

രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ.
File photo
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയത്തിൽ നിർണായകമായത് എഐസിസി ഇടപെടൽ. സ്ഥാനാർഥി നിർണയം മുതൽ എഐസിസിയുടെ നേരിട്ടുള്ള മേൽനോട്ടം മികച്ചതായിരുന്നു. വയനാട് ചേര്‍ന്ന കെപിസിസി ക്യാംപില്‍ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണു സ്ഥാനാർഥി നിര്‍ണയത്തിൽ മുകളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിർദേശിച്ചത്. വാര്‍ഡ് തലത്തിൽ സ്ഥാനാർഥി നിര്‍ണയം നടത്തണമെന്നും കെ.സി. വേണുഗോപാല്‍ നിർദേശിച്ചു. അതിനാൽ വിമത ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
പുതുമുഖങ്ങള്‍, വനിതകള്‍, ചെറുപ്പക്കാര്‍ എന്നിവർക്ക് പ്രാതിനിധ്യം നല്‍കാന്‍ വേണുഗോപാല്‍ നിർദേശം നല്‍കി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ (ശബരിനാഥ്, അനില്‍ അക്കര) തുടങ്ങിയവർ സർപ്രൈസ് സ്ഥാനാർഥികളായി വന്നത് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ യുഡിഎഫിന് വലിയ മുൻതൂക്കം നൽകി. മാസങ്ങള്‍ക്കു മുൻപേ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ എഐസിസി മുൻകൈയെടുത്തു. കെപിസിസി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെയും കോര്‍പ്പറേഷന്‍റെയും ചുമതല നല്‍കി. ജില്ലാതലത്തില്‍ സണ്ണി ജോസഫ്, വി.ഡി. സതീശൻ എന്നിവർ അവലോകന യോഗങ്ങളില്‍ നേരിട്ട് പങ്കെടുത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലകളില്‍ കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി.
കെസിയുടെ കേരളത്തിലെ സാന്നിധ്യം എഐസിസിയും ഹൈക്കമാൻഡും കേരളത്തിലെ തെരഞ്ഞെടുപ്പിനെ പ്രാധാന്യത്തോടെ കാണുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന നേതൃത്വത്തെ എല്ലാ തരത്തിലും കൈയയച്ചു സഹായിച്ചു. ഐക്യത്തിന്‍റെ സന്ദേശം സംഘടനയില്‍ താഴേത്തട്ടില്‍ ഉറപ്പുവരുത്താന്‍ വേണുഗോപാല്‍ നേതാക്കള്‍ക്ക് നിർദേശം നല്‍കി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സര്‍വെകൾ ഉള്‍പ്പെടെ നടത്തി സംഘടനാ തലത്തിലെ പാളിച്ചകള്‍ പഠിക്കുകയും സംഘടാതലത്തില്‍ നേതാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വികസന രേഖയും, ഭരണമില്ലാത്തിടത്ത് കുറ്റപത്രം തയാറാക്കി പ്രചരണം നടത്താന്‍ കെപിസിസി നിർദേശം നല്‍കി. കൂട്ടായ നേതൃത്വം ഒറ്റക്കെട്ടായി മുന്നൊരുക്കം നടത്താന്‍ ഹൈക്കമാൻഡ് നിർദേശം നല്‍കി. ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തി, യുഡിഎഫിന്റെ ഐക്യം കൂടുതല്‍ വര്‍ധിപ്പിച്ചു. സാദിഖ് അലി തങ്ങൾ , കുഞ്ഞാലികുട്ടി, ഷിബുബേബി ജോണ്‍, പി.ജെ. ജോസഫ്, പ്രേമചന്ദ്രന്‍ തുടങ്ങി നേതാക്കളുടെ അനുഭവ സമ്പത്ത് യുഡിഎഫിന് പ്രയോജനപ്പെടുത്താനുള്ള ഇടപെടല്‍ നടത്തി.
പിഎം ശ്രീ, ലേബര്‍കോഡ് ഉള്‍പ്പെടെ ഉന്നയിച്ച് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടുന്നതിലും കെ.സി. വേണുഗോപാല്‍ ശ്രദ്ധ ചെലുത്തി. അതുവഴി സിപിഎമ്മിന്‍റെ കാവിവത്കരണം തുറന്നുകാട്ടി. സിപിഎമ്മിന്‍റെയും സിപിഐയുടേയും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കെ.സി. വേണുഗോപാലിനായി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുൻപേ ശബരിമലയിലെ സ്വർണക്കൊള്ള മലയാളത്തിൽ കെ.സി. ലോക്സഭയിൽ ഉന്നയിച്ചു ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാർഥികളെ നിശ്ചയിക്കുന്നതില്‍ കെ.സി. നിര്‍ണായക ഇടപെടല്‍ നടത്തി. മുട്ടടിയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയുടെ വോട്ട് വെട്ടല്‍ നടന്നപ്പോള്‍, പാർട്ടി നേരിട്ട് നിയമപോരാട്ടം നടത്തുകയും ദേശീയതലത്തില്‍ ബിജെപിയുടെ വോട്ട് ചോരിയുടെ കേരളത്തിലെ മുഖമാണ് സിപിഎമ്മെന്ന പ്രചരണം അഴിച്ചുവിട്ടു.
സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇളക്കം തട്ടുന്നവിധം പ്രചരണ രംഗത്ത് സജീവമായി. ഒരുഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ നടത്തിയ പ്രതികരണവും സംവാദ വെല്ലുവിളിയും മുഖ്യമന്ത്രിക്ക് തന്നേ ഏറ്റെടുക്കേണ്ടി വന്നു. ദേശീപാത നിര്‍മ്മാണത്തിലെ അഴിമതിക്കു സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ മൗനാനുവാദം ചോദ്യം ചെയ്തുള്ള കെ.സി. വേണുഗോപാലിന്‍റെ പ്രതികരണത്തിനും വലിയ സ്വീകാര്യത ലഭിച്ചു.