തോല്‍(പ്പി)ക്കുന്ന അധ്യാപകര്‍

സാങ്കേതിക സര്‍വകലാശാല എന്നാണ് പേരെങ്കിലും ഉത്തരക്കടലാസ് നോക്കുന്നതിനും മാര്‍ക്കിടുന്നതിലും അത് കൂട്ടിയിടുന്നതിലും ആധുനിക സംവിധാനങ്ങള്‍ ഇവിടെ ഇല്ലെന്ന് പറയാതെ നിവൃത്തിയില്ല
kerala teachers atheetham story

തോല്‍(പ്പി)ക്കുന്ന അധ്യാപകര്‍

Updated on

മൂല്യനിര്‍ണയം നടത്തേണ്ട അധ്യാപകന്‍റെ കൈയിലിരിക്കേ ഉത്തരക്കടലാസുകള്‍ കാണാതായതിനെ തുടര്‍ന്ന് 2022-24 ബാച്ചിലെ 71 എംബിഎ വിദ്യാർഥികളോട് പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷ ഈ മാസം 7ന് വീണ്ടും എഴുതാന്‍ കേരള സര്‍വകലാശാല ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ ഈ പിഴവിന് ഇരയാക്കപ്പെട്ടത് പതിവുപോലെ വിദ്യാര്‍ഥികളാണ്. അവരുടെ ഫലം കൂടുതല്‍ വൈകിപ്പിച്ചതിനു പുറമേ വീണ്ടും പരീക്ഷ എഴുതേണ്ടിയും വന്നിരിക്കുന്നു. വിദേശങ്ങളിലാണെങ്കില്‍ കോടിക്കണക്കിന് രൂപ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട പിഴവാണിത്.

താന്‍ ബൈക്കില്‍ പോകുമ്പോഴാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായത് എന്നും ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി എന്നും അധ്യാപകന്‍ അറിയിച്ചു. 7ന് പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. ഏഴ് കോളെജുകളിലായാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് അവരുടെ അടുത്ത കോളെജ് തെരഞ്ഞെടുക്കാം. ഇക്കാര്യത്തില്‍ വീഴ്ച കേരള സര്‍വകലാശാലയുടേത് ആയതിനാല്‍ അവര്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായാണ് തീരുമാനമെടുക്കേണ്ടത്. പുനഃപരീക്ഷ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അത് എഴുതാം. അത് ഉയര്‍ന്ന മാര്‍ക്ക് നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാവും. അങ്ങനെയല്ലാതെ, ഇനി ഉടന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവരുണ്ട്. വിവാഹം കഴിഞ്ഞും ജോലിയുടെ ഭാഗമായും രാജ്യം വിട്ടവരുണ്ടാവും. അത്തരക്കാര്‍ ഉടന്‍ വന്ന് പരീക്ഷ എഴുതണമെന്നു പറഞ്ഞാല്‍ എളുപ്പമാവില്ല. ഈ സാഹചര്യത്തില്‍, പരീക്ഷ എഴുതാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അനുമതി നല്‍കാം. ആ താത്പര്യമില്ലാത്തവരെ മുന്‍പരീക്ഷയുടെ ശരാശരി എടുത്ത് അവരെ വിജയിയായി പ്രഖ്യാപിക്കണം. മുന്‍പരീക്ഷയില്‍ തോറ്റുപോയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം. പരീക്ഷാനടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലും സ്വന്തം വീഴ്ച സര്‍വകലാശാല അംഗീകരിച്ച് വിദ്യാര്‍ഥി സമൂഹത്തോടും രക്ഷകര്‍ത്താക്കളോടും മാപ്പുപറയണം.

"നാക്' അക്രഡിറ്റേഷനില്‍ "എ പ്ലസ് പ്ലസ്' നേടിയ സര്‍വകലാശാലയാണിത്. 2022ല്‍ ഈ നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാലയായിരുന്നു. രാജ്യത്ത് ആകെ 10 സര്‍വകലാശാലകളാണ് എ പ്ലസ് പ്ലസ് നേടിയതെന്നതും ഓര്‍ക്കണം. അങ്ങനെ നേട്ടങ്ങള്‍ സ്വന്തമാക്കിയ കേരള സര്‍വകലാശാലയില്‍ വീഴ്ചകളുണ്ടാവുമ്പോള്‍ തിരുത്തലും മാതൃകാപരമാവണം. കോളെജുകളില്‍ നിന്നും ചുമതലപ്പെടുത്തിയ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ ഒരുമിച്ചു സര്‍വകലാശാലയില്‍ എത്തിക്കുകയോ സര്‍വകലാശാല കോളെജുകളില്‍ പോയി ഉത്തരക്കടലാസുകള്‍ ശേഖരിക്കുന്നതോ ആയിരുന്നു സാധാരണ രീതി. കൊവിഡിന് മുൻപു വരെ ഇങ്ങനെ ശേഖരിക്കുന്ന ഉത്തരക്കടലാസുകള്‍ കേന്ദ്രകൃത ക്യാംപുകളിലായിരുന്നു മൂല്യനിര്‍ണയം നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് കാലം കഴിഞ്ഞതോടെ ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ കൈവശം കൊടുത്തു വിടുന്ന സമ്പ്രദായം തുടങ്ങി. ഇതോടെയാണ് വീഴ്ചകള്‍ ആരംഭിച്ചത്.

ഈയിടെ എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ പേരിലുള്ള സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാലയില്‍ എം ടെക്കിന് മികച്ച മാര്‍ക്ക് പ്രതീക്ഷിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഫലം തടഞ്ഞുവച്ചതായി അറിയിപ്പ് വന്നു. അന്വേഷിച്ചു ചെന്നപ്പോഴാണ് കാര്യം മനസിലാവുന്നത്- ഉത്തരക്കടലാസ് കാണാനില്ല! കോളെജില്‍ വച്ച് പരീക്ഷാപേപ്പര്‍ നോക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, പേപ്പര്‍ നോക്കേണ്ട അധ്യാപകര്‍ ഇതിന്‍റെ ചമുതലയുള്ള ക്യാംപ് ഓഫിസറായ അധ്യാപകരെ സോപ്പിട്ടു. അവര്‍ വഴങ്ങിയതോടെ നിയമവിരുദ്ധമായി വീട്ടില്‍ കൊണ്ടുപോയി പേപ്പര്‍ നോക്കാന്‍ അനുമതി നല്‍കി. അങ്ങനെ, നോക്കാന്‍ കൊണ്ടുപോയപ്പോഴാണ് ഉത്തരക്കടലാസ് കൈമോശം വന്നത്. കെഎസ്ആര്‍ടിസി ബസില്‍ തിരക്കായതിനാല്‍ സീറ്റു കിട്ടിയില്ല, അങ്ങനെ നില്‍ക്കുമ്പോള്‍ സീറ്റിലിരുന്ന ആളിന്‍റെ കൈയില്‍ ഉത്തരക്കടലാസ് അടങ്ങിയ കെട്ട് കൈമാറിയെന്നും ബസില്‍ നിന്നിറങ്ങാന്‍ നേരം അത് വാങ്ങാന്‍ മറന്നുപോയെന്നുമാണ് ഇതിന് സര്‍വകലാശാലയ്ക്ക് ലഭിച്ച വിശദീകരണം. ഇതിനെത്തുടര്‍ന്ന് ആ താത്കാലിക അധ്യാപികയെ പിരിച്ചുവിട്ടു.

സാങ്കേതിക സര്‍വകലാശാല എന്നാണ് പേരെങ്കിലും ഉത്തരക്കടലാസ് നോക്കുന്നതിനും മാര്‍ക്കിടുന്നതിലും അത് കൂട്ടിയിടുന്നതിലും ആധുനിക സംവിധാനങ്ങള്‍ ഇവിടെ ഇല്ലെന്ന് പറയാതെ നിവൃത്തിയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷ മുഴുവന്‍ സിസി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഉടന്‍ സീല്‍ ചെയ്ത് അതീവ സുരക്ഷിതമായി കവറുകളിലാക്കുന്ന ഉത്തരക്കടലാസുകള്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്ട്രേഡ് പോസ്റ്റില്‍ സര്‍വകലാശാലയിലേക്ക് അയയ്ക്കണം. അവിടെ എത്തുന്ന ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് മൂല്യനിര്‍ണയത്തിന് ഇ പേപ്പറായി അയച്ചുകൊടുക്കുന്നു. അതുകൊണ്ട് ഉത്തരക്കടലാസ് നഷ്ടമാവുന്ന പ്രശ്നം ഉണ്ടാവുന്നില്ല.

ഉത്തരക്കടലാസ് നോക്കുന്നതിന് ആരോഗ്യ സര്‍വകലാശാലയില്‍ പ്രത്യേകം മുറികളുണ്ട്. അത് ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്‍റെ നിരീക്ഷണത്തിലായിരിക്കും. അതിനുപുറമെ, ക്യാമറാ നീരീക്ഷണത്തിലുമാണ് മൂല്യനിര്‍ണയം. അവിടെ ഒരു ചോദ്യത്തിന് മാര്‍ക്കിട്ടില്ലെങ്കില്‍ "എന്തുകൊണ്ട് മാര്‍ക്ക് രേഖപ്പെടുത്തിയില്ല' എന്നു ചോദിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഒരു പേപ്പര്‍ മൂല്യനിര്‍ണയത്തിനെടുത്താല്‍ നിശ്ചിത സമയം കഴിഞ്ഞേ അടുത്തത് എടുക്കാനാവൂ. അതുകൊണ്ട് "ഒഴപ്പി' ഉത്തരക്കടലാസ് "ചറപറാ' നോക്കാനൊന്നും പറ്റില്ല. സ്കാന്‍ ചെയ്ത ഉത്തരക്കടലാസിന് വ്യക്തതക്കുറവുണ്ടായാല്‍ ഉടന്‍ അതിന് പരിഹാരമുണ്ടാവും. അവിടെ വീട്ടില്‍ കൊണ്ടുപോയി ഉത്തരക്കടലാസ് നോക്കാന്‍ കഴിയില്ല. അതിന്‍റെ ഗുണം, പരീക്ഷ കഴിഞ്ഞ് വൈകാതെ ആരോഗ്യ സര്‍വകലാശാലയില്‍ ഫലം പ്രഖ്യാപിക്കാനാവുന്നു. അതിനുമപ്പുറം, പരീക്ഷയെപ്പറ്റിയും മൂല്യനിര്‍ണയത്തെപ്പറ്റിയും അധികം പരാതികള്‍ ഉണ്ടാവുന്നില്ല.

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഉത്തരക്കടലാസ് നഷ്ടമാവുന്നുവെന്ന പരാതികളുയര്‍ന്നിട്ടുണ്ട്. അധ്യാപകരുടെ സംഘടിത ശക്തിയുടെ ബലത്തില്‍ അത് അട്ടിമറിക്കുകയാണ് രീതി. വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപക സംഘടനയുടെ രാഷ്‌‌ട്രീയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ് രീതി. സര്‍വകലാശാലകളിലെ ജീവനക്കാരുടെ സംഘടനകളും സിന്‍ഡിക്കേറ്റിന്‍റെ രാഷ്‌ട്രീയ താത്പര്യവും ഒത്തുചേരുമ്പോള്‍ പരീക്ഷ എഴുതി എന്നതിനും പഠിച്ചതിനും പ്രതിയായി പാവം വിദ്യാര്‍ഥി മാറും. യുജിസി പദ്ധതി നടപ്പിലാക്കിയതോടെ ഉത്തരക്കടലാസ് നോക്കല്‍ അധ്യാപകരുടെ ഉത്തരവാദിത്തമാണ്. പക്ഷെ, അതിന് അവര്‍ തയാറല്ല. അതുവരെ കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിനേക്കാള്‍ കനത്ത ശമ്പളം കൈനീട്ടി വാങ്ങിയവര്‍ ഉത്തരക്കടലാസ് നോക്കലുള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുക്കാന്‍ തയാറായില്ല. എന്നിട്ടും രാഷ്‌ട്രീയ ഇടപെടലുകളില്‍ അതിന് അവരെ പ്രേരിപ്പിക്കാന്‍ അധികൃതര്‍ക്കുമായില്ല. "പ്രതിബദ്ധത' എന്നതൊക്കെ എന്തോ നിര്‍വചനം എന്ന നിലയില്‍ പഠിപ്പിക്കാമെന്നല്ലാതെ അധ്യാപകര്‍ക്ക് അത് സ്വന്തം ജീവിതത്തില്‍ നിന്നും കരിയറില്‍ നിന്നും എന്നോ ഇറങ്ങിപ്പോയ പദമാണ്!

സ്ഥിരം അധ്യാപകര്‍ക്ക് കൊട്ടക്കണക്കിന് പണം കൊടുക്കാനാവാത്തതിനാല്‍, അങ്ങനെ പണം കൊടുക്കരുതെന്ന് കോടതി ഉത്തരവുകളുമുണ്ട്- ബലിമൃഗമാകാന്‍ വിധിക്കപ്പെടുന്നത് സ്വാശ്രയ കോളെജുകളിലെ തുച്ഛശമ്പളക്കാരാണ്. സ്വന്തം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നോക്കാനാവില്ലെന്ന നിലപാടെടുത്ത അധ്യാപകര്‍ അതോടെ ആത്യന്തികമായി തോല്‍ക്കുകയും വിദ്യാര്‍ഥികളെ തോല്‍പ്പിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. അധ്യാപകരുടെ ചുമതല നിറവേറ്റുന്നതിന് ഇച്ഛാശക്തിയുള്ള സര്‍ക്കാരുകളുണ്ടാവുകയാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ജയിപ്പിക്കുന്നതിനുള്ള പോംവഴി. സര്‍ക്കാരുകളുടെ ഏറാന്‍മൂളികളായ അധ്യാപകര്‍ സര്‍വകലാശാലകളുടെ തലപ്പത്ത് വരാനും പാടില്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ നടമാടുന്ന അരാജകത്വം ഒഴിവാകും. അധികാരത്തിലെത്തിയ തന്നെ കാണാന്‍ താത്പര്യപ്പെട്ട കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജോണ്‍ മത്തായിയോട് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരിക്കേ ഇഎംഎസ് "താന്‍ അങ്ങോട്ടുവരാം' എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. വൈസ് ചാന്‍സലര്‍ പദവിയുടെ മഹത്വം ഇഎംഎസിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. ഇന്ന് മന്ത്രിമാരുടെ അടുക്കളകളിലും ഗവര്‍ണറുടെ പിഎമാരുടെ കാലുതിരുമ്മാനും നില്‍ക്കുന്നവരില്‍ വിസിമാരില്ല എന്ന് ഉറപ്പുവരുത്തണമെന്നത് തമാശയല്ല!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com