സംസ്ഥാനത്ത് തണ്ണീർത്തടം വൻതോതിൽ ചുരുങ്ങുന്നു
freepik
കേരളത്തിലെ തണ്ണീർത്തടങ്ങൾക്ക് മരണക്കെണി
ജിബി സദാശിവൻ
കൊച്ചി: സംസ്ഥാനത്ത് തണ്ണീർത്തടം വൻതോതിൽ ചുരുങ്ങുന്നതായി റിപ്പോർട്ട്. 1990 ൽ 2.35 ലക്ഷം ഹെക്റ്റർ തണ്ണീർത്തടമാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ 2011 ആയപ്പോഴേക്കും അത് 1.6 ലക്ഷം ഹെക്റ്ററിലേക്ക് കുറഞ്ഞു. അനിയന്ത്രിതമായ നഗരവത്കരണവും ഉപഭോക്തൃസംസ്കാരവും ചൂഷണവുമൊക്കെയാണ് തണ്ണീർത്തടങ്ങൾ ശോഷിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു പ്രദേശത്തെ ജല സന്തുലിതാവസ്ഥ നിലനിർത്തുന്നത് നെൽവയലുകളാണ്. എന്നാൽ, 2017 ൽ വെറ്റ്‌ലാൻഡ്‌സ് കൺസർവേഷൻ ആൻഡ് മാനെജ്‌മെന്‍റ് ചട്ടങ്ങൾ പുനഃപ്രസിദ്ധീകരിച്ചപ്പോൾ നെൽപ്പാടങ്ങളെ ഒഴിവാക്കിയതോടെ ചട്ടത്തിന്‍റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യംചെയ്യപ്പെട്ടു. ഇതോടെ തണ്ണീർത്തടങ്ങളിൽ വലിയ തോതിൽ കുറവ് വന്നു. കേരള കൺസർവേഷൻ ഒഫ് പാഡി ലാൻഡ്‌സ് ആൻഡ് വെറ്റ്‌ലാൻഡ്‌സ് ആക്റ്റിൽ വെള്ളം ചേർക്കാനായിരുന്നു മാറിമാറി വന്ന സർക്കാരുകൾക്ക് താത്പര്യം. രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മാത്രമാണ് ഇതിന്‍റെ ഗുണഫലം ലഭിച്ചത്.
നേരത്തെ, വീട് നിർമിക്കാനായി തീരെ പാവപ്പെട്ടവർക്ക് മാത്രമായിരുന്നു തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും ഉപയോഗപ്പെടുത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇന്നത് ആർക്കുമാകാമെന്ന അവസ്ഥ വന്നു. എട്ടുവർഷത്തിനിടെയാണ് ഇത്തരത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കപ്പെട്ടത്. സിആർഇസഡ് ആക്റ്റിലും വെള്ളം ചേർത്തു. പൊക്കാളിപ്പാടങ്ങളാണ് അതിലൂടെ ഒഴിവാക്കപ്പെട്ടത്. ഇതോടെ വലിയ അളവിൽ തണ്ണീർത്തടങ്ങൾ സംരക്ഷണ വലയത്തിനു പുറത്തായി.
ആവാസവ്യവസ്ഥയുടെ താളം തെറ്റുന്നത് വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഭൂഗർഭ ജലത്തെ ബാധിക്കുകയും അന്തരീക്ഷ താപനില വർധിക്കാൻ ഇടയാക്കുകയും ചെയ്യും.
പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങൾ നഷ്ടമാകുന്നത് പക്ഷികളുടെ ആവാസവ്യവസ്ഥയെയും ഇല്ലാതാക്കുന്നുണ്ട്. തണ്ണീർത്തടങ്ങൾ നശിക്കുന്നത് ദേശാടനപ്പക്ഷികളുടെ വരവിനെയും അവയുടെ പ്രജനനത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് ദേശാടനപ്പക്ഷികളുടെ എണ്ണം കുറയാനും ഇടയാക്കും. തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുത്തുന്നതോടെ കേരളത്തിന്‍റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും കടുത്ത വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്.
ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതി നടപ്പായാൽ തണ്ണീർത്തടം ഇനിയും ചുരുങ്ങും. ആറന്മുളയിലെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും മറ്റു പദ്ധതികൾ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പി. പ്രസാദ് വ്യക്തമാക്കുന്നു. എന്നാൽ വിമാനത്താവള പദ്ധതി പാളിയതോടെ പകരം കൊണ്ടുവന്ന ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതി റവന്യു വകുപ്പിന്‍റെ പരിഗണനയിലാണ്. ആറന്മുളയിലെ വയലുകൾ നികത്തില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതായാണ് സൂചന.