Kerala Govt hide Hema committee report for 5 years
അശ്ലീലവും അഴിമതിയും ധിക്കാരവും വേദി കൈയടക്കുമ്പോൾFreepik.com

അശ്ലീലവും അഴിമതിയും ധിക്കാരവും വേദി കൈയടക്കുമ്പോൾ

ഹേമ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പോക്സോ കേസിന് പോലും കാരണമായേക്കാവുന്ന മൊഴികളടങ്ങിയ റിപ്പോർട്ട് അഞ്ച് വർഷത്തോളമാണ് സർക്കാർ പൂഴ്ത്തി വച്ചത്.
Published on

അജയൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ അതേക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ പൊടിപൊടിക്കുകയാണ്. റിപ്പോർട്ടുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെ, നിയമലംഘനം നടത്തുന്നൊരു മുൻ എംഎൽഎയുടെ ധിക്കാരപരമായ പെരുമാറ്റങ്ങളും മുതിർന്ന നേതാവിന്‍റെ അഴിമതികൾക്കു നേരെ നിരന്തരമായി കണ്ണടയ്ക്കുന്ന പാർട്ടി നയവും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇരുളിലാണ്ടു പോകുകയാണ്. കേരളത്തിൽ ധാർമിക അപചയത്തിന്‍റെ പൂർണ ചിത്രമാണ് ഇവയെല്ലാം കൂടി വരച്ചു ചേർക്കുന്നതെന്ന് സംശയമില്ലാതെ പറയാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മലയാളം സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതു തന്നെയാണ്. എന്നാൽ, അതിനു നേരെയുള്ള പ്രതികരണങ്ങളാണ് കൂടുതൽ അമ്പരപ്പിക്കുന്നത്. സർക്കാർ നിയമിച്ച കേരള ഹൈക്കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ നേരിട്ട് നടപടി സ്വീകരിക്കാൻ പറ്റില്ലെന്നാണ് സർക്കാർ നയം. ഇരകൾ നേരിട്ട് ഔദ്യോഗികമായി പരാതി നൽകിയെങ്കിൽ മാത്രമേ ശക്തമായ നടപടികൾ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. റിപ്പോർട്ടിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. എന്നാൽ, റിപ്പോർട്ടിൽ പരാമർശിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനാകില്ലെന്ന പ്രഖ്യാപനം വിമർശിക്കപ്പെടേണ്ടതാണ്. നേരിട്ട് ആരോപണമുയർന്നവർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിനു തത്കാലം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും ഉദ്ദേശിക്കുന്നില്ല. പരാതിക്കാരെ വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നാണ് തീരുമാനം!

ജുഗുപ്സാവഹമായ സംസാരത്തിൽ നിപുണനായ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയുടെ വാക്കുകൾ ആവർത്തിക്കുക മാത്രമല്ല, സർക്കാരിന്‍റെ അലംഭാവത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചിട്ടുമുണ്ട്. സർക്കാരിന് കമ്മിഷൻ റിപ്പോർട്ടുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് സാംസ്കാരിക മന്ത്രി ആവർത്തിക്കുന്നത്. സർക്കാരുമായി യാതൊരു ബന്ധവുമില്ലാതെ അന്തരീക്ഷത്തിൽ നിന്ന് പൊട്ടി വീണുണ്ടായ കമ്മിഷനാണിതെന്ന മട്ടിലാണ് അദ്ദേഹത്തിന്‍റെ സംസാരം. റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കാണെന്ന യാഥാർഥ്യം പോലും മറന്ന മട്ടിലാണ് സാംസ്കാരിക മന്ത്രി സംസാരിക്കുന്നത്. അതു മാത്രമല്ല, റിപ്പോർട്ടിൽ ആരോപണ വിധേയരായ നടന്മാരെ കൂടി ഉൾപ്പെടുത്തി ഒരു സിനിമാ കോൺക്ലേവ് നത്തി സമവായത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നു കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യത്തെ സ്പർശിക്കാതെയുള്ള അദ്ദേഹത്തിന്‍റെ എങ്ങും തൊടാതെയുള്ള സംസാരം കുറ്റകൃത്യങ്ങൾക്കെതിരേ നടപടി ഉണ്ടാകില്ലെന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനു പകരം പുതിയൊരു തുടക്കത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പഴയതെല്ലാം എളുപ്പത്തിൽ മായ്ച്ചു കളയാനാണ് ശ്രമമെന്ന് അധികൃതരുടെ അലംഭാവത്തിൽ നിന്ന് വ്യക്തം.

പുതിയ ക്രിമിനൽ നിയമ പ്രകാരം, ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിൽ പോലും സർക്കാരിന് സ്വമേധയാ കേസെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്തുവെന്ന് റിപ്പോർട്ട് കിട്ടിയാൽ അതതു പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍റെ ചാർജിലുള്ള ഉദ്യോഗസ്ഥർക്ക് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. അത്രയും വ്യക്തമായ നിർദേശങ്ങള‌ാണ് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത്.

നടിമാരുടെ ഹൃദയഭേദകമായ മൊഴികൾ പ്രകാരം നടപടി സ്വീകരിക്കുക എന്നത് ഏതൊരു സർക്കാരിന്‍റെയും, പ്രത്യേകിച്ച് ഇരയ്ക്കൊപ്പം എന്നു പ്രഖ്യാപിച്ച ഒരു കമ്യൂണിസ്റ്റ് സർക്കാരിന്‍റെ കടമയാണ്. വർഷങ്ങളോളമായി സിനിമാ മേഖലയിൽ തുടരുന്ന ചൂഷണങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ മടി കാണിക്കുന്ന അധികാരികളുടെ അഹംഭാവം അമ്പരപ്പിക്കുന്നതാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാതെ അലംഭാവം കാണിക്കുന്നതിനും ആരോപണ വിധേയർക്കെതിരേ നടപടി സ്വീകരിക്കാത്തതിനും സർക്കാർ ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ തുടരുന്ന അലംഭാവം അവർക്ക് ആരോടാണ് കൂറെന്നുള്ളത് വ്യക്തമാക്കുന്നതാണ്. റിപ്പോർട്ടിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചപ്പോഴും സർക്കാർ വക്താക്കൾ നാവിറങ്ങിപ്പോയ സ്ഥിതിയിലായിരുന്നു.

മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരേയുള്ള ആരോപണങ്ങളോട് മുഖം തിരിക്കുന്നതാണ് സർക്കാരിനു മേൽ പടരുന്ന മറ്റൊരു കളങ്കം. നിലവിൽ അഴിമതി ആരോപണങ്ങൾ മാത്രമല്ല പി.കെ. ശശിക്കെതിരേ ഉയരുന്നത്. അദ്ദേഹത്തിനെതിരേയുള്ള പല ആരോപണങ്ങളും ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ആരോപണങ്ങളുമായി സാമ്യമുള്ളതാണ്. നേരത്തെ പരാതികൾ ഉയർന്നപ്പോൾ പാർട്ടി ബുദ്ധിപൂർവം മറ്റൊരു വഴി തെരഞ്ഞെടുത്തു. ശശി അഴിമതി നടത്തിയെന്ന റിപ്പോർട്ടുകൾ വെറും കെട്ടുകഥകളാണെന്ന് അവകാശപ്പെട്ട് അവയെല്ലാം തള്ളി. എന്നാൽ, ഇപ്പോൾ അതേ പാർട്ടി നേതൃത്വം തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ, ഏതെങ്കിലും നടി പരാതിപ്പെട്ടാൽ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

നിലവിൽ പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശശിക്കെതിരേ മുൻപ് സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിൽ പരാതി ഉയർന്നിരുന്നു. ശശിക്കെതിരേ ഗുരുതരമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് വർഷങ്ങൾക്കു മുൻപ് പാർട്ടി ജനറൽ സെക്രട്ടറി തുറന്നു സമ്മതിച്ചതുമാണ്. ഏതു തരം പരാതികളാണെന്ന ചോദ്യത്തിന് സ്ത്രീത്വത്തെ അപമാനിക്കുക, ‍അതിക്രമം എന്നിവയാണെന്നും പാർട്ടിക്ക് അതിൽ അന്വേഷണം നടത്താൻ ഉത്തരവാദിത്വമുണ്ടെന്നും വ്യക്തമാക്കി. പക്ഷേ, കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പോളിറ്റ് ബ്യൂറോ അംഗം അടുത്ത ദിവസം അതേ വേദിയിൽ മാധ്യമങ്ങളോട് പ്രകാശ് കാരാട്ട് പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി.

അതു മാത്രമല്ല, അടുത്തിടെ മുതിർന്ന ഒരു ജനപ്രതിനിധി ഒരു ചടങ്ങിനിടെ പൊലീസ് ഓഫിസറോട് മോശമായി പെരുമാറി. അദ്ദേഹവും ജുഗുപ്സാവഹമായ സംസാരത്തിന് പേരു കേട്ടയാളാണ്. ഭൂമി അന്യായമായി കൈവശപ്പെടുത്തിയെന്ന് ആരോപണവും നേരിട്ടിട്ടുണ്ട്. പക്ഷേ, പതിവു പോലെ പാർട്ടി ഇക്കാര്യത്തിലും മൗനം തുടർന്നു.

അനവധി അഴിമതികളും ആരോപണങ്ങളും പാർട്ടിക്കെതിരേ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മാറിയിരിക്കുന്നു, ബോധപൂർവമായ അജ്ഞതയെ ന്യായീകരിക്കാനോ അല്ലെങ്കിൽ തിരുത്തൽ നടപടിയെടുക്കാൻ വിസമ്മതിക്കുന്നതിനോ ഉള്ള ദുർബലമായ ശ്രമത്തിലൂടെയും ജനങ്ങളുടെ വിശ്വാസത്തെ ക്രൂരമായ തമാശയാക്കി മാറ്റുന്നതിലൂടെയും പാർട്ടി ഒറ്റപ്പെടുകയേ ഉള്ളൂ.