

നെഹ്റുവിയൻ സോഷ്യലിസം ഉപേക്ഷിച്ച് നിയോ ലിബറൽ നയങ്ങളിലൂടെയാണ് കോൺഗ്രസ് സർക്കാർ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നത്.
MV Graphics
AI generated summary, newsroom reviewed
അജയൻ
കേരളം കടക്കെണിയുടെ കടലാഴങ്ങലിലേക്കു മുങ്ങിത്താഴുകയാണെന്ന, എല്ലാവർക്കും അറിയാവുന്ന ആ സത്യം തന്നെയാണ് പുതിയ സർക്കാർ പുറത്തിറക്കിയ ധവളപത്രവും ആവർത്തിക്കുന്നത്. എങ്കിലും, യഥാർഥ മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നത് ഇതിലെ 'മുന്നോട്ടുള്ള വഴി' എന്ന ഭാഗത്തിലാണ്. സ്വകാര്യവത്കരണമാണ് അതിൽ അവതരിപ്പിക്കുന്ന പരിഹാരമാർഗം. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത നിർദേശമൊന്നുമല്ല അത്. നെഹ്റുവിയൻ സാമ്പത്തിക ശാസ്ത്രം ഉപേക്ഷിക്കുകയും 1991-ൽ ഉദാരീകരണത്തിനു തുടക്കമിടുകയും ചെയ്ത പാർട്ടി ഇപ്പോൾ അവർ വിതച്ചതിന്‍റെ ഫലം കൊയ്യുക മാത്രമാണു ചെയ്യുന്നത്. കേരളത്തിൽ പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം ഇതിനു ഫലപ്രദമായ ബദലുകളൊന്നും നൽകിയതുമില്ല; കൂടുതൽ പ്രത്യയശാസ്ത്രപരമായ കപട വേഷങ്ങളോടെ അവരും ഇതേ നിയോ ലിബറൽ തിരക്കഥ തന്നെയാണ് പിന്തുടർന്നത്.
മൂന്ന് കാര്യങ്ങളാണ് ധവളപത്രത്തിൽ പ്രധാനമായും എടുത്തുകാണിക്കുന്നത് - കടക്കെണി, കിഫ്ബി, മുന്നോട്ടുള്ള വഴി. ഒന്നാമതായി, മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താതെ കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ അദ്ഭുതകരമാംവിധം കൃത്യമായി അവതരിപ്പിക്കുന്നു. സംസ്ഥാനത്തിന്‍റെ ആകെ കടബാധ്യത 2025-26-ൽ 5.07 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ, ഇത് 6 ലക്ഷം കോടി രൂപ വരെയാകാമെന്ന മുന്നറിയിപ്പ് നൽകിയിരുന്നത് ഇവിടെ ഓർക്കാവുന്നതാണ്. എന്നാൽ, ഇതിൽ അവഗണിക്കാനാവാത്ത ഒരു പ്രധാന ഘടകമുണ്ട്: എൽഡിഎഫ് അധികാരത്തിലേറിയ 2016-17 കാലയളവിൽ സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (GSDP) 29.37 ശതമാനമായിരുന്നു കടബാധ്യത. 2025-26ൽ വോട്ടർമാർ അവരെ പരാജയപ്പെടുത്തി പുറത്താക്കുമ്പോഴേക്കും അത് 33.22 ശതമാനമായി ഉയർന്നു. മാർക്സിസ്റ്റ് ജാർഗണുകൾ കൊണ്ട് എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളുടേതിനെക്കാൾ വലിയ കടഭാരമാണ് കേരളം ഇപ്പോൾ ചുമലിലേറ്റുന്നത് എന്ന യാഥാർഥ്യം മറച്ചുപിടിക്കാനാവില്ല.
കേരളത്തിന്‍റെ സാമ്പത്തിക മുൻഗണനകളെ ന്യായീകരിക്കുക ഒട്ടും എളുപ്പമല്ല. 2025-26ൽ സംസ്ഥാനത്തിന്‍റെ ധനക്കമ്മി 3.78 ശതമാനം എന്ന ഉയർന്ന നിരക്കിൽ എത്തിയിട്ടും, മൂലധനച്ചെലവ് ജിഎസ്ഡിപിയുടെ വെറും 1.3 ശതമാനം മാത്രമായിരുന്നു, ഇത് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. കാരണം ലളിതം: റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനത്തോളവും ശമ്പളം, പെൻഷൻ, വായ്പാ പലിശ എന്നിവയ്ക്കായി മാത്രം ചെലവഴിച്ചു തീരുന്നു, വികസന പ്രവർത്തനങ്ങൾക്കായി വളരെ ചെറിയ തുക മാത്രമാണ് ശേഷിക്കുന്നത്. ഇതിനു പുറമേ, ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികയായ ഡിഎ, ഡിആർ ഇനങ്ങളും കരാറുകാർക്കു നൽകാനുള്ള വലിയ തുകയുമടക്കം 48,733 കോടി രൂപയുടെ മറ്റ് ബാധ്യതകളും സംസ്ഥാനത്തിനുണ്ട്.
ചുരുക്കത്തിൽ, കേരളം വൻതോതിൽ കടമെടുക്കുന്നത് ഭാവി കെട്ടിപ്പടുക്കാനല്ല, മറിച്ച് ഭൂതകാലത്തെ ബാധ്യതകൾ തീർക്കാനാണ്. സംസ്ഥാനത്തിനു കേന്ദ്ര സർക്കാർ ഫണ്ടുകൾ നൽകാതെ പട്ടിണിക്കിടുകയാണെന്നും കടമെടുപ്പ് പരിധി നിഷേധിക്കുകയാണെന്നുമുള്ള സ്ഥിരം പല്ലവിയാണ് ഇടതുപക്ഷത്തിന്‍റെ പത്ത് വർഷത്തെ ഭരണകാലത്ത് ഉയർന്നിരുന്നത്. എന്നാൽ, സൗകര്യപ്രദമായ അത്തരം വാദങ്ങളുടെ മുനയൊടിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്‍റെ ധവളപത്രം. ഇതിലെ വിലയിരുത്തൽ വളരെ വ്യക്തമാണ്: കടമെടുത്ത് നിക്ഷേപം നടത്തുക, അതിലൂടെയുണ്ടാകുന്ന വളർച്ച കൊണ്ട് കടം വീട്ടുക എന്ന പൊതുധനകാര്യ തത്വം കേരളം ലംഘിച്ചു. അതിനു പകരം, കടമെടുത്ത തുക ഉപഭോഗത്തിനും ദൈനംദിന ചെലവുകൾക്കുമായാണ് വൻതോതിൽ ഉപയോഗിച്ചത്, ഇത് സംസ്ഥാനത്തിന്‍റെ വളർച്ചാ ശേഷിയെ ക്രമേണ ഇല്ലാതാക്കി. കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാകാം, എങ്കിലും കേരളത്തിന്‍റെ സാമ്പത്തിക തകർച്ചയ്ക്കു കാരണം ഇവിടെത്തന്നെ രൂപംകൊണ്ട നയങ്ങളാണെന്ന കാര്യത്തിൽ ധവളപത്രം ഒട്ടും സംശയം ബാക്കിവയ്ക്കുന്നില്ല.
രണ്ടാമത്തെ ശ്രദ്ധേയമായ സവിശേഷത, കിഫ്ബിയെ ധവളപത്രം കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ്. അദ്ഭുതമെന്നു പറയട്ടെ, കിഫ്ബി എന്ന ആശയത്തെ ധവളപത്രം പൂർണമായി ആക്രമിക്കുന്നില്ല. പകരം, കിഫ്ബി പ്രവർത്തിച്ച രീതിയെ മാത്രമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം 2024-25 വർഷത്തെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്യുന്നു. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്‍റെ ആകെ കടത്തിൽ നിന്ന് വ്യത്യസ്തമാണെന്ന രീതിയിലുള്ള വാദങ്ങളുടെ കാലം ഇതോടെ അവസാനിച്ചു. ഈ കടമെടുപ്പുകളും ഇപ്പോൾ കേരളത്തിന്‍റെ വാർഷിക കടമെടുപ്പ് പരിധിയിലാണ് കണക്കാക്കുന്നത്. അതിനു കൃത്യമായ കാരണവുമുണ്ട്. കിഫ്ബിക്ക് സ്വന്തമായി ശക്തമായ വരുമാന സ്രോതസുകളില്ല, പകരം സംസ്ഥാനത്തിന്‍റെ കോൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ള ബജറ്റ് വിഹിതം ഉപയോഗിച്ചാണ് കിഫ്ബിയുടെ തിരിച്ചടവുകൾ നടത്തുന്നത്. അതായത്, കടം കിഫ്ബിയുടെ കണക്കുപുസ്തകത്തിലാണെങ്കിലും ബാധ്യത വരുന്നത് പൊതുജനങ്ങളുടെ നികുതിപ്പണത്തിനു മുകളിൽ തന്നെ. ബജറ്റിനു പുറത്തുള്ള വലിയൊരു അദ്ഭുതമായി ഒരുകാലത്ത് പ്രൊജക്റ്റ് ചെയ്തിരുന്ന ഈ സാമ്പത്തിക സൂത്രപ്പണി ഇപ്പോൾ കടത്തിന്‍റെ മറ്റൊരു പേര് മാത്രമായി അവശേഷിക്കുകയാണ്.
ഒന്നാം പിണറായി വിജയൻ സർക്കാർ കിഫ്ബിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോയപ്പോൾ, ഉയർന്ന പലിശനിരക്കിലുള്ള ഇത്തരം വലിയ കടമെടുപ്പുകൾ ഒടുവിൽ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ, അവരുടെ ആശങ്കകളെല്ലാം അവഗണിക്കപ്പെട്ടു. കിഫ്ബിയെ ഒരു നൂതന ധനകാര്യ സംവിധാനമായാണ് മാർക്കറ്റ് ചെയ്തത്; യഥാർഥത്തിൽ അത് ബജറ്റിനു പുറത്തുള്ള വെറുമൊരു കടമെടുപ്പിനെ സാമ്പത്തിക ചാതുരിയായി ചിത്രീകരിക്കാനുള്ള ശ്രമം മാത്രമായിരുന്നു. ഒരു മാർക്സിസ്റ്റ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചെന്ന് മണിമുഴക്കി കടമെടുപ്പ് പദ്ധതി ആഘോഷിച്ചതിനെക്കാൾ വലിയ വിരോധാഭാസം മറ്റെന്താണുള്ളത്! കടം വാങ്ങാൻ തുടങ്ങിയപ്പോൾ അവിടെ പ്രത്യയശാസ്ത്രം വഴിമാറുകയായിരുന്നു.
പല മിഥ്യാധാരണകളെയും ധവളപത്രം പൂർണമായും ഇല്ലാതാക്കുന്നുണ്ട്. കിഫ്ബിക്ക് നിലവിൽ 21,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും, അതിന്‍റെ തിരിച്ചടവ് ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അതിൽ വ്യക്തമാക്കുന്നു. ഇന്നലത്തെ വലിയ സാമ്പത്തിക പരീക്ഷണങ്ങളുടെ ബില്ലുകൾ ഇപ്പോൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഇതിനു പുറമെ 35,000 കോടി രൂപയുടെ പദ്ധതികൾക്ക് ഇനിയും പണം കണ്ടെത്താനുണ്ട്.
കിഫ്ബിയെ ധനവകുപ്പിന്‍റെയോ മറ്റ് ഭരണസംവിധാനങ്ങളുടെയോ കീഴിലാക്കുന്നതിനു മുൻപ്, ഈ സംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്നും, ഫണ്ടുകൾ എന്തിനൊക്കെയാണ് ചെലവഴിച്ചിരുന്നതെന്നും കൃത്യമായി അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
ധവളപത്രം മുന്നോട്ടുവയ്ക്കുന്ന പരിഹാരമാർഗങ്ങളാണ് മൂന്നാമത്തേതും, കൂട്ടത്തിൽ ഏറ്റവും ആശങ്കാജനകവുമായ ഘടകം. രാജ്യത്ത് ഏറ്റവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുള്ള സംസ്ഥാനമാണ് കേരളം; 130-ലധികം സ്ഥാപനങ്ങൾ ഇവിടെ സംസ്ഥാന സർക്കാരിനു കീഴിലുണ്ട്. എന്നാൽ, ഇതിൽ വെറും അഞ്ച് സ്ഥാപനങ്ങളിലാണ് സംസ്ഥാനത്തിന്‍റെ ആകെ നിക്ഷേപത്തിന്‍റെ 86 ശതമാനവും കിടക്കുന്നത്. ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഇവയുടെ ആകെ നഷ്ടം 78,851 കോടി രൂപയാണ്. കെഎസ്ആർടിസി, കേരള വാട്ടർ അഥോറിറ്റി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങൾ മാത്രം ഇതിൽ 72 ശതമാനം നഷ്ടവും വരുത്തിവയ്ക്കുന്നു. ഈ മേഖലയിൽ കൃത്യമായ ഒരു പുനഃപരിശോധന ആവശ്യമാണ്. കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഓഹരി വിറ്റഴിക്കൽ, പുനഃക്രമീകരണം, ലയനം എന്നിവ പരിശോധിക്കാവുന്നതാണ്. എന്നാൽ, വൈദ്യുതി മേഖലയെ സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കണമെന്ന നിർദേശം കനത്ത ജാഗ്രതയോടെയേ കാണാനാകൂ. കേരളത്തിൽ ഇതിനകം തന്നെ പിടിമുറുക്കുകയും രാജ്യത്തുടനീളം വൈദ്യുതി മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയും ചെയ്യുന്ന വൻകിട കോർപ്പറെറ്റ് ശക്തികളുടെ വളർച്ച കണക്കിലെടുക്കുമ്പോൾ ഇത്തരം നീക്കങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. അതുപോലെ, തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലത്ത് വിരമിക്കൽ പ്രായം ഉയർത്തുന്നത് രാഷ്ട്രീയമായും സാമൂഹികമായും വലിയ പ്രതിസന്ധികൾക്കു കാരണമാകും. ചില സ്ഥാപനങ്ങളുടെ ലയനം ന്യായീകരിക്കാമെങ്കിലും പൂർണമായ സ്വകാര്യവത്കരണം ബുദ്ധിപരമായ പരിഹാരമല്ല.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികൾക്കുള്ള ഒറ്റമൂലിയല്ല സ്വകാര്യവത്കരണമെന്നു സർക്കാർ തിരിച്ചറിയണം. ഭരണകൂടം എന്നത് വെറുമൊരു 'സഹായി' (Facilitator) മാത്രമാണെന്ന നവലിബറൽ നയം തന്നെയാണ് പുതിയ സർക്കാരിന്‍റെ പ്രഖ്യാപനങ്ങളിലും കാണാൻ സാധിക്കുന്നത്. ഈ വഴിക്കാണ് സർക്കാരിന്‍റെ പ്രയാണമെങ്കിൽ, അവർ എപ്പോഴും ഉയർത്തിപ്പിടിക്കാറുള്ള നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള പൂർണമായ പിന്മാറ്റമായിരിക്കും അത്. ഈ വൈരുധ്യം വളരെ വ്യക്തമാണ്. സോഷ്യലിസ്റ്റ് തത്വങ്ങൾ ഇപ്പോഴും നയങ്ങളെ നയിക്കുന്നുണ്ടോ അതോ വെറും രാഷ്ട്രീയ പ്രസംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയാണോ എന്ന ചോദ്യത്തിന് വരാനിരിക്കുന്ന ബജറ്റ് വ്യക്തമായൊരു ഉത്തരം നൽകും.