

പിണറായി വിജയൻ, എം.വി. ഗോവിന്ദൻ.
File
സുഗതൻ പി. ബാലൻ
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ വലഞ്ഞ് സിപിഎം. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കണ്ണൂരില്‍ നിന്നും ആലപ്പുഴയിൽ നിന്നുമൊക്കെ ഉയരുന്ന വെല്ലുവിളികളാണ് നേതൃത്വത്തെയാകെ വലയ്ക്കുന്നത്.
പാർട്ടിയിൽ വിഭാഗീയത ഏറ്റവും ശക്തമായിരുന്ന കാലങ്ങളിൽ പോലും ഇത്തരം തിരിച്ചടി പാര്‍ട്ടി നേരിട്ടിരുന്നില്ല. ആശയപരമായ പോരാട്ടങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് പോരടിക്കുമ്പോള്‍ ചില വമ്പൻ നേതാക്കള്‍ക്കു തന്നെ മുറിവേറ്റിരുന്നെങ്കില്‍ ഇപ്പോള്‍ പരുക്ക് മുഴുവന്‍ പാര്‍ട്ടിക്കാണ്.
പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരെ മര്‍ക്കട മുഷ്‌ടി ഉപയോഗിച്ച് അടിച്ചിരുത്തിയിരുന്ന രീതി ഇനി വിജയിക്കില്ലെന്നതിന്‍റെ സൂചനകളും പുതിയ നീക്കങ്ങളില്‍ പ്രകടമാണ്. പാര്‍ട്ടി വിടുന്നവരെ വര്‍ഗ വഞ്ചകനെന്ന് വിശേഷിപ്പിച്ചും രാഷ്‌ട്രീയ എതിരാളികളുടെ കോടാലിക്കൈ ആയെന്നും കുലംകുത്തികളാണെന്നും മറ്റും വിമര്‍ശിച്ചും പിന്നാലെ ക്യാപ്‌സൂളുകള്‍ ഇറക്കിയും എല്ലാത്തിനേയും നിസാരവത്കരിച്ചിരുന്ന നേതൃത്വത്തിന് പുതുതായി ഉയരുന്ന വെല്ലുവിളികള്‍ എങ്ങനെ നേരിടുമെന്നതിലുള്ള ആശയക്കുഴപ്പവും പ്രതികരണങ്ങളില്‍ പ്രകടമാണ്. പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ ഒട്ടേറെ നേതാക്കള്‍ പുറത്തു നില്‍ക്കുന്നു എന്നതും നിലവിലെ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ പുതിയ തലമുറയ്ക്ക് പാര്‍ലമെന്‍ററി രാഷ്‌ട്രീയത്തില്‍ അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍, ഇത് കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. വിജയസാധ്യത എന്ന പഴുത് ഉപയോഗിച്ച് ചിലരെല്ലാം ഇതില്‍ ഇളവ് നേടി. എന്നാല്‍, പലരേയും ഈ വ്യവസ്ഥ പറഞ്ഞ് ഒഴിവാക്കി. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ചിലര്‍ക്കു താത്പര്യമുള്ളവരെ ഇത്തരത്തില്‍ നിലനിര്‍ത്തുന്നുവെന്ന ആക്ഷേപം ചില കോണുകളില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഉയര്‍ന്നിരുന്നെങ്കിലും അവഗണിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്.
ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവരെല്ലാം കഴിഞ്ഞ തവണ തന്നെ ടേം വ്യവസ്ഥില്‍ ഒഴിവാക്കപ്പെട്ട ചില പ്രമുഖരാണ്. സുധാകരന്‍ ഇക്കുറി പാര്‍ട്ടിയുടെ ചരട് പൊട്ടിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്ന പലരും അസംതൃപ്തി ഉള്ളിലൊതുക്കുന്നവരാണെന്നതാണ് വൈരുധ്യം.
നിലവില്‍ പാര്‍ട്ടിക്ക് കണ്ണൂരില്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ജില്ലാ നേതാക്കളായ ടി.കെ. ഗോവിന്ദനേയും വി. കുഞ്ഞികൃഷ്ണനേയും അധികാര മോഹികളുടെ പട്ടികയിലുള്‍പ്പെടുത്തി ഒറ്റപ്പെടുത്താനാവില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് അവരുയര്‍ത്തിയ വിഷയങ്ങളില്‍ പാര്‍ട്ടി വിശദീകരണങ്ങള്‍ക്കും പരസ്യമായ വെല്ലുവിളിപ്രകടനങ്ങൾക്കും ""മാപ്പില്ലാ, മാപ്പില്ലാ'' എന്ന മുദ്രാവാക്യങ്ങൾക്കും തയാറാകുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുതന്നെ ഉയരുന്ന വെല്ലുവിളികള്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കുമെന്ന ആശങ്ക നേതൃത്വത്തിനുമുണ്ട്.
ടി.പി. ചന്ദ്രശേഖരനെ നേരിട്ട രീതി ഇനി നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതും. ഇതെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പാര്‍ട്ടിക്ക് തലവേദനയായി തുടരും. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടാല്‍ തലങ്ങും വിലങ്ങും പ്രശ്‌നങ്ങളുയരുമെന്ന് ഉറപ്പാണ്.
കണ്ണൂരില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കള്‍ക്ക് പുറമേ മുന്‍ മന്ത്രി ജി. സുധാകരന്‍, മുന്‍ എംഎല്‍എമാരായ അയിഷ പോറ്റി, എസ്. രാജേന്ദ്രന്‍, പി.കെ. ശശി, വി.എസ്. അച്യുതാനന്ദന്‍റെ മുന്‍ പഴ്‌സണല്‍ അസിസ്റ്റന്‍റ് എ. സുരേഷ് തുടങ്ങി തെരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയോട് ബന്ധം മുറിച്ച നേതാക്കളുടെ നിര നീളുകയാണ്. ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.എം. മണി, എ.കെ. ബാലന്‍, കെ.കെ. ഷൈലജ, തോമസ് ഐസക് തുടങ്ങി അസംതൃപ്തി ഉള്ളിലൊതുക്കുന്ന നേതാക്കളുടെ നിലപാടുകളും തെരഞ്ഞെടുപ്പിന് ശേഷം നിര്‍ണായകമാകും.