
ആ അച്ഛനും മകനും കാറിന്റെ മുൻനിരയിലായിരുന്നു. പിന്നിലിരുന്നത് മകന്റെ അപ്പൂപ്പൻ. മകന് ഏഴോ എട്ടോ വയസ്.
മലമുകളിലേയ്ക്കായിരുന്നു യാത്ര. അവർ കുന്നിൻ മുകളിലിറങ്ങി. കാഴ്ചകൾ കണ്ടു. തിരികെ വരുമ്പോൾ ആ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പൂപ്പൻ ആഹാരം കഴിക്കുമായിരുന്ന പഴകി ഞണുങ്ങിയ പാത്രം പിറകിലത്തെ സീറ്റിൽ കിടക്കുന്നത് മകൻ കണ്ടത് അച്ഛനും മനസിലായി.
"അതെടുത്ത് കളഞ്ഞേക്ക് '- അച്ഛൻ മകനോട് പറഞ്ഞു.
"അതവിടെ ഇരുന്നോട്ടെ അച്ഛാ. കുറേക്കാലം കഴിഞ്ഞ് അച്ഛനും വേണ്ടിവരില്ലേ?'- മകൻ ചോദിച്ചു.
അതേ, ഇപ്പോൾ കളിമൺ പിഞ്ഞാണത്തിൽ ആഹാരം കഴിക്കാൻ നിങ്ങൾക്ക് സാധിക്കും. കാരണം, നിങ്ങൾക്കിപ്പോൾ വരുമാനമുണ്ട്, ആരോഗ്യവും. നാളെ ഇതുരണ്ടും നഷ്ടമാവാം. നമ്മൾ കാട്ടിക്കൊടുക്കുന്നതാവാം മക്കൾക്ക് മാതൃക.
ഇതിപ്പോൾ എഴുതാൻ കാരണമുണ്ട്. കേരളം പിറന്നതിന്റെ അന്ന് ജനിച്ച കുഞ്ഞിന് 5 ദിവസം കഴിയുമ്പോൾ 67 വയസാവും. കേരളപ്പിറവിക്ക് 5 വയസായ 1961ൽ ശിശു ജനസംഖ്യ 43.3 ശതമാനവും വൃദ്ധ ജനസംഖ്യ 5. 1 ശതമാനവും ആയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം ശിശു ജനസംഖ്യ 23.4 ശതമാനമായി കുറഞ്ഞു, വൃദ്ധ ജനസംഖ്യ 12.6 ശതമാനമായി വർധിക്കുകയും ചെയ്തു. ഇത് ദേശീയ ശരാശരിയെക്കാൾ 8. 6 ശതമാനം അധികമാണ്.
കേരളത്തിലെ മൊത്തം ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 3.36 കോടി ആയിരുന്നു. അതിൽ 42 ലക്ഷം പേര് 60 വയസിന് മുകളിലുളളവരാണ്. ഇതില്‍ 13 ശതമാനം 80 വയസും അതിനു മുകളിലുള്ളവരുമാണ്.
പുരുഷന്മാരേക്കാള് 60 വയസിന് മുകളിലുള്ള വിഭാഗത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. ഇവരിലേറെയും വിധവകളാണ്. കേരളത്തിലെ മുതിര്‍ന്നവരുടെ ദാമ്പത്യാവസ്ഥ പരിശോധിച്ചാല്‍ ഭൂരിപക്ഷം പുരുഷന്മാരുടേയും (89 ശതമാനം) ഭാര്യമാര്‍ പ്രായാവസ്ഥയിലും ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ 38 ശതമാനം സ്ത്രീകളുടെ ഭര്ത്താക്കന്മാര് മാത്രമേ ഈ ഗണത്തില്പ്പെടുന്നുള്ളൂ. കൂടാതെ 8.8 ശതമാനം പുരുഷന്മാര് വിഭാര്യരും 57 ശതമാനം സ്ത്രീകള്‍ വിധവകളുമാണ്. 62.2 ശതമാനം മുതിര്‍ന്ന സ്ത്രീകള്‍ പങ്കാളിയില്ലാതെ ജീവിക്കുന്നവരാണ്. ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു എന്നാണ് ഈ കണക്കുകൾ വിളിച്ചു പറയുന്നത്.
കേരളത്തിലെ മുതിർന്ന പൗരരുടെ സംഖ്യ അടുത്ത 10 വർഷത്തിനുള്ളിൽ 22 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷ. 2036ൽ രാജ്യത്ത് വൃദ്ധ ജനസംഖ്യാ വളർച്ചയിൽ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കും. രസകരമായൊരു വസ്തുത കഴിഞ്ഞ 50 വർഷത്തിനിടയിൽ 60 വയസിലധികം പ്രായമുള്ളവരുടെ എണ്ണം ഇരട്ടിയായിയെന്നതാണ്; 1961ൽ 5.1 ശതമാനമായിരുന്നത് 2011ൽ 12.6 ശതമാനമായി വർധിച്ചു.
മൊത്തം ജനസംഖ്യയില്‍ വൃദ്ധരുടെ അനുപാതം വര്‍ധിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇന്ന് സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രധാന ആവര്‍ത്തനച്ചെലവ് വിരമിച്ച ജീവനക്കാരുടെ പെന്‍ഷനാണ്. കേരളത്തില്‍ വിരമിക്കല്‍പ്രായം 55 ആണെന്നതുകൊണ്ടും ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നതുകൊണ്ടും മൊത്തം സര്‍വീസിനേക്കാള്‍ കൂടുതല്‍ കാലം പെന്ഷന് വാങ്ങുന്നവരാണ് നല്ലൊരു പങ്ക് ജീവനക്കാരും. പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന മുറവിളിയുടെ അടിസ്ഥാനയുക്തിയും ഇതാണ്.
ഇവിടെയാണ് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തെ തുടർന്ന് വികാരപരമായി "സംസാരിച്ചുകളഞ്ഞ' ഒരു വിഷയത്തിന്റെ പ്രസക്തി. മുമ്പ്, കേരളീയ സമൂഹം കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായിരുന്നു. അന്ന് വീട്ടിൽ ഒരു പാട് അംഗങ്ങളുണ്ടായിരുന്നു. മുത്തച്ഛൻമാരും മുത്തശ്ശിമാരും അച്ഛനും അമ്മയും കൊച്ചച്ഛന്മാരും അമ്മാവന്മാരും അമ്മായിമാരും കുഞ്ഞമ്മമാരും അവരുടെ മക്കളുമെല്ലാമടങ്ങിയ കുടുംബം. പഴയ കൂട്ടുകുടുംബത്തിൽ പെട്ടെന്ന് ഒരത്യാവശ്യമുണ്ടായാൽ ഒരു പശുവിനെ വിൽക്കുകയോ കുരുമുളക് വിൽക്കുകയോ ഒക്കെയായിരുന്നു.
ഇന്ന് അവരോരോരുത്തരും ഓരോ കുടുംബമായി മാറിയതോടെ അതിനെ അണുകുടുംബം എന്നുവിളിച്ച് അഭിമാനിച്ചു. ആ അണുകുടുംബങ്ങൾക്ക് സാമ്പത്തിക സ്വാശ്രയത്വമുണ്ടായി. എന്നാൽ, ഇന്ന് എടിഎമ്മും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും യഥേഷ്ടമുള്ളതിനാൽ പണം ഒരു വിഷയമല്ലാതായി. അത്യാവശ്യം കഴിയുമ്പോൾ കടക്കെണിയിലാവുന്നത് മറ്റൊരു സാമൂഹിക വിഷയം.
അണുകുടുംബം പിന്നെയും വിഭജിക്കപ്പെടുന്നു. അവരുടെ ചെറുപ്പക്കാരായ മക്കൾ കുടുംബം രൂപപ്പെടുത്തുന്നതോടെ കൊച്ചുമക്കളെ നോക്കാൻ ഉദ്യോഗസ്ഥരായ അച്ഛനോ അമ്മയോ അവധിയെടുത്ത് പോകേണ്ട അവസ്ഥ. പ്രത്യേകിച്ചും മകളുടെ പ്രസവാനന്തര ശുശ്രൂഷയ്ക്ക് അമ്മയ്ക്ക് പോകേണ്ടിവരും. ഏറ്റവും പ്രധാനം അതിനുള്ള വിദഗ്ധരായ ആളുകളെ കിട്ടാനില്ലാത്തതാണ്. മറ്റൊന്ന്, ഇങ്ങനെ ആൾക്കാരെ കിട്ടിയാൽ തന്നെ അവർക്ക് വലിയ പണച്ചെലവാണ്. നാട്ടിലും മറുനാട്ടിലും ഇതുതന്നെയാണ് സ്ഥിതി. ഇവിടെയാണ് അമ്മമാർ മറുനാട്ടിലേയ്ക്ക് പറക്കേണ്ടിവരുന്നത്. അതോടെ, രോഗിയായ ഭർത്താവിനെ ഒറ്റയ്ക്കാക്കി ഭാര്യ മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി കടൽ കടക്കുന്ന പ്രവണതയാണ് ഏറെയും. ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് അവർ തിരിച്ചുവരുമ്പോഴേയ്ക്കും അച്ഛൻ അവശനായിക്കഴിഞ്ഞിരിക്കും.
കൊച്ചുമക്കളുള്ളപ്പോൾ വിദേശങ്ങളിലാണെങ്കിലും അവരെ വളർത്താൻ മുത്തച്ഛനോ മുത്തശ്ശിയോ സഹായമാണ്. കുട്ടികൾ വളരുകയും അവരുടെ ആവശ്യങ്ങൾ കൂടുകയും ചെയ്യുമ്പോൾ ഒന്നോ രണ്ടോ കിടക്കമുറികൾ മാത്രമുള്ള ഫ്ലാറ്റുകളിൽ വൃദ്ധർ അധികപ്പറ്റാവുന്നു. അപ്പോഴാണ് അവരെ നാട്ടിലെത്തിക്കാമെന്ന തീരുമാനം ഉണ്ടാവുന്നത്. പങ്കാളികളിലൊരാൾ മരിക്കുന്നതോടെ അടുത്ത ആളിനെ എന്തു ചെയ്യും എന്നതാണ് ഇന്ന് പലരുടെയും മുന്നിലുള്ള വലിയ പ്രശ്നം.
ഇവിടെ, ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. ജീവിതം ഏകാന്തമായ അവസ്ഥിയിലേയ്ക്ക് വൃദ്ധരെ കൊണ്ടുചെന്നെത്തിക്കുകയാണ്. ഇതുവരെ ശിശുസൗഹൃദ സംസ്ഥാനമായിരുന്ന കേരളം അതിവേഗം പരിഹാരം കാണേണ്ട വിഷയമാണ് വൃദ്ധജനപരിചരണം. വൃദ്ധജന സൗഹൃദസംസ്ഥാനമാവാൻ എന്തൊക്കെ ചെയ്യാമെന്ന് കേരളം അടിയന്തരമായി ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
പൊതുജനാരോഗ്യ പ്രവർത്തകനും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകനുമായ ഡോ. വി. രാമൻകുട്ടിയുടെ ഒരു ലേഖനത്തിൽ നിന്ന്: "മനുഷ്യരുടെ സന്തോഷത്തിന്റെ അളവ് പ്രായപൂർത്തി ആയതിനുശേഷം ക്രമേണ കുറയുന്നു എന്നും, ഏകദേശം 40-50 വയസിൽ അത് ഏറ്റവും താണ നിലയിൽ എത്തി, പിന്നീട് ക്രമേണ ഉയർന്ന് 70 വയസൊക്കെ ആകുമ്പോൾ വീണ്ടും മിക്കവാറും ആദ്യ ലെവലിലേക്ക് എത്തുന്നുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് ശാസ്ത്രരംഗത്ത് വിവാദം സൃഷ്ടിച്ചിട്ടുള്ള ഒരു കണ്ടെത്തൽ ആണിത്. 18-20 കാലത്താണത്രെ സന്തോഷത്തിന്റെ പാരമ്യം. പിന്നീടത് കുറയുന്നത് ജീവിതപ്രാരാബ്ധങ്ങളും അനിശ്ചിതത്വവും കൊണ്ടാകാം.'
അങ്ങനെയാണെങ്കിൽ സപ്തതി പിന്നിടുന്നവരൊക്കെ സന്തോഷത്തിന്റെ അവസ്ഥയിലേയ്ക്ക് എത്തുകയാണ്. അതിനുള്ള മാർഗങ്ങൾ എങ്ങനെ കണ്ടെത്താം എന്നുപഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എറണാകുളത്ത് ഓട്ടോതൊഴിലാളികൾ നേതൃത്വം നൽകുന്ന സംഘടനയാണ് "കനിവ് '. അവിടെ, ജനറൽ ആശുപത്രിയോട് ചേർന്നുള്ള പാലിയേറ്റിവ് കെയർ യൂണിറ്റിലെ അന്തേവാസികൾക്കായി അവിടെയുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ സൗജന്യമായി നടത്തുന്ന യാത്രയുണ്ട്. അവർക്ക് ആഗ്രഹമുള്ള വഴികളിലൂടെ ഒരു യാത്രയാണിത്.
പണ്ട് സജീവമായി നടന്ന കാലയളവിലെ പഠിച്ച സ്കൂളുകൾ, ദേവാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ എന്നിങ്ങനെ അവർക്ക് താത്പര്യമുള്ള വഴികളിലൂടെയാണ് ഈ യാത്രയെന്ന് തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായിരുന്ന ജി. സാജൻ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
"മരണമെത്തുന്ന നേരത്തു നീയെന്റെ-
യരികിലിത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ'.
റഫീഖ് അഹമ്മദിന്റെ ഈ വരികളിലെ ശാന്തതയിലേക്കു വാർധക്യകാലത്തിന് എത്തിച്ചേരാൻ എന്തു ചെയ്യാനാവും എന്ന് പഠിക്കേണ്ട ചുമതല സമൂഹവും സർക്കാരും ഏറ്റെടുക്കേണ്ട കാലം വൈകിയിരിക്കുന്നു.