അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിളക്കം
ഇന്ത്യ ഇന്റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്നത് രാജ്യാന്തര പ്രശസ്തമായിക്കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള പ്രദര്‍ശന കേന്ദ്രത്തിലാണ് അത് ഇപ്പോള്‍ നടക്കുന്നത് എന്നതും വിശേഷപ്പെട്ടതു തന്നെ. 1980ല്‍ തുടങ്ങിയ ഡൽഹി വ്യാപാരമേള ഇന്ന് രാജ്യത്തിന്റെ അഭിമാന മേളയായി മാറിയിരിക്കുന്നു. സുപ്രീം കോടതിക്കു സമീപമുള്ള 150 ഏക്കര്‍ ഭൂമിയാണ് പ്രഗതി മൈതാന്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാണ് ഈ പ്രദേശം. 25ാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1972 നവംബര്‍ 3ന് ഉദ്ഘാടനം ചെയ്തതാണ് പ്രഗതി മൈതാനിയിലെ വിപണനമേളാ കേന്ദ്രം. പ്രശസ്ത വാസ്തുശില്പി രാജ് റിവാളാണ് പ്രഗതി മൈതാനിലെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ഒരു മത്സരത്തിലൂടെയാണ് ഹാള്‍ ഓഫ് നേഷന്‍സ് എന്ന് പേരിട്ട രാജ് റിവാളിന്റെ മാതൃക അംഗീകരിച്ചത്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അവിടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സമുച്ചയങ്ങള്‍ നിര്‍മിച്ചു. വലിയ ഓഡിറ്റോറിയങ്ങള്‍ നര്‍മിച്ചു. ആയിരക്കണക്കിന് കാറുകള്‍ പാര്‍ക്ക് ചെയ്യാൻ ഭൂമിക്കടിയില്‍ സംവിധാനങ്ങളൊരുക്കി. ഗതാഗത തടസങ്ങള്‍ ഒഴിവാക്കാന്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മിച്ചു. ഇപ്പോള്‍ പ്രഗതി മൈതാന്റെ അടിയില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളും റോഡുകളും ഉണ്ട്. അവിടെ നടക്കുന്ന രാജ്യാന്തര വ്യാപാര മേളയില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും വിദേശ രാജ്യങ്ങളും പങ്കെടുക്കുന്നു. ജി20 ഉച്ചകോടി നടന്നത് പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു.
രാജ്യാന്തര വ്യാപാരമേളയിലെ പവലിയനുകളിലൂടെ സഞ്ചരിക്കുമ്പോള്‍ രാജ്യം കൈവരിച്ച നേട്ടങ്ങളാണ് നേരിട്ട് കാണാന്‍ സാധിക്കുക. ഓരോ പവലിയനും വലിയ കൗതുകമാണ് സമ്മാനിക്കുക. മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ ഇനങ്ങളും നമ്മുടെ രാജ്യത്തെ വികസനത്തിന്റെ ചിഹ്നങ്ങളാണ്. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ മുതല്‍ നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യോത്പന്നങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളും വരെ ഈ മേളയിലെ ഭാഗമാണ്. ഖാദിയുടെയും ചെറുകിട ഉല്‍പ്പന്നങ്ങളുടെയും വമ്പിച്ച പ്രദര്‍ശനം തന്നെയാണ് എടുത്തു പറയേണ്ട ഒന്ന്. വ്യാപാരമേളയിലെ സാരസ് മേളയെ വിവിധ സംസ്ഥാനങ്ങളിലെ ചെറുകിട ഉത്പാദന യൂണിറ്റുകള്‍ തങ്ങളുടെ വിപണന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
ഇവിടെ വിവിധ സംസ്ഥാനങ്ങളുടെ രുചികളറിയാനും അവിടത്തെ കലാ സാംസ്കാരിക രംഗത്തെ തിരിച്ചറിയാനും സാധിക്കുന്നു. അതിവിപുലമായ ഫുഡ് കോര്‍ട്ടുകളാണ് തയാറാക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനനത്തിന്റെ രുചിക്കൂട്ട് അവിടെ ലഭിക്കും. രണ്ടാഴ്ച്ച നീളുന്ന മേളയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സാംസ്ക്കാരിക കലാ പ്രകടനങ്ങള്‍ക്കായി സമയം നല്‍കും. എല്ലാവരും അവരുടെ ദിവസം മികച്ചതും വ്യത്യസ്തതയുള്ളതുമാക്കാന് ശ്രമിക്കും. ഓരോ സംസ്ഥാന പവലിയനിലും കയറിയാല്‍ അതത് സംസ്ഥാനങ്ങളില്‍ പോയതു പോലുള്ള അനുഭവം ഉണ്ടാകും. സംസ്ഥാനങ്ങളിലെ വികസനം, സംസ്ക്കാരം, രുചി എല്ലാം നമുക്ക് അനുഭവിച്ചറിയാം.
കേരള പവലിയന് സന്ദര്‍ശിക്കുന്നതിനു മുമ്പ് കേരളവുമായി വളരെ അടുത്ത ബന്ധമുള്ള മറ്റിടങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സ്പൈസസ് ബോര്‍ഡ്, കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡ്, ഫിഷറീസ് ബോര്‍ഡ്, കാഷ്യൂ ഡവലപ്മെന്റ് ബോര്‍ഡ് തുടങ്ങിയവരുടെ പവലിയനുണ്ട്. സുഗന്ധവ്യഞ്ജന വിപണന രംഗത്ത് രാജ്യത്ത് വലിയ സ്ഥാനമാണ് കേരളത്തിലുള്ളത്. അത് വ്യക്തമാകുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനം സ്പൈസസ് ബോര്‍ഡ് ഒരുക്കിയിരിക്കുന്നു. കുരുമുളകും ഏലവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് മലയാളിക്ക് അഭിമാനം തന്നെ. അതുപോലെ തന്നെയാണ് തേങ്ങയുടെ കാര്യം.
കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡ് പവലിയനില്‍ ചെന്നാല്‍ വെളിച്ചെണ്ണയും തേങ്ങാവെള്ളവും നീരയും ചകിരിയും ചിരട്ടയും കൊണ്ടുള്ള കലാരൂപങ്ങളും മറ്റ് ഉത്പന്നങ്ങളും മാത്രമല്ല കാണുക. അവിടെ സോപ്പുണ്ട്, കാപ്പിപ്പൊടിയുണ്ട്, അലുവയുണ്ട്, ബര്ഫിയുണ്ട്, തേങ്ങാപ്പാലുണ്ട്, തേങ്ങാപ്പൊടിയുണ്ട്, ചിപ്സുണ്ട്... അങ്ങിനെ എത്ര എത്ര ഇനങ്ങള്‍. സൗന്ദര്യ വര്‍ധന ഉത്പന്നങ്ങള്‍ വരെ തേങ്ങയില്‍ നിന്നുണ്ടാക്കാം എന്നത് പലർക്കും പുതിയ അറിവായിരിക്കും. അവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒരുക്കിയിരിക്കുന്ന ഓരോ ഇനവും കേരളത്തിന്റെ സ്വന്തമാണ് എന്നുതന്നെ പറയാം. പല സംസ്ഥാനങ്ങളില്‍ നിന്നും ഇരു പവലിനുകളിലും ഉത്പന്നങ്ങള്‍ നിരത്തി വച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കേരളം ഉത്പാദിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ തന്നെയാണ്.
മത്സ്യ ഉത്പനങ്ങളാണ് കൗതുകം പകരുന്ന മറ്റൊരു വേദി. എത്ര തരം മത്സ്യ ഇനങ്ങളാണ് ഫിഷറീസ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മീന്‍ അച്ചാറും ഇന്‍സ്റ്റന്റ് മീന്‍ കറികളും മീന്‍ എണ്ണയും നെയ്യും മറ്റും മറ്റും പ്രദര്‍ശന ഇനങ്ങളാണ്. കശുവണ്ടി ഉത്പന്നങ്ങള്‍ എത്രയോ തരം. പുത്തന്‍ അറിവുകള്‍ പകര്ന്നുനല്കുന്ന പ്രദര്‍ശനം കാഴ്ച്ചക്കാര്‍ക്ക് വര്‍ത്തമാന കാലത്തിന്റെ നേര്‍ചിത്രം തന്നെയാണ് സമ്മാനിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒട്ടേറെ വകുപ്പുകളുടെ സ്റ്റോറുകളും രാജ്യത്തിന് അഭിമാനമായ ഊര്‍ജത്തിന്റെയും ശാസ്ത്രത്തിന്റെയും സുരക്ഷയുടെയും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ വിളിച്ചോതുന്ന പവലിയനുകളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പവലിയനുകൾ നമ്മുടെ വളര്‍ച്ചയുടെ പ്രദര്‍ശനമായി മാറുന്നു. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള ഉത്പന്നങ്ങളുടെ വലിയ പ്രദര്‍ശനമാണ് അന്തര്‍ദേശിയ വ്യാപാര മേള എന്ന് ചുരുക്കിപ്പറയാം.
മേളയുടെ ഇത്തവണത്തെ ആശയം "വസുധൈവ കുടുംബകം - യുണൈറ്റഡ് ബൈ ട്രേഡ് ' എന്നതാണ്. ഇതിനെ അന്വര്‍ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയത്. മറ്റ് സംസ്ഥാനങ്ങളും ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് അവരുടെ പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാചീനകാലം മുതല്‍ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്പൈസ് റൂട്ടുമാണ് കേരളം ദൃശ്യമാക്കുന്നത്. മുസിരിസ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെയുള്ള വ്യാപാര സൂചകങ്ങളും ഒപ്പം പ്രാചീന കാലം മുതല്‍ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്പൈസ് റൂട്ടുമാണ് ദൃശ്യമാകുന്നത്.
സര്‍ഫസ് പ്രൊജക്ഷനും 3ഡി ഹോളോഗ്രാഫിക് ഡിസ്പ്ലേ സിസ്റ്റവും വഴിയും വ്യാപാര കാലഘട്ടങ്ങളും സംസ്ഥാനത്തിന്റെ വ്യാപാര വളര്‍ച്ചയും കേരള പവലിയിനിയില്‍ കാണാം. പുരാതന കാലം മുതലുള്ള കേരളത്തിന്റെ വാണിജ്യ, സാമൂഹ്യ, സാംസ്കാരിക ചരിത്രം മിന്നിമറയുന്ന സര്‍ഫസ് പ്രൊജക്ഷനാണ് കേരള പവിലിയനിലെത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രം. മറ്റ് സ്റ്റാളുകളില്‍ നിന്ന് കേരളത്തെ വേറിട്ട് നിര്‍ത്തുന്നതും ഇതാണ്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നും കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍ തേടിയെത്തിവര്ക്കൊപ്പം ഭൂഗോളത്തിന്റെ സര്‍വ കോണിലും മലയാളികള്‍ എത്തിയ ചരിത്രം കാലാനുസൃതമായി കാണിക്കുന്നതോടെ വസുധൈവ കുടുംബകം യുണൈറ്റഡ് ബൈ ട്രേഡ് എന്ന ആശയത്തിന്റെ നേര്‍രൂപമായി കേരള പവിലിയന് മാറുന്നു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് താങ്ങാവുന്ന നാലു പില്ലറുകളായ ടൂറിസം, വ്യവസായം, ഐടി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ മുകളിലാണ് സര്‍ഫസ് പ്രൊജക്ഷന് സ്ഥാപിച്ചിരിക്കുന്നത്. ഈ കൈകളില്‍ തിരിയുന്ന ഗോളാകൃതിയിലുള്ള പ്രതലത്തിലാണ് കേരളത്തിന്റെ വികസന ചരിത്രം ദ്യശ്യമാകുന്നത്. കേരള പവിലിയന് സന്ദര്‍ശിക്കുന്നവര്‍ക്ക് കുറഞ്ഞ സമയത്തില്‍ കേരളത്തിന്റെ വ്യാപാര സാമൂഹ്യ സാംസ്കാരിക ചരിത്രം മനസിലാക്കാം എന്നതാണ് സര്‍ഫസ് പ്രൊജക്ഷന് സാങ്കേതികത കൊണ്ടുള്ള നേട്ടം.
ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വ്യാവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷന് ഡയറക്റ്ററേറ്റ്, കയര്‍ വികസന വകുപ്പ്, ഡയറക്റ്റര്‍ ഓഫ് പഞ്ചായത്ത്, കോ-ഓപ്പറേറ്റിവ് സൊസൈറ്റി, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, കുടുംബശ്രീ, കെ.ബിപ്, മാര്‍ക്കറ്റ് ഫെഡ്, കള്‍ച്ചറൽ വകുപ്പ്, ആര്‍ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലെജ്, കൈരളി, തീരദേശ വികസന കോര്പ്പറേഷന്, പഞ്ചായത്ത് വകുപ്പ്, ഹാന്റെക്സ്, ഹാന്‍വീവ്, ഖാദി - ഗ്രാമ വ്യവസായ ബോര്‍ഡ്, എസ്ടി വകുപ്പ്, കൃഷി വകുപ്പ്, കേരഫെഡ്, ഔഷധി തുടങ്ങിവയുടെ സ്റ്റാളുകളാണ് പവലിയനിലുള്ളത്. രുചിമേളം തീര്‍ക്കാന്‍ കുടുംബശ്രീയുടെയും സാഫിന്റെയും ഫുഡ് കോര്‍ട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വിഭവങ്ങളുമാണ് സ്റ്റാളില്‍ ലഭിക്കുന്നത്.
ഇക്കുറി പാര്‍ട്ണര്‍ സംസ്ഥാനമായാണ് കേരളം പങ്കെടുക്കുന്നത്. 624 ചതുരശ്ര അടിയില്‍ 44 സ്റ്റാളുകളാന്ന് കേരള പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. 10 എണ്ണം തീം സ്റ്റാളുകളും 34 എണ്ണം കൊമേഴ്സ്യല്‍ സ്റ്റാളുകളും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. പിആർഡി അഡീഷണല്‍ ഡയറക്റ്റർ കെ. അബ്ദുള്‍ റഷീദാണ് കേരള പവലിയന്റെ ഡയറക്റ്റര്‍. എസ്. ജയകുമാര്‍, സിനി കെ. തോമസ്, അനീസ് എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പവലിയനെ നിയന്ത്രിക്കുന്നത്. ആര്‍ട്ടിസ്റ്റ് സി.ബി. ജീനന്‍, ബിനു ഹരിദാസ്, സി.ബി. ജിഗീഷ് എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം കലാകാരന്മാര് ചേര്‍ന്നാണ് ഈ വര്‍ഷത്തെ കേരള പവിലിയന് രൂപകല്‍പ്പന ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിയ കേരള പവിലിയന് ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.