kerala cricket league Commentator

മുഹമ്മദ് ഷിയാസും സോണി ചെറുവത്തൂരും സ്റ്റുഡിയോയിൽ കമന്‍ററിക്കിടെ.

'കാര്യ'വട്ടത്തെ 'കളി'പറച്ചിലുകാരൻ‌, ഷിയാസ് സ്പീക്കിങ്...

സ്റ്റേഡിയം നിറഞ്ഞൊഴുകുന്ന കളിയാവേശത്തെ മൈക്കിലൂടെ ആവാഹിച്ച് പ്രേക്ഷകരിലേക്കടുപ്പിക്കുന്ന ഷിയാസും ലാസ്റ്റ് ലാപ്പിലെ കളിപറച്ചിലിന്‍റെ ത്രില്ലിലാണ്.
Published on

പി.ബി. ബിച്ചു

ഓണക്കാലത്തും മലയാളക്കരയെയാകെ ക്രിക്കറ്റ് ആവേശത്തിലാഴ്ത്തി കേരള ക്രിക്കറ്റ് ലീഗ് കാര്യവട്ടത്ത് സമാപനത്തിലേക്കടുക്കുകയാണ്. സ്റ്റേഡിയം നിറഞ്ഞൊഴുകുന്ന കളിയാവേശത്തെ മൈക്കിലൂടെ ആവാഹിച്ച് പ്രേക്ഷകരിലേക്കടുപ്പിക്കുന്ന മുഹമ്മദ് ഷിയാസും ലാസ്റ്റ് ലാപ്പിലെ കളിപറച്ചിലിന്‍റെ ത്രില്ലിലാണ്. ഓരോ പന്തും വിക്കറ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുമ്പോഴും ഈ കമന്‍റേറ്ററുടെ ഭാഗത്തുനിന്ന് ഉയരുന്ന വാക്കുകൾ കളിയെ ലൈവാക്കി നിറുത്തുന്ന വിസ്മയം സ്ക്രീനിൽ ആസ്വദിക്കാം.

ക്രിക്കറ്റോ - ഫുട്ബോളോ കളിയേതായാലും, താരങ്ങളുടെ ചലനങ്ങളും ഭാവങ്ങളും കളിയിലെ കാര്യങ്ങളും വളരെ സിംപിളായും പവർഫുള്ളായും പങ്കുവച്ച് ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടുന്നതിനൊപ്പം ഐപിഎൽ, ഐസിസി ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളും മലയാളികളിലേക്കെത്തിച്ച് സോഷ്യൽമീഡിയയിലും ഫാൻസിനെ സൃഷ്ടിക്കുകയാണ് കൊല്ലം സ്വദേശി.

Q

കമന്‍ററി ബോക്സിലെത്തിയിട്ട് ഇപ്പോൾ എട്ടു വർഷങ്ങൾ കഴിയുന്നു. എങ്ങനെയായിരുന്നു തുടക്കം?

A

2017-ൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്താണ് കേരളാ ബ്ലാസ്‌റ്റേഴ്സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. മഞ്ഞപ്പട ഡൽഹി വിങ്ങിലുണ്ടായിരുന്ന നിഖിലു വഴി ഐഎസ്എല്ലിനു കമന്‍റേറ്ററെ നോക്കുന്നുണ്ടെന്നറിയുന്നത്. താത്പര്യമറിയിച്ചപ്പോൾ എറണാകുളത്ത് വച്ച് ഓഡിഷൻ. ആദ്യ സീസണിൽ അഞ്ചു മത്സരങ്ങളുടെ ഭാഗമായി.

Q

മാധ്യമ പ്രവർത്തനത്തിൽ നിന്നും കമന്‍ററി ബോക്സിലേക്കെത്തുന്നത് ചാലഞ്ചിങ്ങായിരുന്നോ?

A

ന്യൂസ് റൂമിൽ നിന്ന് കമന്‍ററി ബോക്സിലെത്തിയ ആളാണ് ഞാൻ. ന്യൂസ് റീഡിങ്ങും ലൈവ് റിപ്പോർട്ടിങ്ങും സ്ഥിരമായി ചെയ്തിരുന്നത് കൊണ്ട് കമന്‍ററി വലുതായി ബുദ്ധിമുട്ടിച്ചില്ല. പക്ഷെ വെല്ലുവിളികൾ ഉണ്ടായിരുന്നു. കളി നടക്കുമ്പോ താരങ്ങൾ ആരൊക്കെ എന്ന് കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ വർഷങ്ങളായി കളി കാണുകയും കളിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിൽ അച്ഛൻ കടുത്ത കായിക പ്രേമിയാണ്. കുട്ടിക്കാലത്ത് ലോകകപ്പ് ഫുട്ബോളും സന്തോഷ് ട്രോഫിയുമൊക്കെ മുടങ്ങാതെ കാണുമായിരുന്നു അതു കൊണ്ട് തന്നെ പണ്ടു മുതൽക്കെ ജീവിതത്തിന്‍റെ ഭാഗമാണ് എല്ലാ സ്പോർട്സും

Q

പ്രധാനമായും പ്രീമിയർ ലീഗിലാണ് ഇപ്പോൾ കമന്‍ററി പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ലീഗിലെ മലയാളം കമന്‍ററി എളുപ്പമാണോ?

A

ഒരിക്കലുമല്ല സാധാരണയേക്കാൾ അതിവേഗ ഫുട്ബോളാണ് പ്രീമിയർ ലീഗിൽ.ടീമുകളും താരങ്ങളും കളികളുമൊക്കെ ഒരു ലെവലിന് അപ്പുറത്താണ്. ടീമുകൾക്ക് പറയാൻ വർഷങ്ങളുടെ ചരിത്രമുണ്ട് റെഫർ ചെയ്യാൻ ഒരുപാടുണ്ട്. എല്ലാ മത്സരങ്ങളും കൃത്യമായി കാണാറുണ്ട്. വീട്ടിൽ കേബിൾ ടി.വി. എടുത്തത് മുതൽ പ്രീമിയർ ലീഗ് കാണുന്നു. അന്നു മുതൽ അത് മുടക്കിയിട്ടേ ഇല്ല. പെട്ടന്നൊരു ദിവസം പ്രീമിയർ ലീഗ് മലയാളം കമന്‍ററി ചെയ്യാൻ വിളി വന്നപ്പോൾ ത്രില്ലടിച്ചു പോയി. പ്രീമിയർ ലീഗ് ചെയ്തതിനു ശേഷമാണ് കുറേകൂടി സാങ്കേതികമായി കളി പഠിക്കണമെന്ന് തോന്നുന്നത് . അങ്ങനെയാണ് ബാഴ്‌സിലോണ അക്കാഡമിയിൽ നിന്ന് ഫുട്ബോൾ അനലറ്റിക്സ് പഠിക്കുന്നത്.

Q

ഫുട്ബോളിനൊപ്പം ക്രിക്കറ്റ് കമന്‍ററിയും ചെയ്യുന്നുണ്ട്. ക്രിക്കറ്റ് കമന്‍ററിയിലേക്ക് വരുമ്പോൾ എങ്ങനെ വ്യത്യാസപ്പെടുന്നുണ്ട് കാര്യങ്ങൾ?

A

ഫുട്ബോളിനെപ്പോലെ ക്രിക്കറ്റും എനിക്ക് പ്രിയപ്പെട്ടതാണ്. അധികം ബഹളമില്ലാത്ത കമന്‍ററിയാണ് ക്രിക്കറ്റിൽ. ഐപിഎൽ,ഐസിസി ലോകകപ്പ് ഉൾപ്പെടെ ഒരുപാടു മത്സരങ്ങൾ ചെയ്തു, ഇപ്പോൾ കേരള ക്രിക്കറ്റ് ലീഗ് ചെയ്യുന്നു. നമ്മുടെ സ്വന്തം ക്രിക്കറ്റ് താരങ്ങളുടെ കളി പറയുന്നത് എപ്പോഴും സ്പെഷ്യലാണ്. കൂടെ കമന്‍ററി പറഞ്ഞിരുന്ന താരങ്ങളിൽ കുറേപ്പർ കെഎസിഎൽ പരിശീലകരാണ്. ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് വേറൊരു വേഗമാണ് ഒരിക്കൽ പ്രോകബഡി കമന്‍ററി ചെയ്തു അത് ഫുട്ബോളിനേക്കാൾ വേഗത്തിലാണ് പോക്.

Q

കമന്‍ററി ബോക്സിലെ സൗഹൃദങ്ങൾ എങ്ങനെയാണ്?

A

എല്ലാവരുമായും നല്ല അടുപ്പം. കളിയെപ്പറ്റി ഏറ്റവും നന്നായി പഠിക്കാൻ പറ്റുന്നത് അതാത് മേഖലകളിലെ എക്സ്പേർട്ടുകളിൽ നിന്നാണ്. ഫുട്ബോളിൽ ജോ പോൾ അഞ്ചേരി, എൻ.പി പ്രദീപ്, ജിജു ജേക്കബ് ഇവരോടൊപ്പമാണ് കൂടുതൽ മത്സരങ്ങൾ പറഞ്ഞിരിക്കുന്നത് ക്രിക്കറ്റിലേക്ക് വരുമ്പോ ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കും ഞാൻ തുടങ്ങിയ സമയത്ത് പി.ബാലചന്ദ്രൻ സാറിനൊപ്പം കളി പറഞ്ഞിട്ടുണ്ട്. വളരെ ബേസിക്സ് വരെ പ്രേക്ഷകർക്ക് മനസിലാകുന്ന രീതിയാലാണ് അദ്ദേഹം പറയുന്നത്.

ഫുട്ബോളുമായി നോക്കുമ്പോ ക്രിക്കറ്റിന്‍റെ ടീം വളരെ വലുതാണ്. ഇപ്പോൾ കെസിഎല്ലിൽ വി.എ ജഗദീഷ്, രോഹൻ പ്രേം, റഫീഖ് എന്നിവർക്കൊപ്പമാണ് കമന്‍ററി . മറ്റ് ക്രിക്കറ്റ് കമന്‍റേറ്റേഴ്സ് പരിശീലകരുടെ റോളിലാണ് കെസിഎല്ലിൽ . സോണി ചെറുവത്തൂർ, സി.എം ദീപക്, റൈഫി വിൻസന്‍റ് ഗോമസ്, മനു കൃഷ്ണൻ അങ്ങനെ ഒരു വലിയ ടീമാണ് ക്രിക്കറ്റിൽ

Q

ആരാണ് കമന്‍ററിയിലെ റോൾ മോഡൽ?

A

ഒരു ഫിക്സഡ് റോൾ മോഡൽ എന്നൊന്നും ഇല്ല. ഓരോരുത്തരുടെ അടുത്തു നിന്നും എന്തൊക്കെ എടുക്കാമോ അതൊക്കെ ഉൾക്കൊള്ളിക്കാറുണ്ട്. പീറ്റർ ഡ്യൂറി, മാർട്ടിൻ ടെയ്‌ലർ തുടങ്ങി ഇംഗ്ലീഷ് കമന്‍റേറ്റേഴ്സിനെ ഇഷ്ടമാണ്. ഫോർമുല 1 കമന്‍റേറ്ററായിരുന്ന മറീ വാക്കറുടെ രീതിയും ഏറെ ഇഷ്ടം എന്നിരുന്നാലും മലയാളം കമന്‍ററിക്ക് ഒരു വഴി വെട്ടിയത് ഷൈജു ദാമോദരനാണ്. ഞാനുൾപ്പെടെയുള്ളവർ ആ വഴിയിലൂടെ നടക്കുന്നവരാണ്. കമന്‍ററി ഇൻസ്പിറേഷൻ അവിടെ നിന്നാണ്.

Q

കമന്‍ററി ബോക്സിലെ മറക്കാനാകാത്ത ഓർമ്മ എന്താണ്?

A

പല ഫൈനലുകളും വലിയ മത്സരങ്ങളും ചെയ്തെങ്കിലും ആദ്യ മത്സരമാണ് എപ്പോഴും വലിയ ഓർമ. അന്ന് എ.ടി.കെ ഗോവ മത്സരമാണ് എട്ടു മണിക്ക് തുടങ്ങേണ്ട മത്സരം ഗോവൻ ടീം വരാൻ വൈകിയതിനെ തുടർന്ന് വൈകി 10:45നാണ് തുടങ്ങിയത്. ആദ്യ കളി തന്നെ വെള്ളത്തിലായല്ലോ എന്നോർത്ത് ടെൻഷനായി. പക്ഷെ എപ്പോഴും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ കരുതിയിരക്കണമെന്ന് അന്ന് പഠിച്ചു.

Q

ഒരു കളിക്ക് മുൻപ് എന്തെങ്കിലും മുന്നൊരുക്കം ?

A

നല്ല തയ്യാറെടുപ്പുകൾ ഉണ്ട്. കളിക്കുന്ന താരത്തിന്‍റെ പ്രൊഫൈൽ നന്നായി അറിയാൻ ശ്രമിക്കും പിന്നെ ടീമിന്‍റെ ചരിത്രം. പക്ഷെ ഇതൊക്കെ അഡീഷനൽ ഇൻഫോർമേഷനാണ്. എന്‍റെ ശ്രദ്ധ പ്രധാനമായും കളിയിലാണ്. പ്രേക്ഷകർ നമ്മുടെ കൂടെ കളി കാണുന്നവരാണ് അവരുടെ ശ്രദ്ധയിൽ ചില കാര്യങ്ങൾ വന്നെന്നു വരില്ല. മലയാളം കമന്‍ററിയിൽ പഞ്ച് ലൈനും പാട്ടുകളുമൊക്കെ ഉൾപ്പെടുത്താറുണ്ട്. പക്ഷെ ഞാൻ അതൊന്നും എഴുതി വച്ച് നിർബന്ധമായും പറഞ്ഞേ പറ്റു എന്ന വാശിയിൽ കുത്തി നിറയ്ക്കാറില്ല. കളിയുടെ ഒഴുക്കിനെതിരെ ആവരുത് കളി വിവരണം എന്നതാണ് എന്‍റെ ഫിലോസഫി.

logo
Metro Vaartha
www.metrovaartha.com