മുഖ്യമന്ത്രിയില്ലാത്ത കേരളം

Kerala without a Chief Minister read special story
Kerala without a Chief Minister read special story

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വകാര്യ വിദേശ വിനോദയാത്ര രാഷ്‌ട്രീയ ആരോപണ- പ്രത്യാരോപണങ്ങൾക്ക് വേദിയൊരുക്കിയല്ലോ. ആരുടെ അനുവാദത്തോടെയാണ് മുഖ്യമന്ത്രി യാത്രയ്ക്കു പോകുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ചോദിക്കുന്നു. അൽപ്പം പൊലിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ ഈ ചോദ്യങ്ങൾക്ക് പ്രചാരവും നൽകുന്നുണ്ട്. ചില മാധ്യമങ്ങൾ ഇക്കാര്യം ദേശീയ തലം വരെ എത്തിക്കാനും ശ്രമിക്കുന്നു.

മുഖ്യമന്ത്രിയാണെങ്കിലും സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനും പിണറായി വിജയന് അവകാശമുണ്ട്. ഔദ്യോഗിക യാത്രയാണെങ്കിൽ കേന്ദ്ര സർക്കാരിന്‍റെ അനുവാദം വേണം. ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുക. എന്നാൽ സ്വകാര്യ യാത്രയാകുമ്പോൾ ചെലവ് സ്വയം വഹിക്കണം. മറ്റേതൊരു വ്യക്തിയെയും പോലെ ചെലവഴിക്കുന്ന തുകയുടെ സ്രോതസുകൾ പരിശോധിക്കാൻ വിവിധ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭമായതു കൊണ്ട് ഇന്ത്യ മുന്നണിയുടെ പ്രധാനപ്പെട്ട ഒരു കക്ഷിയായ സിപിഎമ്മിന്‍റെ സമുന്നത നേതാവും മുഖ്യമന്ത്രിയും എന്ന നിലയിൽ അദ്ദേഹത്തിന് മറ്റു സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് സിപിഎം മത്സരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും, പ്രചാരണത്തിന് പേകേണ്ട ബാധ്യതയില്ലേ എന്നാണ് മറ്റൊരു ചോദ്യം.

ഇടതു മുന്നണിയുടെ പ്രധാനപ്പെട്ട നേതാവും ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവും പിണറായി വിജയനാണ്. കേരളത്തിൽ ഏപ്രിൽ 26ന് നടന്ന തെരഞ്ഞെടുപ്പിന് ഇടതു മുന്നണിയ്ക്കു വേണ്ടി ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്. മാസങ്ങൾ നീണ്ടു നിന്ന പ്രചരണത്തിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. ഓരോ പാർലമെന്‍റ് നിയോജക മണ്ഡലത്തിലും പല തവണ സന്ദർശിച്ചു. എന്നാൽ പിണറായി വിജയൻ കേരളത്തിന് പുറത്ത് പ്രചാരണത്തിന് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇടതു മുന്നണിയും ഇന്ത്യ മുന്നണിയുമാണ്.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ശക്തമായി ഏറ്റുമുട്ടുന്നുണ്ടെങ്കിലും കേരളത്തിന് പുറത്ത് കൈകോർത്ത് പിടിച്ചാണ് രാഷ്‌ട്രീയ പടയോട്ടം നടത്തുന്നത്. സിപിഎമ്മും ഇടതുമുന്നണിയും മത്സരിക്കുന്ന ഇടങ്ങളിൽ ഇന്ത്യ മുന്നണിയ്ക്കു വേണ്ടിയാണ് നേതാക്കൾ പ്രചരണം നടത്തുന്നത്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ. ബേബി തുടങ്ങിയവർ പ്രചാരണവുമായി കേരളത്തിന് പുറത്തുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യ മുന്നണിയിലെ പ്രധാന ഘടക കക്ഷിയെന്ന നിലയിൽ കേരളത്തിന് പുറത്ത് സിപിഎം അതിന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട് എന്നാണ്.

പിണറായി വിജയന്‍റെ സ്വകാര്യ യാത്രയ്ക്കെതിരേ ബിജെപിയേക്കാൾ ശബ്ദമുയർത്തുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ്. ഇതിൽ അസ്വഭാവികതയൊന്നും കാണുന്നില്ലെങ്കിലും ദേശീയ തലത്തിൽ ബിജെപിക്കെതിരേ ഒന്നിച്ചു മുന്നേറുന്നവർ കുറെക്കൂടി രാഷ്‌ട്രീയ പക്വത കാണിക്കേണ്ടതല്ലേ.

മുഖ്യമന്ത്രി വിദേശത്തു പോകുമ്പോൾ സ്വന്തം മന്ത്രിസഭയിലെ മറ്റൊരാൾക്ക് ചാർജ് കൊടുക്കണ്ടേ, യാത്ര മുൻകൂട്ടി ഗവർണറെ അറിയിക്കണ്ടേ എന്നതാണ് തികച്ചും ന്യായമായ മറ്റൊരു ചോദ്യം. എന്നാൽ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. കാരണം ഭരണഘടനാപരമായി ഇതെല്ലാം മുഖ്യമന്ത്രിയുടെ അധികാര പരിധിക്കകത്ത് വരുന്നതാണ്. അദ്ദേഹം തന്നെയാണ് ഇത്തരം കാര്യങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കേണ്ടത്. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരൻ വിദേശത്ത് പോയപ്പോൾ സി.വി. പത്മരാജനെയാണ് ചുമതല ഏൽപ്പിച്ചത്. അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഉമ്മൻചാണ്ടിയെ ഒഴിവാക്കിയത് ഒരു വിവാദമായിരുന്നു.

എന്നാൽ പക്വതയും നിശ്ചദാർഢ്യവും അനുഭവസമ്പത്തുമുള്ള നേതാവെന്ന നിലയിൽ പിണറായി വിജയൻ ഇതെല്ലാം മനസിലാക്കി പ്രവർത്തിക്കുന്ന ഒരാളാണ് എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com