സർക്കാർ കോടികൾ ഒഴുക്കിയിട്ടും സ്കൂളുകളില്‍ വായനാമുറിയും ലൈബ്രേറിയനുമില്ല

സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ നോക്കി കണ്ട ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ മൈതാനത്തിന്‍റെ കണക്ക് വരെ നോക്കിയെങ്കിലും സ്‌കൂള്‍ ലൈബ്രറി ഉണ്ടോ എന്ന് തിരക്കിയില്ല.
Kerala schools without reading room and librarian
സർക്കാർ കോടികൾ ഒഴുക്കിയിട്ടും സ്കൂളുകളില്‍ വായനാമുറിയും ലൈബ്രേറിയനുമില്ലAI Image

ജിഷാ മരിയ

കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും എല്ലാം സെറ്റ് എന്ന് പറയുന്ന വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഇത്തവണയും സ്‌കൂള്‍ ലൈബ്രറികളെ മറന്നു. എല്ലാ സ്‌കൂളുകളിലും ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന ആവശ്യം ഈ വര്‍ഷവും ഫയലില്‍ തന്നെ. സ്‌കൂള്‍ അധ്യയന വര്‍ഷത്തിനാവശ്യമായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെ എല്ലാം പൊതുവിദ്യാലയങ്ങളിലും (സര്‍ക്കാര്‍/ എയ് ഡഡ് സ്‌കൂളുകളിലും) കഴിഞ്ഞ മാസം 20 മുതല്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ നോക്കി കണ്ട ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ മൈതാനത്തിന്‍റെ കണക്ക് വരെ നോക്കിയെങ്കിലും സ്‌കൂള്‍ ലൈബ്രറി ഉണ്ടോ എന്ന് തിരക്കിയില്ല.

സര്‍ക്കാരിന്‍റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ കേരളാ ലൈബ്രറി കൗണ്‍സിലിന്‍റെ അധീനതയിലുള്ള സംസ്ഥാനത്തെ ഗ്രാമീണ വായനശാലകള്‍ക്കും പബ്‌ളിക്ക് ലൈബ്രറികള്‍ക്കും സര്‍ക്കാര്‍ ചിലവഴിക്കുന്നത് കോടികളാണെന്നും ആക്ഷേപമുണ്ട്.

പൊതുവിദ്യാലയങ്ങളില്‍ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന് കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും, 2001 ലെ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ സ്‌പെഷ്യല്‍ റൂള്‍സിലും കോടതി വിധികളിലും പറയുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത്തവണയും എല്ലാ സ്‌കൂളുകളിലും ലൈബ്രറികളെന്ന ആവശ്യം ഫയലിലൊതുങ്ങും. വായനയുടെ പ്രാധാന്യം മനസിലാക്കി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്താത്തതാണ് ഇതിന് കാരണം.

എസ്എസ്എല്‍സി പരീക്ഷയുടെ എ പ്ലസ് ശതമാനത്തില്‍ മലയാളത്തിനാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് നഷ്ടമായതെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒഴികെ മറ്റെല്ലാ സ്‌കൂളുകളിലും വായനാമുറികളും ലൈബ്രേറിയന്മാരും ഉണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിലും സ്ഥിരം ലൈബ്രേറിയന്മാരുണ്ട്. 2015 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു അനുകൂല ഉത്തരവും നേടിയിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ കോടതീയലക്ഷ്യ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.