
കരിങ്കൊടി പ്രതിഷേധങ്ങൾ കേരളത്തിൽ പുതിയ സംഭവങ്ങളല്ല. ചെറുതും വലുതുമായ പല കാരണങ്ങളുടെ പേരിലും കേരളം ഭരിച്ചിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാർക്കുമെതിരേ എതിരാളികൾ കരിങ്കൊടി കാണിച്ചിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെ എല്ലാവരും ഈ "സൗഭാഗ്യ'ത്തിന് ഇരയായിട്ടുള്ളവരാണ്.
കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം; വേഗത്തിൽ ഓടിവരുന്ന വാഹന വ്യൂഹത്തിലേക്ക് കരിങ്കൊടിക്കാർ എടുത്തുചാടുന്നതാണ്. അപ്പോൾ വണ്ടി പെട്ടെന്നു ചവിട്ടി നിർത്തിയാൽ പിറകെ വരുന്ന വണ്ടികൾ ഒന്നൊന്നായി നിർത്തിയിരിക്കുന്ന വണ്ടികളുടെ പിറകിൽ ഇടിക്കും. അതുകൊണ്ടാണ് കരിങ്കൊടി പ്രതിഷേധത്തിനെതിരെ അതിശക്തമായി പോലീസ് ബന്തവസുകൾ വരുന്നത്.
സർക്കാരുകൾ മാറിമാറി വന്നിരുന്ന കേരളത്തിൽ ഇപ്രാവശ്യം സ്ഥിതി വ്യത്യസ്തമായിരുന്നുവെന്ന് സമ്മതിക്കുന്നു. പിണറായി സർക്കാർ രണ്ടാമതും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.
എന്നാൽ, ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവർ നാളെ ഭരണപക്ഷത്തും ഭരണപക്ഷത്തുള്ളവർ പ്രതിപക്ഷത്തും ആകുന്ന സ്ഥിതി സംജാതമാകുന്ന കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പൊതു നന്മയ്ക്കുവേണ്ടി ചില കാര്യങ്ങളിലെങ്കിലും ഒരു ധാരണയുണ്ടാക്കുന്നത് നല്ലതാണ്. അതിലൊന്നാണ് കരിങ്കൊടി പ്രതിഷേധം. വിഐപിയുടെ കാറിന് മുന്നിലേക്ക് ചാടാതെ റോഡരികിൽ നിന്ന് കരിങ്കൊടി വീശിയാൽ ഈ തല്ല് ഒഴിവാക്കാമല്ലോ.
രാജാവിനേക്കാൾ വലിയ രാജഭക്തി അവസാനം രാജാവിനു കൂടി തലവേദനയാകുന്നതായാണ് കേരളത്തിലെ രാജഭക്തരായ പൊലീസുകാരുടെ നടപടി കാണിക്കുന്നത്. പൊലീസുകാർക്ക് കറുത്ത വസ്ത്രവും കറുത്ത മാസ്കും കണ്ണടയും ചതുർത്ഥിയായി. മരിച്ച മുൻ എംഎൽഎയുടെ വീടിനു മുൻപിൽ കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിച്ചു മാറ്റുന്നു. അത് സിപിഎം പാർട്ടിയിലെ പ്രമുഖരാണെങ്കിൽ പോലും, നീതി കാണിക്കാൻ തീരുമാനിച്ചുറച്ച പൊലീസുകാർ കരിങ്കൊടി എടുത്തുമാറ്റും.
"വീണിടം സ്വർഗലോക'മാക്കി മാറ്റിയ യൂത്ത് കോൺഗ്രസുകാർ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ്. പഴയകാല പ്രചാരണ രീതികളാണ് മുഖ്യമന്ത്രിയെ കളിയാക്കാൻ യൂത്ത് കോൺഗ്രസ് അവലംബിച്ചിരിക്കുന്നത്. കെഎസ്യുവിന്റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും വിളംബര പ്രദർശനം നടന്നു. ""നാടുവാഴി തമ്പുരാൻ എഴുന്നള്ളുന്നുണ്ട്, ആരും പുറത്തിറങ്ങരുത്'' എന്നാണ് രാജഭടനായി വേഷമിട്ട യൂത്ത് കോൺഗ്രസുകാരന്റെ വിളംബരം..!
സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാൻ പോയ അച്ഛനെ റോഡ് മുറിച്ചു കടക്കാനോ മെഡിക്കൽ സ്റ്റേറിനു മുന്നിൽ കാർ പാർക്ക് ചെയ്യാനോ പൊലീസുകാർ അനുവദിച്ചില്ല. മുഖ്യമന്ത്രി വരുന്നതിന് മണിക്കൂറുകൾക്കു മുൻപേ റോഡ് അടച്ചു. കോൺവോയ് വാഹനങ്ങൾ എത്രയുണ്ടെന്ന് ഒരു പിടിയുമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിൽ എല്ലാ പൊലീസ് ഉദ്യോഗസഥരുടെയും വണ്ടികളുണ്ട്. മുഖ്യമന്ത്രി വരുന്ന വഴികളെല്ലാം പൊലീസ് ബന്തവസാക്കുന്നു. ഇത് കാണുമ്പോഴാണ് യൂത്ത് കോൺഗ്രസുകാർ ഹാലിളകിക്കൊണ്ട് കരിങ്കൊടി പിടിച്ച് ചാടിവീഴുന്നത്.
കരിങ്കൊടിയോട് അലർജി കാണിക്കേണ്ട കാര്യം മുഖ്യമന്ത്രിക്കില്ല. എത്രയോ കരിങ്കൊടി പ്രകടനത്തിന് നേതൃത്വം കൊടുത്തിട്ടുള്ള അദ്ദേഹം കരിങ്കൊടി കണ്ട് പേടിക്കുന്നയാളുമല്ല. പിന്നെ എന്തിനാണ് ഇത്രയും പൊലീസ് അകമ്പടിയെന്ന് ജോത്സ്യന് മനസിലാകുന്നില്ല. അതിവേഗത്തിൽ ഓടിവരുന്ന വാഹനങ്ങളുടെ അടിയിൽ സമരക്കാർ പെടാതിരിക്കാനായിരിക്കാം ഈ പൊലീസ് സന്നാഹം.
മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നതിൽ തർക്കമില്ല. എന്നാൽ ജനജീവിതം ദുഃസഹമാക്കുന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ തങ്ങളോടുള്ള വെല്ലുവിളിയായി പൊതുജനങ്ങൾ കാണും. അതിനാൽ എതിരാളികൾക്ക് കരുത്തു പകരാതെ, ജനങ്ങളുടെ താൽപ്പര്യം മനസിലാക്കി വേണം മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ടുനീങ്ങേണ്ടത്.
ഏതായാലും മാധ്യമങ്ങൾക്ക് ധാരാളം വാർത്ത കിട്ടുന്നുണ്ട്. നൂറു നല്ല കാര്യം ചെയ്താലും ഒന്നു പാളിപ്പോയാൽ അവർ കുറ്റം മാത്രമേ കാണൂ എന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടത് ശരിയാണ്.
കോടികൾ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഉയരുമ്പോൾ, കേരളത്തിന്റെ അതിർത്തിയിൽ വന്ന് വ്യവസായികൾ മടങ്ങിപ്പോവുകയാണ്. അവർ കേരളത്തിൽ വരുമ്പോൾ കാണുന്നത് കരിങ്കൊടി പ്രകടനവും മുദ്രാവാക്യം വിളിയും സമരവുമാണ്. രാജ്യത്ത് നോക്കുകൂലിയും, അട്ടിമറിക്കൂലിയും കെട്ടുകൂലിയുമുള്ള ഏക സംസ്ഥാനമാണ് കേരളം. സമരത്തിന്റെ കടന്നൽക്കൂട്ടിലേക്ക് ഏതെങ്കിലും വ്യവസായികൾ സ്വയം കടന്നുചെന്ന് കുത്തുകൊള്ളുമോ..?! വ്യവസായികൾക്ക് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പക്ഷേ, അതു മാത്രം കേരളത്തിൽ ഒട്ടുമില്ലെന്നാണ് ജ്യോത്സ്യന്റെയും അഭിപ്രായം.