ് ആന ചിഹ്നത്തിൽ 1,72,651 നേടിയപ്പോൾ 1,68,321 വോട്ട് കുതിര ചിഹ്നത്തിൽ നേടിയ ജോർജ് ജെ. മാത്യു 4330 വോട്ടിന് തോറ്റു. അന്നു സംസ്ഥാനത്തെ രണ്ടാമത്തെ ചെറിയ ഭൂരിപക്ഷം. ഇവർ രണ്ടുപേരെയും കൂടാതെ രണ്ട് ജോർജുമാരും കൂടി ഉണ്ടായിരുന്നു സ്വതന്ത്രരായി. അതിൽ എൻ.വി. ജോർജ് നേടിയത് 11,859 വോട്ട്. ആനയും കുതിരയും ആയിരുന്നു മുഖ്യ എതിരാളികളായ ജോർജുമാരുടെ ചിഹ്നം എങ്കിൽ മൂന്നാമത് വന്ന ജോർജിന്‍റെ ചിഹ്നം ഒട്ടകം ആയിരുന്നു. കുതിരയും ഒട്ടകവും തമ്മിൽ പലർക്കും പിഴച്ചു. ഒട്ടകത്തിന്‍റെ പുറത്തുള്ള പൂഞ്ഞ കാഴ്ചക്കുറവുള്ളവരിൽ ചെറിയൊരു സംശയത്തിന് ഇടയാക്കി.

എന്നാൽ, പിന്നീടൊരിക്കൽക്കൂടി ലോക്‌സഭയിലേക്ക് കേരള കോൺഗ്രസുകാർ ഏറ്റുമുട്ടി. 1989 ലായിരുന്നു അത്. മണ്ഡലം മൂവാറ്റുപുഴ തന്നെ. അപ്പോഴേക്കും കെ.എം. മാണി യുഡിഎഫിൽ എത്തിയിരുന്നു. അതോടെ സീറ്റ് സിപിഎം ഏറ്റെടുത്തു. പിന്നീട് നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മാണി, ജോസഫ് വിഭാഗങ്ങൾ രണ്ടു മുന്നണികളിലായി തുടർന്നു എങ്കിലും തമ്മിൽ ഏറ്റുമുട്ടിയില്ല. 2004ലെ തെരഞ്ഞടുപ്പിനു ശേഷം മൂവാറ്റുപുഴ എന്ന മണ്ഡലം തന്നെ കഥാവശേഷമായി. ലോക്‌സഭയിലേക്ക് മൂന്ന് സീറ്റിൽ മത്സരിച്ച് ജയിച്ച ചരിത്രമുള്ള കേരള കോൺഗ്രസുകളാണ് ഇപ്പോൾ രണ്ടു മുന്നണികളിലായി ഒരിടത്തേക്ക് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. ഇതിൽ ഒരു കേരള കോൺഗ്രസുകാരൻ മാത്രമാകും പാർലമെന്‍റിൽ എത്തുക. ആര് ജയിച്ചാലും തോറ്റാലും ഇരു പാർട്ടികളുടെ ഭാവിയെയും മുന്നണി സംവിധാനത്തെയും ബാധിക്കുമെന്ന് ഉറപ്പ്.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകളിൽ ജോസഫ്, മാണി ഗ്രൂപ്പുകൾക്കു മാത്രമാണ് നിലവിൽ അൽപ്പമെങ്കിലും സംഘടനാശേഷിയുള്ളത്. കേരള കോൺഗ്രസ് ബി പത്തനാപുരത്തും ജേക്കബ് ഗ്രൂപ്പ് പിറവത്തും ഒതുങ്ങുന്നു. ഇരു മുന്നണികളിലായത് കൊണ്ട് പേരിന് ഓരോ എംഎൽഎമാരുമുണ്ടെന്നുമാത്രം.

Trending

No stories found.

Latest News

No stories found.