പാളയത്തിൽ പട നയിച്ചും ഇരുട്ടിൽത്തപ്പിയും...

ആറു മാസം പിന്നിടുമ്പോൾ യുഡിഎഫ് സർക്കാർ നേരിടുന്നത് കോൺഗ്രസിനുള്ളിലെ കലഹവും ദുർബലമായ പ്രതിപക്ഷവും; അടൂർ പ്രകാശ്, സണ്ണി ജോസഫ് വിമർശനങ്ങളും സതീശന്‍റെ അതാര്യതയും ചർച്ചയാകുന്നു
Keralam UDF Government Congress Infighting

അടൂർ പ്രകാശ്, വി.ഡി. സതീശൻ, സണ്ണി ജോസഫ്.

File photo

Updated on: 

അജയൻ

വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ ആറു മാസം പൂർത്തിയാക്കാൻ ഒരാഴ്ച മാത്രമാണ് ബാക്കി. മധുവിധു കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സർക്കാരിന്‍റെ ഏറ്റവും വലിയ തലവേദന പ്രതിപക്ഷമല്ല; യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ കോൺഗ്രസ് തന്നെയാണ്. ആ പാർട്ടിയുടെ ആഭ്യന്തര കലഹങ്ങൾ സർക്കാരിന്‍റെ കഴുത്തിൽ ഊരാക്കുടുക്കായി മാറിയിരിക്കുന്നു. തുടക്കത്തിലെ ഊർജവും പ്രകടനപരതയും വോട്ടർമാരിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. എൽഡിഎഫിൽ മനംമടുത്തവർ നിർണായകമായ തെരഞ്ഞെടുപ്പ് തിരിച്ചടി നൽകിയ സമയത്തായിരുന്നു അത്. പക്ഷേ, ആദ്യത്തെ ആ തിളക്കം മങ്ങുകയാണ്, ചക്രങ്ങൾ ഉലഞ്ഞു തുടങ്ങുകയാണ്, സർക്കാരിന്‍റെ മുന്നോട്ടുള്ള പ്രയാണം എങ്ങോട്ടുമെത്താത്ത ഒരു രാഷ്‌ട്രീയ ഘോഷയാത്രയെയാണ് ഇപ്പോൾ ഓർമിപ്പിക്കുന്നത്. കാര്യമായൊന്നും ചെയ്തുതീർക്കാൻ കഴിയാത്തവിധം സർക്കാർ സംവിധാനം അത്രയേറെ അസ്വസ്ഥമാണ്.

കോൺഗ്രസ് രാഷ്‌ട്രീയം അറിയുന്ന ആർക്കും, ഗ്രൂപ്പ് പോരാട്ടവും സ്വന്തം മുഖ്യമന്ത്രിയെ വലിച്ചു താഴെയിടാനുള്ള നിത്യാഭ്യാസവും പുതുമയുള്ള വാർത്തയല്ല; പാർട്ടിയുടെ ഡിഎൻഎയിൽ തന്നെ പതിഞ്ഞതാണ് അതൊക്കെ. എന്നാൽ, ഞെട്ടിക്കുന്ന കാര്യം, പതിവായി അസംതൃപ്തരായി നിൽക്കുന്ന പാർശ്വവർത്തികളിൽനിന്നല്ല ഇപ്പോൾ കുന്തമുനകൾ പാഞ്ഞുവരുന്നത്; മറിച്ച്, പാർട്ടിയെ നയിക്കാനും സഖ്യകക്ഷികളെ നയിക്കാനും പാർട്ടിയുടെ നിയന്ത്രണ കേന്ദ്രങ്ങൾ തന്നെ കൈകാര്യം ചെയ്യാനും ചുമതലപ്പെട്ട, സ്വാധീനമുള്ള സ്ഥാനങ്ങളിലിരിക്കുന്നവരിൽനിന്നാണ്. നേതൃത്വം ഉയർന്നുവരേണ്ട ഇടനാഴികളിൽ തന്നെ കത്തികൾക്ക് മൂർച്ച കൂട്ടുന്ന പ്രതീതി.

സ്വന്തമായി തീർക്കാൻ കണക്കുകൾ ബാക്കിയുള്ള അടൂർ പ്രകാശ് തന്നെയായിരുന്നു രാഷ്‌ട്രീയ ബോംബ് ആദ്യം എറിഞ്ഞത്. ലോക്സഭയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, നിയമസഭാ സീറ്റിനായി കടുത്ത ശ്രമം നടത്തിയിരുന്നു; അത് കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ സർക്കാരിൽ പരമോന്നത സ്ഥാനത്തല്ലെങ്കിലും അതിനടുത്തെങ്കിലും അദ്ദേഹം എത്തിയേനെ. ഹൈക്കമാൻഡ് പക്ഷേ, ആ വാതിൽ കൊട്ടിയടച്ചു; സമാന മോഹങ്ങൾ താലോലിച്ചിരുന്ന ചില എംപിമാർ, സതീശന്‍റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ഉയർച്ച തകർക്കാൻ സാധ്യമായതെല്ലാം ചെയ്തതെന്നും റിപ്പോർട്ടുണ്ട്. പ്രകാശിന്‍റെ നിരാശ ഒരു രഹസ്യമേ ആയിരുന്നില്ല. പരാതിയുമായി ഡൽഹിയിലേക്ക് പോയ അദ്ദേഹം, ഒരു ഉറപ്പിന്‍റെ ആശ്വാസം പോലുമില്ലാതെ തിരിച്ചെത്തി.

ഇപ്പോൾ, വ്രണങ്ങളിൽ എണ്ണ പുരട്ടുന്നതിനിടെ, 'ഊർജ പ്രതിസന്ധി' എന്നു പറയപ്പെടുന്ന വിഷയത്തെ കൂട്ടുപിടിച്ച്, സർക്കാരിനുള്ളിലെ ഏകോപനമില്ലായ്മയെക്കുറിച്ച് അദ്ദേഹം പരാതിപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ, താൻ നയിക്കേണ്ട ഘടകകക്ഷികളിൽനിന്ന് ഒരു പ്രതിഷേധം പോലും ചൂണ്ടിക്കാട്ടാൻ അദ്ദേഹത്തിനില്ല. അത് അദ്ദേഹത്തിന്‍റെ വാദത്തെ ഒട്ടും ശക്തിപ്പെടുത്തുന്നില്ല. നേരത്തേയുണ്ടായ അദ്ദേഹത്തിന്‍റെ പൊട്ടിത്തെറി ഹൈക്കമാൻഡ് തള്ളിക്കളഞ്ഞതിനു ശേഷവും, പരാതികൾ ഉചിതമായ പാർട്ടി വേദിയിൽ ഉന്നയിക്കുന്നതിനു പകരം, അദ്ദേഹം വീണ്ടും പരസ്യമായിത്തന്നെയാണ് വിയോജിപ്പിന്‍റെ കൊടി ഉയർത്തുന്നത്. രാഷ്‌ട്രീയ നിരാശയുടെ ചവർപ്പ് അതിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവും. എന്നാൽ, ജനാധിപത്യ അച്ചടക്കത്തിന്‍റെ ലംഘനത്തിന് അതൊന്നും ഒരു ന്യായീകരണമല്ല. ഒരു മുന്നണി കൺവീനർ ആ മുന്നണിയെ ഒന്നിച്ചു നിർത്തുകയാണു വേണ്ടത്. അല്ലാതെ, സ്വന്തം മുഖ്യമന്ത്രിയുടെ അധികാരത്തിന്‍റെ അടിത്തറയെ പരസ്യമായി വലിച്ചിളക്കുകയല്ല വേണ്ടത്. കണക്കുകൾ തീർക്കാനുള്ള ആവേശത്തിൽ പ്രകാശ് ഇതൊക്കെ മറന്നുപോയെന്നു തോന്നുന്നു.

ഊർജ പ്രതിസന്ധി വന്നപ്പോൾ, വൈദ്യുതി മന്ത്രിക്ക് കൈകാര്യം ചെയ്യാൻ അതിലേറെ വിഷയങ്ങളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്‍റ് കസേരയിൽ വിമുഖതയോടെ തുടരുന്ന സണ്ണി ജോസഫ്, കുറ്റം മുഖ്യമന്ത്രിയുടെ മേൽ ചാരാനാണ് തീരുമാനിച്ചത്. ഉത്തരവാദിത്വം തട്ടിമാറ്റിയ ശേഷം, അദ്ദേഹം ഒരു പടി കൂടി കടന്നു: തന്നെ പൂർണമായും അറിയിക്കാതെയാണ് എല്ലാം നടന്നതെന്നും, പ്രതിസന്ധിയെക്കുറിച്ചും അതിന്‍റെ പരിഹാരത്തെക്കുറിച്ചും താൻ അറിഞ്ഞത് മാധ്യമ റിപ്പോർട്ടുകളിലൂടെ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് കൺവീനർ തോന്നിയപടി വെടിയുതിർക്കുകയും, കെപിസിസി പ്രസിഡന്‍റ് അറിവില്ലായ്മ ഉദ്ഘോഷിക്കുകയും ചെയ്യുമ്പോൾ വ്യക്തമാകുന്നത്, പാർട്ടിയുടെ രണ്ടു പ്രധാന ഭാരവാഹികൾക്ക് സ്വന്തം ചുമതലകളെക്കുറിച്ചു പോലും ഉറപ്പില്ല എന്നാണ്. സംഘടനയെ ഒന്നിച്ചു നിർത്താൻ ചുമതലപ്പെട്ടവർ തങ്ങൾ എവിടെ നിൽക്കുന്നു എന്നു പോലുമറിയാത്ത അനിശ്ചിതത്വത്തിലാകുമ്പോൾ, വെറും ഏകോപനത്തിലുപരി ആഴമുള്ളതാണ് പ്രശ്നങ്ങൾ എന്നത് വ്യക്തം.

ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് സതീശൻ ഇപ്പോൾ ഉറപ്പിച്ചു പറയുന്ന ഊർജ പ്രതിസന്ധിയെ അദ്ദേഹം കൈകാര്യം ചെയ്ത രീതി വെറും തർക്കവിഷയമല്ല, സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നതാണ്. സഹപ്രവർത്തകർ സാമീപ്യത്തെ അധികാരം പിടിച്ചെടുക്കാനുള്ള ലൈസൻസായി തെറ്റിദ്ധരിക്കാതിരിക്കാൻ അവരെ അകലത്തിൽ നിർത്തുന്നതിൽ രാഷ്‌ട്രീയ യുക്തിയുണ്ടാകാം. പക്ഷേ, ആ അകലം ഒരു ഛേദമായി മാറുമ്പോൾ ഭരണം ക്ഷയിക്കാൻ തുടങ്ങുന്നു. അതിലും മോശം എന്തെന്നു വച്ചാൽ, സ്വകാര്യമായി ചാർട്ടർ ചെയ്ത വിമാനം മുതൽ, മുഖ്യമന്ത്രിയുടെ സ്വന്തം നടപടികളിൽ പലതും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു; കാര്യങ്ങൾ സുഗമമായി നീങ്ങുന്നില്ല, വിശദീകരണങ്ങൾ പൂർണമായും സത്യസന്ധവുമല്ല. പുതിയ രാഷ്‌ട്രീയ സംസ്കാരത്തിന്‍റെ വാഗ്ദാനവും പഴയ രീതിയിലുള്ള അതാര്യതയുടെ പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം അവഗണിക്കാൻ കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായി വരുന്നു. എല്ലാത്തിനുമൊടുവിൽ, മാറ്റത്തെക്കുറിച്ചുള്ള വാചാടോപത്തിന് പെരുമാറ്റത്തിന്‍റെ യാഥാർഥ്യത്തെ എക്കാലവും മറികടക്കാനാവില്ല.

പത്തുവർഷം ഭരിച്ച ശേഷം, യുവജന, വിദ്യാർഥി കേഡർമാരെ അക്രമത്തിൽ ഏർപ്പെടാൻ തെരുവിലേക്ക് അയയ്ക്കുകയും, തങ്ങളുടെ ഭരണകാലത്ത് എണ്ണമറ്റ ലൈസൻസുകൾ നൽകിയ ശേഷം, ഊർജ പ്രതിസന്ധിയിലും ബാർ ലൈസൻസിലും പെട്ടെന്ന് അവ്യക്തമായ അഴിമതി ആരോപണങ്ങൾ ഉയർത്തുകയും ചെയ്യുന്ന പ്രതിപക്ഷം, അവരുടെ ഭരണത്തിന് അന്ത്യം കുറിച്ച ജനവിധിയുമായി ചേർന്നു പോകാൻ ശ്രമിക്കുന്നത് സ്വാഭാവികമായല്ല. പ്രക്ഷോഭകർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള അവരുടെ പുതിയ ആവേശവും പൊള്ളയായി തോന്നുന്നു. സെക്രട്ടേറിയറ്റിനു പുറത്ത് പ്രതിഷേധിക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്ക് ഇപ്പോഴവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു; എന്നാൽ, പൊതുജനാരോഗ്യത്തിന്‍റെ കാലാൾപ്പടയായ ആശാ വർക്കർമാരെ, മുൻ എൽഡിഎഫ് സർക്കാർ മാസങ്ങളോളം ദുരിതത്തിൽ ഉപേക്ഷിച്ചു—അവരുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടു, അവരുടെ അന്തസ് പരസ്യമായി അവഹേളിക്കപ്പെട്ടു. ഈ വിരോധാഭാസം കാണാതിരിക്കാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ കുമിഞ്ഞുകൂടിയ അമർഷത്തെ ഇനിയും കണക്കിലെടുത്തിട്ടില്ലാത്ത ഇപ്പോഴത്തെ പ്രതിപക്ഷത്തിന്, തെരുവ് നാടകവും വൈകിയെത്തിയ രോഷവും രാഷ്‌ട്രീയ വിശ്വാസ്യതയാക്കി അവതരിപ്പിക്കാൻ കഴിയില്ല. സിപിഎമ്മിന്‍റെ സ്വന്തം ട്രേഡ് യൂണിയൻ വിഭാഗം പോലും, അടുത്തിടെ നടന്ന സമ്മേളനത്തിൽ, പാർട്ടിയുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണം തൊഴിലാളി വർഗത്തെ എങ്ങനെ അകറ്റിയെന്ന് സമ്മതിച്ചിരുന്നു.

യുഡിഎഫിനെ അധികാരത്തിലെത്തിച്ച ശക്തമായ ജനവിധിയെ മനസിൽ വച്ച്, സതീശനും അദ്ദേഹം നയിക്കുന്ന സർക്കാരും യഥാവിധി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ—ആ വിധി പ്രധാനമായും സിപിഎം നയിക്കുന്ന എൽഡിഎഫിനോടുള്ള തിരസ്കാരത്തിൽ നിന്നുണ്ടായതാണ്, ബദലിലുള്ള വിശ്വാസത്തിൽ നിന്നല്ല—അദ്ദേഹം ആദ്യം സ്വന്തം സർക്കാരിനെ ക്രമപ്പെടുത്തണം. സൗകര്യപ്രദമായ വാചാടോപത്തിനു പകരം തുറന്ന മനസ് ഉണ്ടാവണം; വെറും ആറുമാസം മുൻപു വരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം പറഞ്ഞതും ചെയ്തതും, മറന്നുപോയ ഒരധ്യായമല്ല, ഒരു കണ്ണാടിയായി വർത്തിക്കണം. മന്ത്രിസഭാ സഹപ്രവർത്തകർക്കിടയിൽ വർധിച്ചുവരുന്ന വിള്ളലുകൾ അദ്ദേഹം നികത്തണം, കൂട്ടുത്തരവാദിത്വം നടപ്പാക്കണം, പാർട്ടി അച്ചടക്കം ഐച്ഛികമായ ഒരു ആഭരണമല്ലെന്ന് പതിവായി വിയോജിക്കുന്നവരെ ഓർമിപ്പിക്കണം. മധുവിധു അവസാനിച്ചെന്ന് അദ്ദേഹം അറിയണം; ജനങ്ങൾ ഇളവ് കാലം അനന്തമായി നീട്ടിക്കൊടുക്കില്ല.

വാൽക്കഷണം: ഒരു മുതിർന്ന സിപിഎം അനുഭാവി ഇത് വളരെ കൃത്യമായി സംഗ്രഹിച്ചു: "ഈ സർക്കാർ തുടരണം. എന്തെങ്കിലും പന്തികേടുണ്ടായാൽ, അകത്തുള്ള ഒരു ഗ്രൂപ്പ് അത് പുറത്തുകൊണ്ടുവരും. പ്രതിപക്ഷത്തിന്‍റെ വാചാടോപത്തിനും ജൽപ്പനത്തിനും കാത്തുനിൽക്കേണ്ട കാര്യമില്ല. ഏതാണ്ട് ഒരു പതിറ്റാണ്ടായി നഷ്ടമായിരുന്ന ഏറ്റവും നല്ല തിരുത്തൽ സംവിധാനമാണിത്." ഗ്രൂപ്പ് പോരാട്ടം കാവൽനായയാകുമ്പോൾ, പ്രതിപക്ഷത്തിനു പോലും അവധിയെടുക്കാം!