വരണ്ട കേരളത്തിനു മുന്നിൽ ഇരുണ്ട ഭാവി

ശുഷ്കമായ ഇടവപ്പാതി, മഴയിൽ 44% കുറവ്, നദികളിലും ഡാമുകളിലും കനാലുകളിലും താഴുന്ന ജലനിരപ്പ്, മഴ ഈ സീസണിൽ ഇനി ശക്തി പ്രാപിക്കുമെന്ന പ്രതീക്ഷയും മങ്ങി
Drought, Representative photo
Drought, Representative photoImage by kamchatka on Freepik
Updated on

അജയൻ

ശുഷ്കമായ ഇടവപ്പാതി, മഴയിൽ 44% കുറവ്, നദികളിലും ഡാമുകളിലും കനാലുകളിലും താഴുന്ന ജലനിരപ്പ്, മഴ ഈ സീസണിൽ ഇനി ശക്തി പ്രാപിക്കുമെന്ന പ്രതീക്ഷയും മങ്ങി. വരണ്ട കേരളത്തിന്‍റെ ഇരുണ്ട ഭാവി മാത്രമാണ് തത്കാലം മുന്നിൽ.

മൺസൂൺ മേഘങ്ങൾക്കു പകരം വൈദ്യുതി പ്രതിസന്ധിയുടെ കരിനിഴലാണ് സംസ്ഥാനത്തിനു മേൽ പടർന്നിരിക്കുന്നത്. ശേഷിക്കുന്ന പ്രതീക്ഷ തുലാവർഷത്തിലാണ്. ഇടവപ്പാതിയെ ദുർബലമാക്കിയ അതേ എൽ നിനോ പ്രതിഭാസം കാരണം തുലാവർഷം ശക്തിപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭൂമധ്യരേഖാ പ്രദേശത്ത് ശാന്ത സമുദ്രത്തിന്‍റെ ഉപരിതലത്തിൽ അസാധാരണമാംവിധം താപനില വർധിക്കുന്നതാണ് എൽ നിനോ. മൺസൂൺ കാറ്റിന്‍റെ കാര്യത്തിൽ നിർണായക സ്വാധീനം ചെലുത്താൻ ഇതിനു സാധിക്കും.

ഓഗസ്റ്റിലാണ് പരമ്പരഗാതമായി കേരളത്തിൽ സമൃദ്ധമായി മഴ ലഭിക്കാറുള്ളത്. എന്നാൽ, 254.6 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഈ ഓഗസ്റ്റിൽ കിട്ടിയത് ആകെ 25.1 മില്ലീമീറ്റർ. അതായത് 90 ശതമാനം കുറവ്!

മൺസൂണിനു തുടക്കം കുറിക്കേണ്ട ജൂൺ ഒന്നു മുതൽ ഇതുവരെ കേരളത്തിൽ പെയ്തത് 877.2 മില്ലീമീറ്റർ മഴയാണ്. 1572.1 മില്ലീമീറ്ററാണ് ശരാശരി കിട്ടേണ്ട മഴ. ഇപ്പോൾ തന്നെ 40% കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് ഓഗസ്റ്റ് അവസാനത്തോടെ 60% വരെയാകാമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് മഴ പെയ്ത ഇടവപ്പാതിയായി ഇതുമാറും.

സമീപ ഭാവിയിൽ ശക്തമായ മഴ പെയ്യാനുള്ള ഒരു സാധ്യതയും പ്രവചിക്കപ്പെടുന്നില്ല. ഇതോടെ, സംസ്ഥാനത്ത് എല്ലാവരെയും ഒരുപോലെ ബാധിക്കാൻ പോകുന്നത് വൈദ്യുതി ക്ഷാമമാണ്. ഇപ്പോൾ സംസ്ഥാനത്തെ ഡാമുകളിൽ എല്ലാം കൂടി സംഭരണശേഷിയുടെ ശരാശരി 36% വെള്ളം മാത്രമാണുള്ളത്. ജല വൈദ്യുതി ഉത്പാദനം ഏറ്റവും കൂടുതൽ നടക്കുന്ന ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കുറഞ്ഞത്, 60% കുറവ്!

കെഎസ്ഇബി ഇപ്പോൾ തന്നെ പ്രതിദിനം 10 കോടി രൂപയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ മുടക്കുന്നത്. ഡാമുകളുടെ സ്ഥിതി ഇങ്ങനെ വഷളായിക്കൊണ്ടിരുന്നാൽ ചെലവ് ഇനിയും കൂടും. സ്വാഭാവികമായും അധികച്ചെലവ് ബില്ലുകളുടെ രൂപത്തിൽ ഉപയോക്താക്കളുടെ മേൽ തന്നെ എത്തിച്ചേരും. കർക്കടക മാസത്തിൽ നെൽപ്പാടങ്ങളിൽ വെള്ളം കോരേണ്ടി വരുന്ന അവസ്ഥയിലാണ് കേരളത്തിന്‍റെ നെല്ലറയായ പാലക്കാട്ടെ കർഷകർ. മഴ പെയ്യേണ്ട മാസം തന്നെ വരൾച്ച എത്തിക്കഴിഞ്ഞു, ഇനി ഇരുട്ടല്ലാതെ മറ്റെന്താണ് മുന്നിൽ!

വഴി മാറിപ്പോയ മഴമേഘങ്ങൾ.
വഴി മാറിപ്പോയ മഴമേഘങ്ങൾ.പ്രതീകാത്മക ചിത്രം

കേരളത്തിൽ ഈ സീസണിൽ കിട്ടിയ മഴ, കിട്ടേണ്ട മഴ (മില്ലീമീറ്റർ), കുറവ് (ശതമാനം)

കാസർഗോഡ് 1662.8, 2325.9, -29

കണ്ണൂർ 1510.4, 2143.5, -30

വയനാട് 894.5, 1996.8, -55

കോഴിക്കോട് 958.7, 2072.3, -50

മലപ്പുറം 845.8, 1550.7, -45

പാലക്കാട് 612.1, 1217, -50

തൃശൂർ 867.4, 1661.5, -48

എറണാകുളം 1013, 1619.9, -37

ഇടുക്കി 775.4, 1956.5, -60

ആലപ്പുഴ 833.7, 1219, -28

കോട്ടയം 724.2, 1440.8, -50

പത്തനംതിട്ട 845.7, 1160.9, -9

കൊല്ലം 633.4, 905.3, -30

തിരുവനന്തപുരം 340.3, 592.9, -43

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com